Skip to content
Opens in a new window

[1] “പിരിച്ച മൃദുലചണനൂൽ, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ എന്നിവകൊണ്ടുണ്ടാക്കിയ പത്തു തിരശ്ശീലകൊണ്ടു സമാഗമകൂടാരം നിർമിക്കണം; തിരശ്ശീലകളിൽ നെയ്ത്തുകാരന്റെ ചിത്രപ്പണിയായി കെരൂബുകൾ ഉണ്ടായിരിക്കണം.

[2] എല്ലാ തിരശ്ശീലകൾക്കും ഒരേ അളവായിരിക്കണം; ഓരോ തിരശ്ശീലയ്ക്കും ഇരുപത്തെട്ടുമുഴം നീളവും നാലുമുഴം വീതിയും ഉണ്ടായിരിക്കണം.

[3] അഞ്ചു തിരശ്ശീലകളും ഒന്നോടൊന്നു തുന്നിച്ചേർക്കണം; മറ്റേ അഞ്ചു തിരശ്ശീലകളും ഒന്നോടൊന്നു തുന്നിച്ചേർക്കണം;

[4] ഇങ്ങനെ തുന്നിച്ചേർത്ത ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള തിരശ്ശീലയുടെ വിളുമ്പിൽ നീലനൂൽകൊണ്ടു കണ്ണികൾ ഉണ്ടാക്കണം. മറ്റേ വിരിയുടെ അറ്റത്തുള്ള തിരശ്ശീലയുടെ വിളുമ്പിലും അതുപോലെ കണ്ണികൾ ഉണ്ടാക്കണം.

[5] ഒരുകൂട്ടം തിരശ്ശീലയിൽ അൻപതു കണ്ണികൾ ഉണ്ടാക്കണം. രണ്ടാമത്തെ കൂട്ടം തിരശ്ശീലയുടെ വിളുമ്പിലും അൻപതു കണ്ണികൾ ഉണ്ടാക്കണം. കണ്ണികൾ നേർക്കുനേർ ആയിരിക്കണം.

[6] തങ്കംകൊണ്ട് അൻപതു കൊളുത്തും ഉണ്ടാക്കണം. സമാഗമകൂടാരം ഒന്നായിരിക്കത്തക്കവണ്ണം തിരശ്ശീലകളെ കൊളുത്തുകൊണ്ട് ഒന്നായി പിണച്ചുചേർക്കണം.

[7] “സമാഗമകൂടാരത്തിന്മേൽ മൂടുവിരിയായി, കോലാട്ടുരോമംകൊണ്ടു പതിനൊന്നു തിരശ്ശീല ഉണ്ടാക്കണം.

[8] പതിനൊന്നു തിരശ്ശീലയ്ക്കും ഒരേ അളവ് ആയിരിക്കണം. ഓരോന്നിനും മുപ്പതുമുഴം നീളവും നാലുമുഴം വീതിയും ഉണ്ടായിരിക്കണം.

[9] അഞ്ചു തിരശ്ശീല ഒരുമിച്ചും മറ്റ് ആറു തിരശ്ശീല ഒരുമിച്ചും തുന്നിച്ചേർക്കണം; ആറാമത്തെ തിരശ്ശീല കൂടാരത്തിന്റെ മുൻവശത്തു മടക്കി ഇടണം.

[10] തുന്നിച്ചേർത്ത ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള തിരശ്ശീലയുടെ വിളുമ്പിൽ അൻപതു കണ്ണിയും രണ്ടാമത്തെ വിരിയുടെ അറ്റത്തുള്ള തിരശ്ശീലയുടെ വിളുമ്പിൽ അൻപതു കണ്ണിയും ഉണ്ടാക്കണം.

[11] അതിനുശേഷം വെങ്കലംകൊണ്ട് അൻപതു കൊളുത്ത് ഉണ്ടാക്കണം. കൂടാരം ഒന്നായി ഇണച്ചുചേർക്കത്തക്കവണ്ണം, കൊളുത്തുകൾ കണ്ണികളിൽ ഇട്ട് ഒന്നായി യോജിപ്പിക്കണം.

[12] കൂടാരതിരശ്ശീലകളിൽ മിച്ചമായി കവിഞ്ഞുകിടക്കുന്ന പകുതിഭാഗം, സമാഗമകൂടാരത്തിന്റെ പിൻവശത്തു തൂക്കിയിടണം.

[13] മൂടുവിരിയുടെ നീളത്തിൽ ശേഷിപ്പുള്ള ഭാഗം, സമാഗമകൂടാരത്തെ മൂടേണ്ടതിന് ഒരുവശത്ത് ഒരുമുഴവും മറ്റേവശത്ത് ഒരുമുഴവും എന്നിങ്ങനെ രണ്ടുവശങ്ങളിലും തൂങ്ങിക്കിടക്കണം.

[14] ആട്ടുകൊറ്റന്റെ ചെമപ്പിച്ചതുകൽകൊണ്ടു കൂടാരത്തിന് ഒരു മൂടിയും അതിന്റെമീതേ തഹശുതുകൽകൊണ്ട് ഒരു പുറമൂടിയും ഉണ്ടാക്കണം.

[15] “സമാഗമകൂടാരത്തിനു നിവർന്നുനിൽക്കുന്ന ഖദിരമരംകൊണ്ടുള്ള പലകകൾ ഉണ്ടാക്കണം.

[16] ഓരോ പലകയ്ക്കും പത്തുമുഴം നീളവും ഒന്നരമുഴം വീതിയും ഉണ്ടായിരിക്കണം.

[17] പലകകൾതമ്മിൽ ചേർന്നിരിക്കുംവിധം ഓരോ പലകയ്ക്കും രണ്ടു കുടുമകൾവീതം ഉണ്ടാക്കണം. സമാഗമകൂടാരത്തിന്റെ എല്ലാ പലകകളും ഇതേരീതിയിൽ ഉണ്ടാക്കണം.

[18] സമാഗമകൂടാരത്തിന്റെ തെക്കുവശത്ത് ഇരുപതു പലക ഉണ്ടാക്കണം.

[19] ഒരു പലകയുടെ അടിയിൽ രണ്ടു കുടുമകളും അതിനു രണ്ടു ചുവടും അങ്ങനെ നാൽപ്പതു വെള്ളിച്ചുവടും ഉണ്ടാക്കണം.

[20] സമാഗമകൂടാരത്തിന്റെ മറ്റേവശമായ വടക്കുവശത്ത് ഇരുപതു പലകയും

[21] ഒരു പലകയുടെ അടിയിൽ രണ്ടു ചുവടുകൾവീതം നാൽപ്പതു വെള്ളിച്ചുവടുകളും ഉണ്ടാക്കണം.

[22] സമാഗമകൂടാരത്തിന്റെ പിൻഭാഗമായ പടിഞ്ഞാറുവശത്ത് ആറു പലകകൾ ഉണ്ടാക്കണം.

[23] സമാഗമകൂടാരത്തിന്റെ ഇരുവശത്തുമുള്ള കോണുകൾക്ക് ഈരണ്ടു പലകയും ഉണ്ടാക്കണം.

[24] രണ്ടു മൂലകളിലും, താഴെമുതൽ മുകളിൽ ഒറ്റവളയംവരെ അവ ഇരട്ടപ്പലകയായിരിക്കണം. രണ്ടു പലകകളും ഇപ്രകാരം ആയിരിക്കണം. അവ രണ്ടും മൂലപ്പലകകളാണ്.

[25] ഇങ്ങനെ എട്ടു പലകയും ഓരോ പലകയുടെയും അടിയിൽ രണ്ടു ചുവടുവീതം പതിനാറു വെള്ളിച്ചുവടും ഉണ്ടായിരിക്കണം.

[26] “ഖദിരമരംകൊണ്ടു സാക്ഷകൾ ഉണ്ടാക്കുക; സമാഗമകൂടാരത്തിന്റെ ഒരു വശത്തെ പലകയ്ക്ക് അഞ്ചു സാക്ഷയും

[27] മറുവശത്തെ പലകകൾക്ക് അഞ്ചു സാക്ഷയും സമാഗമകൂടാരത്തിന്റെ പിൻഭാഗമായ പടിഞ്ഞാറുവശത്തെ പലകകൾക്ക് അഞ്ചു സാക്ഷയും ഉണ്ടാക്കണം.

[28] നടുവിലുള്ള സാക്ഷ പലകകളുടെ നടുവിൽ ഒരറ്റംമുതൽ മറ്റേ അറ്റംവരെ എത്തുന്നതായിരിക്കണം.

[29] പലകകൾ തങ്കംകൊണ്ടു പൊതിയണം; സാക്ഷ കടത്തുന്നതിന് തങ്കംകൊണ്ടു വളയങ്ങൾ ഉണ്ടാക്കണം; സാക്ഷകളും തങ്കംകൊണ്ടു പൊതിയണം.

[30] “പർവതത്തിൽ നിനക്കു കാണിച്ചുതന്ന മാതൃകയനുസരിച്ചു നീ സമാഗമകൂടാരം ഉയർത്തണം.

[31] “നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ട് ഒരു തിരശ്ശീല ഉണ്ടാക്കണം. തിരശ്ശീലയിൽ കെരൂബുകളുടെ രൂപം ചിത്രപ്പണിയായി നെയ്ത്തുകാരൻ തുന്നിച്ചേർക്കണം.

[32] നാലു വെള്ളിച്ചുവടുകളിൽ നിൽക്കുന്നതും തങ്കം പൊതിഞ്ഞ ഖദിരമരംകൊണ്ടുള്ള നാലു തൂണുകളുടെന്മേൽ അവ തങ്കക്കൊളുത്തുകളിൽ തൂക്കിയിടണം.

[33] കൊളുത്തുകളിൽ തിരശ്ശീല തൂക്കിയിടണം; തിരശ്ശീലയ്ക്കു പിന്നിൽ ഉടമ്പടിയുടെ പേടകം വെക്കണം. തിരശ്ശീല വിശുദ്ധസ്ഥലവും അതിവിശുദ്ധസ്ഥലവുംതമ്മിൽ വേർതിരിക്കുന്നതായിരിക്കണം.

[34] അതിവിശുദ്ധസ്ഥലത്ത്, ഉടമ്പടിയുടെ പേടകത്തിനുമീതേ പാപനിവാരണസ്ഥാനം വെക്കണം.

[35] തിരശ്ശീലയ്ക്കു വെളിയിൽ, സമാഗമകൂടാരത്തിന്റെ വടക്കുഭാഗത്തു മേശയും, മേശയുടെ എതിരേ തെക്കുഭാഗത്തു നിലവിളക്കും വെക്കണം.

[36] “കൂടാരവാതിലിനു നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽപ്പണിയായി ഒരു മറശ്ശീലയും ഉണ്ടാക്കണം.

[37] ഈ മറശ്ശീലയ്ക്ക് തങ്കക്കൊളുത്തുകൾ ഉണ്ടാക്കണം; ഖദിരമരംകൊണ്ട് അഞ്ചുതൂണുകൾ ഉണ്ടാക്കി, അവ തങ്കംകൊണ്ടു പൊതിയണം. അവയ്ക്കു വെങ്കലംകൊണ്ട് അഞ്ചു ചുവടും വാർത്തുണ്ടാക്കണം.

പുറപ്പാടുപുസ്തകം — Chapters