[1] ദരിദ്രന്മാരുടെ ന്യായം മറിച്ചുകളയുവാനും എന്റെ ജനത്തിലെ എളിയവരുടെ അവകാശം ഇല്ലാതാക്കുവാനും വിധവമാർ അവർക്ക് കൊള്ളയായിത്തീരുവാനും അനാഥന്മാരെ അവർക്ക് ഇരയാക്കുവാനും തക്കവിധം
[2] നീതികെട്ട ചട്ടം നിയമിക്കുന്നവർക്കും അനർത്ഥം എഴുതിവയ്ക്കുന്ന എഴുത്തുകാർക്കും അയ്യോ കഷ്ടം!
[3] സന്ദർശനദിവസത്തിലും ദൂരത്തുനിന്ന് വരുന്ന വിനാശത്തിങ്കലും നിങ്ങൾ എന്ത് ചെയ്യും? സഹായത്തിനായിട്ടു നിങ്ങൾ ആരുടെ അടുക്കൽ ഓടിപ്പോകും? നിങ്ങളുടെ മഹത്ത്വം നിങ്ങൾ എവിടെ വച്ചുകൊള്ളും?
[4] അവർ ബദ്ധന്മാരുടെ കീഴിൽ കുനിയുകയും കൊല്ലപ്പെട്ടവരുടെ കീഴിൽ വീഴുകയും ചെയ്യുകയേയുള്ളു. ഇതെല്ലാംകൊണ്ടും അവിടുത്തെ കോപം അടങ്ങാതെ അവിടുത്തെ കൈ ഇനിയും നീട്ടിയിരിക്കും.
[5] “എന്റെ കോപത്തിന്റെ കോലായ അശ്ശൂരിന് അയ്യോ കഷ്ടം! അവരുടെ കൈയിലെ വടി എന്റെ ക്രോധം ആകുന്നു.
[6] ഞാൻ അവനെ അശുദ്ധമായ ഒരു ജനതക്കു നേരെ അയയ്ക്കും; എന്റെ ക്രോധം വഹിക്കുന്ന ജനത്തിനു വിരോധമായി ഞാൻ അവന് കല്പന കൊടുക്കും; അവരെ കൊള്ളയിടുവാനും കവർച്ച ചെയ്യുവാനും തെരുവീഥിയിലെ ചെളിയെപ്പോലെ ചവിട്ടിക്കളയുവാനും തന്നെ.
[7] അശ്ശൂരോ അങ്ങനെയല്ല നിരൂപിക്കുന്നത്; തന്റെ ഹൃദയത്തിൽ അങ്ങനെയല്ല വിചാരിക്കുന്നത്; നശിപ്പിക്കുവാനും അനേകം ജനതകളെ ഛേദിച്ചുകളയുവാനുമാകുന്നു അവന്റെ താത്പര്യം.
[8] അവൻ പറയുന്നത്: ‘എന്റെ പ്രഭുക്കന്മാർ ഒക്കെയും രാജാക്കന്മാരല്ലയോ?
[9] കല്നോ കർക്കെമീശിനെപ്പോലെയല്ലയോ? ഹമാത്ത് അർപ്പാദിനെപ്പോലെയല്ലയോ? ശമര്യ ദമ്മേശെക്കിനെപ്പോലെയല്ലയോ?
[10] യെരൂശലേമിലും ശമര്യയിലും ഉള്ളവയെക്കാൾ വിശേഷമായ ബിംബങ്ങൾ ഉണ്ടായിരുന്ന മിഥ്യാമൂർത്തികളുടെ രാജ്യങ്ങളെ എന്റെ കൈ എത്തിപ്പിടിച്ചിരിക്കെ,
[11] ഞാൻ ശമര്യയോടും അതിലെ മിഥ്യാമൂർത്തികളോടും ചെയ്തതുപോലെ ഞാൻ യെരൂശലേമിനോടും അതിലെ വിഗ്രഹങ്ങളോടും ചെയ്യുകയില്ലയോ?’”
[12] അതുകൊണ്ട് കർത്താവ് സീയോൻ പർവ്വതത്തിലും യെരൂശലേമിലും തന്റെ പ്രവൃത്തിയെല്ലാം തീർത്തശേഷം, “ഞാൻ അശ്ശൂർരാജാവിന്റെ അഹങ്കാരമുള്ള ഹൃദയത്തിന്റെ ഫലത്തെയും അവന്റെ ഉന്നതഭാവത്തിന്റെ മഹിമയെയും സന്ദർശിക്കും.
[13] ‘എന്റെ കൈയുടെ ശക്തികൊണ്ടും എന്റെ ജ്ഞാനംകൊണ്ടും ഞാൻ ഇതു ചെയ്തു; ഞാൻ ബുദ്ധിമാൻ; ഞാൻ ജനതകളുടെ അതിരുകളെ മാറ്റുകയും അവരുടെ ഭണ്ഡാരങ്ങളെ കവർന്നുകളയുകയും പരാക്രമിയെപ്പോലെ സിംഹാസനസ്ഥന്മാരെ താഴ്ത്തുകയും ചെയ്തിരിക്കുന്നു.
[14] എന്റെ കൈ ജനതകളുടെ ധനത്തെ ഒരു പക്ഷിക്കൂടിനെപ്പോലെ എത്തിപ്പിടിച്ചു; ഉപേക്ഷിച്ചുകളഞ്ഞ മുട്ടകളെ ശേഖരിക്കുന്നതുപോലെ, ഞാൻ സർവ്വഭൂമിയെയും കൂട്ടിച്ചേർത്തു; ചിറക് അനക്കുകയോ ചുണ്ടു തുറക്കുകയോ ചിലയ്ക്കുകയോ ചെയ്യുവാൻ ഒന്നും ഉണ്ടായിരുന്നില്ല’ എന്ന് അവൻ പറയുന്നുവല്ലോ”.
[15] വെട്ടുന്നവനോടു കോടാലി വമ്പു പറയുമോ? അറുക്കുന്നവനോട് ഈർച്ചവാൾ വലിപ്പം കാട്ടുമോ? അതോ, വടിപിടിക്കുന്നവനെ വടി പൊക്കുന്നതുപോലെയും മരമല്ലാത്തവനെ കോൽ ഉയർത്തുന്നതുപോലെയും ആകുന്നു.
[16] അതുകൊണ്ട് സൈന്യങ്ങളുടെ യഹോവയായ കർത്താവ് അവന്റെ തടിച്ചുകൊഴുത്തവരുടെ ഇടയിൽ ക്ഷയം അയയ്ക്കും; അവന്റെ മഹത്ത്വത്തിൻ കീഴിൽ തീ കത്തുംപോലെ ഒന്ന് കത്തും.
[17] യിസ്രായേലിന്റെ ദൈവം ഒരു തീയായും അവന്റെ പരിശുദ്ധൻ ഒരു ജ്വാലയായും ഇരിക്കും; അത് കത്തി, ഒരു ദിവസംകൊണ്ട് അവന്റെ മുള്ളുകളും മുൾച്ചെടികളും ദഹിപ്പിച്ചുകളയും.
[18] അവൻ അവന്റെ കാടിന്റെയും തോട്ടത്തിന്റെയും മഹത്ത്വത്തെ ദേഹിദേഹവുമായി നശിപ്പിക്കും; അത് ഒരു രോഗി ക്ഷയിച്ചു പോകുന്നത് പോലെയിരിക്കും.
[19] അവന്റെ കാട്ടിൽ ശേഷിച്ചിരിക്കുന്ന വൃക്ഷങ്ങൾ ചുരുക്കം ആയിരിക്കും; ഒരു ബാലന് അവയെ എണ്ണി എഴുതാം.
[20] ആ നാളിൽ യിസ്രായേലിൽ ശേഷിച്ചവരും യാക്കോബ് ഗൃഹത്തിലെ രക്ഷിതഗണവും അവരെ അടിച്ചവനെ ഇനി ആശ്രയിക്കാതെ, യിസ്രായേലിന്റെ പരിശുദ്ധനായ യഹോവയെ പരമാർത്ഥമായി ആശ്രയിക്കും.
[21] ഒരു ശേഷിപ്പു മടങ്ങിവരും (ശെയാർ-യാശൂബ്); യാക്കോബിന്റെ ശേഷിപ്പു വീരനാം ദൈവത്തിങ്കലേക്ക് മടങ്ങിവരും.
[22] യിസ്രായേലേ, നിന്റെ ജനം കടല്ക്കരയിലെ മണൽപോലെ ആയിരുന്നാലും അതിൽ ഒരു ശേഷിപ്പു മാത്രം മടങ്ങിവരും; നീതി കവിഞ്ഞൊഴുകുന്ന സംഹാരം നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.
[23] എങ്ങനെ എന്നാൽ സൈന്യങ്ങളുടെ യഹോവയായ കർത്താവ് സർവ്വഭൂമിയുടെയും മദ്ധ്യത്തിൽ നിർണ്ണയിക്കപ്പെട്ട സംഹാരം വരുത്തും.
[24] അതുകൊണ്ട് സൈന്യങ്ങളുടെ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “സീയോനിൽ വസിക്കുന്ന എന്റെ ജനമേ, അശ്ശൂർ വടികൊണ്ടു നിന്നെ അടിക്കുകയും മിസ്രയീമിലെ രീതിയിൽ നിന്റെനേരെ ചൂരൽ ഓങ്ങുകയും ചെയ്താലും നീ അവനെ ഭയപ്പെടണ്ടാ.
[25] ഇനി അല്പസമയം കഴിഞ്ഞ് എന്റെ ക്രോധവും അവരുടെ സംഹാരത്തോടെ എന്റെ കോപവും തീർന്നുപോകും”.
[26] ഓറേബ് പാറയ്ക്കരികിൽ വച്ചുള്ള മിദ്യാന്‍റെ സംഹാരത്തിൽ എന്നപോലെ സൈന്യങ്ങളുടെ യഹോവ അവന്റെനേരെ ഒരു ചമ്മട്ടി പൊക്കും; അവിടുന്ന് തന്റെ വടി സമുദ്രത്തിന്മേൽ നീട്ടും; മിസ്രയീമിൽ ചെയ്തതുപോലെ അതിനെ ഓങ്ങും.
[27] ആ നാളിൽ അവന്റെ ചുമട് നിന്റെ തോളിൽനിന്നും അവന്റെ നുകം നിന്റെ കഴുത്തിൽനിന്നും നീങ്ങിപ്പോകും; അഭിഷേകതൈലം നിമിത്തം നുകം തകർന്നുപോകും.
[28] അവൻ അയ്യാത്തിൽ എത്തി, മിഗ്രോനിൽകൂടി കടന്നു; മിക്മാശിൽ തന്റെ പടക്കോപ്പു വച്ചിരിക്കുന്നു.
[29] അവർ ചുരം കടന്നു; ഗേബയിൽ രാത്രിപാർത്തു; രാമ നടുങ്ങുന്നു; ശൌലിന്റെ ഗിബെയാ ഓടിപ്പോയി.
[30] ഗല്ലീംപുത്രീ, ഉറക്കെ നിലവിളിക്കുക; ലയേശേ, ശ്രദ്ധിച്ചു കേൾക്കുക; അനാഥോത്തേ, ഉത്തരം പറയുക.
[31] മദ്മേനാ പലായനം ചെയ്യുന്നു; ഗെബീംനിവാസികൾ രക്ഷക്കായി ഓടുന്നു.
[32] ഇന്ന് അവൻ നോബിൽ താമസിക്കും; യെരൂശലേംഗിരിയായ സീയോൻപുത്രിയുടെ പർവ്വതത്തിന്റെ നേരെ അവൻ കൈ കുലുക്കുന്നു.
[33] സൈന്യങ്ങളുടെ യഹോവയായ കർത്താവ് ശിഖരങ്ങളെ ഭയങ്കരമായി മുറിച്ചുകളയും; പൊക്കത്തിൽ വളർന്നവയെ അവൻ വെട്ടിയിടുകയും ഉയർന്നവയെ താഴ്ത്തുകയും ചെയ്യും.
[34] അവൻ വനത്തിലെ കുറ്റിക്കാടുകളെ ഇരിമ്പായുധംകൊണ്ടു വെട്ടിക്കളയും; ലെബാനോനും സര്‍വ്വശക്തന്റെ കയ്യാൽ വീണുപോകും.