[1] ആകയാൽ നമുക്ക് ക്രിസ്തുവിനെക്കുറിച്ചുള്ള പ്രാഥമികപാഠങ്ങൾ ആകുന്ന അടിസ്ഥാനം പിന്നെയും ഇടാതെ പക്വതയിലേക്ക് മുന്നേറാം. നിർജീവപ്രവൃത്തികളിൽനിന്നുള്ള മാനസാന്തരം, ദൈവത്തിലുള്ള വിശ്വാസം, സ്നാനങ്ങളെപ്പറ്റിയുള്ള ഉപദേശം, കരപൂരണങ്ങൾ, മരിച്ചവരുടെ പുനരുത്ഥാനം, നിത്യശിക്ഷാവിധി എന്നിവയാണ് അടിസ്ഥാന ഉപദേശങ്ങൾ.
[3] ദൈവഹിതമായാൽ നമുക്ക് തീച്ചർയായും പക്വതയിലേക്ക് മുന്നേറാം.
[4] ഒരിക്കൽ സത്യം വ്യക്തമായി ഗ്രഹിച്ചിട്ടും സ്വർഗീയദാനം രുചിച്ചറിഞ്ഞശേഷവും പരിശുദ്ധാത്മാവിന്റെ സഖിത്വം ഉണ്ടായിരുന്നിട്ടും
[5] ദൈവവചനത്തിന്റെ നന്മയും വരുംകാലത്തിന്റെ പ്രതാപവും അനുഭവിച്ചറിഞ്ഞതിനുശേഷവും
[6] വിശ്വാസത്യാഗം ചെയ്താൽ അവരെ വീണ്ടും മാനസാന്തരത്തിലേക്കു നയിക്കുക അസാധ്യമാണ്. അവർ തങ്ങളുടെ പ്രവൃത്തികളിലൂടെ ദൈവപുത്രനെ വീണ്ടും ക്രൂശിൽ തറയ്ക്കുകയും അവിടത്തെ പരസ്യമായി പരിഹാസ്യനാക്കുകയുംചെയ്തല്ലോ.
[7] കാലാകാലങ്ങളിൽ പെയ്യുന്ന മഴവെള്ളം കുടിച്ചിട്ട് ഭൂമി കർഷകനു നല്ല വിളവ് നൽകിയാൽ അത് ദൈവപ്രശംസയ്ക്ക് കാരണമാകും.
[8] എന്നാൽ ഭൂമി മുള്ളും ഞെരിഞ്ഞിലും മുളപ്പിച്ചാൽ അത് ഉപയോഗശൂന്യവും ശാപഗ്രസ്തവുമാണ്, അത് ഒടുവിൽ അഗ്നിക്കിരയാകും.
[9] പ്രിയരേ, ഞങ്ങൾ ഇങ്ങനെയൊക്കെ സംസാരിക്കുന്നെങ്കിലും നിങ്ങളിലുള്ള നന്മകളെക്കുറിച്ചും നിങ്ങളുടെ രക്ഷയെ സംബന്ധിച്ചും ഞങ്ങൾക്ക് പൂർണനിശ്ചയമുണ്ട്.
[10] ദൈവത്തിന് അനീതി ലവലേശമില്ല, ദൈവനാമത്തോടു നിങ്ങൾ പ്രകടിപ്പിച്ച സ്നേഹവും നിങ്ങൾ വിശുദ്ധർക്കുവേണ്ടി മുമ്പേ ചെയ്തതും ഇപ്പോൾ ചെയ്യുന്നതുമായ സേവനങ്ങളും അവിടന്ന് വിസ്മരിക്കില്ല.
[11] നിങ്ങൾ ഓരോരുത്തർക്കും പ്രത്യാശയെക്കുറിച്ചുള്ള പരിപൂർണനിശ്ചയം ഉണ്ടാകേണ്ടതിന് അവസാനംവരെ ഇതേ ശുഷ്കാന്തി പ്രകടമാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.
[12] നിങ്ങൾ അലസരാകരുത്, മറിച്ച് വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദാനങ്ങൾക്ക് അവകാശികളായവരെ അനുകരിക്കുന്നവരാകുക.
[13] ദൈവം അബ്രഹാമിന് വാഗ്ദാനം നൽകിയപ്പോൾ, സത്യം ചെയ്യാൻ തന്നെക്കാൾ വലിയവരാരും ഇല്ലാത്തതുമൂലം, സ്വന്തം നാമത്തിൽ സത്യംചെയ്തു:
[14] “ഞാൻ നിന്നെ നിശ്ചയമായും അത്യന്തം അനുഗ്രഹിക്കും, ഞാൻ നിന്നെ ഏറ്റവും വർധിപ്പിക്കും.” എന്ന് അരുളിച്ചെയ്തു.
[15] അതനുസരിച്ച്, അബ്രഹാം ദീർഘക്ഷമയോടെ വാഗ്ദാനനിവൃത്തിക്കായി കാത്തിരുന്നു; അത് ലഭിക്കുകയുംചെയ്തു.
[16] തങ്ങളെക്കാൾ ഉന്നതരെക്കൊണ്ടാണ് മനുഷ്യർ ശപഥം ചെയ്യുന്നത്. അങ്ങനെയുള്ള ശപഥം, വാഗ്ദാനം നിറവേറപ്പെടുമെന്ന് ഉറപ്പ് നൽകുകയും എല്ലാ തർക്കത്തിനും അന്തം വരുത്തുകയുംചെയ്യുന്നു.
[17] ദൈവവും അവിടത്തെ അവകാശികൾക്ക് തന്റെ ഉദ്ദേശ്യങ്ങളുടെ അചഞ്ചലത വ്യക്തമാക്കാൻ ആഗ്രഹിച്ചതുകൊണ്ട് ഒരു ശപഥത്തിലൂടെ വാഗ്ദാനങ്ങൾ ഉറപ്പിച്ചുനൽകി.
[18] ദൈവത്തിന് വ്യാജം പറയുക അസാധ്യമാണ്. അതിനാൽ ഈ രണ്ട് കാര്യങ്ങൾക്ക്, ദൈവം ചെയ്ത വാഗ്ദാനത്തിനും ശപഥത്തിനും, മാറ്റം വരിക അസാധ്യം. നമ്മുടെ മുമ്പിൽ വെച്ചിരിക്കുന്ന പ്രത്യാശ ലക്ഷ്യംവെച്ച് ഓടുന്ന നമുക്ക് വലിയ പ്രോത്സാഹനം ലഭിക്കുന്നത് ഇവയിലൂടെയാണ്.
[19] ഈ പ്രത്യാശ നമ്മുടെ പ്രാണന് തിരശ്ശീലയ്ക്കകത്തേക്ക് പ്രവേശിക്കാൻ പര്യാപ്തമായ സുദൃഢവും സുഭദ്രവുമായ ഒരു നങ്കൂരം ആകുന്നു!
[20] അവിടെയാകട്ടെ, നമ്മെ പ്രതിനിധാനംചെയ്തുകൊണ്ട് യേശു മൽക്കീസേദെക്കിന്റെ ക്രമപ്രകാരമുള്ള നിത്യമഹാപുരോഹിതനായി നമുക്കുമുമ്പേ പ്രവേശിച്ചിരിക്കുന്നു.