Skip to content
Opens in a new window

[1] സമാധാനത്തോടും ശാന്തതയോടുമുള്ള ഒരു ഉണങ്ങിയ അപ്പക്കഷണം കലഹമുള്ള ഭവനത്തിലെ സമൃദ്ധമായ വിരുന്നിനെക്കാൾ നല്ലത്.

[2] വിവേകമുള്ള സേവകർ യജമാനന്റെ നാണംകെട്ട മക്കളുടെമേൽ ആധിപത്യംനടത്തുകയും കൂടാതെ, മക്കളിൽ ഒരാളെപ്പോലെ പിതൃസ്വത്തിൽ അവകാശിയാകുകയും ചെയ്യും.

[3] തീച്ചൂളയിൽ വെള്ളിയും ഉലയിൽ സ്വർണവും ശുദ്ധിചെയ്യപ്പെടുന്നു, എന്നാൽ യഹോവ ഹൃദയം പരിശോധിക്കുന്നു.

[4] ദുഷ്ടർ കുടിലഭാഷണങ്ങൾക്കു ചെവികൊടുക്കുന്നു; കള്ളം പറയുന്നവർ നാശഹേതുകമായ അധരങ്ങൾ ശ്രദ്ധിക്കുന്നു.

[5] ദരിദ്രരെ പരിഹസിക്കുന്നവർ അവരുടെ സ്രഷ്ടാവിനോട് അനാദരവുകാട്ടുന്നു; അന്യരുടെ ദുരന്തത്തിൽ ആനന്ദിക്കുന്നവർ ശിക്ഷിക്കപ്പെടാതിരിക്കുകയില്ല.

[6] പേരക്കുട്ടികൾ വൃദ്ധർക്കൊരു മകുടവും മക്കൾ മാതാപിതാക്കൾക്കൊരു അഭിമാനവുമാണ്.

[7] അതിഭാഷണം ഭോഷർക്കു ഭൂഷണമല്ല— വ്യാജഭാഷണം ഭരണകർത്താക്കൾക്ക് എത്രയധികം അനുചിതവും!

[8] കൈക്കൂലി നൽകുന്നവർക്ക് അതൊരു വശീകരണോപാധിയാണ്; എല്ലാറ്റിലും വിജയം കൈവരിക്കാമെന്ന് അവർ കരുതുന്നു.

[9] അകൃത്യം ക്ഷമിക്കുന്നവർ സ്നേഹം വർധിപ്പിക്കുന്നു, എന്നാൽ അതു നിരന്തരം ഓർമപ്പെടുത്തുന്നവർ സ്നേഹിതരെ അകറ്റുന്നു.

[10] ഭോഷരുടെ മുതുകത്തു നൽകുന്ന നൂറ് അടിയെക്കാൾ വിവേകിക്കു നൽകുന്ന ഒരു ശാസന കൂടുതൽ പ്രയോജനംനൽകുന്നു.

[11] അധർമികൾ മാത്സര്യത്തിന് ഉത്സാഹിക്കുന്നു; അവർക്കെതിരേ മരണത്തിന്റെ ദൂതൻ നിയോഗിക്കപ്പെടും.

[12] കുട്ടികൾ അപഹരിക്കപ്പെട്ട തള്ളക്കരടിയെ നേരിടുന്നതിനെക്കാൾ അപകടകരമാണ്, ഭോഷരുടെ മടയത്തരങ്ങൾ നേരിടുന്നത്.

[13] നന്മയ്ക്കുപകരം തിന്മചെയ്യുന്നവരുടെ ഭവനത്തിൽനിന്ന്, തിന്മ ഒരുനാളും വിട്ടൊഴിയുകയില്ല.

[14] കലഹത്തിന്റെ ആരംഭം ഒരു അണക്കെട്ടു പൊട്ടിപ്പിളരുന്നതുപോലെയാണ്; അതുകൊണ്ട് തർക്കം ഉടലെടുക്കുന്നതിനുമുമ്പുതന്നെ അത് ഒഴിവാക്കുക.

[15] കുറ്റവാളിയെ മോചിപ്പിക്കുന്നതും നിരപരാധിക്ക് ശിക്ഷവിധിക്കുന്നതും— ഇവ രണ്ടും യഹോവയ്ക്ക് അറപ്പാകുന്നു.

[16] ജ്ഞാനം സമ്പാദിക്കാൻ ആഗ്രഹമില്ലാത്ത ഭോഷരുടെ വിദ്യാഭ്യാസത്തിനു പണം ചെലവഴിക്കുന്നതു എന്തു ഭോഷത്തം?

[17] ഒരു സുഹൃത്തിന്റെ സ്നേഹം എല്ലാക്കാലത്തേക്കും ഉള്ളത്, ആപത്തുകാലത്തു സഹായിയായി നിൽക്കുന്നതിനുവേണ്ടിയാണ് ഒരു കൂടപ്പിറപ്പ് ജനിക്കുന്നത്.

[18] ബുദ്ധിഹീനർ ജാമ്യക്കരാറിൽ കൈയൊപ്പുചാർത്തുകയും അയൽവാസിയുടെ ബാധ്യത ഏൽക്കുകയും ചെയ്യുന്നു.

[19] കലഹപ്രിയർ പാപത്തെ പ്രണയിക്കുന്നു; ഉയർന്ന മതിൽ നിർമിക്കുന്നവർ നാശം ക്ഷണിച്ചുവരുത്തുന്നു.

[20] വക്രഹൃദയമുള്ളവർ അഭിവൃദ്ധിപ്രാപിക്കുന്നില്ല, വഞ്ചനയോടെ സംസാരിക്കുന്നവർ അനർഥത്തിലേക്കു വഴുതിവീഴും.

[21] മാതാപിതാക്കൾക്ക് ഭോഷരായ മക്കൾ ഉണ്ടായിരിക്കുന്നതു വേദനാജനകം; ഭോഷരുടെ മാതാപിതാക്കൾക്ക് ആനന്ദം അന്യമായിരിക്കും.

[22] സന്തുഷ്ടഹൃദയം നല്ലൊരു ഔഷധം, എന്നാൽ തകർന്ന മനസ്സ് അസ്ഥികളെ ഉരുക്കുന്നു.

[23] ദുഷ്ടർ രഹസ്യമായി കൈക്കൂലി വാങ്ങുന്നു നീതിയുടെ വഴികൾ അട്ടിമറിക്കാൻ അവർ അപ്രകാരംചെയ്യുന്നു.

[24] വിവേകികൾ തങ്ങളുടെ ദൃഷ്ടി ജ്ഞാനത്തിൽ ഉറപ്പിക്കുന്നു, എന്നാൽ ഭോഷരുടെ കണ്ണുകൾ ഭൂമിയുടെ അതിർത്തികളിൽ അലയുന്നു.

[25] ഭോഷരായ മക്കൾ അവരുടെ പിതാവിനു സങ്കടവും തങ്ങളുടെ പെറ്റമ്മയ്ക്കു കയ്‌പും കൊണ്ടുവരുന്നു.

[26] നിഷ്കളങ്കർക്കു പിഴ കൽപ്പിക്കുന്നത് ഉചിതമല്ല, സത്യസന്ധതയുള്ള ഉദ്യോഗസ്ഥരെ പ്രഹരിക്കുന്നതും യുക്തമല്ല.

[27] പരിജ്ഞാനമുള്ളവർ തങ്ങളുടെ വാക്കുകൾ നിയന്ത്രിച്ച് ഉപയോഗിക്കുന്നു, വിവേകമുള്ള മനുഷ്യർ സമചിത്തത പാലിക്കുന്നു.

[28] നിശ്ശബ്ദതപാലിക്കുന്ന ഭോഷർപോലും ജ്ഞാനികളായി പരിഗണിക്കപ്പെടും നാവടക്കിയിരിക്കുന്നവർ വിവേകികളായും എണ്ണപ്പെടും.

സദൃശവാക്യങ്ങൾ — Chapters