[1] അതുകൊണ്ട്, സ്വർഗീയവിളിക്ക് ഓഹരിക്കാരായ വിശുദ്ധസഹോദരങ്ങളേ, നമ്മുടെ അപ്പൊസ്തലനും മഹാപുരോഹിതനുമായി നാം ഏറ്റുപറഞ്ഞിരിക്കുന്ന യേശുവിൽ നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുക.
[2] മോശ ദൈവഭവനത്തിൽ പരിപൂർണവിശ്വസ്തത പുലർത്തിയതുപോലെ, യേശുവും തന്നെ നിയോഗിച്ച ദൈവത്തോട് വിശ്വസ്തത പുലർത്തി.
[3] വീടുനിർമിച്ചവനു വീടിനെക്കാൾ അധികം ബഹുമാനം ഉള്ളതുപോലെ യേശു മോശയെക്കാൾ അധികം ആദരവിന് അർഹനായിത്തീർന്നു.
[4] ഏതു ഭവനത്തിനും ഒരു നിർമാതാവു വേണം; ദൈവമാണ് സകലത്തിന്റെയും നിർമാതാവ്.
[5] ദൈവം ഭാവിയിൽ അരുളിച്ചെയ്യാനിരുന്നതിനു സാക്ഷ്യംവഹിക്കുന്നവനായി “മോശ ദൈവഭവനത്തിൽ ഒരു ഭൃത്യന്റെ സ്ഥാനത്ത് എല്ലാറ്റിലും വിശ്വസ്തനായിരുന്നു.”
[6] ക്രിസ്തുവോ, സ്വഭവനത്തിന്മേൽ അധികാരമുള്ള പുത്രനാണ്. നാം പ്രത്യാശയുടെ ധൈര്യവും അഭിമാനവും മുറുകെപ്പിടിക്കുമെങ്കിൽ, നാംതന്നെയാണ് ദൈവഭവനം.
[7] അതുകൊണ്ടാണ് പരിശുദ്ധാത്മാവ് ഇപ്രകാരം അരുളിച്ചെയ്യുന്നത്: “ഇന്നു നിങ്ങൾ ദൈവശബ്ദം കേൾക്കുന്നെങ്കിൽ,
[8] മരുഭൂമിയിലെ പരീക്ഷാനാളുകളിൽ, ഇസ്രായേൽമക്കൾ തങ്ങളുടെ ഹൃദയം കഠിനമാക്കി, എന്നോട് മത്സരിച്ചതുപോലെ ഇനിയും മത്സരിക്കരുത്.
[9] അവിടെ നാൽപ്പതുവർഷം എന്റെ പ്രവൃത്തികൾ കണ്ടവരായിരുന്നിട്ടുകൂടി, നിങ്ങളുടെ പൂർവികർ എന്റെ ക്ഷമ പരീക്ഷിച്ചു.
[10] അതുകൊണ്ട് ആ തലമുറയോടു ഞാൻ കോപിച്ചു. ‘അവർ എന്റെ വഴികൾ അറിയാത്തവർ, എപ്പോഴും എന്നിൽനിന്ന് അകന്നുപോകുന്ന പ്രവണതയോടുകൂടിയ ഹൃദയമുള്ളവർ,’ എന്നു ഞാൻ പറഞ്ഞു.
[11] ‘അതുകൊണ്ട് അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കുകയില്ല’ എന്നു ഞാൻ എന്റെ കോപത്തിൽ സത്യംചെയ്തു.”
[12] സഹോദരങ്ങളേ, സൂക്ഷിക്കുക, ജീവനുള്ള ദൈവത്തെ പരിത്യജിക്കാൻ കാരണമായിത്തീരുന്ന വിശ്വാസമില്ലാത്ത ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകരുത്.
[13] പാപത്താൽ വഞ്ചിതരായി നിങ്ങളിൽ ആരും ഹൃദയകാഠിന്യമുള്ളവർ ആകാതിരിക്കാൻ, “ഇന്ന്” എന്നു പറയാൻ കഴിയുന്നതുവരെ, അനുദിനം പരസ്പരം പ്രബോധിപ്പിക്കുക.
[14] നമ്മുടെ പ്രത്യാശയുടെ അടിസ്ഥാനം ആദ്യന്തം സുസ്ഥിരതയോടെ പിൻതുടർന്നാൽമാത്രമേ നിങ്ങളും ക്രിസ്തുവിന്റെ മിത്രങ്ങളായി തുടരുകയുള്ളു.
[15] “ഇന്നു നിങ്ങൾ ദൈവശബ്ദം കേൾക്കുന്നെങ്കിൽ, മരുഭൂമിയിലെ പരീക്ഷാനാളുകളിൽ, ഇസ്രായേൽമക്കൾ തങ്ങളുടെ ഹൃദയം കഠിനമാക്കി, എന്നോട് മത്സരിച്ചതുപോലെ ഇനിയും മത്സരിക്കരുത്,” എന്നു പ്രസ്താവിക്കുമ്പോൾ,
[16] ആരാണ് ഈ “കേട്ടു മത്സരിച്ചവർ?” ഈജിപ്റ്റിൽനിന്നു മോശ സ്വതന്ത്രരാക്കിയ എല്ലാവരുമല്ലയോ?
[17] നാൽപ്പതുവർഷം അവിടന്നു കോപിച്ചത് ആരോടായിരുന്നു? പാപംചെയ്തവരോടല്ലയോ? അവരുടെ ശരീരങ്ങളല്ലേ മരുഭൂമിയിൽ വീണുപോയത്.
[18] അവർ അവിടത്തെ സ്വസ്ഥതയിൽ ഒരുനാളും പ്രവേശിക്കുകയില്ലെന്നു ദൈവം ശപഥംചെയ്തത്, അനുസരണയില്ലാത്ത ഇവരോടല്ലാതെ മറ്റാരോടാണ്?
[19] ഇങ്ങനെ അവരുടെ അവിശ്വാസംനിമിത്തം അവർക്കു സ്വസ്ഥതയിൽ പ്രവേശിക്കാൻ സാധിച്ചില്ല എന്നു നാം കാണുന്നു.