[1] ഇസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ (ആദ്യജാതൻ അവനായിരുന്നു, എന്നാൽ അവൻ തന്റെ പിതാവിന്റെ കിടക്ക അശുദ്ധമാക്കിയതിനാൽ ജ്യേഷ്ഠൻ എന്നനിലയിൽ അവനു ലഭിക്കേണ്ട അവകാശങ്ങൾ, ഇസ്രായേലിന്റെ മകനായ യോസേഫിന്റെ പുത്രന്മാർക്കു നൽകപ്പെട്ടു; അതുകൊണ്ട് തന്റെ ജന്മാവകാശപ്രകാരമുള്ള സ്ഥാനം വംശാവലി രേഖകളിലും അവനു ലഭിച്ചില്ല.
[2] യെഹൂദാ തന്റെ സഹോദരന്മാരിൽവെച്ച് ഏറ്റവും പ്രബലനായിരുന്നു; ഒരു ഭരണാധിപനും അവനിൽനിന്നാണ് ഉണ്ടായത്; എന്നിരുന്നാലും ജ്യേഷ്ഠാവകാശങ്ങൾ യോസേഫിനു ലഭിച്ചു)—
[3] ഇസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ: ഹാനോക്ക്, ഫല്ലൂ, ഹെസ്രോൻ, കർമി.
[4] യോവേലിന്റെ പുത്രന്മാർ: അദ്ദേഹത്തിന്റെ മകൻ ശെമയ്യാവ്, ശെമയ്യാവിന്റെ മകൻ ഗോഗ്, ഗോഗിന്റെ മകൻ ശിമെയി,
[5] ശിമെയിയുടെ മകൻ മീഖാ, മീഖായുടെ മകൻ രെയായാവ്, രെയായാവിന്റെ മകൻ ബാൽ,
[6] ബാലിന്റെ മകൻ ബെയേരാ, അയാളെ അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസർ പ്രവാസിയായി പിടിച്ചുകൊണ്ടുപോയി. ബെയേരാ രൂബേന്യരുടെ നായകനായിരുന്നു.
[7] അവരുടെ വംശാവലിരേഖകളിൽ ചേർത്തിരിക്കുന്നപ്രകാരം കുലമനുസരിച്ച് അവരുടെ ബന്ധുക്കൾ: തലവനായ യെയീയേൽ, സെഖര്യാവ്,
[8] യോവേലിന്റെ മകനായ ശേമയുടെ മകനായ ആസാസിന്റെ മകൻ ബേലാ. അവർ അരോയേർമുതൽ നെബോവും ബാൽ-മെയോനുംവരെയുള്ള പ്രദേശങ്ങളിൽ താമസിച്ചിരുന്നു.
[9] ഗിലെയാദിൽ അവരുടെ കന്നുകാലികൾ ഏറ്റവും പെരുകിയിരുന്നതിനാൽ കിഴക്കോട്ട് മരുഭൂമിയുടെ അതിരുവരെയും യൂഫ്രട്ടീസ് നദിവരെയും ഉള്ള ഭൂപ്രദേശങ്ങൾ അവർ കൈവശപ്പെടുത്തിയിരുന്നു.
[10] ശൗലിന്റെ ഭരണകാലത്ത് അവർ ഹഗ്രീയിമ്യരോടു യുദ്ധത്തിലേർപ്പെട്ടു. ഹഗ്രീയിമ്യർ അവരുടെ കൈയാൽ തോൽപ്പിക്കപ്പെട്ടു. ഗിലെയാദിനു കിഴക്ക് ഹഗ്രീയിമ്യർക്ക് ഉണ്ടായിരുന്ന അധിനിവേശങ്ങളെല്ലാം അവർ കൈവശമാക്കി.
[11] ഗാദ്യർ രൂബേന്യർക്ക് അടുത്ത് ബാശാനിൽ സൽക്കാവരെ അധിവസിച്ചിരുന്നു.
[12] യോവേൽ ആയിരുന്നു ബാശാനിലെ അവരുടെ തലവൻ. രണ്ടാമൻ ശാഫാം, പിന്നെ യനായിയും ശാഫാത്തും.
[13] കുടുംബവഴിക്ക് അവരുടെ ബന്ധുക്കളായവർ എല്ലാവരുംകൂടി മീഖായേൽ, മെശുല്ലാം, ശേബ, യോരായി, യക്കാൻ, സീയ, ഏബെർ എന്നീ ഏഴുപേർ ഉണ്ടായിരുന്നു.
[14] ഹൂരിയുടെ മകനായ അബീഹയീലിന്റെ പുത്രന്മാർ ഇവരായിരുന്നു. ഹൂരി യാരോഹയുടെ മകൻ, യാരോഹ ഗിലെയാദിന്റെ മകൻ, ഗിലെയാദ് മീഖായേലിന്റെ മകൻ, മീഖായേൽ യെശീശയുടെ മകൻ, യെശീശ യഹദോയുടെ മകൻ, യഹദോ ബൂസിന്റെ മകൻ.
[15] ഗൂനിയുടെ മകനായ അബ്ദിയേലിന്റെ മകൻ അഹി അവരുടെ കുടുംബത്തലവനായിരുന്നു.
[16] ഗിലെയാദിലും ബാശാനിലും അതിനോടുചേർന്നുള്ള ഗ്രാമങ്ങളിലും ശാരോനിലെ പുൽപ്പുറങ്ങളിൽ അവർ ചെന്നെത്തിയിടത്തോളം ഭാഗങ്ങളിലും ഗാദ്യർ താമസിച്ചിരുന്നു.
[17] യെഹൂദാരാജാവായ യോഥാമിന്റെയും ഇസ്രായേൽരാജാവായ യൊരോബെയാമിന്റെയും ഭരണകാലത്തെ വംശാവലിരേഖകളിൽ ഇവയെല്ലാം ചേർത്തിരുന്നു.
[18] രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ അർധഗോത്രത്തിനുംകൂടി യുദ്ധസജ്ജരായ 44,760 ഭടന്മാരുണ്ടായിരുന്നു. അവർ നല്ല കായികശേഷിയുള്ളവരും വാളും പരിചയും അമ്പും വില്ലും പ്രയോഗിക്കാൻ പ്രാപ്തരും നല്ല ആയോധനപരിശീലനം നേടിയവരും ആയിരുന്നു.
[19] അവർ ഹഗ്രീയിമ്യരോടും യെതൂർ, നാഫീശ്, നോദാബ് എന്നിവരോടും യുദ്ധം നടത്തി.
[20] യുദ്ധംനടന്നുകൊണ്ടിരുന്നപ്പോൾ അവർ ദൈവത്തോടു നിലവിളിച്ചു; അവർ ദൈവത്തിൽ വിശ്വസിച്ചതുകൊണ്ട് അവിടന്ന് അവരുടെ പ്രാർഥനയ്ക്ക് ഉത്തരമരുളി: ഹഗ്രീയിമ്യരെയും അവരുടെ എല്ലാ സഖ്യകക്ഷികളെയും ദൈവം അവരുടെ കൈയിൽ ഏൽപ്പിച്ചു.
[21] അവർ ഹഗ്രീയിമ്യരുടെ മൃഗസമ്പത്തു പിടിച്ചെടുത്തു—അൻപതിനായിരം ഒട്ടകം, രണ്ടരലക്ഷം ആട്, രണ്ടായിരം കഴുത എന്നിവയെത്തന്നെ. ഒരുലക്ഷം ആളുകളെയും അവർ അടിമകളായി പിടിച്ചു.
[22] യുദ്ധം ദൈവത്തിന്റേതായതിനാൽ മറ്റനവധിപേരും കൊല്ലപ്പെട്ടവരായി വീണു. അതിനെത്തുടർന്ന് പ്രവാസകാലംവരെ അവർ ആ പ്രദേശത്തു താമസിച്ചു.
[23] മനശ്ശെയുടെ അർധഗോത്രത്തിലെ ജനങ്ങൾ അസംഖ്യമായിരുന്നു. ബാശാൻമുതൽ ബാൽ-ഹെർമോനും സെനീരും ഹെർമോൻ പർവതവുംവരെ അവർ നിവസിച്ചിരുന്നു.
[24] അവരുടെ പിതൃഭവനത്തലവന്മാർ ഇവരായിരുന്നു: ഏഫെർ, യിശി, എലീയേൽ, അസ്രീയേൽ, യിരെമ്യാവ്, ഹോദവ്യാവ്, യഹദീയേൽ. അവർ ധീരയോദ്ധാക്കളും കീർത്തികേട്ടവരും തങ്ങളുടെ പിതൃഭവനങ്ങൾക്കു തലവന്മാരും ആയിരുന്നു.
[25] എന്നാൽ അവർ തങ്ങളുടെ പൂർവികരുടെ ദൈവത്തോട് അവിശ്വസ്തരായിത്തീർന്നു. ദൈവം തങ്ങളുടെമുമ്പിൽനിന്ന് ഉന്മൂലനംചെയ്ത തദ്ദേശീയരായ ജനതകളുടെ ദേവന്മാരെ അവർ സേവിക്കുകയും ആ പരസംഗത്താൽ തങ്ങളെത്തന്നെ മലിനമാക്കുകയും ചെയ്തു.
[26] അതിനാൽ ഇസ്രായേലിന്റെ ദൈവം—തിഗ്ലത്ത്-പിലേസർ എന്നും അറിയപ്പെട്ടിരുന്ന—അശ്ശൂർരാജാവായ പൂലിന്റെ മനസ്സിനെ ഉത്തേജിപ്പിച്ചു. അതുകൊണ്ട് അദ്ദേഹം രൂബേന്യരെയും ഗാദ്യരെയും മനശ്ശെയുടെ അർധഗോത്രക്കാരെയും പ്രവാസികളായി പിടിച്ചുകൊണ്ടുപോയി. അദ്ദേഹം അവരെ ഹലഹിലേക്കും ഹാബോരിലേക്കും ഹാരയിലേക്കും ഗോസാൻ നദീതീരത്തേക്കും കൊണ്ടുപോയി. അവിടെ അവർ ഇന്നുവരെ താമസിച്ചുവരുന്നു.