Skip to content
Opens in a new window

[1] ഹൃദയത്തിലെ നിരൂപണങ്ങൾ മനുഷ്യനുള്ളവ, എന്നാൽ നാവിൽനിന്നുള്ള ശരിയായ ഉത്തരം യഹോവയിൽനിന്നു വരുന്നു.

[2] മനുഷ്യനു തന്റെ വഴികളെല്ലാം കുറ്റമറ്റതെന്നു തോന്നുന്നു, എന്നാൽ യഹോവ അതിന്റെ ഉദ്ദേശ്യശുദ്ധി തൂക്കിനോക്കുന്നു.

[3] നിന്റെ പ്രവൃത്തികളെല്ലാം യഹോവയ്ക്കു സമർപ്പിക്കുക, അപ്പോൾ നിന്റെ പദ്ധതികളെല്ലാം അവിടന്നു സ്ഥിരമാക്കും.

[4] യഹോവ സർവവും അതിന്റെ ഉദ്ദിഷ്ടലക്ഷ്യത്തിൽ എത്തിക്കുന്നു— ദുരന്തദിനത്തിനായി ദുഷ്ടരെപ്പോലും.

[5] അഹന്തഹൃദയമുള്ള എല്ലാവരെയും യഹോവ വെറുക്കുന്നു. അവർ ശിക്ഷിക്കപ്പെടും; ഇതു നിശ്ചയം.

[6] സ്നേഹാർദ്രതയാലും വിശ്വസ്തതയാലും പാപത്തിനു പ്രായശ്ചിത്തം ഉണ്ടാകുന്നു, യഹോവാഭക്തിമൂലം ഒരു മനുഷ്യൻ തിന്മ വർജിക്കുന്നു.

[7] ഒരാളുടെ വഴി യഹോവയ്ക്കു പ്രസാദകരമാകുമ്പോൾ, അവിടന്ന് അയാളുടെ ശത്രുക്കളെപ്പോലും അയാൾക്ക് അനുകൂലമാക്കുന്നു.

[8] നീതിമാർഗത്തിലൂടെ ലഭിക്കുന്ന അൽപ്പം ധനമുള്ളതാണ് അനീതിയിലൂടെ നേടുന്ന വൻ സമ്പത്തിനെക്കാൾ നല്ലത്.

[9] മനുഷ്യർ തങ്ങളുടെ ഹൃദയത്തിൽ പദ്ധതികൾ ആസൂത്രണംചെയ്യുന്നു, എന്നാൽ യഹോവ അവരുടെ കാലടികളുടെ ഗമനം ക്രമീകരിക്കുന്നു.

[10] രാജകൽപ്പന അരുളപ്പാടുകൾപോലെയാണ്, തിരുവായ് ഒരിക്കലും അന്യായമായി വിധിക്കാൻ പാടില്ല.

[11] കൃത്യതയാർന്ന അളവുകളും തൂക്കങ്ങളും യഹോവയ്ക്കുള്ളവ; സഞ്ചിയിലുള്ള എല്ലാ തൂക്കുകട്ടികളും അവിടത്തെ കൈവേലയാണ്.

[12] ദുഷ്‌പ്രവൃത്തികൾ രാജാക്കന്മാർക്ക് നിഷിദ്ധം, നീതിയിലൂടെയാണ് രാജസിംഹാസനം ഉറപ്പിക്കപ്പെടുന്നത്.

[13] സത്യസന്ധമായ അധരം രാജാക്കന്മാർക്കു പ്രസാദകരം; സത്യം പറയുന്നവരെ അവിടന്ന് ആദരിക്കുന്നു.

[14] രാജകോപം മരണദൂതനാണ്, എന്നാൽ ജ്ഞാനി അതിനെ ശമിപ്പിക്കും.

[15] പ്രശോഭിതമാകുന്ന രാജമുഖത്തു ജീവനുണ്ട്; അവിടത്തെ പ്രസാദം വസന്തകാല മഴമേഘത്തിനുതുല്യമാണ്.

[16] ജ്ഞാനം നേടുന്നത് കനകത്തെക്കാൾ എത്രയോ അഭികാമ്യം, വിവേകം സമ്പാദിക്കുന്നത് വെള്ളിയെക്കാൾ എത്രശ്രേഷ്ഠം!

[17] നീതിനിഷ്ഠരുടെ രാജവീഥി തിന്മ ഒഴിവാക്കുന്നു; തങ്ങളുടെ മാർഗം സൂക്ഷിക്കുന്നവർ അവരുടെ ജീവൻ സംരക്ഷിക്കുന്നു.

[18] അഹങ്കാരം നാശത്തിന്റെ മുന്നോടിയാണ്; ധിക്കാരമനോഭാവവും നാശത്തിന്റെ മുന്നോടിതന്നെ.

[19] പീഡിതരോടൊത്ത് എളിമയോടെ ജീവിക്കുന്നതാണ്, അഹങ്കാരികളോടൊത്തു കൊള്ള പങ്കിടുന്നതിലും നല്ലത്.

[20] ഉപദേശങ്ങൾ ശ്രദ്ധിക്കുന്നവർക്ക് അഭിവൃദ്ധിയുണ്ടാകുന്നു, യഹോവയിൽ ആശ്രയമർപ്പിക്കുന്നവർ അനുഗൃഹീതർ.

[21] ജ്ഞാനഹൃദയമുള്ളവർ വിവേകി എന്നു വിളിക്കപ്പെടും, ഹൃദ്യമായ വാക്ക് സ്വാധീനംചെലുത്തും.

[22] വിവേകം കൈമുതലാക്കിയവർക്ക് അതു ജീവജലധാരയാണ്, എന്നാൽ മടയത്തരം ഭോഷർക്കു ശിക്ഷയായി ഭവിക്കുന്നു.

[23] വിവേകിയുടെ ഹൃദയം അവരുടെ അധരങ്ങൾ ജ്ഞാനമുള്ളവയാക്കുന്നു, അവരുടെ അധരങ്ങൾ സ്വാധീനംചെലുത്തും.

[24] ഹൃദ്യമായ വാക്ക് തേനടയാണ്, അത് ആത്മാവിനു മാധുര്യവും അസ്ഥികൾക്ക് ആരോഗ്യവും നൽകുന്നു.

[25] ഓരോരുത്തർക്കും തങ്ങളുടെമുമ്പിലുള്ള വഴി ശരിയായത് എന്നു തോന്നാം, എന്നാൽ അവസാനം അതു മരണത്തിലേക്കു നയിക്കുന്നു.

[26] തൊഴിലാളിയുടെ വിശപ്പ് അവരെക്കൊണ്ടു വേലചെയ്യിപ്പിക്കുന്നു; വിശപ്പുള്ള വയറ് അവരെ ഉത്സാഹിപ്പിച്ചുകൊണ്ടിരിക്കും.

[27] വഞ്ചകർ ദോഷം എന്ന കുഴി കുഴിക്കുന്നു, അവരുടെ ഭാഷണം എരിതീപോലെയാകുന്നു.

[28] വക്രഹൃദയമുള്ളവർ കലഹം ഇളക്കിവിടുന്നു, പരദൂഷണം ആത്മസുഹൃത്തുക്കളെത്തമ്മിൽ അകറ്റുന്നു.

[29] ഒരു അക്രമി അയൽവാസിയെ വശീകരിച്ച് അരുതാത്ത വഴികളിലേക്ക് ആനയിക്കുന്നു.

[30] കണ്ണിറുക്കുന്നവർ വക്രതയ്ക്കു ഗൂഢാലോചന നടത്തുന്നു; ചുണ്ട് കടിച്ചമർത്തുന്നവർ ദുഷ്കൃത്യം ആസൂത്രണംചെയ്യുന്നു.

[31] നരച്ചതല മഹിമയുടെ മകുടമാണ്; നീതിമാർഗത്തിലൂടെ അതു നേടുന്നു.

[32] പടയാളികളെക്കാൾ ശ്രേഷ്ഠരാണ് ക്ഷമാശീലർ, ഒരു നഗരം പിടിച്ചടക്കുന്നവരിലും ശ്രേഷ്ഠരാണ് ആത്മനിയന്ത്രണമുള്ളവർ.

[33] തീരുമാനങ്ങൾക്കായി നറുക്കിടുന്നു, എന്നാൽ അതിന്റെ തീർപ്പ് യഹോവയിൽനിന്നു വരുന്നു.

സദൃശവാക്യങ്ങൾ — Chapters