[1] ജ്ഞാനം അവൾക്കുവേണ്ടി വീട് പണിതു; ചെത്തിമിനുക്കിയ ഏഴു സ്തംഭങ്ങൾ സ്ഥാപിച്ചു.
[2] അവൾ മാംസഭക്ഷണം പാകംചെയ്തു വീഞ്ഞ് തയ്യാറാക്കി; അവളുടെ തീന്മേശയും ഒരുക്കിവെച്ചു.
[3] അവൾ തന്റെ തോഴിമാരെ നിയോഗിച്ചു, നഗരത്തിന്റെ ഉന്നതസ്ഥാനങ്ങളിൽ വിളംബരം ചെയ്യുന്നതിനുവേണ്ടി,
[4] “ലളിതമാനസരേ, എന്റെ ഭവനത്തിലേക്കു വരിക!” ബുദ്ധിഹീനരോട് അവൾ അറിയിക്കുന്നു,
[5] “വരിക, എന്റെ ഭക്ഷണം ആസ്വദിക്കുക, ഞാൻ കലർത്തിവെച്ചിരിക്കുന്ന വീഞ്ഞ് പാനംചെയ്യുക.
[6] നിങ്ങളുടെ ഭോഷത്തം ഉപേക്ഷിച്ച് ജീവിക്കുക; വിവേകപൂർണമായ മാർഗത്തിൽ സഞ്ചരിക്കുക.”
[7] പരിഹാസിയെ തിരുത്തുന്നവർക്ക് അധിക്ഷേപം പകരമായിലഭിക്കുന്നു; ദുഷ്ടരെ ശകാരിക്കുന്നവർ അവഹേളനപാത്രമാകും.
[8] പരിഹാസികളെ ശാസിക്കരുത്, അവർ നിന്നെ വെറുക്കും; ജ്ഞാനികളെ ശാസിക്കുക, അവർ നിന്നെ സ്നേഹിക്കും.
[9] ജ്ഞാനികളെ ഉപദേശിക്കുക, അവർ അധികം ജ്ഞാനമുള്ളവരായിത്തീരും; നീതിനിഷ്ഠരെ അഭ്യസിപ്പിക്കുക, അവർ വിദ്യാഭിവൃത്തി പ്രാപിക്കും.
[10] യഹോവാഭക്തി ജ്ഞാനത്തിന്റെ ഉറവിടമാകുന്നു, പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകമാകുന്നു.
[11] ജ്ഞാനംമൂലം നിന്റെ ദിനങ്ങൾ നിരവധിയായിരിക്കും, നിനക്കു ദീർഘായുസ്സുണ്ടാകുകയും ചെയ്യും.
[12] നീ ജ്ഞാനമുള്ള വ്യക്തിയെങ്കിൽ, നിന്റെ ജ്ഞാനം നിനക്കു പ്രതിഫലംനൽകും; നീ പരിഹാസിയാണെങ്കിൽ, അതിന്റെ അനന്തരഫലം നീമാത്രം അനുഭവിക്കും.
[13] ഭോഷത്തം അടക്കമില്ലാത്ത ഒരു സ്ത്രീയാണ്; അവൾ ഭോഷയും വിവരംകെട്ടവളുമാണ്.
[14] അവൾ തന്റെ ഗൃഹകവാടത്തിൽ ഇരിക്കുന്നു, നഗരത്തിലെ ഉന്നതസ്ഥാനത്തുള്ള ഒരു പീഠത്തിൽത്തന്നെ,
[15] സ്വന്തംകാര്യം അന്വേഷിച്ചു പോകുന്ന പുരുഷന്മാരോട്, അവൾ വിളിച്ചുപറയുന്നു,
[16] “ലളിതമാനസരേ, എന്നോടൊപ്പം വരിക!” വിവേകരഹിതരോടവൾ ചൊല്ലുന്നു,
[17] “അപഹരിക്കപ്പെട്ട ജലം മധുരതരം; ഒളിവിൽ ഭുജിക്കുന്ന ഭക്ഷണം അതിരുചികരം!”
[18] എന്നാൽ അവിടെ മൃതന്മാർ ഉണ്ടെന്നും അവളുടെ അതിഥികൾ പാതാളത്തിന്റെ ആഴങ്ങളിലാണെന്നും അവർ അറിയുന്നില്ല.