Skip to content
Opens in a new window

[1] ധാരാളം ശാസനകൾ കേട്ടിട്ടും ശാഠ്യം കാണിക്കുന്നവർ പരിഹാരമില്ലാതെ പെട്ടെന്നു നാശത്തിലേക്കു കൂപ്പുകുത്തും.

[2] നീതിനിഷ്ഠർക്ക് ഐശ്വര്യമുണ്ടാകുമ്പോൾ ജനം ആനന്ദിക്കുന്നു; ദുഷ്ടർ ഭരണംകയ്യാളുമ്പോൾ ജനം ഞരങ്ങുന്നു.

[3] ജ്ഞാനത്തെ പ്രണയിക്കുന്നവർ തങ്ങളുടെ പിതാവിന് ആനന്ദംനൽകുന്നു, എന്നാൽ വേശ്യകളുടെ സഹയാത്രികൻ സമ്പത്തു ധൂർത്തടിക്കുന്നു.

[4] ഒരു രാജാവ് നീതിയാൽ തന്റെ രാജ്യത്തിനു സുസ്ഥിരത കൈവരുത്തുന്നു, എന്നാൽ കോഴ കൊതിക്കുന്നവർ അതിനെ ശിഥിലമാക്കുന്നു.

[5] തന്റെ അയൽവാസിയോടു മുഖസ്തുതി പറയുന്നവർ സ്വന്തം കാലിനൊരു വല വിരിക്കുന്നു.

[6] ദുഷ്ടരുടെ അതിക്രമം അവർക്കൊരു കെണിയായിത്തീരുന്നു, എന്നാൽ നീതിനിഷ്ഠർ പാട്ടുപാടി ആനന്ദിക്കുന്നു.

[7] നീതിനിഷ്ഠർ ദരിദ്രർക്ക് നീതി ലഭ്യമാക്കുന്നതിൽ ബദ്ധശ്രദ്ധരാണ്, എന്നാൽ ദുഷ്ടർക്ക് അത്തരം ചിന്തയൊന്നുമില്ല.

[8] പരിഹാസികൾ ഒരു നഗരത്തെ ഇളക്കിമറിക്കുന്നു, എന്നാൽ ജ്ഞാനികൾ കോപത്തെ ഇല്ലാതാക്കുന്നു.

[9] ജ്ഞാനി ഭോഷരുമായി കോടതിവ്യവഹാരത്തിൽ ഏർപ്പെട്ടാൽ, ഭോഷർ കോപവും അപഹാസവും ചൊരിയുന്നതിനാൽ യാതൊരു സമാധാനവും ലഭിക്കുകയില്ല.

[10] രക്തദാഹികൾ സത്യസന്ധരെ വെറുക്കുകയും നീതിനിഷ്ഠരുടെ പ്രാണനെടുക്കാൻ പരതുകയുംചെയ്യുന്നു.

[11] ഭോഷർ തങ്ങളുടെ കോപംമുഴുവനും പുറത്തേക്കെടുക്കുന്നു, എന്നാൽ ജ്ഞാനി അതു ശാന്തതയോടെ നിയന്ത്രിക്കുന്നു.

[12] ഒരു ഭരണാധികാരി വ്യാജംകേൾക്കാൻ തുനിഞ്ഞാൻ അദ്ദേഹത്തിന്റെ എല്ലാ ഉദ്യോഗസ്ഥരും നീചവൃത്തിക്കാരാകും.

[13] ദരിദ്രർക്കും പീഡകർക്കും പൊതുവായി ഇതൊന്നുമാത്രം: യഹോവ ഇരുകൂട്ടരുടെയും കണ്ണുകൾക്കു കാഴ്ചനൽകുന്നു.

[14] രാജാവ് അഗതികൾക്കു നീതിയോടെ ന്യായപാലനംചെയ്താൽ, അവിടത്തെ സിംഹാസനം എന്നേക്കും സുസ്ഥിരമായിരിക്കും.

[15] വടിയും കർക്കശമായ താക്കീതും ജ്ഞാനംനൽകുന്നു, ശിക്ഷണംലഭിക്കാതെ ജീവിക്കുന്ന സന്തതി തന്റെ മാതാവിന് അപമാനംവരുത്തുന്നു.

[16] ദുഷ്ടർ വർധിക്കുമ്പോൾ, പാപവും വർധിക്കുന്നു, എന്നാൽ നീതിനിഷ്ഠർ അവരുടെ തകർച്ച കാണും.

[17] നിങ്ങളുടെ കുഞ്ഞുങ്ങളെ ശിക്ഷണത്തിൽ വളർത്തുക, അവർ നിങ്ങൾക്കു സ്വസ്ഥതനൽകും; നിങ്ങൾ ആഗ്രഹിക്കുന്ന ആനന്ദംനൽകും.

[18] ദൈവിക നിർദേശങ്ങൾ ഇല്ലാത്തിടത്ത്, ജനം നിയന്ത്രണരഹിതരായി ജീവിക്കുന്നു; എന്നാൽ ന്യായപ്രമാണം പാലിക്കുന്നവർ അനുഗൃഹീതർ.

[19] കേവലം വാക്കുകൾകൊണ്ട് ദാസരെ ഗുണീകരിക്കുക ദുഷ്കരം; അവർക്കതു മനസ്സിലായെങ്കിലും, അതനുസരിച്ചു പ്രവർത്തിക്കുകയില്ല.

[20] ധൃതിയിൽ സംസാരിക്കുന്നവരെ നിങ്ങൾ കാണുന്നോ? ഭോഷർക്ക് അവരെക്കാൾ ആശയുണ്ട്.

[21] ബാല്യംമുതൽ അമിതലാളനയിൽ വളർന്നുവന്ന ദാസർ അവസാനം ധിക്കാരിയായി മാറും.

[22] കോപിഷ്ഠരായ മനുഷ്യർ കലഹം ഇളക്കിവിടുന്നു, ക്ഷിപ്രകോപിയായ മനുഷ്യർ അനവധി പാപങ്ങൾ ചെയ്തുകൂട്ടുന്നു.

[23] അഹങ്കാരി അപമാനത്തിൽ അവസാനിക്കുന്നു, എന്നാൽ നമ്രഹൃദയി ബഹുമതി ആർജിക്കുന്നു.

[24] മോഷ്ടാക്കളുടെ കൂട്ടാളികളാകുന്നത് സ്വയം മുറിപ്പെടുത്തുന്നതിനു തുല്യമാണ്; അവർ സത്യമേ പറയൂ എന്ന് ശപഥംചെയ്തിരിക്കുന്നു; എന്നാൽ ഒന്നും തുറന്നുപറയാൻ തയ്യാറാകുന്നതുമില്ല.

[25] മനുഷ്യരെ ഭയക്കുന്നത് അപകടകരമായ ഒരു കെണിയാണ്, എന്നാൽ യഹോവയെ ഭയപ്പെടുന്നവർ സുരക്ഷിതരായിരിക്കും.

[26] ഭരണാധികാരിയുടെ പ്രീതിക്കായി പലരും പരിശ്രമിക്കുന്നു, എന്നാൽ യഹോവയിൽനിന്നാണ് ഒരാൾക്കു നീതി ലഭിക്കുന്നത്.

[27] നീതിനിഷ്ഠർ അനീതി പ്രവർത്തിക്കുന്നവരെ വെറുക്കുന്നു; ദുഷ്ടർ നീതിനിഷ്ഠരെയും വെറുക്കുന്നു.

സദൃശവാക്യങ്ങൾ — Chapters