Skip to content
Opens in a new window
Listen to this chapter • 4:28

[1] നിങ്ങൾ സഹോദരങ്ങളെപ്പോലെ പരസ്പരം സ്നേഹിക്കുക.

[2] അതിഥികളെ ഉപചരിക്കുന്നതിൽ ഉപേക്ഷ വിചാരിക്കരുത്; ചിലർ അതിലൂടെ അറിയാതെതന്നെ ദൈവദൂതന്മാരെ സൽക്കരിച്ചിട്ടുണ്ടല്ലോ.

[3] നിങ്ങൾ അവരോടുകൂടെ തടവിലായിരുന്നു എന്നപോലെ തടവുകാരെയും, നിങ്ങളും അവരോടൊപ്പം പീഡനം സഹിക്കുന്നവർ എന്നപോലെ പീഡിതരെയും ഓർക്കുക.

[4] വിവാഹം എല്ലാവർക്കും ആദരണീയവും വിവാഹശയ്യ നിർമലവും ആയിരിക്കട്ടെ. വ്യഭിചാരികളെയും അസാന്മാർഗികളെയും ദൈവം കുറ്റംവിധിക്കും.

[5] നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹമുക്തം ആയിരിക്കട്ടെ; നിങ്ങളുടെ പക്കൽ ഉള്ളതിൽ സംതൃപ്തരാകുക. “ഒരുനാളും ഞാൻ നിന്നെ ഉപേക്ഷിക്കുകയില്ല, ഒരുനാളും ഞാൻ നിന്നെ കൈവെടിയുകയുമില്ല.” എന്ന് ദൈവം അരുളിച്ചെയ്തിട്ടുണ്ടല്ലോ.

[6] അതുകൊണ്ട് ആത്മവിശ്വാസത്തോടെ നമുക്ക് പറയാം, “കർത്താവാണെൻ സഹായി; ഞാൻ ഭയക്കുകയില്ല. വെറും മർത്യന് എന്നോട് എന്തു ചെയ്യാൻ കഴിയും?”

[7] നിങ്ങളെ ദൈവവചനം അഭ്യസിപ്പിച്ച് നയിച്ചവരെ ഓർക്കുക. അവരുടെ ജീവിതങ്ങളിൽനിന്ന് ഉണ്ടായ സൽഫലങ്ങൾ പരിഗണിച്ച്, അവരുടെ വിശ്വാസം അനുകരിക്കുക.

[8] യേശുക്രിസ്തു, ഭൂത വർത്തമാന കാലങ്ങളിൽ മാത്രമല്ല, എന്നെന്നേക്കും ഒരുപോലെ നിലനിൽക്കുന്നവൻതന്നെ.

[9] വിവിധതരത്തിലുള്ള വിചിത്രങ്ങളായ ഉപദേശങ്ങളാൽ ആരും നിങ്ങളെ വലിച്ചിഴയ്ക്കരുത്. യാതൊരു പ്രയോജനവും ലഭിക്കാത്ത, അനുഷ്ഠാനപരമായ ഭോജ്യങ്ങളിലൂടെയല്ല, കൃപയാൽത്തന്നെയാണ് നിങ്ങളുടെ ഹൃദയങ്ങളെ ശക്തിപ്പെടുത്തേണ്ടത്.

[10] നമുക്ക് ഒരു യാഗപീഠമുണ്ട്. സമാഗമനകൂടാരത്തിൽ ശുശ്രൂഷിക്കുന്നവർക്ക് അതിൽനിന്ന് ഭക്ഷിക്കാൻ അധികാരം ഇല്ല.

[11] മഹാപുരോഹിതൻ, പാപപരിഹാരാർഥം മൃഗങ്ങളുടെ രക്തം അതിവിശുദ്ധസ്ഥാനത്തേക്ക് കൊണ്ടുപോകുന്നു. ജഡം മനുഷ്യവാസസ്ഥാനത്തിനു പുറത്ത് ദഹിപ്പിക്കുന്നു.

[12] അങ്ങനെതന്നെ യേശുവും, സ്വരക്തത്താൽ ജനത്തെ വിശുദ്ധീകരിക്കേണ്ടതിനു നഗരകവാടത്തിനു പുറത്ത് പീഡനം സഹിച്ചു.

[13] ആയതിനാൽ, അവിടന്ന് സഹിച്ച അപമാനം ചുമന്നുകൊണ്ടു, നമുക്ക് പാളയത്തിനു പുറത്ത് തിരുസന്നിധിയിൽ ചെല്ലാം.

[14] ഇവിടെ നമുക്കു സുസ്ഥിരമായ നഗരമില്ല, എന്നാൽ നാം വരാനുള്ള നഗരത്തെയാണ് അന്വേഷിക്കുന്നത്.

[15] അതുകൊണ്ടു നമുക്ക് ദൈവത്തിനു സ്തോത്രയാഗം, അതായത് തിരുനാമം പ്രഘോഷിക്കുന്ന അധരങ്ങളുടെ ഫലം, യേശുവിലൂടെ നിരന്തരമായി അർപ്പിക്കാം.

[16] നന്മ ചെയ്യാനും നിങ്ങൾക്കുള്ളതു മറ്റുള്ളവരുമായി പങ്കുവെക്കാനും മറക്കരുത്; ഈവിധ യാഗങ്ങളിലാണു ദൈവം സംപ്രീതനാകുന്നത്.

[17] നിങ്ങളെ നയിക്കുന്നവരെ അനുസരിച്ച് അവർക്കു വിധേയരാകുക. അവർ ദൈവത്തിനുമുമ്പിൽ തങ്ങളുടെ ശുശ്രൂഷയെപ്പെറ്റി കണക്കു ബോധിപ്പിക്കേണ്ടവർ ആയതുകൊണ്ട് നിങ്ങളുടെ പ്രാണനെ അതീവജാഗ്രതയോടെ പരിരക്ഷിച്ചുകൊണ്ട് ഇരിക്കുന്നവരാണ്. ഇത് ഭാരമായിട്ടല്ല, ആനന്ദത്തോടുകൂടിയാണ് അവർ ചെയ്യുന്നത്, അല്ലാത്തപക്ഷം നിങ്ങൾക്ക് അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല.

[18] ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കുക; ഞങ്ങളുടെ മനസ്സാക്ഷി കുറ്റമറ്റതാണെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട്. എല്ലാവിധത്തിലും മാന്യമായി ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

[19] ഞാൻ നിങ്ങളുടെ അടുക്കൽ ഉടനെതന്നെ മടങ്ങിവരുന്നതിനായി നിങ്ങൾ കൂടുതൽ ജാഗ്രതയോടെ പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു.

[20] നിത്യമായ ഉടമ്പടിയുടെ രക്തത്താൽ, ആടുകളുടെ ശ്രേഷ്ഠഇടയനായ നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്നു മടക്കിവരുത്തിയ സമാധാനത്തിന്റെ ദൈവം,

[21] നിങ്ങളെ അവിടത്തെ ഇഷ്ടം ചെയ്യാനായി സകലനന്മകളാലും സമ്പൂർണരാക്കുകയും അവിടത്തേക്കു പ്രസാദമുള്ളത് യേശുക്രിസ്തുവിലൂടെ നമ്മിൽ നിറവേറ്റുകയുംചെയ്യട്ടെ! അവിടത്തേക്ക് എന്നും എന്നേക്കും മഹത്ത്വം ഉണ്ടാകട്ടെ! ആമേൻ.

[22] സഹോദരങ്ങളേ, എന്റെ ഈ പ്രബോധനവചനങ്ങൾ ക്ഷമയോടെ ശ്രദ്ധിക്കണം എന്ന് ഞാൻ അപേക്ഷിക്കുന്നു. സത്യത്തിൽ, വളരെ ചുരുക്കമായിട്ടാണല്ലോ ഞാൻ നിങ്ങൾക്ക് എഴുതിയിരിക്കുന്നത്.

[23] നമ്മുടെ സഹോദരനായ തിമോത്തിയോസ് ജയിൽമോചിതനായിരിക്കുന്നു എന്ന് നിങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അയാൾ വേഗം എത്തുകയാണെങ്കിൽ ഞാനും അയാളോടൊപ്പം നിങ്ങളെ കാണാൻ വരുന്നതാണ്.

[24] നിങ്ങളെ നയിക്കുന്ന എല്ലാവർക്കും, സകലവിശുദ്ധർക്കും അഭിവാദനം. ഇറ്റലിക്കാർ അവരുടെ ശുഭാശംസകൾ നിങ്ങളെ അറിയിക്കുന്നു.

[25] കൃപ നിങ്ങളോട് എല്ലാവരോടുംകൂടെ ഉണ്ടാകട്ടെ.

എബ്രായർക്ക് എഴുതിയ ലേഖനം — Chapters