Skip to content
Opens in a new window
Listen to this chapter • 3:56

[1] യെഹോശാഫാത്ത് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു. ദാവീദിന്റെ നഗരത്തിൽ പിതാക്കന്മാരുടെ കല്ലറയിൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ യെഹോരാം അവന് പകരം രാജാവായി.

[2] അവന്റെ സഹോദരന്മാർ, അസര്യാവ്, യെഹീയേൽ, സെഖര്യാവ്, അസര്യാവ്, മീഖായേൽ, ശെഫത്യാവ് എന്നിവർ ആയിരുന്നു; ഇവരെല്ലാവരും യെഹൂദാ രാജാവായ യെഹോശാഫാത്തിന്റെ പുത്രന്മാർ.

[3] അവരുടെ അപ്പൻ അവർക്ക്, വെള്ളി, പൊന്ന്, വിശേഷവസ്തുക്കൾ തുടങ്ങി വിലയേറിയ ദാനങ്ങളും യെഹൂദയിൽ ഉറപ്പുള്ള പട്ടണങ്ങളും കൊടുത്തു; എന്നാൽ യെഹോരാം ആദ്യജാതനാകയാൽ രാജത്വം അവന് കൊടുത്തു.

[4] യെഹോരാം തന്റെ അപ്പന്റെ രാജ്യഭാരം ഏറ്റ് ശക്തനായതിനുശേഷം, തന്റെ സഹോദരന്മാരെ എല്ലാവരേയും, യിസ്രായേൽ പ്രഭുക്കന്മാരിൽ പലരെയും വാൾകൊണ്ട് കൊന്നു.

[5] യെഹോരാം വാഴ്ച തുടങ്ങിയപ്പോൾ അവന് മുപ്പത്തിരണ്ട് വയസ്സായിരുന്നു; അവൻ എട്ട് സംവത്സരം യെരൂശലേമിൽ വാണു.

[6] ആഹാബിന്റെ കുടുംബത്തെപ്പോലെ അവൻ യിസ്രായേൽ രാജാക്കന്മാരുടെ തെറ്റായ വഴിയിൽ നടന്നു; ആഹാബിന്റെ മകൾ അവന് ഭാര്യയായിരുന്നുവല്ലോ; അവൻ യഹോവക്ക് അനിഷ്ടമായത് ചെയ്തു.

[7] എന്നാൽ യഹോവ ദാവീദിനോട് ചെയ്തിരുന്ന നിയമം നിമിത്തം അവനും, അവന്റെ പുത്രന്മാർക്കും ഒരു ദീപം എല്ലായ്പോഴും കൊടുക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതിനാൽ, ദാവീദ് ഗൃഹത്തെ നശിപ്പിപ്പാൻ അവന് മനസ്സില്ലായിരുന്നു.

[8] അവന്റെ കാലത്ത് ഏദോം യെഹൂദയുടെ അധികാരത്തോട് മത്സരിച്ച് തങ്ങൾക്ക് ഒരു രാജാവിനെ വാഴിച്ചു.

[9] യെഹോരാം തന്റെ പ്രഭുക്കന്മാരോടും രഥങ്ങളോടുംകൂടെ രാത്രിയിൽ എഴുന്നേറ്റു ചെന്ന് തന്നെ വളഞ്ഞിരുന്ന ഏദോമ്യരെയും തേരാളികളെയും ആക്രമിച്ചു.

[10] അങ്ങനെ ഏദോം ഇന്നുവരെ യെഹൂദയുടെ അധികാരത്തോട് മത്സരിച്ചു നില്ക്കുന്നു; അവൻ തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതുകൊണ്ട് ആ കാലത്ത് ലിബ്നയും അവന്റെ അധികാരത്തോട് മത്സരിച്ചു.

[11] അവൻ യെഹൂദാപർവ്വതങ്ങളിൽ പൂജാഗിരികൾ ഉണ്ടാക്കി; യെരൂശലേം നിവാസികൾ പരസംഗം ചെയ്യുവാൻ ഇടയാക്കി, യെഹൂദയെ തെറ്റിച്ചുകളഞ്ഞു.

[12] അവന് ഏലീയാപ്രവാചകന്റെ ഒരു എഴുത്ത് വന്നതെന്തെന്നാൽ: “നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നീ നിന്റെ അപ്പനായ യെഹോശാഫാത്തിന്റെ വഴികളിലും യെഹൂദാ രാജാവായ ആസയുടെ വഴികളിലും നടക്കാതെ

[13] യിസ്രായേൽ രാജാക്കന്മാരുടെ വഴിയിൽ നടക്കയും ആഹാബ് ഗൃഹത്തിന്റെ പരസംഗംപോലെ യെഹൂദയെയും യെരൂശലേം നിവാസികളെയും പരസംഗം ചെയ്യുമാറാക്കുകയും, നിന്നെക്കാൾ നല്ലവരായ, നിന്റെ പിതൃഭവനത്തിലുള്ള സഹോദരന്മാരെ കൊല്ലുകയും ചെയ്കകൊണ്ട്

[14] യഹോവ നിന്റെ മക്കളും, ഭാര്യമാരും അടങ്ങുന്ന സ്വന്തക്കാരെയും, നിന്റെ സകലവസ്തുവകകളെയും കഠിനമായി പീഡിപ്പിക്കും.

[15] നീ കുടലിൽ രോഗബാധിതനാകും. നിന്റെ കുടൽ കാലക്രമേണ പുറത്തു ചാടും വരെ കുടലിൽ കഠിന വ്യാധി പിടിക്കും”.

[16] യഹോവ എത്യോപ്യരുടെ സമീപത്തുള്ള ഫെലിസ്ത്യരേയും, അരാബികളേയും യെഹോരാമിനോട് പോരാടാൻ പ്രേരിപ്പിച്ചു;

[17] അവർ യെഹൂദയിൽ വന്ന് അതിനെ ആക്രമിച്ചു; രാജധാനിയിൽ കണ്ട സകല വസ്തുവകകളും അപഹരിച്ചു; അവന്റെ ഭാര്യമാരെയും പുത്രന്മാരെയും പിടിച്ചു കൊണ്ടുപോയി; അവന്റെ ഇളയമകനായ യെഹോവാഹാസ് അല്ലാതെ ഒരു മകനും അവന് ശേഷിച്ചില്ല.

[18] ഇതെല്ലാം കഴിഞ്ഞശേഷം യഹോവ, അവന്റെ കുടലിൽ, പൊറുക്കാത്ത ഒരു രോഗം അയച്ചു.

[19] കാലക്രമേണ രോഗം മൂർഛിക്കയും രണ്ട് സംവത്സരം കഴിഞ്ഞ് അവന്റെ കുടൽ പുറത്തുചാടി, അവൻ കഠിനവേദനയാൽ മരിക്കയും ചെയ്തു; അവന്റെ ജനം അവന്റെ പിതാക്കന്മാരെപോലെ അവനെ ബഹുമാനിച്ച് അഗ്നികുണ്ഠം ഒരുക്കിയില്ല.

[20] അവൻ വാഴ്ച തുടങ്ങിയപ്പോൾ അവന് മുപ്പത്തിരണ്ട് വയസ്സായിരുന്നു; അവൻ എട്ട് സംവത്സരം യെരൂശലേമിൽ വാണു. അവന്റെ മരണത്തിൽ ആരും ദുഖിച്ചില്ല. അവനെ ദാവീദിന്റെ നഗരത്തിൽ അടക്കം ചെയ്തു എങ്കിലും രാജാക്കന്മാരുടെ കല്ലറകളിൽ അല്ലായിരുന്നു.

2 ദിനവൃത്താന്തം — Chapters