Skip to content
Opens in a new window

[1] കാലക്രമേണ ദാവീദ് ഫെലിസ്ത്യരെ തോൽപ്പിച്ചു കീഴടക്കി. അവരുടെ അധീനതയിൽനിന്നു ഗത്തും അതിനുചുറ്റുമുള്ള ഗ്രാമങ്ങളും അദ്ദേഹം പിടിച്ചെടുത്തു.

[2] ദാവീദ് മോവാബ്യരെയും തോൽപ്പിച്ചു. അവർ ദാവീദിന് അടിമകളായി കപ്പം കൊടുത്തു.

[3] കൂടാതെ, സോബാരാജാവായ ഹദദേസർ ഹമാത്തിന്റെ പരിസരപ്രദേശങ്ങളിലെല്ലാം തന്റെ ആധിപത്യം ഉറപ്പിക്കാൻ പുറപ്പെട്ടപ്പോൾ ദാവീദ് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ അധികാരപരിധിയിലുള്ള യൂഫ്രട്ടീസ് നദിവരെയും കീഴടക്കി.

[4] അദ്ദേഹത്തിന്റെ ആയിരം രഥങ്ങളെയും ഏഴായിരം കുതിരച്ചേവകരെയും ഇരുപതിനായിരം കാലാളുകളെയും ദാവീദ് പിടിച്ചെടുത്തു. നൂറു രഥക്കുതിരകളെ ഒഴിച്ച് ബാക്കിവന്ന എല്ലാറ്റിനെയും ദാവീദ് കുതിഞരമ്പു ഛേദിച്ചു മുടന്തരാക്കി.

[5] ദമസ്കോസിൽനിന്നുള്ള അരാമ്യർ സോബാരാജാവായ ഹദദേസറിനെ സഹായിക്കാനെത്തിയപ്പോൾ അവരിൽ ഇരുപതിനായിരംപേരെ ദാവീദ് സംഹരിച്ചു.

[6] അരാമ്യരുടെ രാജ്യത്തുള്ള ദമസ്കോസിൽ അദ്ദേഹം ഒരു കാവൽസേനാകേന്ദ്രം സ്ഥാപിച്ചു. അരാമ്യർ ദാവീദിന് അടിമകളായിത്തീർന്ന്, കപ്പം കൊണ്ടുവന്നു. ദാവീദു ചെന്ന ഇടങ്ങളിലെല്ലാം യഹോവ അദ്ദേഹത്തിനു വിജയം നൽകി.

[7] ഹദദേസറിന്റെ സൈന്യാധിപന്മാർ വഹിച്ചിരുന്ന സ്വർണപ്പരിചകൾ ദാവീദ് പിടിച്ചെടുത്ത് ജെറുശലേമിലേക്കു കൊണ്ടുവന്നു.

[8] ഹദദേസറിന്റെ അധീനതയിലെ പട്ടണങ്ങളായ തിബ്ഹാത്തിൽനിന്നും കുനിൽനിന്നും ദാവീദുരാജാവ് ധാരാളം വെങ്കലവും കൈവശപ്പെടുത്തി. വെങ്കലംകൊണ്ടുള്ള വലിയ ജലസംഭരണിയും സ്തൂപങ്ങളും മറ്റു വെങ്കല ഉപകരണങ്ങളും ഉണ്ടാക്കുന്നതിന് ശലോമോൻ ഇത് ഉപയോഗപ്പെടുത്തി.

[9] ദാവീദ് സോബാരാജാവായ ഹദദേസറിന്റെ സകലസൈന്യത്തെയും തോൽപ്പിച്ചു എന്ന് ഹമാത്ത് രാജാവായ തോയി കേട്ടപ്പോൾ,

[10] ദാവീദുരാജാവിനെ അഭിവാദനം ചെയ്യുന്നതിനും യുദ്ധത്തിൽ അദ്ദേഹം ഹദദേസരിന്മേൽ നേടിയ വിജയത്തിൽ അഭിനന്ദിക്കുന്നതിനുമായി, തോയി തന്റെ മകനായ ഹദോരാമിനെ അയച്ചു. ഹദദേസരും തോയി രാജാവുമായി കൂടെക്കൂടെ യുദ്ധമുണ്ടായിരുന്നു. സ്വർണം, വെള്ളി, വെങ്കലം ഇവകൊണ്ടുള്ള സകലവിധ ഉപകരണങ്ങളും ഹദോരാം കാഴ്ചയായി കൊണ്ടുവന്നിരുന്നു.

[11] താൻ കീഴടക്കിയ ഏദോമ്യർ, മോവാബ്യർ, അമ്മോന്യർ, ഫെലിസ്ത്യർ, അമാലേക്യർ എന്നിവരുടെ രാജ്യങ്ങളിൽനിന്നെല്ലാം പിടിച്ചെടുത്ത സ്വർണവും വെള്ളിയുംപോലെതന്നെ യോരാം കൊണ്ടുവന്ന സാധനങ്ങളും ദാവീദ് രാജാവ് യഹോവയ്ക്കായി സമർപ്പിച്ചു.

[12] സെരൂയയുടെ മകനായ അബീശായി ഉപ്പുതാഴ്വരയിൽവെച്ച് പതിനെണ്ണായിരം ഏദോമ്യരെ സംഹരിച്ചു.

[13] അദ്ദേഹം ഏദോമിൽ കാവൽസേനാകേന്ദ്രങ്ങൾ സ്ഥാപിച്ചു; ഏദോമ്യരെല്ലാം ദാവീദിന്റെ അടിമകളായിത്തീർന്നു. ദാവീദ് ചെന്ന ഇടങ്ങളിലെല്ലാം യഹോവ അദ്ദേഹത്തിനു വിജയം നൽകി.

[14] തന്റെ ജനങ്ങൾക്കെല്ലാം നീതിയും ന്യായവും പാലിച്ചുകൊണ്ട് ദാവീദ് സമസ്തഇസ്രായേലിനും രാജാവായി വാണു.

[15] സെരൂയയുടെ മകനായ യോവാബ് സൈന്യാധിപനും അഹീലൂദിന്റെ മകനായ യെഹോശാഫാത്ത് രാജകീയ രേഖാപാലകനും ആയിരുന്നു.

[16] അഹീതൂബിന്റെ മകനായ സാദോക്കും അബ്യാഥാരിന്റെ മകനായ അഹീമെലെക്കും പുരോഹിതന്മാരും ശവ്ശാ ലേഖകനും ആയിരുന്നു.

[17] യെഹോയാദായുടെ മകനായ ബെനായാവ് കെരീത്യർക്കും പ്ളേത്യർക്കും അധിപതിയായിരുന്നു. ദാവീദിന്റെ പുത്രന്മാർ രാജാവിന്റെ മുഖ്യസേവകന്മാരും ആയിരുന്നു.

ദിനവൃത്താന്തം: ഒന്നാംപുസ്തകം — Chapters