[1] യാക്കോബിനോടുകൂടെ, കുടുംബസമേതം ഈജിപ്റ്റിൽ വന്ന ഇസ്രായേൽമക്കളുടെ പേരുകൾ ഇവയാണ്:
[2] രൂബേൻ, ശിമെയോൻ, ലേവി, യെഹൂദാ,
[3] യിസ്സാഖാർ, സെബൂലൂൻ, ബെന്യാമീൻ,
[4] ദാൻ, നഫ്താലി, ഗാദ്, ആശേർ.
[5] യാക്കോബിൽനിന്നു ജനിച്ചവർ ആകെ എഴുപതുപേരായിരുന്നു; യോസേഫ് മുമ്പേതന്നെ ഈജിപ്റ്റിൽ ആയിരുന്നു.
[6] വർഷങ്ങൾ കടന്നുപോയി, യോസേഫും സഹോദരന്മാരും ആ തലമുറ മുഴുവനും മരിച്ചു.
[7] എന്നാൽ അവരുടെ പിൻഗാമികളായ ഇസ്രായേല്യർ, സന്താനസമൃദ്ധിയുള്ളവരായി അത്യധികം വർധിച്ചു; അവർ പ്രബലപ്പെട്ടു. ദേശം അവരെക്കൊണ്ടു നിറഞ്ഞു.
[8] കാലങ്ങൾ കടന്നുപോയി, യോസേഫിനെ അറിയാത്ത മറ്റൊരു രാജാവ് ഈജിപ്റ്റിന്റെ ഭരണാധിപനായിത്തീർന്നു.
[9] അദ്ദേഹം തന്റെ ജനങ്ങളോട്, “ഇതാ, ഇസ്രായേല്യർ നമ്മെക്കാൾ എണ്ണത്തിൽ പെരുകി പ്രബലരായിരിക്കുന്നു.
[10] നാം അവരോടു തന്ത്രപൂർവം പെരുമാറണം; അല്ലാത്തപക്ഷം അവർ ഇതിലും പെരുകുകയും ഒരു യുദ്ധം പൊട്ടിപ്പുറപ്പെടുമ്പോൾ ശത്രുക്കളോടു ചേർന്നു നമുക്കെതിരേ യുദ്ധംചെയ്യുകയും രാജ്യം വിട്ടുപോകുകയും ചെയ്യും” എന്നു പറഞ്ഞു.
[11] അതനുസരിച്ച്, ഇസ്രായേല്യരെക്കൊണ്ടു കഠിനമായി പണിയെടുപ്പിക്കാനും അവരെ പീഡിപ്പിക്കാനുമായി ഈജിപ്റ്റുകാർ അവരുടെമേൽ മേൽനോട്ടക്കാരെ നിയമിച്ചു; അവർ ഫറവോനുവേണ്ടി പീഥോം, രമെസേസ് എന്നീ സംഭരണനഗരങ്ങൾ ഇസ്രായേല്യരെക്കൊണ്ട് പണിയിപ്പിച്ചു.
[12] എന്നാൽ പീഡനം വർധിക്കുന്നതനുസരിച്ച് അവരുടെ എണ്ണം വർധിക്കുകയും അവർ എല്ലായിടത്തും പരക്കുകയും ചെയ്തു. അതുകൊണ്ട് ഈജിപ്റ്റുകാർ ഇസ്രായേല്യരെ ഭയപ്പെട്ടു.
[13] ഈജിപ്റ്റുകാർ ക്രൂരമായി അവരെക്കൊണ്ടു പണിയെടുപ്പിച്ചു.
[14] ഇഷ്ടികയും കളിമണ്ണുംകൊണ്ടുള്ള വേലയും വയലിലെ എല്ലാത്തരം ജോലികളും കഠിനാധ്വാനവുംകൊണ്ട് ഈജിപ്റ്റുകാർ അവരുടെ ജീവിതം കയ്പുള്ളതാക്കി. അവരുടെ കഠിനജോലികളിലെല്ലാം ഈജിപ്റ്റുകാർ അവരോടു ക്രൂരമായി പെരുമാറി.
[15] ഈജിപ്റ്റുരാജാവ് എബ്രായസൂതികർമിണികളായ ശിപ്രാ, പൂവാ എന്നിവരോട്,
[16] “നിങ്ങൾ എബ്രായസ്ത്രീകളെ പ്രസവവേളയിൽ പരിചരിക്കയും അവരെ പ്രസവക്കിടക്കയിൽ നിരീക്ഷിക്കുകയും ചെയ്യുമ്പോൾ കുട്ടി ആണാണെങ്കിൽ അതിനെ കൊന്നുകളയുകയും പെണ്ണാണെങ്കിൽ ജീവിക്കാൻ അനുവദിക്കുകയും ചെയ്യണം” എന്നു കൽപ്പിച്ചു.
[17] ആ സൂതികർമിണികൾ ദൈവത്തെ ഭയപ്പെട്ടിരുന്നതുകൊണ്ട്, ഈജിപ്റ്റുരാജാവ് തങ്ങളോടു കൽപ്പിച്ചിരുന്നതുപോലെ പ്രവർത്തിച്ചില്ല; ആൺകുട്ടികളെ അവർ ജീവനോടെ രക്ഷിച്ചു.
[18] ഇതറിഞ്ഞ ഈജിപ്റ്റുരാജാവ് അവരെ ആളയച്ചുവരുത്തി അവരോട്, “നിങ്ങൾ ഇങ്ങനെ ചെയ്തതെന്ത്? ആൺകുട്ടികളുടെ ജീവൻ രക്ഷിക്കുന്നത് എന്തിന്?” എന്ന് ആരാഞ്ഞു.
[19] സൂതികർമിണികൾ ഫറവോനോട്, “എബ്രായസ്ത്രീകൾ ഈജിപ്റ്റിലെ സ്ത്രീകളെപ്പോലെയല്ല; അവർ ചുറുചുറുക്കുള്ളവരാണ്; സൂതികർമിണികൾ എത്തുന്നതിനുമുമ്പുതന്നെ അവർ പ്രസവിച്ചുകഴിഞ്ഞിരിക്കും” എന്ന് ഉത്തരം പറഞ്ഞു.
[20] അതുകൊണ്ടു ദൈവം ആ സൂതികർമിണികളോടു കരുണ കാണിച്ചു; ഇസ്രായേൽജനം പെരുകുകയും എണ്ണത്തിൽ പ്രബലരായിത്തീരുകയും ചെയ്തു.
[21] സൂതികർമിണികൾ ദൈവത്തെ ഭയപ്പെട്ടതുകൊണ്ട് അവിടന്ന് അവർക്കും കുടുംബവർധന നൽകി.
[22] പിന്നെ ഫറവോൻ തന്റെ സകലജനങ്ങളോടും, “എബ്രായർക്കു ജനിക്കുന്ന എല്ലാ ആൺകുട്ടികളെയും നിങ്ങൾ നൈൽനദിയിൽ എറിഞ്ഞുകളയണം; പെൺകുട്ടികളെ ജീവിക്കാൻ അനുവദിക്കുക” എന്നു കൽപ്പിച്ചു.