Skip to content
Opens in a new window
Listen to this chapter • 2:56

[1] നമ്മുടെ ചർച്ചയുടെ സാരം ഇതാണ്: സ്വർഗത്തിൽ മഹത്ത്വമേറിയ സിംഹാസനത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായ ഒരു മഹാപുരോഹിതൻ നമുക്കുണ്ട്.

[2] ആ മഹാപുരോഹിതൻ വിശുദ്ധസ്ഥലത്ത്—മനുഷ്യനല്ല, കർത്താവുതന്നെ സ്ഥാപിച്ച യഥാർഥമായ കൂടാരത്തിൽ—ശുശ്രൂഷ ചെയ്യുന്ന ആളാണ്.

[3] വഴിപാടുകളും യാഗങ്ങളും അർപ്പിക്കാനാണ് ഓരോ മഹാപുരോഹിതനും നിയമിക്കപ്പെടുന്നത്, ഈ മഹാപുരോഹിതനും യാഗാർപ്പണം നടത്തേണ്ട ആളാണ്.

[4] ഭൂമിയിലായിരുന്നെങ്കിൽ അദ്ദേഹം പുരോഹിതനാകുമായിരുന്നില്ല, കാരണം, ന്യായപ്രമാണപ്രകാരമുള്ള വഴിപാടുകൾ അർപ്പിക്കുന്ന പുരോഹിതന്മാർ അവിടെ ഉണ്ടല്ലോ.

[5] അവർ സ്വർഗത്തിലുള്ളതിന്റെ നിഴലും സാദൃശ്യവുമായതിൽ ശുശ്രൂഷ ചെയ്യുന്നു. മോശ സമാഗമനകൂടാരം പണിയാനാരംഭിച്ചപ്പോൾ (ദൈവത്തിൽനിന്ന്) തനിക്കു ലഭിച്ച നിർദേശം, “പർവതത്തിൽ നിനക്കു കാണിച്ചുതന്ന മാതൃകപ്രകാരം സകലവും കൃത്യമായി നിർമിക്കുക” എന്നാണ്.

[6] പഴയതിലും മാഹാത്മ്യമേറിയതാണ് യേശുവിന് ഇപ്പോൾ ലഭിച്ച ശുശ്രൂഷ. പുതിയ ഉടമ്പടി അധിഷ്ഠിതമായിരിക്കുന്നത് ശ്രേഷ്ഠതരങ്ങളായ വാഗ്ദാനങ്ങളിന്മേൽ ആകയാൽ പഴയതിലും മാഹാത്മ്യമേറിയ ഒരു ഉടമ്പടിയുടെ മധ്യസ്ഥനാണ് അദ്ദേഹം.

[7] എന്നാൽ, ഒന്നാംഉടമ്പടി കുറ്റമറ്റതായിരുന്നുവെങ്കിൽ രണ്ടാമത്തെ ഉടമ്പടിക്ക് സാംഗത്യം ഉണ്ടാകുമായിരുന്നില്ലല്ലോ?

[8] അവരിൽ കുറ്റം ആരോപിച്ചുകൊണ്ടു കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഇസ്രായേൽഗൃഹത്തോട് അതേ യെഹൂദഗൃഹത്തോടുതന്നെ പുതിയൊരു ഉടമ്പടി ചെയ്യുന്ന കാലം വരുന്നെന്ന് കർത്താവിന്റെ അരുളപ്പാട്.

[9] ഞാൻ അവരുടെ പൂർവികരെ ഈജിപ്റ്റിൽനിന്നു സ്വതന്ത്രരാക്കാനായി കൈക്കുപിടിച്ചു പുറത്തേക്കു കൊണ്ടുവന്നപ്പോൾ ചെയ്ത ഉടമ്പടിപോലെയുള്ളത് അല്ലായിരിക്കും ഇത്. അവർ എന്റെ ഉടമ്പടിയോടു വിശ്വസ്തതപുലർത്താതിരുന്നതിനാൽ ഞാൻ അവരെ തിരസ്കരിച്ചുകളഞ്ഞു. എന്നു കർത്താവ് അരുളിച്ചെയ്യുന്നു.

[10] ഇതാകുന്നു ആ കാലത്തിനുശേഷം ഞാൻ ഇസ്രായേൽഗൃഹത്തോട് ചെയ്യാനിരിക്കുന്ന ഉടമ്പടി ഇതാണ്: ഞാൻ എന്റെ നിയമങ്ങൾ അവരുടെ മനസ്സിന്റെയുള്ളിൽ വെക്കും അവരുടെ ഹൃദയങ്ങളിൽത്തന്നെ അവ ആലേഖനംചെയ്യും. ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവും ആയിരിക്കും.

[11] ഇനിയൊരിക്കലും അവർ അവരവരുടെ അയൽക്കാരോടോ സഹോദരങ്ങളോടോ ‘കർത്താവിനെ അറിയുക’ എന്ന് ഉപദേശിക്കുകയില്ല. കാരണം അവരിൽ ഏറ്റവും താഴേക്കിടയിലുള്ള ആൾമുതൽ ഏറ്റവും ഉന്നതർവരെ എല്ലാവരും എന്നെ അറിയും.

[12] ഞാൻ അവരുടെ ദുഷ് പ്രവൃത്തികൾ ക്ഷമിക്കും; അവരുടെ പാപങ്ങൾ ഇനിമേൽ ഞാൻ സ്മരണയിൽ വെക്കുകയുമില്ല.” എന്ന് കർത്താവ് അരുളിച്ചെയ്യുന്നു.

[13] അവിടന്ന് ഈ ഉടമ്പടിയെ “പുതിയത്” എന്നു വിളിക്കുന്നതിലൂടെ ആദ്യത്തേതിനു സാംഗത്യമില്ലാത്തതായിത്തീർന്നു എന്നു പ്രഖ്യാപിക്കുകയാണ്. കാലഹരണപ്പെട്ടതും പഴഞ്ചനും ആയതൊക്കെ അതിവേഗം അപ്രത്യക്ഷമാകും.

എബ്രായർക്ക് എഴുതിയ ലേഖനം — Chapters