[1] ഇതിനുശേഷം യഹോവ മോശയോട് അരുളിച്ചെയ്തത്,
[2] “നിങ്ങൾ തിരിഞ്ഞു മിഗ്ദോലിനും കടലിനും ഇടയ്ക്കുള്ള പീ-ഹഹീരോത്തിൽ പാളയമടിക്കണമെന്ന് ഇസ്രായേൽമക്കളോടു പറയുക. അവർ ബാൽ-സെഫോനുനേരേ എതിർവശത്തു കടലിനരികെ താവളമടിക്കണം.
[3] ‘ഇസ്രായേല്യർ മരുഭൂമിയിൽ കുടുങ്ങി, വഴിയറിയാതെ ദേശത്തെല്ലാം അലഞ്ഞുതിരിയുകയാണ്’ എന്നു ഫറവോൻ ചിന്തിക്കും.
[4] ഞാൻ ഫറവോന്റെ ഹൃദയം കഠിനമാക്കുകയും അവൻ അവരെ പിൻതുടരുകയും ചെയ്യും. എന്നാൽ ഫറവോനിലൂടെയും അവന്റെ സൈന്യത്തിലൂടെയും ഞാൻ എന്നെത്തന്നെ മഹത്ത്വപ്പെടുത്തും; ഞാൻ യഹോവ എന്ന് ഈജിപ്റ്റുകാർ അറിയും.” ആകയാൽ ഇസ്രായേല്യർ അങ്ങനെ ചെയ്തു.
[5] ജനം ഓടിപ്പോയിരിക്കുന്നു എന്ന് ഈജിപ്റ്റിലെ രാജാവ് കേട്ടപ്പോൾ ഫറവോനും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരും അവരോടുള്ള മനോഭാവം മാറ്റി, “നാം ഈ ചെയ്തതെന്ത്? നമ്മുടെ അടിമവേലയിൽനിന്ന് ഇസ്രായേല്യരെ വിട്ടയച്ചല്ലോ” എന്ന് അവർ പറഞ്ഞു.
[6] അങ്ങനെ ഫറവോൻ തന്റെ രഥം സജ്ജമാക്കി, സൈന്യത്തെയും തന്നോടൊപ്പം അണിനിരത്തി.
[7] ഈജിപ്റ്റിലെ സകലരഥങ്ങളോടുംകൂടെ, ഏറ്റവും മികച്ച അറുനൂറു രഥങ്ങളെയും അവയിൽ എല്ലാറ്റിലും തേരാളികളെയും അദ്ദേഹം ഒരുക്കി.
[8] യഹോവ ഈജിപ്റ്റുരാജാവായ ഫറവോന്റെ ഹൃദയം കഠിനമാക്കിയതുകൊണ്ട്, യുദ്ധസന്നദ്ധരായി പുറപ്പെട്ടിരുന്ന ഇസ്രായേൽജനത്തെ അയാൾ പിൻതുടർന്നു.
[9] ഈജിപ്റ്റുകാർ—ഫറവോന്റെ സകലകുതിരകളും രഥങ്ങളും കുതിരപ്പടയും സൈന്യവും—ഇസ്രായേല്യരെ പിൻതുടരുകയും ബാൽ-സെഫോന് എതിരേ, പീ-ഹഹീരോത്തിനടുത്ത്, കടൽക്കരയിൽ പാളയമടിച്ചിരുന്ന അവരെ മറികടക്കുകയും ചെയ്തു.
[10] ഫറവോൻ സമീപിച്ചപ്പോൾ ഇസ്രായേല്യർ തലയുയർത്തിനോക്കി. ഈജിപ്റ്റുകാർ അവർക്കു പിന്നാലെ വരുന്നതു കണ്ടു. ഇസ്രായേൽമക്കൾ ഭയപ്പെട്ട് യഹോവയോടു നിലവിളിച്ചു.
[11] അവർ മോശയോട്, “ഈജിപ്റ്റിൽ ശവക്കുഴികൾ ഇല്ലാഞ്ഞിട്ടോ നീ ഞങ്ങളെ മരിക്കാൻ മരുഭൂമിയിൽ കൊണ്ടുവന്നത്? ഞങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചിട്ട്, നീ ഞങ്ങളോട് ഈ ചെയ്തതെന്ത്?
[12] ‘ഞങ്ങളെ വെറുതേവിട്ടേക്കുക, ഞങ്ങൾ ഈജിപ്റ്റുകാരെ സേവിച്ചുകൊള്ളാം’ എന്ന് ഈജിപ്റ്റിൽവെച്ചു നിന്നോടു ഞങ്ങൾ പറഞ്ഞില്ലേ? മരുഭൂമിയിൽ മരിക്കുന്നതിനെക്കാൾ ഈജിപ്റ്റുകാർക്കുവേണ്ടി പണിയെടുക്കുന്നതായിരുന്നു ഞങ്ങൾക്കു നല്ലത്” എന്നു പറഞ്ഞു.
[13] അതിന് മോശ ജനത്തോട് ഇങ്ങനെ ഉത്തരം പറഞ്ഞു, “ഭയപ്പെടരുത്, സ്ഥിരതയോടെ നിൽക്കുക. യഹോവ ഇന്നു നിങ്ങൾക്കു നൽകുന്ന വിടുതൽ കണ്ടുകൊള്ളുക. നിങ്ങൾ ഇന്നു കാണുന്ന ഈജിപ്റ്റുകാരെ ഇനിയൊരിക്കലും കാണുകയില്ല.
[14] യഹോവ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്യും; നിങ്ങൾ ശാന്തരായിരിക്കുക.”
[15] ഇതിനെത്തുടർന്ന് യഹോവ മോശയോട് അരുളിച്ചെയ്തത്, “നീ എന്നോടു നിലവിളിക്കുന്നതെന്ത്? മുമ്പോട്ടുപോകാൻ ജനങ്ങളോടു പറയുക.
[16] ഇസ്രായേൽമക്കൾക്കു സമുദ്രത്തിന്റെ ഉണങ്ങിയ നിലത്തുകൂടി പോകാൻ സാധിക്കത്തക്കവണ്ണം നിന്റെ വടി ഉയർത്തി കടലിന്മേൽ കൈനീട്ടി വെള്ളത്തെ വിഭജിക്കുക.
[17] ഞാൻ ഈജിപ്റ്റുകാരുടെ ഹൃദയം കഠിനമാക്കുകയും അവർ അവരുടെ പിന്നാലെ ചെല്ലുകയും ചെയ്യും. ഫറവോനിലൂടെയും അവന്റെ സൈന്യത്തിലൂടെയും രഥങ്ങളിലൂടെയും കുതിരപ്പടയിലൂടെയും ഞാൻ മഹത്ത്വം നേടുമ്പോൾ, ഞാൻ യഹോവ എന്ന് ഈജിപ്റ്റുകാർ അറിയും.”
[19] ഇസ്രായേലിന്റെ സൈന്യത്തിനുമുമ്പിൽ സഞ്ചരിച്ചിരുന്ന ദൈവദൂതൻ അപ്പോൾ പിൻവാങ്ങി അവരുടെ പിന്നിൽ നടന്നു. മേഘസ്തംഭവും അവരുടെമുമ്പിൽനിന്ന് പിന്നിലേക്കു നീങ്ങി.
[20] അത് ഈജിപ്റ്റിന്റെ സൈന്യത്തിനും ഇസ്രായേലിന്റെ സൈന്യത്തിനും ഇടയിൽവന്നു നിലകൊണ്ടു. രാത്രിമുഴുവൻ ഇസ്രായേല്യരുടെ സൈന്യവും ഈജിപ്റ്റുകാരുടെ സൈന്യവുംതമ്മിൽ അടുക്കാത്തവണ്ണം അത് അവരുടെ മധ്യേനിന്നു. ഈജിപ്റ്റുകാർക്ക് അതു മേഘവും അന്ധകാരവും ഇസ്രായേല്യർക്കു പ്രകാശവും ആയിരുന്നു.
[21] പിന്നെ മോശ കടലിന്മേൽ കൈനീട്ടി; യഹോവ അന്നു രാത്രിമുഴുവൻ ശക്തമായ ഒരു കിഴക്കൻകാറ്റ് അടിപ്പിച്ചു. കടൽ പിൻവാങ്ങി ഉണങ്ങിയ നിലം ആയിത്തീർന്നു; വെള്ളം വേർപിരിഞ്ഞു.
[22] ഇസ്രായേല്യർ സമുദ്രത്തിൽ ഉണങ്ങിയ നിലത്തുകൂടി നടന്നു; വെള്ളം അവരുടെ വലത്തും ഇടത്തും മതിലായി നിന്നു.
[23] ഈജിപ്റ്റുകാർ അവരെ പിൻതുടർന്നു; ഫറവോന്റെ കുതിരകളും രഥങ്ങളും കുതിരപ്പടയുമെല്ലാം അവരെ പിൻതുടർന്നു കടലിന്റെ നടുവിലേക്കു ചെന്നു.
[24] പ്രഭാതയാമത്തിൽ യഹോവ അഗ്നിമേഘസ്തംഭത്തിൽനിന്ന് താഴേക്കു നോക്കി ഈജിപ്റ്റുസൈന്യത്തിനു വിഭ്രമം വരുത്തി.
[25] അവിടന്ന് അവരുടെ രഥചക്രങ്ങൾ ഇടറിപ്പോകാൻ ഇടയാക്കിയതുകൊണ്ട് അവയ്ക്കു മുന്നോട്ടുപോകാൻ പ്രയാസമായി. “നമുക്ക് ഇസ്രായേല്യരെ വിട്ട് ഓടിപ്പോകാം, യഹോവ അവർക്കുവേണ്ടി ഈജിപ്റ്റിനെതിരേ യുദ്ധംചെയ്യുന്നു,” എന്ന് അവർ പറഞ്ഞു.
[26] അപ്പോൾ യഹോവ മോശയോട്, “വെള്ളം തിരിച്ചൊഴുകി ഈജിപ്റ്റുകാരെയും അവരുടെ തേരുകളും കുതിരപ്പടയും മൂടിക്കളയേണ്ടതിനു നീ കടലിന്മേൽ കൈനീട്ടുക” എന്നു കൽപ്പിച്ചു.
[27] മോശ കടലിനുമീതേ കൈനീട്ടി. നേരം പുലർന്നപ്പോൾ സമുദ്രം പൂർവസ്ഥിതിയിലായി. ഈജിപ്റ്റുകാർ അതിനെതിരേ ഓടി. യഹോവ അവരെ കടലിലേക്കു തള്ളിയിട്ടു.
[28] വെള്ളം തിരിച്ചൊഴുകി രഥങ്ങളെയും കുതിരപ്പടയെയും, ഇസ്രായേല്യരെ പിൻതുടർന്നു സമുദ്രത്തിലെത്തിയ ഫറവോന്റെ മുഴുവൻ സൈന്യത്തെയും മുക്കിക്കളഞ്ഞു. അവരിൽ ഒരുവനും ജീവനോടെ ശേഷിച്ചില്ല.
[29] എന്നാൽ ഇസ്രായേൽമക്കൾ സമുദ്രത്തിൽ, ഉണങ്ങിയ നിലത്തുകൂടി കടന്നുപോയി. അവരുടെ വലത്തും ഇടത്തും വെള്ളം മതിലായി നിലകൊണ്ടു.
[30] ആ ദിവസം യഹോവ ഇസ്രായേലിനെ ഈജിപ്റ്റുകാരുടെ കൈകളിൽനിന്ന് രക്ഷിച്ചു; ഈജിപ്റ്റുകാർ കടൽക്കരയിൽ ചത്തടിഞ്ഞു കിടക്കുന്നത് ഇസ്രായേല്യർ കണ്ടു.
[31] മഹാശക്തിയുള്ള യഹോവയുടെ കരം ഈജിപ്റ്റുകാർക്കെതിരായി പ്രവർത്തിക്കുന്നത് ഇസ്രായേൽമക്കൾ കണ്ടപ്പോൾ, ജനം യഹോവയെ ഭയപ്പെട്ട് യഹോവയിലും അവിടത്തെ ദാസനായ മോശയിലും വിശ്വസിച്ചു.