[1] ഇതിനുശേഷം യഹോവ മോശയോട് ഇപ്രകാരം അരുളിച്ചെയ്തു:
[2] “ഒന്നാംമാസം ഒന്നാംതീയതി, സമാഗമത്തിനുള്ള കൂടാരം നീ സ്ഥാപിക്കണം.
[3] ഉടമ്പടിയുടെ പേടകം അതിനുള്ളിൽ വെക്കുകയും തിരശ്ശീലകൊണ്ടു മറയ്ക്കുകയും വേണം.
[4] മേശ കൊണ്ടുവന്ന്, അതിന്റെമേൽ വെക്കേണ്ട സാധനങ്ങൾ ക്രമീകരിക്കണം. പിന്നീട്, നിലവിളക്കുകൊണ്ടുവന്ന് അതിന്റെ ദീപങ്ങൾ കത്തിക്കണം.
[5] ഉടമ്പടിയുടെ പേടകത്തിനുമുമ്പിൽ തങ്കംകൊണ്ടുള്ള ധൂപപീഠം വെക്കുകയും സമാഗമകൂടാരത്തിന്റെ കവാടത്തിൽ മറശ്ശീല തൂക്കുകയും വേണം.
[6] “സമാഗമത്തിനുള്ള കൂടാരത്തിന്റെ കവാടത്തിനു മുമ്പിൽ ഹോമയാഗപീഠം വെക്കണം.
[7] സമാഗമകൂടാരത്തിനും യാഗപീഠത്തിനും മധ്യത്തിൽ തൊട്ടിവെച്ച് അതിൽ വെള്ളം ഒഴിക്കണം.
[8] അതിനുചുറ്റും സമാഗമകൂടാരാങ്കണം ക്രമീകരിച്ച് അങ്കണകവാടത്തിൽ മറശ്ശീല തൂക്കണം.
[9] “അഭിഷേകതൈലം എടുത്തു സമാഗമകൂടാരവും അതിലുള്ള സകലതും അഭിഷേകംചെയ്ത് അതിന്റെ സകല ഉപകരണങ്ങളെയും ശുദ്ധീകരിക്കണം; അവ വിശുദ്ധമായിത്തീരും.
[10] ഹോമയാഗപീഠവും അതിന്റെ സകല ഉപകരണങ്ങളും അഭിഷേകംചെയ്ത് യാഗപീഠത്തെ ശുദ്ധീകരിക്കണം. യാഗപീഠം അതിവിശുദ്ധമായിരിക്കണം.
[11] തൊട്ടിയും അതിന്റെ കാലും അഭിഷേകംചെയ്തു ശുദ്ധീകരിക്കണം.
[12] “അഹരോനെയും അവന്റെ പുത്രന്മാരെയും സമാഗമകൂടാരവാതിൽക്കൽ കൊണ്ടുവന്ന് അവരെ വെള്ളംകൊണ്ടു കഴുകണം.
[13] പിന്നീട് അഹരോനെ വിശുദ്ധവസ്ത്രങ്ങൾ ധരിപ്പിച്ച്, എനിക്ക് പൗരോഹിത്യശുശ്രൂഷ ചെയ്യേണ്ടതിന് അവനെ അഭിഷേകംചെയ്തു ശുദ്ധീകരിക്കണം.
[14] അവന്റെ പുത്രന്മാരെ വരുത്തി അങ്കി ധരിപ്പിക്കണം.
[15] അവരുടെ പിതാവിനെ അഭിഷേകം ചെയ്തതുപോലെ, അവർ എനിക്കു പൗരോഹിത്യശുശ്രൂഷ ചെയ്യേണ്ടതിന് അവരെയും അഭിഷേകംചെയ്യണം. അവരുടെ അഭിഷേകം തലമുറതലമുറയായി പൗരോഹിത്യത്തിനുള്ള അഭിഷേകം ആയിരിക്കണം.”
[16] യഹോവ കൽപ്പിച്ചതുപോലെ സകലതും മോശ ചെയ്തു.
[17] ഇങ്ങനെ, രണ്ടാംവർഷത്തിന്റെ ഒന്നാംമാസം ഒന്നാംതീയതി സമാഗമകൂടാരം സ്ഥാപിക്കപ്പെട്ടു.
[18] മോശ സമാഗമകൂടാരം സ്ഥാപിച്ചു, ചുവടുകൾ ഉറപ്പിച്ചു, പലകകൾ നിർത്തി, സാക്ഷകൾ ഉറപ്പിച്ചു, തൂണുകൾ നാട്ടി.
[19] ഇതിനുശേഷം യഹോവ തന്നോടു കൽപ്പിച്ചതുപോലെ അദ്ദേഹം മൂടുവിരി സമാഗമകൂടാരത്തിന്മേൽ വിരിച്ചു, അതിന്മീതേ പുറമൂടിയും വിരിച്ചു.
[20] അദ്ദേഹം ഉടമ്പടിയുടെ പലക എടുത്തു പേടകത്തിൽവെച്ചു. പേടകത്തിനു തണ്ടുറപ്പിച്ചു, പേടകത്തിനുമീതേ പാപനിവാരണസ്ഥാനം വെച്ചു.
[21] പിന്നീട് അദ്ദേഹം പേടകം സമാഗമകൂടാരത്തിൽ കൊണ്ടുവന്നു; യഹോവ തന്നോടു കൽപ്പിച്ചതുപോലെ മറയ്ക്കാനുള്ള തിരശ്ശീലതൂക്കി ഉടമ്പടിയുടെ പേടകം മറച്ചു.
[22] മോശ, സമാഗമത്തിനുള്ള കൂടാരത്തിന്റെ വടക്കുവശത്തു തിരശ്ശീലയ്ക്കു പുറത്തു മേശ വെച്ചു.
[23] യഹോവ തന്നോടു കൽപ്പിച്ചിരുന്നതുപോലെ, മേശയുടെമേൽ യഹോവയുടെമുമ്പാകെ അപ്പം അടുക്കിവെച്ചു.
[24] സമാഗമത്തിനുള്ള കൂടാരത്തിന്റെ തെക്കുഭാഗത്തായി മേശയ്ക്കുനേരേ അദ്ദേഹം നിലവിളക്കു വെച്ചു.
[25] യഹോവ തന്നോടു കൽപ്പിച്ചിരുന്നതുപോലെ അദ്ദേഹം യഹോവയുടെമുമ്പിൽ ദീപങ്ങൾ കത്തിച്ചു.
[26] മോശ സമാഗമകൂടാരത്തിൽ തിരശ്ശീലയുടെ മുൻഭാഗത്തു തങ്കംകൊണ്ടുള്ള ധൂപപീഠം വെക്കുകയും
[27] യഹോവ കൽപ്പിച്ചിരുന്നതുപോലെ, അതിന്മേൽ സുഗന്ധധൂപവർഗം പുകയ്ക്കുകയും ചെയ്തു.
[28] പിന്നീട് അദ്ദേഹം, സമാഗമകൂടാരത്തിന്റെ കവാടത്തിനുള്ള മറശ്ശീല തൂക്കി;
[29] സമാഗമത്തിനുള്ള കൂടാരവാതിലിനു മുൻവശത്തു ഹോമയാഗപീഠം വെച്ചു. യഹോവ കൽപ്പിച്ചിരുന്നതുപോലെ അതിന്മേൽ ഹോമയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചു.
[30] അദ്ദേഹം സമാഗമകൂടാരത്തിനും യാഗപീഠത്തിനും മധ്യത്തിൽ തൊട്ടിവെക്കുകയും കഴുകേണ്ടതിന് അതിൽ വെള്ളമൊഴിക്കുകയും ചെയ്തു.
[31] മോശയും അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാരും അതിൽ തങ്ങളുടെ കൈകാലുകൾ കഴുകി.
[32] യഹോവ മോശയോടു കൽപ്പിച്ചിരുന്നതുപോലെ, അവർ സമാഗമകൂടാരത്തിൽ പ്രവേശിക്കുമ്പോഴും യാഗപീഠത്തിലേക്കു ചെല്ലുമ്പോഴും കൈകാലുകൾ കഴുകിയിരുന്നു.
[33] പിന്നീടു മോശ സമാഗമകൂടാരത്തിനും യാഗപീഠത്തിനുംചുറ്റും കൂടാരാങ്കണം ക്രമീകരിച്ചു; അങ്കണകവാടത്തിന്റെ മറശ്ശീല തൂക്കി; ഇങ്ങനെ മോശ ആ വേല പൂർത്തിയാക്കി.
[34] അപ്പോൾ മേഘം സമാഗമകൂടാരത്തെ മൂടി, യഹോവയുടെ തേജസ്സു സമാഗമത്തിനുള്ള കൂടാരത്തിൽ നിറഞ്ഞു.
[35] മേഘം സമാഗമകൂടാരത്തിന്മേൽ വസിക്കയും യഹോവയുടെ തേജസ്സു സമാഗമത്തിനുള്ള കൂടാരത്തിൽ നിറയുകയും ചെയ്തതുകൊണ്ട്, മോശയ്ക്കു സമാഗമകൂടാരത്തിനകത്തു പ്രവേശിക്കാൻ കഴിഞ്ഞില്ല.
[36] തങ്ങളുടെ സകലപ്രയാണങ്ങളിലും സമാഗമകൂടാരത്തിനു മുകളിൽനിന്ന് മേഘം ഉയരുമ്പോഴൊക്കെയും ഇസ്രായേല്യർ യാത്രപുറപ്പെടും.
[37] എന്നാൽ, മേഘം ഉയരാത്തപക്ഷം അതുയരുന്ന ദിവസംവരെ അവർ യാത്രപുറപ്പെടാതിരിക്കും.
[38] ഇസ്രായേൽമക്കളുടെ സകലപ്രയാണങ്ങളിലും എല്ലാ ഇസ്രായേല്യരും കാൺകെ, പകൽസമയത്തു സമാഗമകൂടാരത്തിന്മേൽ യഹോവയുടെ മേഘവും രാത്രിസമയത്ത് അഗ്നിയും ഉണ്ടായിരുന്നു.