Skip to content
Opens in a new window

[1] എന്റെ കുഞ്ഞേ, എന്റെ ഉപദേശം നീ വിസ്മരിക്കരുത്, എന്റെ കൽപ്പനകൾ നിന്റെ ഹൃദയത്തിൽ സംഗ്രഹിച്ചുവെക്കുക,

[2] അവ നിന്റെ ആയുസ്സ് പല വർഷങ്ങൾ ദീർഘിപ്പിക്കും അവ നിനക്കു സമാധാനവും സമൃദ്ധിയും പ്രദാനംചെയ്യും.

[3] ആത്മാർഥതയും വിശ്വസ്തതയും നിന്നെ വിട്ടുപിരിയാതിരിക്കട്ടെ; അവ നിന്റെ കഴുത്തിൽ അണിയുക, നിന്റെ ഹൃദയഫലകത്തിൽ ആലേഖനംചെയ്യുക.

[4] അപ്പോൾ നീ ദൈവത്തിന്റെയും മനുഷ്യരുടെയും ദൃഷ്ടിയിൽ പ്രീതിയും സൽപ്പേരും സമ്പാദിക്കും.

[5] പൂർണഹൃദയത്തോടെ നീ യഹോവയിൽ വിശ്വാസമർപ്പിക്കുക സ്വന്തവിവേകത്തിൽ ആശ്രയിക്കുകയുമരുത്;

[6] നിന്റെ ചെയ്തികളെല്ലാം ദൈവികാംഗീകാരമുള്ളതായിരിക്കട്ടെ, അവിടന്ന് നിന്റെ സഞ്ചാരപാതകൾ നേരേയാക്കും.

[7] സ്വബുദ്ധിയിൽ, നീ ജ്ഞാനിയെന്നു ഭാവിക്കരുത്; യഹോവയെ ഭയപ്പെട്ട് തിന്മയിൽനിന്ന് അകന്നുനിൽക്കുക.

[8] ഇതു നിന്റെ ശരീരത്തിന് ആരോഗ്യവും അസ്ഥികൾക്ക് പോഷണവും നൽകും.

[9] നിന്റെ സമ്പത്തുകൊണ്ട് യഹോവയെ ബഹുമാനിക്കുക നിന്റെ എല്ലാ വിളവുകളുടെയും ആദ്യഫലംകൊണ്ടുംതന്നെ;

[10] അപ്പോൾ നിന്റെ ധാന്യപ്പുരകൾ സമൃദ്ധമായി നിറയും നിന്റെ ഭരണികൾ പുതുവീഞ്ഞിനാൽ കവിഞ്ഞൊഴുകും.

[11] എന്റെ കുഞ്ഞേ, യഹോവയുടെ ശിക്ഷണം നിരസിക്കരുത്, അവിടത്തെ ശാസനയോട് അമർഷം തോന്നുകയുമരുത്,

[12] കാരണം, ഒരു പിതാവ് തന്റെ പ്രിയപുത്രനോട് എന്നതുപോലെ യഹോവ, താൻ സ്നേഹിക്കുന്നവരെ ശിക്ഷിക്കുന്നു.

[13] ജ്ഞാനം കണ്ടെത്തുകയും വിവേകം നേടുകയും ചെയ്യുന്നവർ അനുഗൃഹീതർ,

[14] കാരണം അവൾ വെള്ളിയെക്കാൾ ആദായകരവും കനകത്തെക്കാൾ ലാഭകരവുമാണ്.

[15] അവൾ മാണിക്യത്തെക്കാൾ അമൂല്യമാണ്; നീ അഭിലഷിക്കുന്നതൊന്നും അതിനു തുല്യമാകുകയില്ല.

[16] അവൾ വലതുകരത്തിൽ ദീർഘായുസ്സും; ഇടതുകരത്തിൽ ധനസമൃദ്ധിയും ബഹുമതിയും വാഗ്ദാനംചെയ്യുന്നു.

[17] അവളുടെ വഴികൾ ആനന്ദഹേതുവും അവളുടെ പാതകളെല്ലാം സമാധാനപൂർണവും ആകുന്നു.

[18] അവളെ ആലിംഗനംചെയ്യുന്നവർക്ക് അവൾ ഒരു ജീവവൃക്ഷം; അവളെ മുറുകെപ്പിടിക്കുന്നവർ അനുഗൃഹീതരാകും.

[19] ജ്ഞാനത്താൽ യഹോവ ഭൂമിക്ക് അടിസ്ഥാനശില പാകി, വിവേകത്താൽ അവിടന്ന് ആകാശത്തെ തൽസ്ഥാനത്ത് ഉറപ്പിച്ചു;

[20] അവിടത്തെ പരിജ്ഞാനത്താൽ ആഴങ്ങൾ പൊട്ടിപ്പിളർന്നു, ആകാശം തുഷാരബിന്ദുക്കൾ പൊഴിക്കുന്നു.

[21] എന്റെ കുഞ്ഞേ, ജ്ഞാനവും വിവേചനശക്തിയും നിലനിർത്തുക, അവ നിന്റെ ദൃഷ്ടിപഥത്തിൽനിന്നു മറയാതിരിക്കട്ടെ;

[22] കാരണം അവ നിനക്കു ജീവനും, നിന്റെ കഴുത്തിൽ ഒരു അലങ്കാരമാലയും ആയിരിക്കട്ടെ.

[23] അപ്പോൾ നീ നിന്റെ വഴികളിൽ സുരക്ഷിതനായി മുന്നേറും, നിന്റെ കാലടികൾ ഇടറുകയുമില്ല.

[24] കിടക്കയിലേക്കുപോകുമ്പോൾ നിനക്കു ഭയമുണ്ടാകുകയില്ല; നീ കിടക്കുകയും ഉടനെതന്നെ സുഖനിദ്രയിലമരുകയും ചെയ്യും

[25] പെട്ടെന്നു സംഭവിക്കുന്ന ദുരന്തമോ ദുഷ്ടരുടെ നാശമോ കണ്ട് നീ സംഭീതനാകരുത്,

[26] കാരണം യഹോവയാണ് നിന്റെ സുരക്ഷിതത്വം അവിടന്ന് നിന്റെ പാദം കെണിയിലകപ്പെടാതെ കാത്തുകൊള്ളും.

[27] നന്മചെയ്യാൻ നിനക്ക് അധികാരമുള്ളപ്പോൾ, അർഹതപ്പെട്ടവർക്ക് അതു ലഭ്യമാക്കാൻ വിമുഖതകാട്ടരുത്.

[28] നിനക്ക് ഇപ്പോൾ സഹായിക്കാൻ സാധിക്കുമെങ്കിൽ, “പിന്നെവരിക, നാളെനോക്കാം,” എന്നു നിന്റെ അയൽവാസിയോട് പറയരുത്.

[29] നിന്റെ സമീപത്ത് നിന്നെ ആശ്രയിച്ചുകൊണ്ടു വസിക്കുന്ന, നിന്റെ അയൽവാസിക്കെതിരേ നീ ദുരാലോചന നടത്തരുത്.

[30] നിനക്കു നിരുപദ്രവകാരിയായ മനുഷ്യനെതിരേ, യാതൊരുകാരണവശാലും കലഹിക്കരുത്.

[31] അക്രമിയോട് അസൂയപ്പെടുകയോ അയാളുടെ പാത തെരഞ്ഞെടുക്കുകയോ ചെയ്യരുത്.

[32] വക്രതയുള്ളവർ യഹോവയ്ക്ക് അറപ്പാകുന്നു എന്നാൽ പരമാർഥതയുള്ളവരോട് അവിടന്ന് വിശ്വസ്തതപുലർത്തുന്നു.

[33] ദുഷ്ടരുടെ ഭവനത്തെ യഹോവ ശപിക്കുന്നു, നീതിനിഷ്ഠരുടെ ഭവനത്തെയോ, അവിടന്ന് അനുഗ്രഹിക്കുന്നു.

[34] പരിഹാസികളെ അവിടന്ന് അപഹസിക്കുന്നു, എന്നാൽ വിനയാന്വിതർക്ക് അവിടന്ന് കൃപചൊരിയുന്നു.

[35] ജ്ഞാനികൾ ബഹുമാനാർഹരായിത്തീരുന്നു, ഭോഷരെ അപമാനത്തിന് ഏൽപ്പിച്ചുകൊടുക്കും.

സദൃശവാക്യങ്ങൾ — Chapters