[1] അനന്തരം ശലോമോൻ യെരൂശലേമിൽ തന്റെ അപ്പനായ ദാവീദിന് യഹോവ പ്രത്യക്ഷനായ മോറിയാപർവ്വതത്തിൽ, യെബൂസ്യനായ ഒർന്നാന്റെ മെതിക്കളത്തിൽ ദാവീദ് തയാറാക്കിയിരുന്ന സ്ഥലത്ത് യഹോവയുടെ ആലയം പണിവാൻ തുടങ്ങി.
[2] തന്റെ വാഴ്ചയുടെ നാലാം ആണ്ടിൽ രണ്ടാം മാസം രണ്ടാം ദിവസമായിരുന്നു അവൻ പണി തുടങ്ങിയത്.
[3] ദൈവാലയം പണിയേണ്ടതിന് ശലോമോൻ ഇട്ട അടിസ്ഥാനത്തിന്റെ അളവുകൾ പഴയ കണക്കനുസരിച്ച് നീളം അറുപതു മുഴം, വീതി ഇരുപതു മുഴം.
[4] മുൻഭാഗത്തുള്ള മണ്ഡപത്തിന് ആലയത്തിന്റെ വീതിക്കൊത്തവണ്ണം ഇരുപതു മുഴം നീളവും നൂറ്റിരുപത് മുഴം ഉയരവും ഉണ്ടായിരുന്നു; അതിന്റെ അകം അവൻ തങ്കംകൊണ്ടു പൊതിഞ്ഞു.
[5] ആലയത്തിന് അവൻ സരളമരംകൊണ്ട് മച്ചിട്ടു, അത് തങ്കംകൊണ്ടു പൊതിഞ്ഞു, അതിന്മേൽ ഈന്തപ്പനയുടെയും ചങ്ങലയുടെയും രൂപം കൊത്തിച്ചു.
[6] അവൻ ആലയത്തെ രത്നംകൊണ്ട് മനോഹരമായി അലങ്കരിച്ചു; സ്വർണം പർവ്വയീമിൽ നിന്നുള്ളത് ആയിരുന്നു.
[7] അവൻ ആലയവും തുലാങ്ങളും കട്ടിളക്കാലുകളും ചുവരുകളും കതകുകളും പൊന്നുകൊണ്ടു പൊതിഞ്ഞു, ചുവരിന്മേൽ കെരൂബുകളുടെ രൂപം കൊത്തിച്ചു.
[8] അവൻ അതിവിശുദ്ധസ്ഥലവും ഉണ്ടാക്കി; അതിന്റെ നീളവും വീതിയും ആലയത്തിന്റെ വീതിക്കൊത്തവണ്ണം ഇരുപതു മുഴം ആയിരുന്നു; അവൻ അറുനൂറു താലന്ത് തങ്കംകൊണ്ട് അത് പൊതിഞ്ഞു.
[9] അതിന്റെ ആണികളുടെ തൂക്കം അമ്പത് ശേക്കെൽ പൊന്ന് ആയിരുന്നു: മാളികമുറികളും പൊന്നുകൊണ്ടു പൊതിഞ്ഞു.
[10] അതിവിശുദ്ധസ്ഥലത്ത് അവൻ കൊത്തുപണിയായി രണ്ട് കെരൂബുകളെ ഉണ്ടാക്കി പൊന്നുകൊണ്ട് പൊതിഞ്ഞു.
[11] കെരൂബുകളുടെ ചിറകുകളുടെ നീളം ആകെ ഇരുപതു മുഴം ആയിരുന്നു. ഓരോ ചിറകും അഞ്ച് മുഴം വീതം നീളം, ഒന്നാമത്തെ കെരൂബിന്റെ ഒരു ചിറക് മറ്റേ കെരൂബിന്റെ ചിറകിനോട് തൊട്ടിരിക്കയും മറ്റേ ചിറക് ആലയത്തിന്റെ ചുവരോടു തൊട്ടിരിക്കയും ചെയ്തു.
[12] രണ്ടാമത്തെ കെരൂബിന്റെ ഒരു ചിറകു ആലയത്തിന്റെ ചുവരോടു തൊട്ടിരിക്കയും മറ്റെ ചിറക് ആദ്യത്തെ കെരൂബിന്റെ ചിറകോടു തൊട്ടിരിക്കയും ആയിരുന്നു.
[13] അങ്ങനെ കെരൂബുകളുടെ ചിറകുകൾ ഇരുപതു മുഴം നീളത്തിൽ വിടർന്നിരുന്നു. അവ കാലുകൾ നിലത്തുറപ്പിച്ച് മുഖം തിരുനിവാസത്തിലേക്ക് തിരിഞ്ഞും നിന്നിരുന്നു.
[14] നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, ചണനൂൽ എന്നിവകൊണ്ടു തിരശ്ശീല ഉണ്ടാക്കി അതിന്മേൽ കെരൂബുകളെ നെയ്തുണ്ടാക്കി.
[15] അവൻ ആലയത്തിന്റെ മുമ്പിൽ മുപ്പത്തഞ്ചു മുഴം ഉയരമുള്ള രണ്ടു സ്തംഭങ്ങളുണ്ടാക്കി; അവയുടെ മുകളിൽ അഞ്ച് മുഴം ഉയരമുള്ള മകുടങ്ങളും നിർമ്മിച്ചു.
[16] അന്തർമ്മന്ദിരത്തിൽ ഉള്ളതുപോലെ മാലകൾ ഉണ്ടാക്കി സ്തംഭങ്ങളുടെ മുകൾഭാഗത്തു വച്ചു; നൂറു മാതളപ്പഴവും ഉണ്ടാക്കി മാലകളിൽ കോർത്തിട്ടു.
[17] അവൻ സ്തംഭങ്ങളെ മന്ദിരത്തിന്റെ മുമ്പിൽ വലത്തും ഇടത്തുമായി സ്ഥാപിച്ചു. വലത്തേതിന്നു യാഖീൻ എന്നും ഇടത്തേതിന്നു ബോവസ് എന്നും പേർവിളിച്ചു.