[1] ദൈവം മോശയ്ക്കും തന്റെ ജനമായ ഇസ്രായേലിനുംവേണ്ടി ചെയ്ത സകലകാര്യങ്ങളും യഹോവ ഇസ്രായേലിനെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന വിവരവും മിദ്യാനിലെ പുരോഹിതനും മോശയുടെ അമ്മായിയപ്പനുമായ യിത്രോ കേട്ടു.
[2] മോശ തന്റെ ഭാര്യയായ സിപ്പോറയെ മടക്കി അയച്ചിരുന്നു. അദ്ദേഹത്തിന്റെ അമ്മായിയപ്പനായ യിത്രോ അവളെയും
[3] അവളുടെ രണ്ട് ആൺമക്കളെയും സ്വീകരിച്ചു. “ഞാൻ അന്യദേശത്ത് പ്രവാസിയായിരിക്കുന്നു,” എന്നു പറഞ്ഞ് ഒരു മകന് മോശ ഗെർശോം എന്നു പേരിട്ടു.
[4] “എന്റെ പിതാവിന്റെ ദൈവം എന്റെ സഹായമായി, അവിടന്ന് എന്നെ ഫറവോന്റെ വാളിൽനിന്ന് രക്ഷിച്ചു,” എന്നു പറഞ്ഞുകൊണ്ട് മറ്റേമകന് അദ്ദേഹം എലീയേസർ എന്നു പേരിട്ടു.
[5] മോശയുടെ അമ്മായിയപ്പനായ യിത്രോ മോശയുടെ ആൺമക്കളെയും ഭാര്യയെയും കൂട്ടിക്കൊണ്ടു മരുഭൂമിയിൽ അദ്ദേഹത്തിന്റെ അടുക്കൽ എത്തി. അവിടെ, ദൈവത്തിന്റെ പർവതത്തിനരികെ മോശ കൂടാരമടിച്ചിരുന്നു.
[6] “നിന്റെ അമ്മായിയപ്പനായ യിത്രോ എന്ന ഞാൻ നിന്റെ ഭാര്യയും രണ്ടു പുത്രന്മാരുമായി നിന്റെ അടുത്തേക്കു വന്നിരിക്കുന്നു,” എന്നു യിത്രോ അദ്ദേഹത്തെ അറിയിച്ചു.
[7] മോശ പുറപ്പെട്ട് അമ്മായിയപ്പനെ വണങ്ങി ചുംബിച്ച് എതിരേറ്റു. അവർ പരസ്പരം അഭിവാദനംചെയ്തശേഷം കൂടാരത്തിലേക്കു പോയി.
[8] യഹോവ ഇസ്രായേലിനുവേണ്ടി ഫറവോനോടും ഈജിപ്റ്റുകാരോടും ചെയ്ത സകലകാര്യങ്ങളെക്കുറിച്ചും വഴിയിൽ അവർക്കു നേരിട്ട സകലവൈഷമ്യങ്ങളെക്കുറിച്ചും യഹോവ അവരെ വിടുവിച്ചതിനെക്കുറിച്ചും മോശ യിത്രോയെ പറഞ്ഞുകേൾപ്പിച്ചു.
[9] ഈജിപ്റ്റുകാരുടെ കൈയിൽനിന്ന് ഇസ്രായേലിനെ രക്ഷപ്പെടുത്താൻ അവർക്കുവേണ്ടി യഹോവ ചെയ്ത എല്ലാ നല്ല കാര്യങ്ങളെക്കുറിച്ചും കേട്ട് യിത്രോ ആനന്ദിച്ചു.
[10] അദ്ദേഹം പറഞ്ഞു, “ഈജിപ്റ്റുകാരുടെയും ഫറവോന്റെയും കൈയിൽനിന്ന് നിന്നെ വിടുവിച്ചവനും ഈജിപ്റ്റുകാരുടെ കൈയിൽനിന്ന് ജനങ്ങളെ മോചിപ്പിച്ചവനുമായ യഹോവ വാഴ്ത്തപ്പെട്ടവൻ.
[11] യഹോവ സകലദേവന്മാരെക്കാളും വലിയവൻ എന്നു ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു. ഇസ്രായേലിനോടു ധിക്കാരമായി പെരുമാറിയവരോട് അവിടന്ന് ഇങ്ങനെ ചെയ്തല്ലോ!”
[12] പിന്നെ, മോശയുടെ അമ്മായിയപ്പനായ യിത്രോ ദൈവത്തിന് ഒരു ഹോമയാഗവും മറ്റുയാഗങ്ങളും അർപ്പിച്ചു. അഹരോനും ഇസ്രായേലിലെ സകലഗോത്രത്തലവന്മാരും വന്ന് മോശയുടെ അമ്മായിയപ്പനോടൊപ്പം ദൈവസന്നിധിയിൽ ഭക്ഷണം കഴിച്ചു.
[13] പിറ്റേദിവസം മോശ ജനത്തിനു ന്യായംവിധിക്കാൻ ഇരുന്നു. പ്രഭാതംമുതൽ സന്ധ്യവരെ ജനം മോശയ്ക്കുചുറ്റും നിന്നു.
[14] ജനത്തിനുവേണ്ടി മോശ ചെയ്യുന്നതെല്ലാം കണ്ടിട്ട് അദ്ദേഹത്തോട് അമ്മായിയപ്പൻ ചോദിച്ചു: “നീ ജനത്തിനുവേണ്ടി ചെയ്യുന്നതെന്താണ്? ഈ ജനമെല്ലാം രാവിലെമുതൽ വൈകുന്നേരംവരെ നിന്റെ ചുറ്റും നിൽക്കുകയും നീ തനിച്ച് ന്യായവിസ്താരം നടത്തുകയും ചെയ്യുന്നതെന്തുകൊണ്ട്?”
[15] മോശ അദ്ദേഹത്തോടു പറഞ്ഞു: “ദൈവഹിതം അന്വേഷിച്ചുകൊണ്ടു ജനം എന്റെ അടുക്കൽ വരുന്നു.
[16] അവർക്കു തർക്കം ഉണ്ടാകുമ്പോൾ അവർ എന്റെ അടുക്കൽവരും. ഞാൻ അവർക്കുമധ്യേ തീർപ്പുകൽപ്പിച്ച് ദൈവത്തിന്റെ ഉത്തരവുകളും നിയമങ്ങളും അവരെ അറിയിക്കും.”
[17] അതിനു മറുപടിയായി മോശയുടെ അമ്മായിയപ്പൻ: “നീ ഈ ചെയ്യുന്നതു നന്നല്ല.
[18] നീയും നിന്റെ അടുക്കൽ വരുന്ന ഈ ജനങ്ങളും തളർന്നുപോകും. ഈ ജോലി നിനക്കു വഹിക്കാവുന്നതിൽ അധികമാണ്; നിനക്കു തനിയേ ഇതു കൈകാര്യംചെയ്യുക സാധ്യമല്ല.
[19] ഇപ്പോൾ എന്റെ വാക്കു ശ്രദ്ധിക്കുക, ഞാൻ നിനക്ക് ഉപദേശം നൽകാം; ദൈവം നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ. നീ ദൈവസന്നിധിയിൽ ജനത്തിന്റെ പ്രതിനിധി ആയി അവരുടെ വ്യവഹാരങ്ങൾ ദൈവത്തിന്റെ അടുക്കൽ കൊണ്ടുചെല്ലണം.
[20] അവിടത്തെ ഉത്തരവുകളും നിയമങ്ങളും അവരെ പഠിപ്പിക്കയും ജീവിക്കേണ്ട വിധവും അനുഷ്ഠിക്കേണ്ട കർത്തവ്യങ്ങളും അവരെ പ്രബോധിപ്പിക്കുകയും ചെയ്യണം.
[21] സകലജനത്തിൽനിന്ന് പ്രാപ്തരും ദൈവഭയമുള്ളവരും സത്യസന്ധരും ദുരാദായം വെറുക്കുന്നവരുമായ ചില പുരുഷന്മാരെ തെരഞ്ഞെടുത്ത് അവരെ ആയിരംപേർക്കും നൂറുപേർക്കും അൻപതുപേർക്കും പത്തുപേർക്കും അധിപന്മാരായി നിയമിക്കുക.
[22] അവർ എപ്പോഴും ജനത്തിനു ന്യായംവിധിക്കട്ടെ. സങ്കീർണമായ വ്യവഹാരങ്ങൾ അവർ നിന്റെ അടുക്കൽ കൊണ്ടുവരികയും ലഘുവായ കാര്യങ്ങളിൽ അവർതന്നെ തീർപ്പുകൽപ്പിക്കുകയും ചെയ്യട്ടെ. അങ്ങനെയായാൽ നിന്റെ ജോലിഭാരം കുറയും, അങ്ങനെ അവരും അതു നിന്നോടൊപ്പം പങ്കിടുമല്ലോ!
[23] നീ ഇതു ചെയ്യുകയും ദൈവം അത് അനുവദിക്കുകയും ചെയ്താൽ നിനക്കു കഠിനാധ്വാനം ഒഴിവാക്കാം, ജനമെല്ലാം സംതൃപ്തരായി വീടുകളിലേക്കു മടങ്ങുകയും ചെയ്യും.”
[24] മോശ അമ്മായിയപ്പന്റെ വാക്കുകൾ ശ്രദ്ധയോടെ കേട്ടു; അദ്ദേഹം പറഞ്ഞതുപോലെ എല്ലാം ചെയ്തു.
[25] അദ്ദേഹം സകല ഇസ്രായേലിൽനിന്നും സമർഥരായ പുരുഷന്മാരെ തെരഞ്ഞെടുത്ത് അവരെ ജനത്തിനു നായകന്മാരാക്കി. ആയിരംപേർക്കും നൂറുപേർക്കും അൻപതുപേർക്കും പത്തുപേർക്കും അധിപന്മാരായി നിയമിച്ചു.
[26] അവർ എപ്പോഴും ജനത്തിനു ന്യായപാലനം നടത്തി. പ്രയാസമുള്ള വ്യവഹാരങ്ങൾ അവർ മോശയുടെമുമ്പിൽ കൊണ്ടുവന്നു. ലഘുവായവയ്ക്ക് അവർതന്നെ തീർപ്പുകൽപ്പിക്കുകയും ചെയ്തു.
[27] മോശ അമ്മായിയപ്പനെ യാത്രയയച്ചു; അദ്ദേഹം സ്വദേശത്തേക്കു മടങ്ങിപ്പോയി.