[1] അക്കാലത്ത് ഹിസ്കീയാവിനു മരിക്കത്തക്ക രോഗം പിടിച്ചു; ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ അവന്റെ അടുക്കൽവന്ന് അവനോട്: “നിന്റെ ഗൃഹകാര്യം ക്രമത്തിലാക്കുക; നീ മരിച്ചുപോകും; സൗഖ്യമാവുകയില്ല” എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
[2] അപ്പോൾ ഹിസ്കീയാവ് മുഖം ചുവരിന്റെ നേരെ തിരിച്ചു യഹോവയോടു പ്രാർത്ഥിച്ചു:
[3] “അയ്യോ, യഹോവേ, ഞാൻ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടും കൂടി തിരുമുമ്പിൽ നടന്നു നിനക്ക് പ്രസാദമായുള്ളതു ചെയ്തിരിക്കുന്നു എന്ന് ഓർക്കണമേ” എന്നു പറഞ്ഞു; ഹിസ്കീയാവ് ഏറ്റവും കരഞ്ഞു.
[4] എന്നാൽ യെശയ്യാവിനു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
[5] “നീ ചെന്നു ഹിസ്കീയാവോടു പറയേണ്ടത്: ‘നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്റെ പ്രാർത്ഥന കേട്ടു നിന്റെ കണ്ണുനീർ കണ്ടിരിക്കുന്നു. ഞാൻ നിന്റെ ആയുസ്സിനോടു പതിനഞ്ചു വർഷം കൂട്ടും.
[6] ഞാൻ നിന്നെയും ഈ നഗരത്തെയും അശ്ശൂർരാജാവിന്റെ കൈയിൽനിന്നു വിടുവിക്കും; ഈ നഗരത്തെ ഞാൻ കാത്തുരക്ഷിക്കും’”.
[7] യഹോവ, അവിടുന്ന് അരുളിച്ചെയ്ത ഈ കാര്യം നിവർത്തിക്കും എന്നുള്ളതിനു യഹോവയുടെ പക്കൽനിന്ന് ഇതു നിനക്ക് ഒരു അടയാളം ആകും.
[8] “ആഹാസിന്റെ ഘടികാരത്തിൽ സൂര്യഗതി അനുസരിച്ച് ഇറങ്ങിപ്പോയിരിക്കുന്ന നിഴലിനെ ഞാൻ പത്തു പടി പിന്നോക്കം തിരിയുമാറാക്കും;” ഇങ്ങനെ സൂര്യൻ ഘടികാരത്തിൽ ഇറങ്ങിപ്പോയിരുന്ന പത്തു പടി തിരിഞ്ഞുപോന്നു.
[9] യെഹൂദാ രാജാവായ ഹിസ്കീയാവിന്നു രോഗം ബാധിച്ചിട്ടു അത് മാറി സുഖമായ ശേഷം അവൻ എഴുതിയത്:
[10] “എന്റെ ആയുസ്സിൻ മദ്ധ്യാഹ്നത്തിൽ ഞാൻ പാതാളവാതിലകം പൂകേണ്ടിവരുന്നു; എന്റെ വർഷങ്ങളുടെ ശേഷിപ്പും എനിക്കില്ലാതെ പോയി” എന്നു ഞാൻ പറഞ്ഞു.
[11] “ഞാൻ യഹോവയെ, ജീവനുള്ളവരുടെ ദേശത്തുവച്ചു യഹോവയെ കാണുകയില്ല; ഞാൻ ഭൂവാസികളുടെ ഇടയിൽവച്ച് ഇനി മനുഷ്യനെ കാണുകയില്ല” എന്നു ഞാൻ പറഞ്ഞു.
[12] “എന്റെ ജീവിതകാലയളവു നീങ്ങി ഒരു ഇടയക്കൂടാരം പോലെ എന്നെവിട്ടു പോയിരിക്കുന്നു; നെയ്ത്തുകാരൻ തുണി ചുരുട്ടുംപോലെ ഞാൻ എന്റെ ജീവനെ ചുരുട്ടിവയ്ക്കുന്നു; അങ്ങ് എന്നെ തറിയിൽനിന്ന് അറുത്തുകളയുന്നു; ഒരു രാപകൽ കഴിയുംമുമ്പ് അങ്ങ് എനിക്ക് അന്തം വരുത്തുന്നു.
[13] പ്രഭാതംവരെ ഞാൻ എന്നെത്തന്നെ അടക്കിക്കൊണ്ടിരുന്നു; അവനോ സിംഹംപോലെ എന്റെ അസ്ഥികളെ എല്ലാം തകർത്തുകളയുന്നു; ഒരു രാപകൽ കഴിയുംമുമ്പ് നീ എനിക്ക് അന്തം വരുത്തുന്നു.
[14] മീവൽപക്ഷിയോ കൊക്കോ എന്നപോലെ ഞാൻ ചിലച്ചു; ഞാൻ പ്രാവുപോലെ കുറുകി എന്റെ കണ്ണ് ഉയരത്തിലേക്കു നോക്കി ക്ഷീണിച്ചിരിക്കുന്നു; യഹോവേ ഞാൻ ഞെരുങ്ങിയിരിക്കുന്നു; അങ്ങ് എനിക്ക് ഇട നില്‍ക്കണമേ.
[15] ഞാൻ എന്ത് പറയേണ്ടു? അവിടുന്ന് എന്നോട് അരുളിച്ചെയ്തു, അവിടുന്ന് തന്നെ നിവർത്തിച്ചും ഇരിക്കുന്നു; എന്റെ മനോവ്യസനം ഹേതുവായി ഞാൻ എന്റെ കാലമെല്ലാം സാവധാനത്തോടെ നടക്കും.
[16] കർത്താവേ, അതിനാൽ മനുഷ്യർ ജീവിക്കുന്നു; എന്റെ ജീവനും കേവലം അതിലത്രേ; അങ്ങനെ അങ്ങ് എന്നെ സൗഖ്യമാക്കി എന്റെ ജീവനെ രക്ഷിക്കും.
[17] സമാധാനത്തിനായി എനിക്ക് അത്യന്തം കൈപ്പായതു ഭവിച്ചു; എങ്കിലും അങ്ങ് എന്റെ സകലപാപങ്ങളെയും അങ്ങയുടെ പുറകിൽ എറിഞ്ഞുകളഞ്ഞതുകൊണ്ട് എന്റെ പ്രാണനെ നാശകുഴിയിൽനിന്നു സ്നേഹത്തോടെ രക്ഷിച്ചിരിക്കുന്നു.
[18] പാതാളം അങ്ങയെ സ്തുതിക്കുന്നില്ല; മരണം അങ്ങയെ വാഴ്ത്തുന്നില്ല; കുഴിയിൽ ഇറങ്ങുന്നവർ അങ്ങയുടെ വിശ്വസ്തതയെ പ്രത്യാശിക്കുന്നതുമില്ല.
[19] ഞാൻ ഇന്ന് ചെയ്യുന്നതുപോലെ ജീവനുള്ളവൻ, ജീവനുള്ളവൻ മാത്രം അങ്ങയെ സ്തുതിക്കും; അപ്പൻ മക്കളോടു അങ്ങയുടെ വിശ്വസ്തതയെ അറിയിക്കും.
[20] യഹോവ എന്നെ രക്ഷിക്കുവാൻ ഒരുങ്ങിയിരിക്കുന്നു; അതുകൊണ്ട് ഞങ്ങൾ ജീവപര്യന്തം യഹോവയുടെ ആലയത്തിൽ തന്ത്രിനാദത്തോടെ എന്റെ ഗീതങ്ങളെ പാടും”.
[21] എന്നാൽ അവനു സൗഖ്യം വരേണ്ടതിന് അത്തിപ്പഴക്കട്ട കൊണ്ടുവന്നു പരുവിന്മേൽ പുരട്ടുവാൻ യെശയ്യാവ് പറഞ്ഞിരുന്നു.
[22] “ഞാൻ യഹോവയുടെ ആലയത്തിൽ കയറിച്ചെല്ലും എന്നതിന് അടയാളം എന്ത്?” എന്നു ഹിസ്കീയാവ് ചോദിച്ചിരുന്നു.