Skip to content
Opens in a new window
Listen to this chapter • 3:17

[1] ശലോമോൻ താമ്രംകൊണ്ട് ഒരു യാഗപീഠം ഉണ്ടാക്കി; അതിന്റെ നീളവും വീതിയും ഇരുപതു മുഴം വീതവും ഉയരം പത്തു മുഴവും ആയിരുന്നു.

[2] വൃത്താകാരമായ ഒരു ജലസംഭരണിയും അവൻ വാർത്തുണ്ടാക്കി; അതിന്റെ വ്യാസം പത്തു മുഴവും ആഴം അഞ്ച് മുഴവും ചുറ്റളവ് മുപ്പത് മുഴവും ആയിരുന്നു.

[3] അതിന് കീഴെ ചുറ്റിലും രണ്ടു നിരയായി കാളകളുടെ രൂപങ്ങൾ വാർത്തുണ്ടാക്കിയിരുന്നു.

[4] അത് പന്ത്രണ്ട് കാളകളുടെ പുറത്തു വെച്ചിരുന്നു: കാളകൾ മൂന്നു വീതം വടക്കോട്ടും പടിഞ്ഞാറോട്ടും തെക്കോട്ടും കിഴക്കോട്ടും മുഖം തിരിച്ചിരുന്നു. ജലസംഭരണി വഹിച്ചിരുന്ന കാളകളുടെ പിൻഭാഗം അകത്തോട്ട് ആയിരുന്നു.

[5] ജലസംഭരണിക്ക് നാല് വിരലുകളുടെ കനവും അതിന്റെ വക്ക് പാനപാത്രത്തിന്റെ വക്കുപോലെയും വിടർന്ന താമരപ്പൂപോലെയും ആയിരുന്നു. അതിൽ മൂവായിരം ബത്ത് വെള്ളം കൊള്ളുമായിരുന്നു.

[6] കഴുകാൻ വെള്ളം വെക്കേണ്ടതിന് പത്തു തൊട്ടികളും ഉണ്ടാക്കി; വലത്തുഭാഗത്തും ഇടത്തുഭാഗത്തുമായി അഞ്ച് വീതം വെച്ചു. ഹോമയാഗത്തിന്നുള്ള വസ്തുക്കൾ അവർ അവയിൽ കഴുകും; ജലസംഭരണിയോ പുരോഹിതന്മാർക്ക് കഴുകുവാനുള്ളതായിരുന്നു.

[7] അവൻ പൊന്നുകൊണ്ട് പത്തു വിളക്കുകളും കൽപ്പനപ്രകാരം ഉണ്ടാക്കി, മന്ദിരത്തിൽ വലത്തുഭാഗത്തും ഇടത്തുഭാഗത്തുമായി അഞ്ചുവീതം വെച്ചു.

[8] അവൻ പത്തു മേശകളും ഉണ്ടാക്കി; മന്ദിരത്തിൽ വലത്തുഭാഗത്തും ഇടത്തുഭാഗത്തുമായി അഞ്ചുവീതം വെച്ചു; പൊന്നുംകൊണ്ട് നൂറു തളികകളും ഉണ്ടാക്കി.

[9] അവൻ പുരോഹിതന്മാരുടെ പ്രാകാരവും വലിയ പ്രാകാരവും പ്രാകാരത്തിന് വാതിലുകളും ഉണ്ടാക്കി. കതകുകൾ താമ്രംകൊണ്ട് പൊതിഞ്ഞു.

[10] അവൻ ജലസംഭരണി വലത്തുഭാഗത്ത് തെക്കുകിഴക്കായിട്ട് വെച്ചു.

[11] ഹൂരാം കലങ്ങളും ചട്ടുകങ്ങളും തളികകളും ഉണ്ടാക്കി; ഇങ്ങനെ ഹൂരാം ദൈവാലയത്തിൽ ശലോമോൻരാജാവിനു വേണ്ടി ചെയ്യേണ്ടിയിരുന്ന പണികൾ തീർത്തു.

[12] രണ്ട് തൂണുകൾ, തൂണുകളുടെ മുകളിലുള്ള ഗോളാകാരമായ മകുടങ്ങൾ, മകുടങ്ങളെ മൂടുവാൻ രണ്ടു വലപ്പണി,

[13] തൂണുകളുടെ മുകളിലുള്ള രണ്ടു ഗോളങ്ങളെ മൂടുന്ന ഓരോ വലപ്പണിയിൽ ഈ രണ്ടു നിരയായി നാനൂറ് മാതളപ്പഴങ്ങൾ

[14] പീഠങ്ങൾ, പീഠങ്ങളിന്മേൽ തൊട്ടികൾ

[15] ജലസംഭരണി, അതിന് കീഴെ പന്ത്രണ്ട് കാളകൾ, കലങ്ങൾ,

[16] ചട്ടുകങ്ങൾ, മുൾക്കൊളുത്തുകൾ എന്നീ ഉപകരണങ്ങളൊക്കെയും ഹൂരാം-ആബി മിനുക്കിയ താമ്രംകൊണ്ട് യഹോവയുടെ ആലയത്തിനുവേണ്ടി ശലോമോൻ രാജാവിന് ഉണ്ടാക്കിക്കൊടുത്തു.

[17] യോർദ്ദാൻ സമഭൂമിയിൽ സുക്കോത്തിനും സെരേദാഥെക്കും മദ്ധ്യേ കളിമണ്ണുള്ള നിലത്തുവെച്ച് രാജാവ് അവയെ വാർപ്പിച്ചു.

[18] ഇങ്ങനെ ശലോമോൻ ഇവയൊക്കെയും ധാരാളമായി ഉണ്ടാക്കിയതിനാൽ അതിനായി ഉപയോഗിച്ച താമ്രത്തിന്റെ തൂക്കം നോക്കിയില്ല.

[19] ഇങ്ങനെ ശലോമോൻ ദൈവാലയത്തിലെ ഉപകരണങ്ങൾ ഒക്കെയും നിർമ്മിച്ചു. സ്വർണയാഗപീഠവും കാഴ്ചയപ്പം വെക്കുന്ന മേശകളും

[20] അന്തർമ്മന്ദിരത്തിനു മുമ്പിൽ നിയമപ്രകാരം കത്തേണ്ട തങ്കംകൊണ്ടുള്ള നിലവിളക്കും ദീപങ്ങളും

[21] നിർമ്മലമായ തങ്കംകൊണ്ട്, പുഷ്പങ്ങളും വിളക്കുകളും ചവണകളും

[22] തങ്കംകൊണ്ട് കത്രികകളും തളികകളും തവികളും തീച്ചട്ടികളും ഉണ്ടാക്കി. ആലയത്തിന്റെ വാതിലുകൾ, അതിവിശുദ്ധമന്ദിരത്തിലേക്കുള്ള അകത്തെ കതകുകൾ, ആലയത്തിന്റെ കതകുകൾ, ഇവ പൊന്നുകൊണ്ട് നിർമ്മിച്ചവ ആയിരുന്നു.

2 ദിനവൃത്താന്തം — Chapters