[1] ദേശത്തെ ജനം യോശീയാവിന്റെ മകനായ യെഹോവാഹാസിനെ അപ്പന് പകരം യെരൂശലേമിൽ രാജാവാക്കി.
[2] യെഹോവാഹാസ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തിമൂന്ന് വയസ്സായിരുന്നു; അവൻ മൂന്നുമാസം യെരൂശലേമിൽ വാണു.
[3] ഈജിപ്റ്റിലെ രാജാവ് അവനെ യെരൂശലേമിൽവെച്ച് സ്ഥാനഭ്രഷ്ടനാക്കുകയും യെഹൂദാദേശത്തിന് നൂറു താലന്ത് വെള്ളിയും ഒരു താലന്ത് പൊന്നും കപ്പം ചുമത്തുകയും ചെയ്തു.
[4] ഈജിപ്റ്റിലെ രാജാവ് അവന്റെ സഹോദരനായ എല്യാക്കീമിനെ യെഹൂദെക്കും യെരൂശലേമിനും രാജാവാക്കി; അവന്റെ പേര് യെഹോയാക്കീം എന്നു മാറ്റി. അവന്റെ സഹോദരൻ യെഹോവാഹാസിനെ, നെഖോ, ഈജിപ്റ്റിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
[5] യെഹോയാക്കീം വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തഞ്ച് വയസ്സായിരുന്നു; അവൻ ഏഴ് സംവത്സരം യെരൂശലേമിൽ വാണു; അവൻ തന്റെ ദൈവമായ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു.
[6] അവന്റെനേരെ ബാബേൽരാജാവായ നെബൂഖദ്നേസർ വന്ന് അവനെ പിത്തളചങ്ങല കൊണ്ട് ബന്ധിച്ച് ബാബിലോണിലേക്ക് കൊണ്ടുപോയി,
[7] നെബൂഖദ്നേസർ യഹോവയുടെ ആലയത്തിലെ ചില ഉപകരണങ്ങളും ബാബിലോണിലേക്ക് കൊണ്ടുപോയി, തന്റെ ദേവന്റെ ക്ഷേത്രത്തിൽ സൂക്ഷിച്ചു.
[8] യെഹോയാക്കീമിന്റെ മറ്റ് വൃത്താന്തങ്ങളും, അവൻ ചെയ്തതും അവനിൽ കണ്ടതുമായ മ്ലേച്ഛതകളും, യിസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അവന്റെ മകനായ യെഹോയാഖീൻ അവന് പകരം രാജാവായി.
[9] യെഹോയാഖീൻ വാഴ്ച തുടങ്ങിയപ്പോൾ അവന് എട്ട് വയസ്സായിരുന്നു: അവൻ മൂന്നു മാസവും പത്തു ദിവസവും യെരൂശലേമിൽ വാണു; അവൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു.
[10] എന്നാൽ പിറ്റേയാണ്ടിൽ നെബൂഖദ്നേസർ രാജാവ് ആളയച്ച് അവനെ ബാബിലോണിലേക്ക് വരുത്തി. യഹോവയുടെ ആലയത്തിലെ വിലയേറിയ ഉപകരണങ്ങളും ബാബിലോണിലേക്ക് കൊണ്ടുപോയി. അവന്റെ ഇളയപ്പനായ സിദെക്കീയാവിനെ യെഹൂദെക്കും യെരൂശലേമിനും രാജാവാക്കി.
[11] സിദെക്കീയാവ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തൊന്ന് വയസ്സായിരുന്നു; അവൻ പതിനൊന്ന് സംവത്സരം യെരൂശലേമിൽ വാണു.
[12] അവൻ തന്റെ ദൈവമായ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു; യഹോവയുടെ വായിൽനിന്നുള്ള വചനം പ്രസ്താവിച്ച യിരെമ്യാപ്രവാചകന്റെ മുമ്പിൽ തന്നെത്താൻ താഴ്ത്തിയില്ല.
[13] അവനെക്കൊണ്ട് ദൈവനാമത്തിൽ സത്യം ചെയ്യിച്ചിരുന്ന നെബൂഖദ്നേസർരാജാവിനോട് അവൻ മത്സരിച്ച് ശാഠ്യം കാണിക്കുകയും യിസ്രായേലിന്റെ ദൈവമായ യഹോവയിലേക്ക് മുഖം തിരിക്കാതെ ഹൃദയം കഠിനമാക്കുകയും ചെയ്തു.
[14] പുരോഹിതന്മാരിൽ പ്രധാനികളും ജനവും അന്യജാതികളുടെ സകലമ്ലേച്ഛതകളും പ്രവർത്തിച്ച് വളരെ അകൃത്യം ചെയ്തു; അവർ യെരൂശലേമിൽ യഹോവ വിശുദ്ധീകരിച്ച അവന്റെ ആലയത്തെ അശുദ്ധമാക്കി.
[15] അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയ്ക്ക് തന്റെ ജനത്തോടും തന്റെ തിരുനിവാസത്തോടും സഹതാപം തോന്നി മുന്നറിയിപ്പ് നൽകാൻ തന്റെ ദൂതന്മാരെ തുടർച്ചയായി അവരുടെ അടുക്കൽ അയച്ചു.
[16] അവരോ ദൈവത്തിന്റെ ദൂതന്മാരെ പരിഹസിച്ച് അവന്റെ വാക്കുകളെ നിരസിച്ച് പ്രതിവിധിയില്ലാതെ ദൈവകോപം തന്റെ ജനത്തിന് നേരെ ജ്വലിക്കുവോളം അവന്റെ പ്രവാചകന്മാരെ നിന്ദിച്ചുകൊണ്ടിരുന്നു.
[17] അതുകൊണ്ട് അവൻ കൽദയരുടെ രാജാവിനെ അവരുടെ നേരെ വരുത്തി; അവൻ അവരുടെ യൗവനക്കാരെ അവരുടെ വിശുദ്ധമന്ദിരത്തിൽ വച്ച് വാൾകൊണ്ട് കൊന്നു; അവൻ യൗവനക്കാരോടോ, കന്യകമാരോടോ വൃദ്ധരോടോ, ബലഹീനരോടോ കരുണ കാണിക്കാതെ അവരെ അവന്റെ കയ്യിൽ ഏല്പിച്ചുകൊടുത്തു.
[18] ദൈവാലയത്തിലെ ചെറിയതും വലിയതുമായ ഉപകരണങ്ങളും, ആലയത്തിലെയും, രാജാവിന്റെയും, അവന്റെ പ്രഭുക്കന്മാരുടെയും നിക്ഷേപങ്ങളും അവൻ ബാബിലോണിലേക്ക് കൊണ്ടുപോയി.
[19] അവർ ദൈവാലയം തീകൊണ്ട് ചുട്ടുകളയുകയും, യെരൂശലേമിന്റെ മതിൽ ഇടിച്ച്കളയുകയും, അതിലെ കൊട്ടാരങ്ങൾ തീക്കിരയാക്കുകയും അതിലെ വിലയേറിയ വസ്തുക്കൾ നശിപ്പിച്ചുകളയുകയും ചെയ്തു.
[20] വാളുകൊണ്ട് കൊല്ലപ്പെടാതെ ശേഷിച്ചവരെ അവൻ ബാബിലോണിലേക്ക് കൊണ്ടുപോയി; പേർഷ്യൻ ആധിപത്യം വരുന്നത് വരെ അവർ അവിടെ അവനും അവന്റെ പുത്രന്മാർക്കും അടിമകളായിരുന്നു.
[21] യിരെമ്യാപ്രവാചകൻ മുഖാന്തരം ഉണ്ടായ യഹോവയുടെ വചനം നിവൃത്തിയാകേണ്ടതിന് ഇത് സംഭവിച്ചു. എഴുപത് സംവത്സരം തികയുവോളം ദേശം ശൂന്യമായി കിടന്ന് ശബ്ബത്ത് അനുഭവിച്ചു.
[22] എന്നാൽ യിരെമ്യാവ് മുഖാന്തരം ഉണ്ടായ യഹോവയുടെ വചനം നിവൃത്തിയാകേണ്ടതിന് പേർഷ്യൻ രാജാവായ കോരെശിന്റെ ഒന്നാം ആണ്ടിൽ യഹോവ കോരെശിന്റെ മനസ്സുണർത്തി; അവൻ തന്റെ രാജ്യത്തെല്ലാം ഒരു വിളംബരം രേഖാമൂലം പ്രസിദ്ധമാക്കിയത് ഇപ്രകാരമായിരുന്നു:
[23] “പേർഷ്യൻ രാജാവായ കോരെശ് ഇപ്രകാരം കല്പിക്കുന്നു: സ്വർഗ്ഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകലരാജ്യങ്ങളും എനിക്ക് തന്നിരിക്കുന്നു; യെഹൂദയിലെ യെരൂശലേമിൽ അവന് ഒരു ആലയം പണിവാൻ അവൻ എന്നോട് കല്പിച്ചുമിരിക്കുന്നു; നിങ്ങളിൽ അവന്റെ ജനമായി ആരൊക്കെ ഉണ്ടോ, അവർ യാത്ര പുറപ്പെടട്ടെ. ദൈവമായ യഹോവ അവനോടുകൂടെ ഇരിക്കട്ടെ”.