Skip to content
Opens in a new window

[1] സൗമ്യമായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു, പരുക്കൻവാക്ക് കോപം ജ്വലിപ്പിക്കുന്നു.

[2] ജ്ഞാനിയുടെ നാവു പരിജ്ഞാനം വിതറുന്നു, എന്നാൽ ഭോഷരുടെ നാവു മടയത്തരം വർഷിക്കുന്നു.

[3] യഹോവയുടെ ദൃഷ്ടി എല്ലായിടത്തുമുണ്ട്, ദുഷ്ടരെയും നല്ലവരെയും വീക്ഷിച്ചുകൊണ്ടിരിക്കുന്നു.

[4] സാന്ത്വനമരുളുന്ന നാവു ജീവവൃക്ഷം, എന്നാൽ വഞ്ചനയുള്ള നാവ് ആത്മചൈതന്യം തകർക്കുന്നു.

[5] ഭോഷർ പിതാവിന്റെ ശിക്ഷണം നിരാകരിക്കുന്നു, എന്നാൽ ശാസന അംഗീകരിക്കുന്നവർ വിവേകശാലികൾ.

[6] നീതിനിഷ്ഠരുടെ ഭവനത്തിൽ വലിയ നിക്ഷേപങ്ങളുണ്ട്, എന്നാൽ ദുഷ്ടരുടെ ആദായം ആപത്തു കൊണ്ടുവരുന്നു.

[7] ജ്ഞാനിയുടെ അധരങ്ങൾ പരിജ്ഞാനം വിതറുന്നു, എന്നാൽ ഭോഷരുടെ ഹൃദയത്തിന് നൽകാനൊന്നുമില്ല.

[8] ദുഷ്ടരുടെ യാഗം യഹോവ വെറുക്കുന്നു, എന്നാൽ നീതിനിഷ്ഠരുടെ പ്രാർഥന അവിടത്തേക്കു പ്രസാദകരം.

[9] ദുഷ്ടരുടെ മാർഗം യഹോവ വെറുക്കുന്നു, എന്നാൽ നീതി പിൻതുടരുന്നവരെ അവിടന്ന് സ്നേഹിക്കുന്നു.

[10] നേർപാത ഉപേക്ഷിക്കുന്നവർക്കു കഠിനശിക്ഷണം ലഭിക്കും; ശാസന വെറുക്കുന്നവർ മരണത്തെ പുൽകും.

[11] മരണവും പാതാളവും യഹോവയുടെമുമ്പാകെ തുറന്നുകിടക്കുന്നു; മനുഷ്യഹൃദയം എത്രയധികമായി അവിടന്ന് അറിയുന്നു!

[12] പരിഹാസി ശാസന വെറുക്കുന്നു, അവർ ജ്ഞാനിയിൽനിന്ന് അകലം പാലിക്കുന്നു.

[13] സന്തുഷ്ടഹൃദയം മുഖത്ത് പ്രസന്നതയുളവാക്കുന്നു, ഹൃദയവ്യഥയോ, ആത്മചൈതന്യം ഹനിക്കുന്നു.

[14] വിവേകമുള്ള ഹൃദയം പരിജ്ഞാനം അന്വേഷിക്കുന്നു, എന്നാൽ ഭോഷരുടെ ആഹാരം മടയത്തരംതന്നെ.

[15] പീഡിതന്റെ നാളുകളോരോന്നും ക്ലേശഭരിതം, എന്നാൽ ഉല്ലാസഹൃദയം നിരന്തരം ഉത്സവം ആഘോഷിക്കുന്നു.

[16] യഹോവാഭക്തിയോടുകൂടെയുള്ള അൽപ്പധനമാണ്, കഷ്ടതയോടുകൂടെയുള്ള ബഹുനിക്ഷേപത്തെക്കാൾ നല്ലത്.

[17] സ്നേഹപൂർവം വിളമ്പുന്ന സസ്യാഹാരമാണ്, വിദ്വേഷത്തോടെ വിളമ്പുന്ന തടിച്ചുകൊഴുത്ത പശുക്കിടാവിന്റെ മാംസത്തെക്കാൾ ഭേദം.

[18] ക്ഷിപ്രകോപിയായ മനുഷ്യൻ കലഹത്തിനു തുടക്കംകുറിക്കുന്നു, എന്നാൽ ക്ഷമാശീലൻ കലഹത്തെ ശമിപ്പിക്കുന്നു.

[19] അലസരുടെ വഴി മുള്ളുകളാൽ തടസ്സപ്പെടുന്നു, എന്നാൽ നീതിനിഷ്ഠരുടെ മാർഗം രാജവീഥിയാണ്.

[20] ജ്ഞാനിയായ മകൻ തന്റെ പിതാവിന് ആനന്ദം പകരുന്നു, എന്നാൽ ഭോഷരായ മനുഷ്യർ തങ്ങളുടെ മാതാവിനെ നിന്ദിക്കുന്നു.

[21] വിവേകശൂന്യർക്കു മടയത്തരം ആനന്ദംനൽകുന്നു, എന്നാൽ വിവേകികൾ നേർവീഥിയിൽത്തന്നെ സഞ്ചരിക്കുന്നു.

[22] ബുദ്ധിയുപദേശത്തിന്റെ അഭാവംമൂലം പദ്ധതികൾ പരാജയപ്പെടുന്നു, എന്നാൽ നിരവധി വിദഗ്ധോപദേശം ലഭിച്ചാൽ അവ വിജയിക്കും.

[23] ഉചിതമായ ഉത്തരം ഏവർക്കും ആനന്ദംനൽകുന്നു; സന്ദർഭോചിതമായ ഒരു വാക്ക് എത്ര മനോഹരം!

[24] വിവേകിയുടെ ജീവിതപാത ഉയരങ്ങളിലേക്കു നയിക്കുന്നു അത് അവരെ പാതാളത്തിന്റെ ആഴങ്ങളിലേക്ക് ആണ്ടുപോകുന്നതു തടയും.

[25] അഹങ്കാരിയുടെ ഭവനം യഹോവ നശിപ്പിക്കും, എന്നാൽ അവിടന്ന് വിധവയുടെ അതിർത്തി സംരക്ഷിക്കും.

[26] ദുഷ്ടരുടെ ചിന്തകൾ യഹോവ വെറുക്കുന്നു, കനിവോലും വാക്കുകളോ, അവിടത്തേക്കു പ്രസാദം.

[27] അത്യാഗ്രഹം സ്വഭവനത്തെ നശിപ്പിക്കുന്നു, എന്നാൽ കൈക്കൂലി വെറുക്കുന്നവർ ഏറെനാൾ ജീവിക്കും.

[28] ഉത്തരം നൽകേണ്ടതെങ്ങനെയെന്ന് നീതിനിഷ്ഠരുടെ ഹൃദയം ആലോചിക്കുന്നു, എന്നാൽ ദുഷ്ടരുടെ വായിൽനിന്ന് തിന്മനിറഞ്ഞ വാക്കുകൾ വമിക്കുന്നു.

[29] യഹോവ ദുഷ്ടരിൽനിന്ന് അകന്നിരിക്കുന്നു, എന്നാൽ നീതിനിഷ്ഠരുടെ പ്രാർഥന അവിടന്നു കേൾക്കുന്നു.

[30] പ്രസന്നതയോടെയുള്ള ഒരു നോട്ടം ഹൃദയത്തിന് ആനന്ദം പകരുകയും സദ്വാർത്ത അസ്ഥികൾക്ക് ഉന്മേഷം പകരുകയുംചെയ്യുന്നു.

[31] ജീവദായകമായ ശാസന കേൾക്കുന്നവർ ജ്ഞാനികളുടെ മധ്യത്തിൽ സ്വസ്ഥനായിരിക്കുന്നു.

[32] ശിക്ഷണം നിരാകരിക്കുന്നവർ സ്വയനിന്ദയ്ക്ക് ഇരയാകുന്നു, എന്നാൽ ശാസന ശ്രദ്ധിക്കുന്നവർ വിവേകപൂർണനാണ്.

[33] യഹോവാഭക്തി ജ്ഞാനം അഭ്യസിപ്പിക്കുന്നു, വിനയം ബഹുമതിയുടെ മുന്നോടിയാണ്.

സദൃശവാക്യങ്ങൾ — Chapters