Skip to content
Opens in a new window

[1] വേനൽക്കാലത്തു മഞ്ഞും വിളവെടുപ്പിനു മഴയുംപോലെ, ഭോഷർക്കു ബഹുമതിയും അനുയോജ്യമല്ല.

[2] പാറിപ്പറക്കുന്ന കുരികിലും ശരവേഗത്തിൽ പറക്കുന്ന മീവൽപ്പക്ഷിയുംപോലെ, കാരണംകൂടാതെയുള്ള ശാപം ലക്ഷ്യസ്ഥാനത്തെത്തുന്നില്ല.

[3] കുതിരയ്ക്കൊരു ചാട്ടവാർ, കഴുതയ്ക്കൊരു കടിഞ്ഞാൺ, ഭോഷർക്കു മുതുകിലൊരു വടി!

[4] ഭോഷരുടെ മടയത്തരത്തിന് അനുസൃതമായി മറുപടിനൽകരുത്, അങ്ങനെയായാൽ നീയും അവരെപ്പോലെ ഭോഷരായിത്തീരും.

[5] ഭോഷർക്കു തങ്ങൾ ജ്ഞാനി എന്നു സ്വയം തോന്നാതിരിക്കാൻ, അവരുടെ ഭോഷത്തരത്തിന് അനുസൃതമായ മറുപടിനൽകുക.

[6] ഒരു ഭോഷന്റെ കൈവശം സന്ദേശം കൊടുത്തയയ്ക്കുന്നത് സ്വന്തം പാദങ്ങൾ വെട്ടിക്കളയുകയോ വിഷം കുടിക്കുകയോ ചെയ്യുന്നതുപോലെയാണ്.

[7] മുടന്തനായ മനുഷ്യന്റെ ഉപയോഗശൂന്യമായ കാൽപോലെയാണ് ഭോഷരുടെ വായിൽനിന്നുള്ള സുഭാഷിതങ്ങൾ.

[8] കവിണയിൽ കല്ലു തൊടുക്കുന്നതുപോലെയാണ് ഭോഷനു ബഹുമതി നൽകുന്നത്.

[9] മദ്യപാനിയുടെ കൈയിൽത്തറച്ച മുള്ളുപോലെയാണ് ഭോഷരുടെ വായിൽനിന്നുള്ള സുഭാഷിതങ്ങൾ.

[10] കണ്ണിൽക്കാണുന്നവരെയൊക്കെ മുറിവേൽപ്പിക്കുന്ന വില്ലാളിയെപ്പോലെയാണ് ഭോഷരെയോ വഴിപോക്കരെയോ കൂലിക്കെടുക്കുന്നയാൾ.

[11] നായ അതിന്റെ ഛർദിയിലേക്കു തിരിയുന്നതുപോലെതന്നെ, ഭോഷർ തങ്ങളുടെ മടയത്തരം ആവർത്തിച്ചുകൊണ്ടിരിക്കും.

[12] സ്വന്തം വീക്ഷണത്തിൽ ജ്ഞാനിയെന്ന് അഭിമാനിക്കുന്ന ഒരാളെ നിങ്ങൾ കാണുന്നോ? ഭോഷർക്ക് അയാളെക്കാൾ ആശയ്ക്കുവകയുണ്ട്.

[13] അലസർ ഇപ്രകാരം പറയുന്നു, “വഴിയിൽ ഒരു സിംഹമുണ്ട്! ഭീകരനായ ഒരു സിംഹം തെരുവിൽ ചുറ്റിത്തിരിയുന്നുണ്ട്!”

[14] ഒരു കതക് അതിന്റെ വിജാഗിരിയിൽ തിരിയുന്നതുപോലെ, അലസർ തങ്ങളുടെ കിടക്കയിൽ തിരിഞ്ഞുമറിയുന്നു.

[15] അലസർ ഭക്ഷണപാത്രത്തിൽ കൈ പൂഴ്ത്തുന്നു; അവർ അതു തിരികെ തന്റെ വായിലേക്ക് അടുപ്പിക്കുന്നതിനുപോലും മടിയാണ്.

[16] വിവേകപൂർവം ഉത്തരംനൽകുന്ന ഏഴുപേരെക്കാൾ, താൻ കേമനാണെന്ന് അലസർ മിഥ്യാഭിമാനംകൊള്ളുന്നു.

[17] താനുമായി യാതൊരു ബന്ധവുമില്ലാത്ത കലഹത്തിലേക്കു പാഞ്ഞടുക്കുന്നവർ, വഴിയേ പോകുന്ന നായുടെ ചെവിക്കു പിടിക്കുന്നവരെപ്പോലെയാണ്.

[18] അയൽവാസിയെ ദ്രോഹിച്ചിട്ട്, “അതു നേരമ്പോക്കിനായിരുന്നു!” എന്നു പറയുന്നവർ;

[19] മാരകമായ തീജ്വാല ചുഴറ്റിയെറിയുന്ന ഭ്രാന്തനുസമം.

[20] വിറകില്ലായെങ്കിൽ തീ കെട്ടുപോകും; പരദൂഷണം ഇല്ലാതെയായാൽ കലഹവും കെട്ടടങ്ങും.

[21] കരി ജ്വലനത്തിനും വിറക് തീക്കും എന്നതുപോലെ, കലഹത്തെ പ്രണയിക്കുന്നവർ സംഘട്ടനത്തെ ആളിക്കത്തിക്കുന്നു.

[22] ഏഷണി പറയുന്നവരുടെ വാക്കുകൾ സ്വാദുഭോജനംപോലെയാകുന്നു; അതു ശരീരത്തിന്റെ അന്തർഭാഗത്തേക്ക് ഇറങ്ങിച്ചെല്ലുന്നു.

[23] ദുഷ്ടമനസ്സുകളുടെ തീവ്രവികാരം മന്ത്രിക്കുന്ന ചുണ്ടുകൾ മൺപാത്രങ്ങളുടെ പുറത്തു വെള്ളി പൂശിയിരിക്കുന്നതുപോലെയാണ്.

[24] ശത്രുക്കൾ അവരുടെ അധരംകൊണ്ടു കപടവേഷം ധരിക്കുന്നു, എന്നാൽ അവരുടെ ഹൃദയത്തിൽ വക്രത നിറച്ചുവെച്ചിരിക്കുന്നു.

[25] അവരുടെ സംഭാഷണം അതിമനോഹരമായിരുന്നാലും അവരെ വിശ്വസിക്കരുത്, ഏഴു ഹീനകൃത്യങ്ങൾകൊണ്ട് അവരുടെ ഹൃദയം നിറഞ്ഞിരിക്കുന്നു.

[26] അവരുടെ ദുഷ്ടത വഞ്ചനാപരമായി മറച്ചുവെച്ചിരുന്നാലും, അവരുടെ നീചകൃത്യങ്ങൾ പൊതുസഭയിൽ വെളിപ്പെട്ടുവരും.

[27] ഒരാൾ കുഴിക്കുന്ന കുഴിയിൽ അയാൾതന്നെ വീഴും; താൻ ഉരുട്ടിവിടുന്ന കല്ല് തന്റെ നേർക്കുതന്നെ തിരിഞ്ഞുരുണ്ടുവന്നു പതിക്കും.

[28] വ്യാജംപറയുന്ന നാവ് അതിനിരയായവരെ വെറുക്കുന്നു, മുഖസ്തുതി പറയുന്ന നാവ് നാശം വിതയ്ക്കുന്നു.

സദൃശവാക്യങ്ങൾ — Chapters