Skip to content
Opens in a new window

[1] ഇസ്രായേലിലെ കുടുംബത്തലവന്മാരുടെയും സഹസ്രാധിപന്മാരുടെയും ശതാധിപന്മാരുടെയും അവരുടെ അധിപതിമാരുടെയും പേരുവിവരപ്പട്ടിക: മാസംതോറും തവണവെച്ച് ആണ്ടുമുഴുവൻ കൃത്യനിരതരായിരുന്ന സേനാഗണങ്ങളോടു ബന്ധപ്പെട്ട് അവർ രാജാവിനെ സേവിച്ചിരുന്നു. ഈ ഗണങ്ങൾ ഓരോന്നിനും 24,000 ഭടന്മാർവീതം ഉണ്ടായിരുന്നു.

[2] സബ്ദീയേലിന്റെ മകൻ യാശോബെയാം ഒന്നാംമാസത്തിലേക്കുള്ള ഒന്നാംഗണത്തിന്റെ അധിപനായിരുന്നു. അദ്ദേഹത്തിന്റെ ഗണത്തിൽ 24,000 പടയാളികൾ ഉണ്ടായിരുന്നു.

[3] അദ്ദേഹം ഫേരെസ്സിന്റെ പിൻഗാമിയും ഒന്നാംമാസത്തേക്കുള്ള സൈന്യാധിപന്മാർക്കെല്ലാം അധിപതിയും ആയിരുന്നു.

[4] അഹോഹ്യനായ ദോദായി രണ്ടാംമാസത്തേക്കുള്ള രണ്ടാംഗണത്തിന്റെ അധിപനായിരുന്നു. ആ ഗണത്തിന്റെ നായകനായിരുന്നു മിക്ലോത്ത്. ആ ഗണത്തിലും 24,000 പടയാളികളുണ്ടായിരുന്നു.

[5] മൂന്നാംമാസത്തേക്കുള്ള മൂന്നാം സൈന്യാധിപൻ പുരോഹിതനായ യെഹോയാദായുടെ മകൻ ബെനായാവ് ആയിരുന്നു. അദ്ദേഹം അധിപനായുള്ള ആ ഗണത്തിലും 24,000 പടയാളികളുണ്ടായിരുന്നു.

[6] മുപ്പതു പ്രബലന്മാരിൽ ഒരുവനും അവരുടെ നായകനുമായ ബെനായാവ് ഇദ്ദേഹംതന്നെ. ഇദ്ദേഹത്തിന്റെ കാലശേഷം മകൻ അമ്മീസാബാദ് ആ ഗണത്തിന്റെ നായകനായിരുന്നു.

[7] നാലാംമാസത്തേക്കുള്ള നാലാമൻ യോവാബിന്റെ സഹോദരനായ അസാഹേൽ ആയിരുന്നു. അദ്ദേഹത്തിന്റെ മകൻ സെബദ്യാവ് അദ്ദേഹത്തിന്റെ പിൻഗാമിയായിത്തീർന്നു. അദ്ദേഹത്തിന്റെ ഗണത്തിലും 24,000 പടയാളികളുണ്ടായിരുന്നു.

[8] അഞ്ചാംമാസത്തേക്കുള്ള അഞ്ചാമൻ യിസ്രാഹ്യനായ ശംഹൂത്ത് എന്ന സൈന്യാധിപനായിരുന്നു. അദ്ദേഹത്തിന്റെ ഗണത്തിലും 24,000 പടയാളികളുണ്ടായിരുന്നു.

[9] ആറാംമാസത്തേക്കുള്ള ആറാമൻ തെക്കോവ്യനായ ഇക്കേശിന്റെ മകൻ ഈരാ ആയിരുന്നു. അദ്ദേഹത്തിന്റെ ഗണത്തിലും 24,000 പടയാളികളുണ്ടായിരുന്നു.

[10] ഏഴാംമാസത്തേക്കുള്ള ഏഴാമൻ എഫ്രയീമ്യരിൽ പെലോന്യനായ ഹേലെസ് ആയിരുന്നു. അദ്ദേഹത്തിന്റെ ഗണത്തിലും 24,000 പടയാളികൾ ഉണ്ടായിരുന്നു.

[11] എട്ടാംമാസത്തേക്കുള്ള എട്ടാമൻ സേരഹ്യരിൽ ഹൂശാത്യനായ സിബ്ബെഖായി ആയിരുന്നു. അദ്ദേഹത്തിന്റെ ഗണത്തിലും 24,000 പടയാളികൾ ഉണ്ടായിരുന്നു.

[12] ഒൻപതാംമാസത്തേക്കുള്ള ഒൻപതാമൻ ബെന്യാമീന്യരിൽ അനാഥോത്യനായ അബിയേസെർ ആയിരുന്നു. അദ്ദേഹത്തിന്റെ ഗണത്തിലും 24,000 പടയാളികൾ ഉണ്ടായിരുന്നു.

[13] പത്താംമാസത്തേക്കുള്ള പത്താമൻ സേരഹ്യരിൽ നെതോഫാത്യനായ മഹരായി ആയിരുന്നു. അദ്ദേഹത്തിന്റെ ഗണത്തിലും 24,000 പടയാളികൾ ഉണ്ടായിരുന്നു.

[14] പതിനൊന്നാംമാസത്തേക്കുള്ള പതിനൊന്നാമൻ എഫ്രയീമിന്റെ പുത്രന്മാരിൽ പിരാഥോന്യനായ ബെനായാവ് ആയിരുന്നു. അദ്ദേഹത്തിന്റെ ഗണത്തിലും 24,000 പടയാളികൾ ഉണ്ടായിരുന്നു.

[15] പന്ത്രണ്ടാംമാസത്തേക്കുള്ള പന്ത്രണ്ടാമൻ നെതോഫാത്യനായ ഹെൽദായി ആയിരുന്നു. അദ്ദേഹം ഒത്നിയേലിന്റെ കുടുംബക്കാരൻ ആയിരുന്നു. അദ്ദേഹത്തിന്റെ ഗണത്തിലും 24,000 പടയാളികൾ ഉണ്ടായിരുന്നു.

[16] ഇസ്രായേലിന്റെ ഗോത്രങ്ങൾക്ക് അധിപന്മാർ: രൂബേന്യർക്ക് അധിപൻ: സിക്രിയുടെ മകനായ എലീയേസർ. ശിമെയോന്യർക്ക് അധിപൻ: മയഖായുടെ മകനായ ശെഫത്യാവ്.

[17] ലേവിഗോത്രത്തിന്: കെമൂവേലിന്റെ മകനായ ഹശബ്യാവ്. അഹരോന്യർക്ക്: സാദോക്ക്.

[18] യെഹൂദയ്ക്ക്: ദാവീദിന്റെ ഒരു സഹോദരനായ എലീഹൂ. യിസ്സാഖാറിന്: മീഖായേലിന്റെ മകൻ ഒമ്രി.

[19] സെബൂലൂന്: ഓബദ്യാവിന്റെ മകൻ യിശ്മയ്യാവ്. നഫ്താലിക്ക്: അസ്രീയേലിന്റെ മകൻ യെരീമോത്ത്.

[20] എഫ്രയീമ്യർക്ക്: അസസ്യാവിന്റെ മകൻ ഹോശേയാ. മനശ്ശെയുടെ അർധഗോത്രത്തിന്: പെദായാവിന്റെ മകൻ യോവേൽ.

[21] മനശ്ശെയുടെ, ഗിലെയാദിലുള്ള അർധഗോത്രത്തിന്: സെഖര്യാവിന്റെ മകൻ യിദ്ദോ. ബെന്യാമീൻഗോത്രത്തിന്: അബ്നേരിന്റെ മകൻ യാസീയേൽ.

[22] ദാൻഗോത്രത്തിന്: യെരോഹാമിന്റെ മകനായ അസരെയേൽ. ഇവരായിരുന്നു ഇസ്രായേലിന്റെ ഗോത്രങ്ങൾക്ക് അധിപന്മാർ.

[23] ഇസ്രായേലിനെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ അസംഖ്യമാക്കിത്തീർക്കുമെന്ന് യഹോവ വാഗ്ദാനം ചെയ്തിരുന്നതിനാൽ ദാവീദ് ഇരുപതു വയസ്സും അതിൽ താഴെയും പ്രായമുള്ളവരുടെ എണ്ണം എടുത്തില്ല.

[24] സെരൂയയുടെ മകനായ യോവാബ് ജനസംഖ്യ എടുക്കാൻ ആരംഭിച്ചെങ്കിലും അതു പൂർത്തീകരിച്ചില്ല. ഈ സംഖ്യയെടുക്കൽമൂലം യഹോവയുടെ കോപം ഇസ്രായേലിന്മേൽ വന്നു. അതിനാൽ കണക്കെടുത്ത സംഖ്യ ദാവീദുരാജാവിന്റെ ചരിത്രഗ്രന്ഥങ്ങളിൽ ഉൾപ്പെടുത്തിയതുമില്ല.

[25] അദീയേലിന്റെ മകനായ അസ്മാവെത്ത് രാജഭണ്ഡാരങ്ങൾക്കു ചുമതലക്കാരനായിരുന്നു. ഉസ്സീയാവിന്റെ മകനായ യെഹോനാഥാനായിരുന്നു രാജധാനിക്കു പുറത്തുള്ള സ്ഥലങ്ങളിലെ നിലങ്ങളിലും നഗരങ്ങളിലും ഗ്രാമങ്ങളിലും കോട്ടകളിലുമുള്ള ഭണ്ഡാരങ്ങളുടെ അധികാരി.

[26] ദേശത്തു കൃഷിചെയ്തിരുന്ന കൃഷിപ്പണിക്കാരുടെ ചുമതലക്കാരൻ കെലൂബിന്റെ മകനായ എസ്രി ആയിരുന്നു.

[27] മുന്തിരിത്തോപ്പുകൾക്ക് രാമാത്യനായ ശിമെയി ചുമതലക്കാരൻ ആയിരുന്നു. മുന്തിരിത്തോപ്പുകളിലെ ഉല്പന്നമായ വീഞ്ഞു സൂക്ഷിക്കുന്ന നിലവറകൾക്ക് ശിഫ്മ്യനായ സബ്ദി മേൽവിചാരകനായിരുന്നു.

[28] ഒലിവുവൃക്ഷങ്ങൾക്കും കാട്ടത്തികൾക്കും പടിഞ്ഞാറുള്ള കുന്നിൻപ്രദേശങ്ങൾക്കും ഗെദേര്യനായ ബാൽ-ഹാനാനും എണ്ണ സൂക്ഷിക്കുന്ന നിലവറകൾക്കു യോവാശും മേൽവിചാരകരായിരുന്നു.

[29] ശാരോനിൽ മേയുന്ന കന്നുകാലികൾക്ക് ശാരോത്യനായ ശിത്രായിയും താഴ്വരയിലെ കന്നുകാലികൾക്ക് അദ്‌ലായിയുടെ മകനായ ശാഫാത്തും മേൽവിചാരകരായിരുന്നു.

[30] ഒട്ടകങ്ങൾക്ക് യിശ്മായേല്യനായ ഓബീലും കഴുതകൾക്ക് മെരോനോത്യനായ യെഹ്ദേയാവും മേൽവിചാരകരായിരുന്നു.

[31] ആടുകൾക്ക് ഹഗ്രീയിമ്യനായ യസീസ് മേൽവിചാരകനായിരുന്നു. ദാവീദ് രാജാവിന്റെ വസ്തുവകകൾക്ക് ഇവരെല്ലാം അധിപതിമാരായിരുന്നു.

[32] ദാവീദിന്റെ പിതൃസഹോദരനായ യോനാഥാൻ ക്രാന്തദർശിയും വേദജ്ഞനുമായ ഒരു ഉപദേഷ്ടാവായിരുന്നു. ഹഖ്മോനിയുടെ മകനായ യെഹീയേൽ രാജകുമാരന്മാരെ പഠിപ്പിക്കുന്നവനായിരുന്നു.

[33] അഹീഥോഫെൽ രാജാവിന്റെ ഉപദേഷ്ടാവും അർഖ്യവംശജനായ ഹൂശായി രാജാവിന്റെ ഉറ്റമിത്രവും ആയിരുന്നു.

[34] ബെനായാവിന്റെ മകനായ യെഹോയാദായും അബ്യാഥാരും അഹീഥോഫെലിനുശേഷം രാജാവിന്റെ ഉപദേശകരായി. യോവാബ് രാജാവിന്റെ സൈന്യാധിപൻ ആയിരുന്നു.

ദിനവൃത്താന്തം: ഒന്നാംപുസ്തകം — Chapters