Skip to content
Opens in a new window
Listen to this chapter • 7:04

[1] യെഹോശാഫാത്തിന് വളരെയധികം ധനവും മാനവും ഉണ്ടായിരുന്നു; അവൻ ആഹാബിന്റെ കുടുംബത്തോട് വിവാഹബന്ധത്തിൽ ഏർപ്പെട്ടു.

[2] ചില സംവത്സരങ്ങൾ കഴിഞ്ഞശേഷം അവൻ ശമര്യയിൽ ആഹാബിന്റെ അടുക്കൽ ചെന്നു; ആഹാബ് അവനും കൂടെയുണ്ടായിരുന്ന ജനത്തിനുംവേണ്ടി വളരെ ആടുകളെയും കാളകളെയും അറുത്തു; ഗിലെയാദിലെ രാമോത്തിലേക്ക് തന്നോടുകൂടെ ചെല്ലേണ്ടതിന് അവനെ പ്രേരിപ്പിച്ചു.

[3] യിസ്രായേൽ രാജാവായ ആഹാബ് യെഹൂദാ രാജാവായ യെഹോശാഫാത്തിനോട്: “നീ എന്നോടുകൂടെ ഗിലെയാദിലെ രാമോത്തിലേക്ക് പോരുമോ?” എന്ന് ചോദിച്ചു. അവൻ അവനോട്: “ഞാനും നീയും, എന്റെ ജനവും നിന്റെ ജനവും ഒരുപോലെയല്ലോ; ഞങ്ങൾ നിന്നോടുകൂടെ യുദ്ധത്തിനു പോരാം” എന്നു പറഞ്ഞു.

[4] യെഹോശാഫാത്ത് യിസ്രായേൽ രാജാവിനോട്: “ഇന്ന് യഹോവയുടെ അരുളപ്പാട് ചോദിച്ചാലും” എന്ന് പറഞ്ഞു.

[5] യിസ്രായേൽ രാജാവ് നാനൂറ് പ്രവാചകന്മാരെ വരുത്തി അവരോട്: “ഞങ്ങൾ ഗിലെയാദിലെ രാമോത്തിലേക്ക് യുദ്ധത്തിന് പോകയോ പോകാതിരിക്കയോ എന്ത് വേണ്ടു” എന്ന് ചോദിച്ചു. അതിന് അവർ: “പുറപ്പെടുക; ദൈവം അത് രാജാവിന്റെ കയ്യിൽ ഏല്പിക്കും” എന്ന് പറഞ്ഞു.

[6] എന്നാൽ യെഹോശാഫാത്ത്: “നാം അരുളപ്പാട് ചോദിക്കേണ്ടതിന് ഇവിടെ യഹോവയുടെ പ്രവാചകനായി വേറെ ആരും ഇല്ലയോ” എന്ന് ചോദിച്ചു.

[7] അതിന് യിസ്രായേൽ രാജാവ് യെഹോശാഫാത്തിനോട്: “നാം യഹോവയോട് അരുളപ്പാട് ചോദിപ്പാൻ ഇനി ഒരുത്തനുണ്ട്; എന്നാൽ അവൻ എന്നെക്കുറിച്ച് ഒരിക്കലും ദോഷമല്ലാതെ നല്ലത് പ്രവചിക്കാത്തതുകൊണ്ട് ഞാൻ അവനെ വെറുക്കുന്നു; അവൻ യിമ്ളയുടെ മകനായ മീഖായാവ് ആകുന്നു” എന്ന് പറഞ്ഞു. രാജാവ് അങ്ങനെ പറയരുതേ എന്ന് യെഹോശാഫാത്ത് പറഞ്ഞു.

[8] അങ്ങനെ യിസ്രായേൽ രാജാവ് ഒരു ഉദ്യോഗസ്ഥനെ വിളിച്ച്: “യിമ്ളയുടെ മകനായ മീഖായാവിനെ വേഗം കൂട്ടിക്കൊണ്ടുവരിക” എന്ന് കല്പിച്ചു.

[9] യിസ്രായേൽ രാജാവും യെഹൂദാ രാജാവായ യെഹോശാഫാത്തും രാജവസ്ത്രം ധരിച്ച് ശമര്യയുടെ പ്രവേശനകവാടത്തിൽ ഉള്ള ഒരു മെതിക്കളത്തിൽ താന്താന്റെ സിംഹാസനത്തിൽ ഇരുന്നു; പ്രവാചകന്മാർ എല്ലാവരും അവരുടെ മുമ്പാകെ പ്രവചിച്ചുകൊണ്ടിരുന്നു.

[10] കെനാനയുടെ മകനായ സിദെക്കീയാവ് തനിക്കായി ഇരിമ്പുകൊണ്ട് കൊമ്പുണ്ടാക്കി: “നീ ഇവകൊണ്ട് അരാമ്യരെ എല്ലാം കുത്തി നശിപ്പിക്കും” എന്ന് യഹോവ അരുളിച്ചെയ്യുന്നു എന്ന് പറഞ്ഞു.

[11] പ്രവാചകന്മാർ എല്ലാം അങ്ങനെ തന്നേ പ്രവചിച്ചു: “ഗിലെയാദിലെ രാമോത്തിലേക്കു പുറപ്പെടുക; നീ കൃതാർത്ഥനാകും; യഹോവ അത് രാജാവിന്റെ കയ്യിൽ ഏല്പിക്കും” എന്ന് പറഞ്ഞു.

[12] മീഖായാവിനെ വിളിക്കാൻ പോയ ദൂതൻ അവനോട്: “നോക്കൂ, പ്രവാചകന്മാരുടെ വാക്കുകൾ ഒരുപോലെ രാജാവിന് അനുകൂലമായിരിക്കുന്നു; നിന്റെ വാക്കും അവരിൽ ഒരുത്തന്റേതുപോലെ ഇരിക്കട്ടെ; നീയും അനുകൂലമായി പറയേണമേ” എന്ന് പറഞ്ഞു.

[13] അതിന് മീഖായാവ്: “യഹോവയാണ, എന്റെ ദൈവം അരുളിച്ചെയ്യുന്നത് തന്നേ ഞാൻ പ്രസ്താവിക്കും” എന്ന് പറഞ്ഞു.

[14] അവൻ രാജാവിന്റെ അടുക്കൽ വന്നപ്പോൾ രാജാവ് അവനോട്: “മീഖായാവേ, ഞങ്ങൾ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിന് പോകയോ പോകാതിരിക്കയോ എന്ത് വേണ്ടു?” എന്ന് ചോദിച്ചു. അതിന് അവൻ: “പുറപ്പെടുവിൻ; നിങ്ങൾ കൃതാർത്ഥരാകും; അവർ നിങ്ങളുടെ കയ്യിൽ ഏല്പിക്കപ്പെടും” എന്നു പറഞ്ഞു.

[15] രാജാവ് അവനോട്: “നീ യഹോവയുടെ നാമത്തിൽ സത്യമല്ലാതെ യാതൊന്നും എന്നോട് പറയുകയില്ലെന്ന് എത്ര പ്രാവശ്യം ഞാൻ നിന്നെക്കൊണ്ട് സത്യംചെയ്യിക്കേണം?” എന്ന് ചോദിച്ചു.

[16] അതിന് അവൻ: “ഇടയനില്ലാത്ത ആടുകളെപ്പോലെ യിസ്രായേൽ ജനമെല്ലാം പർവ്വതങ്ങളിൽ ചിതറിയിരിക്കുന്നത് ഞാൻ കണ്ടു; അപ്പോൾ യഹോവ: ഇവർക്ക് നാഥനില്ല; ഇവർ ഓരോരുത്തൻ താന്താന്റെ വീട്ടിലേക്കു സമാധാനത്തോടെ മടങ്ങിപ്പോകട്ടെ എന്നു കല്പിച്ചു” എന്ന് പറഞ്ഞു.

[17] അപ്പോൾ യിസ്രായേൽ രാജാവ് യെഹോശാഫാത്തിനോട്: “ഇവൻ എന്നെക്കുറിച്ച് ദോഷമല്ലാതെ നല്ലത് പ്രവചിക്കയില്ല എന്ന് ഞാൻ നിന്നോട് പറഞ്ഞില്ലയോ” എന്ന് പറഞ്ഞു.

[18] അതിന് അവൻ പറഞ്ഞത്: “എന്നാൽ യഹോവയുടെ വചനം കേട്ടുകൊൾവിൻ: യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യമെല്ലാം അവന്റെ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു.

[19] യിസ്രായേൽ രാജാവായ ആഹാബ് ഗിലെയാദിലെ രാമോത്തിൽ വച്ച് കൊല്ലപ്പെടേണ്ടതിന് അവിടേക്കു പോകാൻ അവനെ ആർ പ്രേരിപ്പിക്കും എന്ന് യഹോവ ചോദിച്ചപ്പോൾ, ഓരോരുത്തർ ഓരോ വിധത്തിൽ ഉത്തരം പറഞ്ഞു.

[20] അപ്പോൾ ഒരു ആത്മാവ് മുമ്പോട്ട് വന്ന് യഹോവയുടെ സന്നിധിയിൽ നിന്നുകൊണ്ട് ‘ഞാൻ അവനെ പ്രേരിപ്പിക്കും’ എന്ന് പറഞ്ഞു. യഹോവ അവനോട്: ‘ഏതിനാൽ?’ എന്ന് ചോദിച്ചു.

[21] അതിന് അവൻ: ‘ഞാൻ പുറപ്പെട്ട് അവന്റെ സകലപ്രവാചകന്മാരുടെയും വായിൽ ഭോഷ്കിന്റെ ആത്മാവായിരിക്കും’ എന്ന് പറഞ്ഞു. ‘നീ അവനെ പ്രേരിപ്പിക്കും; നിനക്കത് സാധിക്കും; നീ പോയി അങ്ങനെ ചെയ്ക’ എന്ന് അവൻ കല്പിച്ചു.

[22] ആകയാൽ ഇതാ, യഹോവ ഭോഷ്കിന്റെ ആത്മാവിനെ നിന്റെ ഈ പ്രവാചകന്മാരുടെ വായിൽ കൊടുത്തിരിക്കുന്നു; യഹോവ നിന്നെക്കുറിച്ച് അനർത്ഥം കല്പിച്ചുമിരിക്കുന്നു”.

[23] അപ്പോൾ കെനാനയുടെ മകനായ സിദെക്കീയാവ് അടുത്തുചെന്ന് മീഖായാവിനെ ചെകിട്ടത്ത് അടിച്ചു: “നിന്നോട് സംസാരിപ്പാൻ യഹോവയുടെ ആത്മാവ് എന്നെ കടന്ന് ഏതു വഴിയായി വന്നു?” എന്ന് ചോദിച്ചു.

[24] അതിന് മീഖായാവ്: “നീ ഒളിക്കേണ്ടതിന് അറ തേടിനടക്കുന്ന ദിവസം നീ അത് കാണും” എന്ന് പറഞ്ഞു.

[25] അപ്പോൾ യിസ്രായേൽരാജാവു പറഞ്ഞത്: “നിങ്ങൾ മീഖായാവിനെ പിടിച്ച് നഗരാധിപതിയായ ആമോന്റെയും രാജകുമാരനായ യോവാശിന്റെയും അടുക്കൽ കൊണ്ടുചെന്ന്,

[26] ഇവനെ കാരാഗൃഹത്തിൽ ആക്കി, ഞാൻ സമാധാനത്തോടെ മടങ്ങിവരുവോളം വളരെ കുറച്ച് അപ്പവും വെള്ളവും നൽകി ഞെരുക്കത്തിന്റെ അനുഭവം കൊടുക്കണം’ എന്ന് രാജാവ് കല്പിച്ചിരിക്കുന്നു” എന്നു പറയുവീൻ.

[27] അതിന് മീഖായാവ്: “നീ സമാധാനത്തോടെ മടങ്ങിവരുന്നെങ്കിൽ യഹോവ ഞാൻ മുഖാന്തരം അരുളിച്ചെയ്തിട്ടില്ല” എന്ന് പറഞ്ഞു. “സകലജനങ്ങളുമേ, കേട്ടുകൊൾവിൻ!” എന്നും അവൻ പറഞ്ഞു.

[28] അങ്ങനെ യിസ്രായേൽ രാജാവും യെഹൂദാ രാജാവായ യെഹോശാഫാത്തും ഗിലെയാദിലെ രാമോത്തിലേക്കു പോയി.

[29] എന്നാൽ യിസ്രായേൽ രാജാവ് യെഹോശാഫാത്തിനോട്: “ഞാൻ വേഷംമാറി പടയിൽ കടക്കും; നീയോ രാജവസ്ത്രം ധരിച്ചുകൊൾക” എന്നു പറഞ്ഞു. അങ്ങനെ യിസ്രായേൽ രാജാവ് വേഷംമാറി, അവർ പടയിൽ കടന്നു.

[30] എന്നാൽ അരാം രാജാവ് തന്റെ രഥനായകന്മാരോട്: “നിങ്ങൾ യിസ്രായേൽരാജാവിനോടു മാത്രമല്ലാതെ ചെറിയവരോടോ വലിയവരോടോ യുദ്ധം ചെയ്യരുത്” എന്ന് കല്പിച്ചിരുന്നു.

[31] ആകയാൽ രഥനായകന്മാർ യെഹോശാഫാത്തിനെ കണ്ടപ്പോൾ; “ഇവൻ തന്നേ യിസ്രായേൽ രാജാവ്” എന്ന് പറഞ്ഞ് അവനോട് പൊരുതുവാൻ തിരിഞ്ഞു; എന്നാൽ യെഹോശാഫാത്ത് നിലവിളിച്ചു; യഹോവ അവനെ സഹായിച്ചു; അവനെ വിട്ടുപോകുവാൻ ദൈവം അവർക്ക് തോന്നിച്ചു.

[32] അവൻ യിസ്രായേൽരാജാവല്ല എന്നു രഥനായകന്മാർ കണ്ടിട്ട് അവർ അവനെ പിന്തുടരാതെ മടങ്ങിപ്പോയി.

[33] എന്നാൽ ഒരുത്തൻ യദൃച്ഛയാ വില്ലു കുലച്ച് യിസ്രായേൽരാജാവിനെ കവചത്തിനും പതക്കത്തിനും മദ്ധ്യേ എയ്തു; അവൻ തന്റെ സാരഥിയോട്: “നീ രഥം തിരിച്ച് എന്നെ പടയിൽനിന്ന് കൊണ്ടുപോക; ഞാൻ കഠിനമായി മുറിവേറ്റിരിക്കുന്നു” എന്ന് പറഞ്ഞു.

[34] അന്ന് യുദ്ധം കഠിനമായി തീർന്നതുകൊണ്ട് യിസ്രായേൽ രാജാവ് സന്ധ്യവരെ അരാമ്യർക്കെതിരെ രഥത്തിൽ ചാരി നിന്നു; സൂര്യൻ അസ്തമിക്കുന്ന സമയത്ത് അവൻ മരിച്ചുപോയി.

2 ദിനവൃത്താന്തം — Chapters