[1] ദ്വാരപാലകരുടെ ഗണങ്ങൾ: കോരഹ്യരിൽനിന്ന്: ആസാഫിന്റെ പുത്രന്മാരിലൊരാളായ കോരേയുടെ മകൻ മെശേലെമ്യാവ്.
[2] മെശേലെമ്യാവിന്റെ പുത്രന്മാർ: ആദ്യജാതനായ സെഖര്യാവ്, രണ്ടാമനായ യെദീയയേൽ, മൂന്നാമനായ സെബദ്യാവ്, നാലാമനായ യത്നീയേൽ,
[3] അഞ്ചാമനായ ഏലാം, ആറാമനായ യെഹോഹാനാൻ, ഏഴാമനായ എല്യോഹോവേനായി.
[4] ഓബേദ്-ഏദോമിന്റെ പുത്രന്മാരും ദ്വാരപാലകഗണത്തിൽ ഉണ്ടായിരുന്നു: ആദ്യജാതനായ ശെമയ്യാവ്, രണ്ടാമനായ യെഹോസാബാദ്, മൂന്നാമനായ യോവാഹ്, നാലാമനായ സാഖാർ, അഞ്ചാമനായ നെഥനയേൽ,
[5] ആറാമനായ അമ്മീയേൽ, ഏഴാമനായ യിസ്സാഖാർ, എട്ടാമനായ പെയൂലെഥായി. (ദൈവം ഓബേദ്-ഏദോമിനെ അനുഗ്രഹിച്ചിരുന്നു.)
[6] ഓബേദ്-ഏദോമിന്റെ മകനായ ശെമയ്യാവിനും പുത്രന്മാർ ഉണ്ടായിരുന്നു. അവർ പരാക്രമശാലികളായിരുന്നതിനാൽ തങ്ങളുടെ പിതൃഭവനങ്ങൾക്കു നായകന്മാരായിരുന്നു.
[7] ശെമയ്യാവിന്റെ പുത്രന്മാർ: ഒത്നി, രഫായേൽ, ഓബേദ്, എൽസാബാദ്. അദ്ദേഹത്തിന്റെ ബന്ധുക്കാരായ എലീഹൂ, സെമഖ്യാവ് എന്നിവരും കഴിവുള്ളവരായിരുന്നു.
[8] ഇവരെല്ലാം ഓബേദ്-ഏദോമിന്റെ പിൻഗാമികളായിരുന്നു. അവരും അവരുടെ പുത്രന്മാരും ബന്ധുക്കളും ശുശ്രൂഷയിൽ നിപുണന്മാരായിരുന്നു. ഓബേദ്-ഏദോമിന്റെ പിൻഗാമികൾ ആകെ അറുപത്തിരണ്ടുപേർ.
[9] മെശേലെമ്യാവിനും കഴിവുറ്റവരായ പുത്രന്മാരും ബന്ധുക്കളും ഉണ്ടായിരുന്നു. അവർ ആകെ പതിനെട്ടുപേർ.
[10] മെരാര്യനായ ഹോസയ്ക്കും പുത്രന്മാരുണ്ടായിരുന്നു: ഒന്നാമനായ ശിമ്രി. അദ്ദേഹം ആദ്യജാതനായിരുന്നില്ല. എന്നിട്ടും പിതാവായ ഹോസ അദ്ദേഹത്തെ ഒന്നാമനായി അവരോധിച്ചു.
[11] രണ്ടാമനായ ഹിൽക്കിയാവ്, മൂന്നാമനായ തെബല്യാവ്, നാലാമനായ സെഖര്യാവ്. ഹോസയുടെ പുത്രന്മാരും ബന്ധുക്കളുമായി ആകെ പതിമ്മൂന്നുപേർ.
[12] ഈ ദ്വാരപാലകഗണങ്ങൾക്ക് അവരുടെ ബന്ധുക്കൾക്ക് ഉണ്ടായിരുന്നതുപോലെതന്നെ യഹോവയുടെ ആലയത്തിലെ ശുശ്രൂഷകൾക്കുള്ള ചുമതലയും ഉണ്ടായിരുന്നു. ഈ ചുമതലകൾ ഗണങ്ങളുടെ തലവന്മാർ മുഖാന്തരം നിർണയിക്കപ്പെട്ടിരുന്നു.
[13] ഓരോ കവാടത്തിലെയും കാവൽ ചുമതല നറുക്കിട്ടു നിശ്ചയിക്കപ്പെട്ടിരുന്നു. കുടുംബങ്ങളുടെ ക്രമമനുസരിച്ചും ചെറുപ്പക്കാർക്കും മുതിർന്നവർക്കും ഒരുപോലെയും ആ ചുമതല നിശ്ചയിക്കപ്പെട്ടിരുന്നു.
[14] കിഴക്കേ കവാടത്തിനുള്ള നറുക്ക് ശെലെമ്യാവിന് വീണു. അതിനുശേഷം അദ്ദേഹത്തിന്റെ മകനും വിവേകശാലിയായ ഉപദേഷ്ടാവുമായ സെഖര്യാവിനുവേണ്ടി നറുക്കിട്ടു. അദ്ദേഹത്തിന് വടക്കേ കവാടത്തിനുള്ള നറുക്കുവീണു.
[15] തെക്കേ കവാടത്തിനുള്ള നറുക്ക് ഓബേദ്-ഏദോമിനു വീണു. സംഭരണശാലയ്ക്കുള്ള നറുക്ക് അദ്ദേഹത്തിന്റെ പുത്രന്മാർക്കും വീണു.
[16] പടിഞ്ഞാറേ കവാടത്തിലും കയറ്റത്തിലെ ശല്ലേ-ഖെത്ത് കവാടത്തിലും കാവലിനുള്ള നറുക്കുകൾ ശൂപ്പീമിനും ഹോസെക്കിനും വീണു. കാവൽക്കാർ, ഒരാൾ മറ്റൊരാളുടെ അരികത്തായി കാവൽ ചെയ്തിരുന്നു:
[17] ദിവസംമുഴുവനും കിഴക്കേകവാടത്തിൽ ആറു ലേവ്യരും വടക്കേ കവാടത്തിൽ നാലും തെക്കേ കവാടത്തിൽ നാലും ഭണ്ഡാരഗൃഹത്തിങ്കൽ ഒരേസമയം ഈരണ്ടുപേരും കാവൽ നിന്നിരുന്നു.
[18] ദൈവാലയാങ്കണത്തിനു പടിഞ്ഞാറുള്ള വഴിയിൽ നാലുപേരും അങ്കണത്തിൽ രണ്ടുപേരും ഉണ്ടായിരുന്നു.
[19] കോരഹിന്റെയും മെരാരിയുടെയും പിൻഗാമികളായ ദ്വാരപാലകഗണങ്ങൾ ഇവരായിരുന്നു.
[20] അവരുടെ സഹോദരന്മാരായ മറ്റു ലേവ്യർ ദൈവാലയത്തിലെ ഭണ്ഡാരപ്പുരകളുടെയും വിശുദ്ധവസ്തുക്കൾ സൂക്ഷിക്കുന്ന ഭണ്ഡാരപ്പുരകളുടെയും ചുമതലക്കാരായിരുന്നു.
[21] ലദ്ദാന്റെ പിൻഗാമികൾ—ഗെർശോനിലൂടെയാണ് ഇവർ ലയെദാന്റെ സന്തതികളായത്—ഗെർശോന്യനായ ലദ്ദാന്റെ കുടുംബങ്ങൾക്കെല്ലാം തലവന്മാരും ആയിരുന്ന യെഹീയേലും,
[22] യെഹീയേലിന്റെ പുത്രന്മാരും സേഥാമും അദ്ദേഹത്തിന്റെ സഹോദരൻ യോവേലും. അവർ യഹോവയുടെ ആലയത്തിലെ ഭണ്ഡാരങ്ങളുടെ ചുമതല വഹിച്ചിരുന്നു.
[23] അമ്രാമ്യർ, യിസ്ഹാര്യർ, ഹെബ്രോന്യർ, ഉസ്സീയേല്യർ എന്നിവരെ സംബന്ധിച്ച വിവരങ്ങൾ:
[24] മോശയുടെ മകനായ ഗെർശോമിന്റെ ഒരു പിൻഗാമിയായ ശെബൂവേൽ ഭണ്ഡാരങ്ങളുടെ മുഖ്യഅധികാരിയായിരുന്നു.
[25] എലീയേസർവഴി അദ്ദേഹത്തിന്റെ ബന്ധുജനങ്ങളായവർ: എലീയേസരിന്റെ മകൻ രെഹബ്യാവ്, അദ്ദേഹത്തിന്റെ മകൻ യെശയ്യാവ്, യെശയ്യാവിന്റെ മകൻ യോരാം, യോരാമിന്റെ മകൻ സിക്രി, സിക്രിയുടെ മകൻ ശെലോമോത്ത്.
[26] ദാവീദ് രാജാവും സഹസ്രാധിപന്മാരും ശതാധിപന്മാരുമായ കുടുംബത്തലവന്മാരും മറ്റു സൈന്യാധിപന്മാരും സമർപ്പിച്ചിരുന്ന വസ്തുക്കളുടെ ഭണ്ഡാരങ്ങൾക്ക് ശെലോമോത്തും അദ്ദേഹത്തിന്റെ ബന്ധുക്കളും ചുമതലക്കാരായിരുന്നു.
[27] യുദ്ധത്തിൽ പിടിച്ചെടുത്ത കൊള്ളമുതലുകളിൽ ചിലത് അവർ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റപ്പണികൾക്കായി സമർപ്പിച്ചിരുന്നു.
[28] ദർശകനായ ശമുവേലും കീശിന്റെ മകനായ ശൗലും നേരിന്റെ മകനായ അബ്നേരും സെരൂയയുടെ മകനായ യോവാബും സമർപ്പിച്ചിരുന്ന വസ്തുക്കളും സകലസമർപ്പിതവസ്തുക്കളും ശെലോമീത്തിന്റെയും അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും സൂക്ഷിപ്പിലായിരുന്നു.
[29] യിസ്ഹാര്യരിൽനിന്ന്: കെനന്യാവും അദ്ദേഹത്തിന്റെ പുത്രന്മാരും ദൈവാലയത്തിനു വെളിയിൽ ഇസ്രായേലിന് അധികാരികളും ന്യായാധിപന്മാരും ആയിരുന്നു.
[30] ഹെബ്രോന്യരിൽനിന്ന്: ഹശബ്യാവും അദ്ദേഹത്തിന്റെ ബന്ധുക്കളും ആയി ആയിരത്തി എഴുനൂറു പ്രഗൽഭന്മാർ ഇസ്രായേലിൽ യോർദാൻനദിക്കു പടിഞ്ഞാറ് യഹോവയുടെ എല്ലാ ശുശ്രൂഷകൾക്കും രാജസേവനത്തിനും ചുമതലപ്പെട്ടവരായി ഉണ്ടായിരുന്നു.
[31] ഹെബ്രോന്യരുടെ കുടുംബപരമായ വംശാവലിരേഖകൾ അനുസരിച്ച് യെരീയാവായിരുന്നു ഹെബ്രോന്യരുടെ തലവൻ. ദാവീദിന്റെ ഭരണത്തിന്റെ നാൽപ്പതാമാണ്ടിൽ രേഖകൾവെച്ചു നടത്തിയ അന്വേഷണത്തിൽ ഗിലെയാദിലെ യാസേരിൽ പ്രാപ്തരായ ചില ഹെബ്രോന്യരെ കണ്ടെത്തി.
[32] യെരീയാവിന് പ്രഗൽഭന്മാരും കുടുംബത്തലവന്മാരുമായ 2,700 ബന്ധുജനങ്ങൾ ഉണ്ടായിരുന്നു. ദൈവിക ശുശ്രൂഷകളും രാജകീയമായ ഏതു കാര്യവും നിർവഹിക്കുന്നതിനുമായി ദാവീദുരാജാവ് അവരെ രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ അർധഗോത്രത്തിന്റെയും മേൽവിചാരകന്മാരാക്കി നിയമിച്ചു.