Skip to content
Opens in a new window

[1] ദാവീദ് സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും, അങ്ങനെ തന്റെ അധിപതിമാരിൽ ഓരോരുത്തരോടും കൂടിയാലോചിച്ചു.

[2] അതിനുശേഷം ദാവീദ് ഇസ്രായേലിന്റെ സർവസഭയോടുമായി പറഞ്ഞത്: “ഞാൻ ഈ പറയുന്നത് നിങ്ങൾക്കു സമ്മതവും നമ്മുടെ ദൈവമായ യഹോവയ്ക്കു ഹിതവും ആണെങ്കിൽ, ഇസ്രായേൽദേശത്തെങ്ങുമുള്ള നമ്മുടെ സഹോദരന്മാരെയും നഗരങ്ങളിലും മേച്ചിൽപ്പുറങ്ങളിലും അവരോടൊപ്പം കഴിയുന്ന പുരോഹിതന്മാരെയും ലേവ്യരെയും നമുക്ക് ആളയച്ച് ഇവിടെ കൂട്ടിവരുത്താം.

[3] നമ്മുടെ ദൈവത്തിന്റെ പേടകം വീണ്ടും നമ്മുടെ അടുക്കൽ കൊണ്ടുവരാം. ശൗലിന്റെ ഭരണകാലത്ത് നാം അതിനെപ്പറ്റി പരിഗണിച്ചില്ലല്ലോ!”

[4] ജനങ്ങൾക്കെല്ലാം അതു ശരിയായിത്തോന്നി, അതുകൊണ്ട് ആ സഭ ഒന്നടങ്കം അപ്രകാരം ചെയ്യാൻ സമ്മതിച്ചു.

[5] അങ്ങനെ ദാവീദ് ദൈവത്തിന്റെ പേടകം കിര്യത്ത്-യെയാരീമിൽനിന്നു കൊണ്ടുവരുന്നതിനായി ഈജിപ്റ്റിലെ സീഹോർനദിമുതൽ ലെബോ-ഹമാത്തിന്റെ പ്രവേശനകവാടംവരെയുള്ള ഇസ്രായേല്യരെ ആകമാനം വിളിച്ചുവരുത്തി.

[6] കെരൂബുകളുടെ മധ്യേ സിംഹാസനസ്ഥനായിരിക്കുന്ന ദൈവമായ യഹോവയുടെ നാമത്തിൽ വിളിക്കപ്പെടുന്ന പേടകം കൊണ്ടുവരുന്നതിനായി ദാവീദ് ഇസ്രായേല്യരെയെല്ലാം കൂട്ടിക്കൊണ്ട് യെഹൂദ്യയിലെ കിര്യത്ത്-യെയാരീം എന്നറിയപ്പെടുന്ന ബാലായിൽച്ചെന്നു.

[7] അവർ ദൈവത്തിന്റെ പേടകം അബീനാദാബിന്റെ ഭവനത്തിൽനിന്ന് ഒരു പുതിയ വണ്ടിയിൽ കയറ്റി; ഉസ്സയും അഹ്യോവും വണ്ടി തെളിച്ചു.

[8] ദാവീദും ഇസ്രായേല്യരെല്ലാവരും ദൈവസന്നിധിയിൽ സർവശക്തിയോടുംകൂടെ കിന്നരം, വീണ, തപ്പ്, ഇലത്താളം, കാഹളം എന്നിവ ഉപയോഗിച്ച് പാട്ടു പാടിയും നൃത്തംചെയ്തും അനുഗമിച്ചിരുന്നു.

[9] അവർ കീദോന്റെ മെതിക്കളത്തിൽ എത്തിയപ്പോൾ കാള വിരണ്ടതിനാൽ ഉസ്സ പേടകം പിടിക്കാൻ കൈനീട്ടി.

[10] യഹോവയുടെ ക്രോധം ഉസ്സയുടെനേരേ ജ്വലിച്ചു. അവൻ പേടകം തൊട്ടതിനാൽ യഹോവ അയാളെ സംഹരിച്ചു. അവൻ അവിടെ ദൈവസന്നിധിയിൽ മരിച്ചുവീണു.

[11] യഹോവയുടെ ക്രോധം ഉസ്സയുടെമേൽ പതിച്ചതിനാൽ ദാവീദ് ദുഃഖിതനായി. ആ സ്ഥലം ഇന്നുവരെയും ഫേരെസ്സ്-ഉസ്സ എന്നു വിളിച്ചുവരുന്നു.

[12] അന്നു ദാവീദ് ദൈവത്തെ ഭയപ്പെട്ടു. “ദൈവത്തിന്റെ പേടകം എന്റെ അടുത്തേക്കു ഞാൻ എങ്ങനെ കൊണ്ടുവരും,” എന്ന് അദ്ദേഹം ചോദിച്ചു.

[13] പേടകം തന്നോടുകൂടെ ഇരിക്കേണ്ടതിന് ദാവീദിന്റെ നഗരത്തിലേക്ക് അദ്ദേഹം കൊണ്ടുവന്നില്ല. പകരം, ഗിത്യനായ ഓബേദ്-ഏദോമിന്റെ വസതിയിൽ അതു കൊണ്ടുപോയി വെച്ചു.

[14] ദൈവത്തിന്റെ പേടകം ഓബേദ്-ഏദോമിന്റെ കുടുംബത്തോടൊപ്പം അദ്ദേഹത്തിന്റെ വസതിയിൽ മൂന്നുമാസം ഇരുന്നു. അതുകൊണ്ട് യഹോവ അദ്ദേഹത്തിന്റെ ഭവനത്തെയും അദ്ദേഹത്തിനുള്ള സകലതിനെയും അനുഗ്രഹിച്ചു.

ദിനവൃത്താന്തം: ഒന്നാംപുസ്തകം — Chapters