Skip to content
Opens in a new window
Listen to this chapter • 3:03

[1] ശലോമോൻ യഹോവയുടെ ആലയവും തന്റെ രാജകൊട്ടാരവും ഇരുപതു സംവത്സരംകൊണ്ട് പണി തീർത്തു.

[2] ഹൂരാം ശലോമോന് കൊടുത്ത പട്ടണങ്ങളെ അവൻ പുതുക്കി പണിയുകയും അവിടെ യിസ്രായേല്യരെ പാർപ്പിക്കുകയും ചെയ്തു.

[3] അനന്തരം ശലോമോൻ ഹമാത്ത്-സോബയിലേക്കു പോയി അതിനെ പിടിച്ചടക്കി;

[4] മരുഭൂമിയിൽ തദ്മോരും ഹമാത്തിൽ സംഭാരനഗരങ്ങളും പണിയിച്ചു.

[5] ശലോമോൻ മുകളിലും താഴെയും ഉള്ള ബേത്ത്-ഹോരോൻ നഗരങ്ങൾ മതിലുകളോടും വാതിലുകളോടും ഓടാമ്പലുകളോടും കൂടിയ ഉറപ്പുള്ള പട്ടണങ്ങളായും

[6] ബാലാത്തും, സംഭാരനഗരങ്ങളും, രഥനഗരങ്ങളും, കുതിരപ്പടയാളികൾക്കുള്ള പട്ടണങ്ങളും, തുടങ്ങി യെരൂശലേമിലും ലെബാനോനിലും തന്റെ രാജ്യത്ത് എല്ലാടവും, അവൻ ആഗ്രഹിച്ചതൊക്കെയും പണിതു.

[7] യിസ്രായേലിൽ ഉൾപ്പെടാത്ത ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിങ്ങനെ യിസ്രായേലിൽ ഉൾപ്പെടാത്ത ശേഷിച്ച സകലജനത്തെയും

[8] യിസ്രായേല്യർ സംഹരിക്കാതെ ദേശത്ത് ശേഷിച്ചിരുന്ന അവരുടെ മക്കളെയും ശലോമോൻ ഊഴിയവേലക്കാരാക്കി. അത് ഇന്നുവരെ തുടരുന്നു

[9] യിസ്രായേല്യരിൽ നിന്ന് ശലോമോൻ ആരെയും തന്റെ വേലക്ക് ദാസന്മാരാക്കിയില്ല; അവരെ യോദ്ധാക്കളും സേനാനായകന്മാരും രഥങ്ങൾക്കും കുതിരച്ചേവകർക്കും അധിപന്മാരും ആയി നിയമിച്ചു.

[10] ശലോമോൻരാജാവിന്റെ പ്രധാന ഉദ്യോഗസ്ഥന്മാരും ജനത്തിന്റെ മേൽവിചാരകന്മാരും ഇരുനൂറ്റമ്പതുപേർ ആയിരുന്നു.

[11] ശലോമോൻ ഫറവോന്റെ മകളെ ദാവീദിന്റെ നഗരത്തിൽ നിന്ന് താൻ അവൾക്കുവേണ്ടി പണിത കൊട്ടാരത്തിൽ കൊണ്ടുപോയി പാർപ്പിച്ചു “യിസ്രായേൽ രാജാവായ ദാവീദിന്റെ അരമനയിൽ എന്റെ ഭാര്യ പാർക്കരുത്; യഹോവയുടെ പെട്ടകം അവിടെ വന്നിരിക്കയാൽ അത് വിശുദ്ധമല്ലോ” എന്ന് അവൻ പറഞ്ഞു.

[12] താൻ മണ്ഡപത്തിനു മുമ്പിൽ പണിത യഹോവയുടെ യാഗപീഠത്തിന്മേൽ ശലോമോൻ

[13] മോശെയുടെ കല്പനപ്രകാരം, ശബ്ബത്തുകളിൽ, അമാവാസികളിൽ, ഉത്സവങ്ങളിൽ, പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവത്തിൽ, വാരോത്സവത്തിൽ, കൂടാരങ്ങളുടെ ഉത്സവത്തിൽ ഇങ്ങനെ ആണ്ടിൽ മൂന്നുപ്രാവശ്യം, ആവശ്യാനുസരണം യഹോവയ്ക്ക് ഹോമയാഗങ്ങൾ കഴിച്ചുപോന്നു.

[14] അവൻ പുരോഹിതന്മാരെ ഗണങ്ങളായി തിരിച്ച് അവരുടെ ശുശ്രൂഷക്ക് നിയമിച്ചു. അതത് ദിവസത്തെ ആവശ്യംപോലെ, സ്തോത്രം ചെയ്‌വാനും പുരോഹിതന്മാരുടെ മുമ്പിൽ ശുശ്രൂഷിപ്പാനും ലേവ്യരേയും നിയമിച്ചു. കൂടാതെ വാതിൽകാവല്ക്കാരെ ഓരോ വാതിലിനും നിയമിച്ചു; ഇങ്ങനെയായിരുന്നു ദൈവപുരുഷനായ ദാവീദിന്റെ കല്പന.

[15] ഭണ്ഡാരത്തെക്കുറിച്ചും, മറ്റ് ഏതു കാര്യത്തെക്കുറിച്ചും ഉള്ള രാജകല്പന പുരോഹിതന്മാരും, ലേവ്യരും വിട്ടുമാറിയില്ല.

[16] യഹോവയുടെ ആലയത്തിന് അടിസ്ഥാനമിട്ട നാൾമുതൽ അത് തീരുംവരെ ശലോമോൻ തന്റെ പ്രവർത്തി ഒക്കെയും ക്രമമായി ചെയ്തു. അങ്ങനെ യഹോവയുടെ ആലയത്തിന്റെ പണി പൂർത്തിയായി.

[17] അതിന് ശേഷം ശലോമോൻ ഏദോംദേശത്ത് കടല്ക്കരയിലുള്ള എസ്യോൻ-ഗേബെരിലേക്കും ഏലോത്തിലേക്കും പോയി.

[18] ഹൂരാം തന്റെ ദാസന്മാർ മുഖാന്തരം കപ്പലുകളെയും സമുദ്രപരിചയമുള്ള ആളുകളെയും അവന്റെ അടുക്കൽ അയച്ചു; അവർ ശലോമോന്റെ ദാസന്മാരോടുകൂടെ ഓഫീരിലേക്കു ചെന്ന് നാനൂറ്റമ്പതു താലന്ത് പൊന്നു വാങ്ങി ശലോമോൻരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.

2 ദിനവൃത്താന്തം — Chapters