Skip to content
Opens in a new window
Listen to this chapter • 5:04

[1] യഹോവ യാക്കോബിനോടു മനസ്സലിഞ്ഞ് യിസ്രായേലിനെ വീണ്ടും തിരഞ്ഞെടുത്തു സ്വദേശത്ത് അവരെ പാർപ്പിക്കും; അന്യജാതിക്കാരും അവരോടു യോജിച്ചു യാക്കോബ് ഗൃഹത്തോട് ചേർന്നുകൊള്ളും.

[2] ജനതകൾ അവരെ കൂട്ടി അവരുടെ സ്ഥലത്തേക്ക് കൊണ്ടുവരും; യിസ്രായേൽഗൃഹം അവരെ യഹോവയുടെ ദേശത്തു ദാസന്മാരായും ദാസിമാരായും കൈവശമാക്കിക്കൊള്ളും; അവരെ ബദ്ധന്മാരാക്കിയവരെ അവർ ബദ്ധന്മാരാക്കുകയും തങ്ങളെ പീഡിപ്പിച്ചവരുടെമേൽ ഭരണം നടത്തുകയും ചെയ്യും.

[3] യഹോവ നിന്റെ വ്യസനവും നിന്റെ കഷ്ടതയും നീ ചെയ്യേണ്ടിവന്ന നിന്റെ കഠിനദാസ്യവും നീക്കി നിനക്ക് വിശ്രമം നല്കുന്ന നാളിൽ

[4] നീ ബാബേൽരാജാവിനെക്കുറിച്ച് ഈ പാട്ടുചൊല്ലും: പീഡിപ്പിക്കുന്നവൻ എങ്ങനെ ഇല്ലാതെയായി! സ്വർണ്ണനഗരം എങ്ങനെ മുടിഞ്ഞുപോയി!

[5] യഹോവ ദുഷ്ടന്മാരുടെ വടിയും ഭരണാധിപന്മാരുടെ ചെങ്കോലും ഒടിച്ചുകളഞ്ഞു.

[6] വംശങ്ങളെ ഇടവിടാതെ ക്രോധത്തോടെ അടിക്കുകയും ആർക്കും അടുത്തുകൂടാത്ത ഉപദ്രവത്താൽ ജനതകളെ കോപത്തോടെ ഭരിക്കുകയും ചെയ്തവനെ തന്നെ.

[7] സർവ്വഭൂമിയും വിശ്രമിച്ച് സ്വസ്ഥമായിരിക്കുന്നു; അവർ ആർത്തുപാടുന്നു.

[8] സരളവൃക്ഷങ്ങളും ലെബാനോനിലെ ദേവദാരുക്കളും നിന്നെക്കുറിച്ച് സന്തോഷിച്ച്: “നീ വീണുകിടന്നതുമുതൽ ഒരു മരംവെട്ടുകാരനും ഞങ്ങളുടെ നേരെ കയറിവരുന്നില്ല” എന്നു പറയുന്നു.

[9] നിന്റെ വരവിൽ നിന്നെ എതിരേല്ക്കുവാൻ താഴെ പാതാളം നിന്റെനിമിത്തം ഇളകിയിരിക്കുന്നു; അത് നിന്നെച്ചൊല്ലി സകലഭൂപാലന്മാരുമായ പ്രേതന്മാരെ ഉണർത്തുകയും ജനതകളുടെ സകല രാജാക്കന്മാരെയും സിംഹാസനങ്ങളിൽനിന്ന് എഴുന്നേല്പിക്കുകയും ചെയ്തിരിക്കുന്നു.

[10] അവരെല്ലാം നിന്നോട്: “നീയും ഞങ്ങളെപ്പോലെ ബലഹീനനായോ? നീയും ഞങ്ങൾക്കു തുല്യനായിത്തീർന്നുവോ?” എന്നു പറയും.

[11] നിന്റെ ആഡംബരവും വാദ്യഘോഷവും പാതാളത്തിലേക്ക് ഇറങ്ങിപ്പോയി; നിന്റെ കീഴിൽ പുഴുക്കളെ വിരിച്ചിരിക്കുന്നു; കൃമികൾ നിനക്ക് പുതപ്പായിരിക്കുന്നു.

[12] അരുണോദയപുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തുനിന്ന് വീണു! ജനതകളെ താഴ്ത്തിക്കളഞ്ഞവനേ, നീ എങ്ങനെ വെട്ടേറ്റു നിലത്തുവീണു!

[13] “ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വയ്ക്കും; ഉത്തരദിക്കിന്റെ അതിർത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും;

[14] ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലയോ നീ ഹൃദയത്തിൽ പറഞ്ഞത്.

[15] എന്നാൽ നീ പാതാളത്തിലേക്ക്, നാശകൂപത്തിന്റെ അടിയിലേക്കു തന്നെ വീഴും.

[16] നിന്നെ കാണുന്നവർ നിന്നെ ഉറ്റുനോക്കി: “ഭൂമിയെ നടുക്കുകയും രാജ്യങ്ങളെ കുലുക്കുകയും

[17] ഭൂതലത്തെ മരുഭൂമിപോലെ ആക്കുകയും അതിലെ പട്ടണങ്ങളെ ഇടിച്ചുകളയുകയും തന്റെ ബദ്ധന്മാരെ വീട്ടിലേക്ക് അഴിച്ചുവിടാതിരിക്കുകയും ചെയ്തവൻ ഇവനല്ലയോ” എന്നു നിരൂപിക്കും.

[18] ജനതകളുടെ രാജാക്കന്മാർ എല്ലാവരും, അവരെല്ലാവരും തന്നെ ഒരോരുത്തൻ അവനവന്റെ ഭവനത്തിൽ മഹത്ത്വത്തോടെ കിടന്നുറങ്ങുന്നു.

[19] നിന്നെയോ നിന്ദ്യമായൊരു ചുള്ളിയെപ്പോലെയും വാൾകൊണ്ടു കുത്തേറ്റു മരിച്ചു കുഴിയിലെ കല്ലുകളോളം ഇറങ്ങിയവരെക്കൊണ്ടു പൊതിഞ്ഞിരിക്കുന്നവനായി ചവിട്ടിമെതിച്ച ശവംപോലെയും നിന്റെ കല്ലറയിൽനിന്ന് എറിഞ്ഞുകളഞ്ഞിരിക്കുന്നു.

[20] നീ നിന്റെ ദേശത്തെ നശിപ്പിച്ചു, നിന്റെ ജനത്തെ കൊന്നുകളഞ്ഞതുകൊണ്ടു നിനക്ക് അവരെപ്പോലെ ശവസംസ്കാരം ഉണ്ടാവുകയില്ല; ദുഷ്ടന്മാരുടെ സന്തതിയുടെ പേർ എന്നും നിലനില്‍ക്കുകയില്ല.

[21] അവന്റെ മക്കൾ എഴുന്നേറ്റ് ഭൂമിയെ കൈവശമാക്കുകയും ഭൂതലത്തിന്റെ ഉപരിഭാഗത്തെ പട്ടണങ്ങൾകൊണ്ടു നിറയ്ക്കുകയും ചെയ്യാതിരിക്കേണ്ടതിന് അവർക്ക് അവരുടെ പിതാക്കന്മാരുടെ അകൃത്യം നിമിത്തം ഒരു കൊലനിലം ഒരുക്കിക്കൊള്ളുവിൻ.

[22] “ഞാൻ അവർക്ക് വിരോധമായി എഴുന്നേല്ക്കും” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; “ബാബേലിൽനിന്നു പേരിനെയും ശേഷിപ്പിനെയും സന്തതിയെയും പിൻതലമുറയെയും ഛേദിച്ചുകളയും” എന്നു യഹോവ അരുളിച്ചെയ്യുന്നു.

[23] “ഞാൻ അതിനെ മുള്ളൻ പന്നിയുടെ അവകാശവും നീർപ്പൊയ്കകളും ആക്കും; ഞാൻ അതിനെ നാശത്തിന്റെ ചൂലുകൊണ്ട് തൂത്തുവാരും” എന്നും സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

[24] സൈന്യങ്ങളുടെ യഹോവ ആണയിട്ട് അരുളിച്ചെയ്യുന്നത്: “ഞാൻ വിചാരിച്ചതുപോലെ സംഭവിക്കും; ഞാൻ നിർണ്ണയിച്ചതുപോലെ നിവൃത്തിയാകും.

[25] എന്റെ ദേശത്തുവച്ച് ഞാൻ അശ്ശൂരിനെ തകർക്കും; എന്റെ പർവ്വതങ്ങളിൽവച്ച് അവനെ ചവിട്ടിക്കളയും; അങ്ങനെ അവന്റെ നുകം അവരുടെമേൽനിന്നു നീങ്ങും; അവന്റെ ചുമട് അവരുടെ തോളിൽനിന്നു മാറിപ്പോകും”.

[26] സർവ്വഭൂമിയെയും കുറിച്ച് നിർണ്ണയിച്ചിരിക്കുന്ന നിർണ്ണയം ഇതാകുന്നു; സകലജനതകളുടെയും മേൽ നീട്ടിയിരിക്കുന്ന കൈ ഇതുതന്നെ.

[27] സൈന്യങ്ങളുടെ യഹോവ നിർണ്ണയിച്ചിരിക്കുന്നു; അത് ദുർബ്ബലമാക്കുന്നവനാര്? അവന്റെ കൈ നീട്ടിയിരിക്കുന്നു; അത് മടക്കുന്നവനാര്?

[28] ആഹാസ്‌രാജാവ് മരിച്ച വർഷം ഈ പ്രവാചകം ഉണ്ടായി:

[29] സകലഫെലിസ്ത്യ ദേശവുമായുള്ളവയേ, നിന്നെ അടിച്ചവന്റെ വടി ഒടിഞ്ഞിരിക്കുകകൊണ്ടു നീ സന്തോഷിക്കേണ്ടാ; സർപ്പത്തിന്റെ വേരിൽനിന്ന് ഒരു അണലി പുറപ്പെടും; അതിന്റെ ഫലം, പറക്കുന്ന അഗ്നിസർപ്പമായിരിക്കും.

[30] എളിയവരുടെ ആദ്യജാതന്മാർ ഭക്ഷണം കഴിക്കും; ദരിദ്രന്മാർ നിർഭയമായി കിടക്കും; എന്നാൽ നിന്റെ വേരിനെ ഞാൻ ക്ഷാമംകൊണ്ടു മരിക്കുമാറാക്കും; നിന്റെ ശേഷിപ്പിനെ അവൻ കൊല്ലും.

[31] വാതിലേ, അലറുക; പട്ടണമേ നിലവിളിക്കുക; സകലഫെലിസ്ത്യ ദേശവുമായുള്ളവയേ, നീ അലിഞ്ഞുപോയി; വടക്കുനിന്ന് ഒരു പുകവരുന്നു; അവന്റെ അണികളിൽ ഉഴന്നുനടക്കുന്ന ഒരുത്തനും ഇല്ല.

[32] ജനതകളുടെ ദൂതന്മാർക്ക് കിട്ടുന്ന മറുപടി: “യഹോവ സീയോനെ സ്ഥാപിച്ചിരിക്കുന്നു; അവിടെ അവന്റെ ജനത്തിലെ അരിഷ്ടന്മാർ ശരണം പ്രാപിക്കും” എന്നത്രേ.

യെശയ്യാവ് — Chapters