Skip to content
Opens in a new window
Listen to this chapter • 2:45

[1] ദൈവം പൂർവകാലത്ത് പ്രവാചകന്മാരിലൂടെ പല അംശങ്ങളായും പലവിധങ്ങളിലും നമ്മുടെ പിതാക്കന്മാരോട് സംസാരിച്ചു.

[2] എന്നാൽ, ഈ അന്തിമനാളുകളിൽ സ്വപുത്രനിലൂടെ നമ്മോട് സംസാരിച്ചിരിക്കുന്നു. ദൈവം അവിടത്തെ പുത്രനെ സകലത്തിനും അവകാശിയാക്കി നിയമിച്ചു. അവിടന്ന് ലോകസൃഷ്ടി ചെയ്തതും പുത്രനിലൂടെയാണ്.

[3] ദൈവപുത്രൻ ദൈവമഹത്ത്വത്തിന്റെ തേജസ്സും ദൈവസത്തയുടെ യഥാർഥ പ്രതിബിംബവും ആണ്. സകലത്തെയും തന്റെ ശക്തിയുള്ള വചനത്താൽ അവിടന്ന് നിലനിർത്തുന്നു. മനുഷ്യന്റെ പാപങ്ങൾക്കു ശുദ്ധീകരണം വരുത്തിയശേഷം അവിടന്ന് അത്യുന്നതങ്ങളിൽ മഹിമയുടെ വലതുഭാഗത്ത് ഉപവിഷ്ടനായി.

[4] ദൈവദൂതന്മാരെക്കാൾ അത്യുന്നതനായിരിക്കയാൽ, അവരുടെ നാമത്തെക്കാൾ ഔന്നത്യമേറിയ നാമത്തിന് അവകാശിയുമായി അവിടന്ന് തീർന്നിരിക്കുന്നു.

[5] ദൈവം ദൂതന്മാരിൽ ആരോടെങ്കിലും, “നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്റെ പിതാവായിത്തീർന്നിരിക്കുന്നു” എന്നും “ഞാൻ അവന്റെ പിതാവും അവൻ എന്റെ പുത്രനും ആയിരിക്കും” എന്നും എപ്പോഴെങ്കിലും അരുളിച്ചെയ്തിട്ടുണ്ടോ?

[6] മാത്രമല്ല, “സകലദൈവദൂതന്മാരും, അവിടത്തെ വണങ്ങുക” എന്ന് ആജ്ഞാപിച്ചുകൊണ്ടാണ് ദൈവം അവിടത്തെ ആദ്യജാതന് ഈ ലോകത്തിലേക്കു പ്രവേശനം നൽകുന്നത്.

[7] ദൂതന്മാരെക്കുറിച്ച് ദൈവം “തന്റെ ദൂതന്മാരെ കാറ്റുകളായും സേവകരെ അഗ്നിജ്വാലകളായും മാറ്റുന്നു.” എന്ന് അരുളിച്ചെയ്തിരിക്കുന്നു.

[8] എന്നാൽ പുത്രനെക്കുറിച്ചാകട്ടെ: “ദൈവമേ, അവിടത്തെ സിംഹാസനം ശാശ്വതമാണല്ലോ; അങ്ങയുടെ രാജത്വത്തിൻ ചെങ്കോലും നീതിയുടെ ചെങ്കോലല്ലോ.

[9] അങ്ങു നീതിയെ സ്നേഹിക്കുകയും അനീതിയെ വെറുക്കുകയും ചെയ്തതിനാൽ, ദൈവം ആനന്ദതൈലംകൊണ്ട് അങ്ങയെ അഭിഷേകം ചെയ്ത് അങ്ങയുടെ സഹകാരികളെക്കാൾ ഏറ്റവും ഉന്നതമായ സ്ഥാനം അങ്ങേക്ക് നൽകിയിരിക്കുന്നു.”

[10] മാത്രവുമല്ല, “കർത്താവേ, ആരംഭത്തിൽ അങ്ങു ഭൂമിക്ക് അടിസ്ഥാനമിട്ടു. ആകാശവും അവിടത്തെ സൃഷ്ടിതന്നെ.

[11] അവ നശിക്കും. എന്നാൽ, അങ്ങയോ എന്നേക്കും നിലനിൽക്കും; അവ എല്ലാം വസ്ത്രംപോലെ പഴഞ്ചനായിത്തീരും.

[12] അങ്ങ് അവയെ ഒരു പുതപ്പുപോലെ ചുരുട്ടും; വസ്ത്രം മാറ്റുംപോലെ അവ മാറ്റപ്പെടും. എന്നാൽ അങ്ങ് സുസ്ഥിരനായി നിലകൊള്ളും; അങ്ങയുടെ സംവത്സരങ്ങൾ അവസാനിക്കുകയുമില്ല.”

[13] ദൈവം ദൂതന്മാരിൽ ആരോടെങ്കിലും, “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ ചവിട്ടടിയിലാക്കുംവരെ നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകൂ” എന്ന് എപ്പോഴെങ്കിലും അരുളിച്ചെയ്തിട്ടുണ്ടോ?

[14] ദൂതന്മാരെല്ലാവരും, രക്ഷപ്രാപിക്കുന്നവർക്ക് ശുശ്രൂഷ ചെയ്യാനായി നിയോഗിക്കപ്പെടുന്ന സേവകാത്മാക്കളാണല്ലോ?

എബ്രായർക്ക് എഴുതിയ ലേഖനം — Chapters