Skip to content
Opens in a new window

[1] “അവർ എനിക്ക് പൗരോഹിത്യശുശ്രൂഷചെയ്യാൻ അവരെ ശുദ്ധീകരിക്കേണ്ടതിന് നീ അവർക്കുവേണ്ടി ഈ കാര്യങ്ങൾ ചെയ്യണം: ഊനമില്ലാത്ത ഒരു കാളക്കിടാവിനെയും രണ്ട് ആട്ടുകൊറ്റന്മാരെയും കൊണ്ടുവരണം.

[2] നേർത്ത ഗോതമ്പുമാവുകൊണ്ടു പുളിപ്പില്ലാത്ത അപ്പവും എണ്ണചേർത്ത പുളിപ്പില്ലാത്ത ദോശകളും എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളും ഉണ്ടാക്കണം.

[3] അവയെല്ലാം ഒരു കുട്ടയിലാക്കി, കാളക്കിടാവിനോടും രണ്ട് ആട്ടുകൊറ്റനോടുമൊപ്പം കൊണ്ടുവരണം.

[4] പിന്നീട്, അഹരോനെയും പുത്രന്മാരെയും സമാഗമകൂടാരവാതിൽക്കൽ വരുത്തി, അവരെ വെള്ളത്തിൽ കഴുകണം.

[5] വസ്ത്രങ്ങൾ എടുത്ത്, അഹരോനെ അടിവസ്ത്രം, ഏഫോദിന്റെ അങ്കി, ഏഫോദ്, നിർണയപ്പതക്കം ഇവ ധരിപ്പിച്ച് അവന്റെ അരയിൽ ഏഫോദിന്റെ ചിത്രത്തയ്യലുള്ള നടുക്കെട്ടു കെട്ടണം.

[6] അഹരോന്റെ തലയിൽ തലപ്പാവും, തലപ്പാവിൽ വിശുദ്ധകിരീടവും ധരിക്കണം.

[7] പിന്നീട്, അഭിഷേകതൈലം കൊണ്ടുവന്നു തലയിൽ ഒഴിച്ച് അവനെ അഭിഷേകംചെയ്യണം.

[8] അവന്റെ പുത്രന്മാരെയും കൊണ്ടുവന്ന് അവരെയും അങ്കി ധരിപ്പിക്കണം.

[9] അവർക്കു ശിരോവസ്ത്രം വെക്കണം. അഹരോന്റെയും അവന്റെ പുത്രന്മാരുടെയും അരയ്ക്കു നടുക്കെട്ടു കെട്ടണം. ഒരു നിത്യ നിയമത്താൽ പൗരോഹിത്യം എന്നേക്കും അവർക്കായിരിക്കും. “ഇപ്രകാരം നീ അഹരോനെയും അവന്റെ പുത്രന്മാരെയും പ്രതിഷ്ഠിക്കണം.

[10] “സമാഗമകൂടാരത്തിന്റെ മുൻവശത്തു കാളയെ കൊണ്ടുവരണം; അഹരോനും പുത്രന്മാരും അവരുടെ കൈകൾ അതിന്റെ തലയിൽ വെക്കണം.

[11] അതിനുശേഷം, സമാഗമകൂടാരവാതിൽക്കൽ യഹോവയുടെ സന്നിധിയിൽ കാളയെ അറക്കണം.

[12] കാളക്കിടാവിന്റെ രക്തം കുറെ എടുത്ത് നിന്റെ വിരൽകൊണ്ടു യാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടണം. ശേഷിച്ചരക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കണം.

[13] ആന്തരികാവയവങ്ങളിൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കരളിന്മേലുള്ള കൊഴുപ്പും രണ്ടുവൃക്കയും അവയുടെ മേദസ്സും എടുത്ത് അവ മുഴുവനും യാഗപീഠത്തിൽ ദഹിപ്പിക്കണം.

[14] എന്നാൽ, കാളയുടെ മാംസവും തുകലും ചാണകവും പാളയത്തിനുപുറത്തു ദഹിപ്പിച്ചുകളയണം. ഇതു പാപശുദ്ധീകരണയാഗം.

[15] “ഇതിനുശേഷം ഒരു ആട്ടുകൊറ്റനെ എടുക്കണം. അഹരോനും പുത്രന്മാരും ആട്ടുകൊറ്റന്റെ തലയിൽ അവരുടെ കൈകൾ വെക്കണം.

[16] ആട്ടുകൊറ്റനെ അറത്തശേഷം, അതിന്റെ രക്തം എടുത്ത് യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം.

[17] ആട്ടുകൊറ്റനെ കഷണങ്ങളായി മുറിച്ച് അതിന്റെ ആന്തരികാവയവങ്ങളും കാലും കഴുകി, തല, കഷണങ്ങൾ എന്നിവയോടു ചേർത്തുവെക്കണം.

[18] അതിനുശേഷം, ആട്ടുകൊറ്റനെ മുഴുവനുമായി യാഗപീഠത്തിന്മേൽ ദഹിപ്പിക്കണം. ഇതു യഹോവയ്ക്ക് അർപ്പിക്കുന്ന ഹോമയാഗം; യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗംതന്നെ.

[19] “രണ്ടാമത്തെ ആട്ടുകൊറ്റനെ എടുക്കണം. അഹരോനും പുത്രന്മാരും ആട്ടുകൊറ്റന്റെ തലയിൽ കൈകൾ വെക്കണം.

[20] അതിനെ അറത്ത് അതിന്റെ കുറെ രക്തമെടുത്ത് അഹരോന്റെ വലതുചെവിയുടെ അറ്റത്തും അവന്റെ പുത്രന്മാരുടെ വലതുചെവിയുടെ അറ്റത്തും അവരുടെ വലതുകൈയുടെ പെരുവിരലിലും വലതുകാലിന്റെ പെരുവിരലിലും പുരട്ടണം. അതിനുശേഷം യാഗപീഠത്തിന്മേൽ ചുറ്റും രക്തം തളിക്കണം.

[21] പിന്നീട് യാഗപീഠത്തിന്മേലുള്ള രക്തവും അഭിഷേകതൈലവും കുറെ എടുത്ത്, അഹരോന്റെമേലും അവന്റെ വസ്ത്രങ്ങളിന്മേലും പുത്രന്മാരുടെമേലും അവരുടെ വസ്ത്രങ്ങളിന്മേലും തളിക്കണം. അങ്ങനെ, അവനും അവന്റെ വസ്ത്രങ്ങളും പുത്രന്മാരും അവരുടെ വസ്ത്രങ്ങളും ശുദ്ധീകരിക്കപ്പെടും.

[22] “നീ ആട്ടുകൊറ്റന്റെ മേദസ്സും തടിച്ച വാലും ആന്തരികാവയവങ്ങളിൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കരളിന്മേലുള്ള കൊഴുപ്പും വൃക്ക രണ്ടും അവയുടെ മേദസ്സും വലതുതുടയും എടുക്കണം. ഇതു പ്രതിഷ്ഠയ്ക്കുള്ള ആട്ടുകൊറ്റൻ.

[23] യഹോവയുടെ സന്നിധിയിൽ പുളിപ്പില്ലാത്ത അപ്പം വെച്ചിരിക്കുന്ന കുട്ടയിൽനിന്ന് ഒരു അടയും ഒലിവെണ്ണ പകർന്ന ഒരു വടയും ഒരു അപ്പവും എടുക്കണം.

[24] ഇവയെല്ലാം എടുത്ത് അഹരോന്റെയും അവന്റെ പുത്രന്മാരുടെയും കൈയിലും വെച്ചിട്ട്, യഹോവയുടെ സന്നിധിയിൽ ഉയർത്തി ഒരു വിശിഷ്ടയാഗമായി അർപ്പിക്കണം.

[25] അതിനുശേഷം അവരുടെ കൈയിൽനിന്ന് അവ എടുത്ത് യാഗപീഠത്തിലുള്ള ഹോമയാഗത്തോടൊപ്പം ഹൃദ്യസുഗന്ധമായി യഹോവയ്ക്ക് അർപ്പിക്കണം. ഇതു യഹോവയുടെ സന്നിധിയിൽ അർപ്പിക്കുന്ന ദഹനയാഗംതന്നെ.

[26] പിന്നീട് അഹരോന്റെ പ്രതിഷ്ഠയ്ക്കുള്ള ആട്ടുകൊറ്റന്റെ നെഞ്ചു നീ എടുത്ത് യഹോവയുടെ സന്നിധിയിൽ ഉയർത്തി ഒരു വിശിഷ്ടയാഗമായി അർപ്പിക്കണം; അതു നിന്റെ ഓഹരിയായിരിക്കും.

[27] “അഹരോന്റെയും അവന്റെ പുത്രന്മാരുടെയും പ്രതിഷ്ഠയ്ക്കുള്ള ആട്ടുകൊറ്റനിൽ യഹോവയുടെ സന്നിധിയിൽ ഉയർത്തി അർപ്പിച്ചതും അവർക്ക് അവകാശപ്പെട്ടതുമായ നെഞ്ചും വിശിഷ്ടയാഗാർപ്പണമായ തുടയും നീ ശുദ്ധീകരിക്കണം.

[28] ഇത് ഇസ്രായേൽമക്കളുടെ പക്കൽനിന്നും അഹരോനും അവന്റെ പുത്രന്മാർക്കും നിത്യാവകാശമായിരിക്കണം. ഇത് ഇസ്രായേൽജനം നിങ്ങളുടെ സമാധാനയാഗങ്ങളിൽനിന്ന് യഹോവയ്ക്ക് അർപ്പിക്കുന്ന വിശിഷ്ടയാഗമായിരിക്കും.

[29] “അഹരോന്റെ വിശുദ്ധവസ്ത്രങ്ങൾ അവന്റെ പുത്രന്മാരുടെ അവകാശമായിരിക്കും. അവർ അതു ധരിച്ചുകൊണ്ട് അഭിഷേകവും പ്രതിഷ്ഠയും പ്രാപിക്കണം.

[30] അവന്റെ പുത്രന്മാരിൽ അവനു പകരം വിശുദ്ധമന്ദിരത്തിൽ പൗരോഹിത്യശുശ്രൂഷചെയ്യാൻ സമാഗമകൂടാരത്തിൽ പ്രവേശിക്കുന്നവൻ ഏഴുദിവസം അതു ധരിക്കണം.

[31] “പ്രതിഷ്ഠയ്ക്കുള്ള ആട്ടുകൊറ്റനെ എടുത്ത് അതിന്റെ മാംസം ഒരു വിശുദ്ധസ്ഥലത്തുവെച്ച് പാകംചെയ്യണം.

[32] അഹരോനും പുത്രന്മാരും സമാഗമകൂടാരവാതിലിൽവെച്ച് ആട്ടുകൊറ്റന്റെ മാംസവും കുട്ടയിലുള്ള അപ്പവും ഭക്ഷിക്കണം.

[33] അവരുടെ പ്രതിഷ്ഠയ്ക്കും വിശുദ്ധീകരണത്തിനും പ്രായശ്ചിത്തം കഴിക്കുന്ന മാംസവും അപ്പവും അവർതന്നെ ഭക്ഷിക്കണം. അവ വിശുദ്ധമാകുകയാൽ അന്യർ ഭക്ഷിക്കരുത്.

[34] പ്രതിഷ്ഠായാഗത്തിന്റെ മാംസത്തിലോ അപ്പത്തിലോ എന്തെങ്കിലും പ്രഭാതംവരെ ശേഷിച്ചിരുന്നാൽ അതു തീയിൽ ദഹിപ്പിച്ചുകളയണം. അതു വിശുദ്ധമാകുകയാൽ ഭക്ഷിക്കരുത്.

[35] “അങ്ങനെ ഞാൻ നിന്നോടു കൽപ്പിച്ചതുപോലെ എല്ലാം നീ അഹരോനും അവന്റെ പുത്രന്മാർക്കുംവേണ്ടി ചെയ്യണം; അവരുടെ പ്രതിഷ്ഠാകർമം ഏഴുദിവസം നീണ്ടുനിൽക്കണം.

[36] പ്രായശ്ചിത്തമായി, ദിനംപ്രതി ഓരോ കാളയെ പാപശുദ്ധീകരണയാഗമായിട്ട് അർപ്പിക്കണം. പ്രായശ്ചിത്തം കഴിച്ചു യാഗപീഠത്തിനും ശുദ്ധിവരുത്തുക; അതിന്റെ വിശുദ്ധീകരണത്തിനായി അഭിഷേകം ചെയ്യുകയും വേണം.

[37] ഏഴുദിവസം യാഗപീഠത്തിനായി പ്രായശ്ചിത്തം കഴിച്ച് അതിനെ ശുദ്ധീകരിക്കണം. യാഗപീഠം അതിവിശുദ്ധമാകുകയും, അതിനെ തൊടുന്നതൊക്കെയും വിശുദ്ധമാകുകയും ചെയ്യും.

[38] “യാഗപീഠത്തിൽ നീ ക്രമമായി അർപ്പിക്കേണ്ടത് ഇതാണ്: ദിവസംതോറും ഒരുവയസ്സു പ്രായമുള്ള രണ്ട് കുഞ്ഞാട്.

[39] ഒരു കുഞ്ഞാടിനെ രാവിലെയും മറ്റേ കുഞ്ഞാടിനെ വൈകുന്നേരത്തും യാഗമർപ്പിക്കണം.

[40] ഇടിച്ചുപിഴിഞ്ഞെടുത്ത കാൽ ഹീൻ എണ്ണ പകർന്നിട്ടുള്ള ഒരു ഓമെർ നേരിയമാവും, പാനീയയാഗമായി കാൽ ഹീൻ വീഞ്ഞും ആദ്യത്തെ കുഞ്ഞാടിനോടൊപ്പം അർപ്പിക്കണം.

[41] രണ്ടാമത്തെ കുഞ്ഞാടിനെ, രാവിലത്തെ ഭോജനയാഗത്തിനും പാനീയയാഗത്തിനും ഒത്തവണ്ണം ഒരുക്കി, ഹൃദ്യസുഗന്ധമായി യഹോവയ്ക്കു ദഹനയാഗം വൈകുന്നേരത്ത് അർപ്പിക്കണം.

[42] “സമാഗമകൂടാരവാതിൽക്കൽ യഹോവയുടെമുമ്പാകെ ഇതു നിങ്ങൾക്കു തലമുറതലമുറയായി നിരന്തരം അർപ്പിക്കേണ്ട ഹോമയാഗമായിരിക്കണം. അവിടെ ഞാൻ നിങ്ങൾക്കു പ്രത്യക്ഷനായി നിങ്ങളോടു സംസാരിക്കും.

[43] അവിടെ ഞാൻ ഇസ്രായേൽമക്കൾക്കു വെളിപ്പെടും. ആ സ്ഥലം എന്റെ തേജസ്സിനാൽ ശുദ്ധീകരിക്കപ്പെടും.

[44] “ഞാൻ സമാഗമകൂടാരത്തെയും യാഗപീഠത്തെയും ശുദ്ധീകരിക്കും. എനിക്കു പൗരോഹിത്യശുശ്രൂഷ ചെയ്യേണ്ടതിനു ഞാൻ അഹരോനെയും അവന്റെ പുത്രന്മാരെയും ശുദ്ധീകരിക്കും.

[45] ഞാൻ ഇസ്രായേൽമക്കളുടെ മധ്യേ വസിക്കും; ഞാൻ അവർക്കു ദൈവമായിരിക്കും.

[46] അവരുടെ മധ്യേ വസിക്കാൻ അവരെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന അവരുടെ ദൈവമായ യഹോവ ഞാൻ ആകുന്നു എന്ന് അവർ അറിയും. ഞാൻ അവരുടെ ദൈവമായ യഹോവ ആകുന്നു.

പുറപ്പാടുപുസ്തകം — Chapters