[1] അവിടത്തെ സ്വസ്ഥതയിൽ പ്രവേശിക്കാനുള്ള വാഗ്ദാനം ഇപ്പോഴും നിലനിൽക്കുന്നു. നിങ്ങളിൽ ഒരാൾക്കും അത് നഷ്ടമാകാതിരിക്കാൻ നമുക്കു ശ്രദ്ധാലുക്കളായിരിക്കാം.
[2] നാമും അവരെപ്പോലെതന്നെ, സുവിശേഷം കേട്ടവരാണ്; വചനം കേട്ട് അനുസരിച്ചവരുടെ വിശ്വാസത്തിൽ പങ്കാളികളാകാതിരുന്നതുകൊണ്ട് കേട്ടസന്ദേശം അവർക്കു പ്രയോജനരഹിതമായിത്തീർന്നു.
[3] വിശ്വസിച്ചവരായ നാമാകട്ടെ, വിശ്രമത്തിലേക്കു പ്രവേശിക്കുന്നു; “ ‘അതുകൊണ്ട് അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കുകയില്ല’ എന്നു ഞാൻ എന്റെ കോപത്തിൽ സത്യംചെയ്തു,” എന്ന് അരുളിച്ചെയ്തിരിക്കുന്നല്ലോ. ദൈവം ലോകസ്ഥാപനസമയത്തുതന്നെ സൃഷ്ടികർമം പൂർത്തീകരിച്ചു. എങ്കിലും,
[4] “ഏഴാംനാളിൽ ദൈവം തന്റെ സകലപ്രവൃത്തികളിൽനിന്നും വിശ്രമിച്ചു” എന്ന് ഏഴാംദിവസത്തെക്കുറിച്ച് ഒരിടത്ത് പ്രസ്താവിക്കുന്നു.
[5] “അവർ നിശ്ചയമായി എന്റെ സ്വസ്ഥതയിൽ പ്രവേശിക്കുകയില്ല” എന്നു മേലുദ്ധരിച്ച ഭാഗത്തു വീണ്ടും പ്രസ്താവിക്കുന്നു.
[6] ചിലർക്ക് അതിൽ പ്രവേശിക്കാൻ അവസരം ശേഷിച്ചിരിക്കയാലും, മുമ്പ് ഈ സുവിശേഷം കേട്ടവർ അനുസരണക്കേടിനാൽ പ്രവേശിക്കാതെ പോയതിനാലും
[7] “ഇന്ന്” എന്നൊരു ദിവസം ദൈവം പിന്നെയും നിശ്ചയിച്ചിട്ടുണ്ട് എന്ന് ദീർഘകാലത്തിനുശേഷം ദാവീദിലൂടെ സൂചിപ്പിക്കുന്നു. “ഇന്നു നിങ്ങൾ അവിടത്തെ ശബ്ദം കേൾക്കുന്നെങ്കിൽ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്.”
[8] യോശുവ അവർക്കു സ്വസ്ഥത നൽകിയിരുന്നെങ്കിൽ പിന്നീടു മറ്റൊരു ദിവസത്തെക്കുറിച്ചു ദൈവം അരുളിച്ചെയ്യുകയില്ലായിരുന്നു.
[9] അതിനാൽ ദൈവജനത്തിന് ഒരു ശബ്ബത്ത് വിശ്രമം അവശേഷിക്കുന്നുണ്ട്.
[10] ദൈവം തന്റെ പ്രവൃത്തിയിൽനിന്നു വിശ്രമിച്ചതുപോലെ, ദൈവത്തിന്റെ സ്വസ്ഥതയിൽ പ്രവേശിച്ചയാൾ സ്വപ്രയത്നത്തിൽനിന്നും വിശ്രമിക്കുന്നു.
[11] അതിനാൽ ഇസ്രായേലിന്റെ അനുസരണക്കേട് മാതൃകയാക്കി, ആരും വീണുപോകാതിരിക്കാൻമാത്രമല്ല, ആ വിശ്രമത്തിൽ പ്രവേശിക്കാനും നമുക്ക് ഉത്സാഹിക്കാം.
[12] ദൈവവചനം സജീവവും സചേതനവുമാണ്. അത് ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനും ആത്മാവും സന്ധിമജ്ജകളും വേർപെടുംവരെ തുളഞ്ഞുകയറുന്നതും ഹൃദയത്തിലെ ചിന്തകളും ഭാവങ്ങളും വ്യവച്ഛേദിക്കുന്നതും ആകുന്നു.
[13] ദൈവദൃഷ്ടിയിൽനിന്ന് ഒരു സൃഷ്ടിയും മറഞ്ഞിരിക്കുന്നില്ല. സകലവും അവിടത്തെ കൺമുമ്പിൽ അനാവൃതവും തുറന്നതുമായിരിക്കുന്നു. അവിടത്തോടാണ് നമുക്കു കണക്കു ബോധിപ്പിക്കാൻ ഉള്ളത്.
[14] സ്വർഗാരോഹണം ചെയ്ത ദൈവപുത്രനായ യേശു നമ്മുടെ അതിശ്രേഷ്ഠ മഹാപുരോഹിതനായി ഉള്ളതുകൊണ്ട് നമ്മുടെ വിശ്വാസം മുറുകെപ്പിടിക്കാം.
[15] നമ്മുടെ ദൗർബല്യങ്ങളിൽ സഹതപിക്കാൻ കഴിയാത്ത ഒരാളല്ല നമുക്ക് മഹാപുരോഹിതനായി ഉള്ളത്; മറിച്ച്, അവിടന്ന് നമ്മെപ്പോലെ സകലത്തിലും പരീക്ഷിക്കപ്പെട്ടിട്ടും പാപരഹിതനായിരുന്നു.
[16] അതുകൊണ്ടു കരുണയും കൃപയും യഥാസമയം സഹായവും ലഭിക്കാനായി നമുക്കു ധൈര്യപൂർവം കൃപയുടെ സിംഹാസനത്തിന് അടുത്തുചെല്ലാം.