Skip to content
Opens in a new window
Listen to this chapter • 3:24

[1] സൈന്യങ്ങളുടെ യഹോവയായ കർത്താവ് യെരൂശലേമിൽ നിന്നും യെഹൂദയിൽനിന്നും ആധാരവും ആശ്രയവും, അപ്പം എന്ന ആധാരമൊക്കെയും വെള്ളം എന്ന ആധാരമൊക്കെയും

[2] വീരൻ, യോദ്ധാവ്, ന്യായാധിപതി, പ്രവാചകൻ, പ്രശ്നക്കാരൻ, മൂപ്പൻ,

[3] അമ്പതുപേർക്ക് അധിപതി, മാന്യൻ, മന്ത്രി, കൗശലപ്പണിക്കാരൻ, മന്ത്രവാദി എന്നിവരെയും നീക്കിക്കളയും.

[4] “ഞാൻ ബാലന്മാരെ അവർക്ക് പ്രഭുക്കന്മാരാക്കി വയ്ക്കും; ശിശുക്കൾ അവരെ വാഴും”.

[5] ഒരുത്തൻ മറ്റൊരുവനെയും ഒരാൾ തന്റെ കൂട്ടുകാരനെയും ഇങ്ങനെ ജനം അന്യോന്യം പീഡിപ്പിക്കും; ബാലൻ വൃദ്ധനോടും നീചൻ മാന്യനോടും കയർക്കും.

[6] ഒരുവൻ തന്റെ പിതൃഭവനത്തിലെ സഹോദരനെ പിടിച്ചു: “നിനക്ക് മേലങ്കിയുണ്ട്; നീ ഞങ്ങളുടെ അധിപതി ആയിരിക്കുക; ഈ പാഴ്ക്കൂമ്പാരം നിന്റെ കൈവശം ഇരിക്കട്ടെ” എന്നു പറയും.

[7] അവൻ അന്ന് കൈ ഉയർത്തിക്കൊണ്ട്: “വൈദ്യനായിരിക്കുവാൻ എനിക്ക് മനസ്സില്ല; എന്റെ വീട്ടിൽ ആഹാരവുമില്ല, വസ്ത്രവുമില്ല; എന്നെ ജനത്തിന് അധിപതിയാക്കരുത്” എന്നു പറയും.

[8] യഹോവയുടെ തേജസ്സുള്ള കണ്ണിന് വെറുപ്പുതോന്നുവാൻ തക്കവിധം അവരുടെ നാവുകളും പ്രവൃത്തികളും അവന് വിരോധമായിരിക്കുകയാൽ യെരൂശലേം ഇടിഞ്ഞുപോകും; യെഹൂദാ വീണുപോകും.

[9] അവരുടെ മുഖഭാവം അവർക്ക് വിരോധമായി സാക്ഷീകരിക്കുന്നു; അവർ സൊദോംപോലെ അവരുടെ പാപം പരസ്യമാക്കുന്നു; അതിനെ മറയ്ക്കുന്നതുമില്ല; അവർക്ക് അയ്യോ കഷ്ടം! അവർ അവർക്ക് തന്നെ ദോഷം വരുത്തുന്നു.

[10] നീതിമാനെക്കുറിച്ച്: “അവനു നന്മവരും” എന്നു പറയുവിൻ; അവരുടെ പ്രവൃത്തികളുടെ ഫലം അവർ അനുഭവിക്കും.

[11] ദുഷ്ടന് അയ്യോ കഷ്ടം! അവനു ദോഷം വരും; അവന്റെ പ്രവൃത്തികളുടെ ഫലം അവനും അനുഭവിക്കും.

[12] എന്റെ ജനമോ, കുട്ടികൾ അവരെ പീഡിപ്പിക്കുന്നു; സ്ത്രീകൾ അവരെ വാഴുന്നു; എന്റെ ജനമേ, നിന്നെ നടത്തുന്നവർ നിന്നെ വഴി തെറ്റിക്കുന്നു; നീ നടക്കേണ്ട വഴി അവർ നശിപ്പിക്കുന്നു.

[13] യഹോവ വാദിക്കുവാൻ എഴുന്നേറ്റു വംശങ്ങളെ വിധിക്കുവാൻ നില്ക്കുന്നു.

[14] യഹോവ തന്റെ ജനത്തിന്റെ മൂപ്പന്മാരുടെമേലും പ്രഭുക്കന്മാരുടെമേലും ഉള്ള ന്യായവിധി അറിയിക്കും; “നിങ്ങൾ മുന്തിരിത്തോട്ടം തിന്നുകളഞ്ഞു; എളിയവരോടു കവർന്നെടുത്തതു നിങ്ങളുടെ വീടുകളിൽ ഉണ്ട്;

[15] എന്റെ ജനത്തെ തകർത്തുകളയുവാനും എളിയവരെ ദുഃഖിപ്പിക്കുവാനും നിങ്ങൾക്ക് എന്ത് കാര്യം?” എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവിന്റെ അരുളപ്പാട്.

[16] യഹോവ പിന്നെയും അരുളിച്ചെയ്തത് എന്തെന്നാൽ: സീയോൻ പുത്രിമാർ നിഗളിച്ചു കഴുത്തു നീട്ടിയും എറികണ്ണിട്ടുംകൊണ്ടു സഞ്ചരിക്കുകയും തത്തിത്തത്തി നടക്കുകയും കാൽ കൊണ്ട് ചിലമ്പൊലി കേൾപ്പിക്കുകയും ചെയ്യുന്നു.

[17] ഇതു നിമിത്തം യഹോവ സീയോൻ പുത്രിമാരുടെ നെറുകക്കു ചൊറി പിടിപ്പിക്കും; യഹോവ അവരുടെ ഗുഹ്യപ്രദേശങ്ങളെ നഗ്നമാക്കും.

[18] അന്ന് കർത്താവ് അവരുടെ കാൽച്ചിലമ്പുകളുടെ അലങ്കാരം,

[19] അവരുടെ നെറ്റിപ്പട്ടം, ചന്ദ്രക്കല, കാതില, കടകം, കവണി,

[20] തലപ്പാവ്, കാൽത്തള, പട്ടുകച്ച, പരിമളപ്പെട്ടി,

[21] ഏലസ്സ്, മോതിരം, മൂക്കുത്തി,

[22] ഉത്സവവസ്ത്രം, മേലാട, ശാൽവാ, ചെറുസഞ്ചി, ദർപ്പണം, ക്ഷോമപടം,

[23] കല്ലാവ്, മൂടുപടം എന്നിവ നീക്കിക്കളയും.

[24] അപ്പോൾ സുഗന്ധത്തിനു പകരം ദുർഗ്ഗന്ധവും അരക്കച്ചയ്ക്കു പകരം കയറും പിന്നിയ തലമുടിക്കു പകരം കഷണ്ടിയും വിലയേറിയ മേലങ്കിക്കു പകരം ചാക്കുശീലയും സൗന്ദര്യത്തിനു പകരം കരിവാളിപ്പും ഉണ്ടാകും.

[25] നിന്റെ പുരുഷന്മാർ വാളിനാലും നിന്റെ വീരന്മാർ യുദ്ധത്തിലും വീഴും.

[26] സീയോൻപുത്രിയുടെ വാതിലുകൾ വിലപിച്ചു ദുഃഖിക്കും; അവൾ ശൂന്യമായി നിലത്തു ഇരിക്കും.

യെശയ്യാവ് — Chapters