[1] ക്രിസ്തുയേശുവിന്റെ സുവിശേഷം പ്രസംഗിച്ചതിനാൽ തടവുകാരനായ പൗലോസും നമ്മുടെ സഹോദരനായ തിമോത്തിയോസും ചേർന്ന്, ഞങ്ങളുടെ പ്രിയസ്നേഹിതനും സഹപ്രവർത്തകനുമായ ഫിലേമോൻ എന്ന നിനക്കും
[2] ഞങ്ങളുടെ സഹോദരിയായ അപ്പിയെക്കും ഞങ്ങളുടെ സഹസൈനികനായ അർഹിപ്പൊസിനും നിന്റെ ഭവനത്തിൽ കൂടിവരുന്ന സഭയ്ക്കും, എഴുതുന്നത്:
[3] നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
[4] കർത്താവായ യേശുവിൽ നിനക്കുള്ള വിശ്വാസത്തെയും സകലവിശുദ്ധരോടുമുള്ള നിന്റെ സ്നേഹത്തെയുംകുറിച്ചു കേട്ടിട്ട് ഞാൻ എന്റെ ദൈവത്തിന് എല്ലായ്പ്പോഴും സ്തോത്രംചെയ്യുന്നു. ക്രിസ്തുയേശുവിൽക്കൂടെ നമുക്കു ലഭിച്ചിട്ടുള്ള സകലനന്മകളെയുംപറ്റിയുള്ള പൂർണമായ അറിവിൽ നിന്റെ വിശ്വാസത്തിന്റെ കൂട്ടായ്മ അധികം ഫലപ്രദമാകേണ്ടതിന് ഞാൻ നിന്നെ ഓർത്തു പ്രാർഥിക്കുന്നു
[7] സഹോദരാ, നീ വിശ്വാസികളുടെ ഹൃദയത്തിന് നവോന്മേഷം പകർന്നതിനാൽ, നിനക്ക് അവരോടുള്ള സ്നേഹം എനിക്കു മഹാആനന്ദവും ആശ്വാസവും തന്നിരിക്കുന്നു.
[8] ആകയാൽ, നീ ചെയ്യേണ്ട കാര്യം നിന്നോടു കൽപ്പിക്കാൻ ക്രിസ്തുവിൽ എനിക്കു ധൈര്യമുണ്ടെങ്കിലും;
[9] വൃദ്ധനും ഇപ്പോൾ ക്രിസ്തുയേശുവിന്റെ തടവുകാരനുമായ പൗലോസ് എന്ന ഞാൻ,
[10] കാരാഗൃഹത്തിൽ ആയിരിക്കുമ്പോൾ ജനിച്ച എന്റെ മകൻ ഒനേസിമൊസിനു വേണ്ടി സ്നേഹത്തോടെ നിന്നോട് അപേക്ഷിക്കുകയാണ്.
[11] മുമ്പ് അവൻ നിനക്കു പ്രയോജനമില്ലാത്തവൻ ആയിരുന്നു; എന്നാൽ, ഇപ്പോൾ നിനക്കും എനിക്കും പ്രയോജനമുള്ളവൻ ആയിരിക്കുന്നു.
[12] എന്റെ പ്രാണനു തുല്യനായ ഒനേസിമൊസിനെ ഇപ്പോൾ നിന്റെ അടുക്കലേക്കു തിരിച്ചയയ്ക്കുന്നു.
[13] സുവിശേഷത്തിനുവേണ്ടി ബന്ധനത്തിൽ കഴിയുന്ന എന്നെ ശുശ്രൂഷിക്കാൻ നിനക്കു പകരം അവനെ എന്റെ അടുക്കൽ നിർത്താൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു.
[14] നീ ചെയ്യുന്ന ഏത് ഔദാര്യവും നിർബന്ധത്താലല്ല, മനസ്സോടെ ചെയ്യുന്നതായിരിക്കണം. അതുകൊണ്ടാണ്, നിന്റെ സമ്മതംകൂടാതെ ഒന്നുംതന്നെ ചെയ്യാൻ ഞാൻ ആഗ്രഹിക്കാത്തത്.
[15] അൽപ്പകാലത്തേക്ക് ഒനേസിമൊസ് നിന്നിൽനിന്ന് അകന്നുപോയത്, അയാളെ എന്നേക്കുമായി നിനക്കു തിരിച്ചുകിട്ടേണ്ടതിന് ആയിരിക്കാം.
[16] ഒനേസിമൊസ് ഇനിമേൽ ദാസനല്ല, ദാസനിലുപരി എനിക്ക് ഏറ്റവും പ്രിയമുള്ള സഹോദരനാണ്. അങ്ങനെയെങ്കിൽ മാനുഷികമായും കർത്താവിലും അയാൾ നിനക്ക് എത്രയധികം പ്രിയപ്പെട്ടവൻ!
[17] അതുകൊണ്ട്, എന്നെ ഒരു പങ്കാളിയായി നീ കരുതുന്നെങ്കിൽ, എന്നെ എന്നപോലെ അവനെയും സ്വീകരിക്കുക.
[18] അയാൾ നിനക്ക് എന്തെങ്കിലും ദ്രോഹം ചെയ്തിട്ടുണ്ടെങ്കിലോ നിനക്ക് എന്തെങ്കിലും തരാൻ ഉണ്ടെങ്കിലോ അതെല്ലാം എന്റെപേരിൽ കണക്കാക്കുക.
[19] പൗലോസ് എന്ന ഞാൻ എന്റെ സ്വന്തം കൈയാൽ എഴുതുകയാണ്, ഈ കടമെല്ലാം ഞാൻതന്നെ വീട്ടിക്കൊള്ളാം. നീ നിന്നെത്തന്നെ എനിക്കു തരാൻ കടപ്പെട്ടവനാണെന്ന് ഞാൻ പറയേണ്ടതില്ലല്ലോ.
[20] അതേ, സഹോദരാ, കർത്താവിൽ നീ എനിക്ക് ഈ സഹായംചെയ്യുക. അതാണ് ക്രിസ്തുവിൽ എന്നെ ഉന്മേഷമുള്ളവനാക്കുന്നത്.
[21] ഞാൻ ആവശ്യപ്പെടുന്നതിലധികം നീ ചെയ്യും എന്നെനിക്കറിയാം. നിന്റെ അനുസരണയെപ്പറ്റി എനിക്കു പൂർണവിശ്വാസം ഉള്ളതുകൊണ്ടാണ് ഞാൻ ഇത് എഴുതുന്നത്.
[22] മറ്റൊരു കാര്യംകൂടി: നിങ്ങളുടെ പ്രാർഥനയുടെ ഫലമായി ദൈവം എന്നെ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കും എന്നു ഞാൻ പ്രത്യാശിക്കുന്നു. അതുകൊണ്ട് നീ എനിക്കു താമസസൗകര്യം ഒരുക്കണം.
[23] ക്രിസ്തുയേശുവിൽ എന്റെ സഹതടവുകാരനായ എപ്പഫ്രാസ് നിങ്ങളെ വന്ദനംചെയ്യുന്നു.
[24] അങ്ങനെതന്നെ എന്റെ കൂട്ടുവേലക്കാരനായ മർക്കോസും അരിസ്തർഹൊസും ദേമാസും ലൂക്കോസും നിങ്ങളെ അഭിവാദനംചെയ്യുന്നു.
[25] കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോട് എല്ലാവരോടുംകൂടെ ഇരിക്കട്ടെ!