Skip to content
Opens in a new window
Listen to this chapter • 3:24

[1] ദാവീദിന്റെ മകനായ ശലോമോൻ തന്റെ രാജത്വം ഉറപ്പിച്ചു; ദൈവമായ യഹോവ അവനോടുകൂടെ ഇരുന്ന് അവനെ അത്യന്തം മഹത്വവാനാക്കി.

[2] ശലോമോൻ എല്ലാ യിസ്രായേലിനോടും സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും ന്യായാധിപന്മാരോടും പിതൃഭവനത്തലവന്മാരായ സകലപ്രഭുക്കന്മാരോടും

[3] സംസാരിച്ചിട്ട്, സർവ്വസഭയുമായി ഗിബെയോനിലെ പൂജാഗിരിയിലേക്ക് പോയി. യഹോവയുടെ ദാസനായ മോശെ മരുഭൂമിയിൽവച്ച് ഉണ്ടാക്കിയ ദൈവത്തിന്റെ സമാഗമനകൂടാരം അവിടെ ആയിരുന്നു.

[4] എന്നാൽ ദൈവത്തിന്റെ പെട്ടകം ദാവീദ്, കിര്യത്ത്-യെയാരീമിൽനിന്ന് താൻ അതിനായി ഒരുക്കിയിരുന്ന സ്ഥലത്തേക്ക് കൊണ്ടുപോന്നു; അവൻ അതിനായി യെരൂശലേമിൽ ഒരു കൂടാരം അടിച്ചിട്ടുണ്ടായിരുന്നു.

[5] ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേൽ ഉണ്ടാക്കിയ താമ്രയാഗപീഠവും അവിടെ യഹോവയുടെ തിരുനിവാസത്തിന്റെ മുമ്പിൽ ഉണ്ടായിരുന്നു; അവിടെ ശലോമോനും സഭയും പ്രാർഥനയോടെ യഹോവയെ അന്വേഷിച്ചു.

[6] ശലോമോൻ അവിടെ യഹോവയുടെ സന്നിധിയിൽ സമാഗമനകൂടാരത്തിലെ താമ്രയാഗപീഠത്തിങ്കലേക്കു ചെന്ന് അതിന്മേൽ ആയിരം ഹോമയാഗങ്ങൾ കഴിച്ചു.

[7] അന്ന് രാത്രി ദൈവം ശലോമോന് പ്രത്യക്ഷനായി അവനോട്: ഞാൻ നിനക്ക് എന്ത് തരേണം; ചോദിച്ചു കൊൾക എന്നരുളിച്ചെയ്തു.

[8] ശലോമോൻ ദൈവത്തോടു പറഞ്ഞത്: “എന്റെ അപ്പനായ ദാവീദിനോടു അങ്ങ് മഹാദയ കാണിച്ച് അവന് പകരം എന്നെ രാജാവാക്കിയിരിക്കുന്നു.

[9] ആകയാൽ യഹോവയായ ദൈവമേ എന്റെ അപ്പനായ ദാവീദിനോടുള്ള നിന്റെ വാഗ്ദാനം നിവൃത്തിയായല്ലോ? ഭൂമിയിലെ പൊടിപോലെ അസംഖ്യമായുള്ള ജനത്തിന് നീ എന്നെ രാജാവാക്കിയിരിക്കുന്നുവല്ലോ.

[10] ആകയാൽ ഈ ജനത്തിന് നായകനായിരിക്കേണ്ടതിന് എനിക്ക് ജ്ഞാനവും വിവേകവും തരേണമേ; അല്ലാതെ നിന്റെ ഈ വലിയ ജനത്തിന് ന്യായപാലനം ചെയ്‌വാൻ ആർക്ക് കഴിയും?”

[11] അതിന് ദൈവം ശലോമോനോട്: “ഇത് നിന്റെ താല്പര്യമായിരിക്കയാലും ധനം, സമ്പത്ത്, മാനം, ശത്രുനിഗ്രഹം എന്നിവയോ ദീർഘായുസ്സോ ചോദിക്കാതെ ഞാൻ നിന്നെ രാജാവാക്കിവെച്ച എന്റെ ജനത്തിന് ന്യായപാലനം ചെയ്യേണ്ടതിന് ജ്ഞാനവും വിവേകവും ചോദിച്ചിരിക്കയാലും

[12] ജ്ഞാനവും വിവേകവും നിനക്ക് നല്കിയിരിക്കുന്നു; അതല്ലാതെ നിനക്ക് മുമ്പുള്ള രാജാക്കന്മാരിൽ ആർക്കും ലഭിച്ചിട്ടില്ലാത്തതും നിന്റെ ശേഷം ആർക്കും ലഭിക്കാത്തതുമായ ധനവും സമ്പത്തും മാനവും ഞാൻ നിനക്ക് തരും” എന്ന് അരുളിച്ചെയ്തു.

[13] പിന്നെ ശലോമോൻ ഗിബെയോനിലെ പൂജാഗിരിയിൽനിന്ന്, സമാഗമനകൂടാരത്തിന്റെ മുമ്പിൽനിന്നു തന്നേ, യെരൂശലേമിലേക്കു വന്ന് യിസ്രായേലിൽ രാജാവായി വാണു.

[14] ശലോമോൻ രഥങ്ങളെയും കുതിരപ്പടയേയും ശേഖരിച്ചു; അവന് ആയിരത്തിനാനൂറ് രഥങ്ങളും പന്തീരായിരം കുതിരപ്പടയാളികളും ഉണ്ടായിരുന്നു; അവരെ അവൻ രഥനഗരങ്ങളിലും യെരൂശലേമിൽ രാജാവിന്റെ അടുക്കലും പാർപ്പിച്ചു.

[15] രാജാവ് യെരൂശലേമിൽ പൊന്നും വെള്ളിയും കല്ലുകൾ പോലെ സമൃദ്ധമാക്കി. ദേവദാരു വൃക്ഷങ്ങൾ താഴ്വരയിലെ കാട്ടത്തിമരങ്ങൾ പോലെ പെരുകി.

[16] ശലോമോൻ കുതിരകളെ ഇറക്കുമതി ചെയ്തത് ഈജിപ്റ്റിൽ നിന്ന് ആയിരുന്നു; രാജാവിന്റെ കച്ചവടക്കാർ അവയെ കൂട്ടമായി വാങ്ങിക്കൊണ്ടുവരും.

[17] അവർ ഈജിപ്റ്റിൽ നിന്ന് രഥമൊന്നിന് അറുനൂറും കുതിര ഒന്നിന് നൂറ്റമ്പതും ശേക്കെൽ വെള്ളി വിലയായി കൊടുത്ത് വാങ്ങിക്കൊണ്ടുവരും; അങ്ങനെ തന്നേ അവർ ഹിത്യരുടെ സകലരാജാക്കന്മാർക്കും അരാംരാജാക്കന്മാർക്കും കൊണ്ടുവന്നു കൊടുക്കും.

2 ദിനവൃത്താന്തം — Chapters