[1] കുഞ്ഞാട് ഏഴാമത്തെ മുദ്ര തുറന്നു. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ അരമണിക്കൂര്‍ നേരത്തേക്കു മൌനമായിരുന്നു.
[2] ഏഴു ദൂതന്മാര്‍ ദൈവത്തിന്‍റെ സിംഹാസനത്തിന്‍റെ മുമ്പില്‍ നിന്നു കൊണ്ട് ഏഴു കാഹളങ്ങള്‍ സ്വീകരിക്കുന്നത് ഞാന്‍ കണ്ടു.
[3] മറ്റൊരു ദൂതന്‍ യാഗപീഠത്തിനരികെ വന്ന് ഒരു സ്വര്‍ണ്ണ ധൂപകലശം പിടിച്ചു നിന്നു. വിശുദ്ധന്മാരായവരുടെയെല്ലാം പ്രാര്‍ത്ഥനയില്‍ കലര്‍ത്താന്‍ ആ ദൂതന് കൂടുതല്‍ ധൂപവര്‍ഗ്ഗം നല്‍കപ്പെട്ടു. ദൂതന്‍ അവയെല്ലാം സിംഹാസനത്തിനു മുമ്പിലുള്ള യാഗപീഠത്തില്‍ സമര്‍പ്പിച്ചു.
[4] ധൂപവര്‍ഗ്ഗത്തില്‍ നിന്നുള്ള പുക ദൂതന്‍റെ കയ്യില്‍ നിന്നും ദൈവത്തിലേക്കുയര്‍ന്നു. ഭക്തരുടെ പ്രാര്‍ത്ഥനയ്ക്കൊപ്പം പുകയും ഉയര്‍ന്നു.
[5] അപ്പോള്‍ ദൂതന്‍ ധൂപകലശത്തില്‍ ബലിപീഠത്തില്‍ നിന്നും തീ നിറച്ച് ധൂപകലശം ഭൂമിയിലേക്കെറിഞ്ഞു. അപ്പോള്‍ മിന്നല്‍പ്പിണരുകളും ഇടിയും ഭൂകമ്പവും മറ്റ് ശബ്ദങ്ങളുമുണ്ടായി.
[6] അപ്പോള്‍ ഏഴു ദൂതന്മാരും തങ്ങളുടെ കയ്യിലുള്ള കാഹളം മുഴക്കാന്‍ തയ്യാറായി.
[7] ഒന്നാമത്തെ ദൂതന്‍ കാഹളം മുഴക്കി. അപ്പോള്‍ ചോര കലര്‍ന്ന കല്ലുമഴയും അഗ്നിയുമുണ്ടായി. അവ ഭൂമിയില്‍ പതിച്ചു. അപ്പോള്‍ ഭൂമിയുടെ മൂന്നിലൊന്നു ഭാഗവും പച്ചപ്പുല്ലുകള്‍ മുഴുവനും മരങ്ങളുടെ മൂന്നിലൊന്നും കത്തിനശിച്ചു.
[8] രണ്ടാമത്തെ ദൂതന്‍ കാഹളം മുഴക്കി. അപ്പോള്‍ അഗ്നിയാല്‍ കത്തിക്കൊണ്ടിരിക്കുന്ന ഒരു വലിയ മലപോലെ എന്തോ ഒന്ന് കടലിലേക്കെറിയപ്പെട്ടു. കടലിന്‍റെ മൂന്നിലൊന്ന് രക്തമായി മാറുകയും ചെയ്തു.
[9] സമുദ്രത്തിലെ മൂന്നിലൊന്നു ജീവികള്‍ ചാവുകയും കപ്പലുകളില്‍ മൂന്നിലൊന്ന് നശിക്കുകയും ചെയ്തു.
[10] മൂന്നാമത്തെ ദൂതന്‍ കാഹളം മുഴക്കിയപ്പോള്‍ ഒരു ദീപംപോലെ പ്രകാശിച്ചിരുന്ന ഒരു വലിയ നക്ഷത്രം ആകാശത്തുനിന്നും പതിച്ചു. നക്ഷത്രം പതിച്ചത് മൂന്നിലൊന്ന് നദികളുടെയും അരുവികളുടെയും മേലായിരുന്നു.
[11] കാഞ്ഞിരം എന്നായിരുന്നു ആ നക്ഷത്രത്തിന്‍റെ പേര്. അതോടെ ജലത്തിന്‍റെ മൂന്നിലൊന്ന് കയ്പേറിയതായി. കയ്പ്പുറ്റ ആ വെള്ളം കുടിച്ച് അനേകം ആളുകള്‍ മരണമടഞ്ഞു.
[12] നാലാമത്തെ ദൂതന്‍ കാഹളം മുഴക്കി. സൂര്യന്‍റെ മൂന്നിലൊന്നും ചന്ദ്രന്‍റെ മൂന്നിലൊന്നും നക്ഷത്രങ്ങളുടെ മൂന്നിലൊന്നും ഇരുണ്ടുപോയി. പകലിന്‍റെയും രാത്രിയുടെയും മൂന്നിലൊന്ന് ഇരുട്ടായി.
[13] ഞാന്‍ നോക്കിയപ്പോള്‍ ആകാശത്തില്‍ വളരെ ഉയരത്തില്‍ പറക്കുന്ന ഒരു പരുന്തിന്‍റെ ശബ്ദം കേട്ടു. പരുന്ത് ഉച്ചത്തില്‍ പറഞ്ഞു, “ദുരിതം! ദുരിതം! ദുരിതം!” ഇനിയും തങ്ങളുടെ കാഹളങ്ങള്‍ മുഴക്കാനുള്ള മൂന്നു ദൂതന്മാരും കാഹളം മുഴക്കുമ്പോള്‍ ഭൂമിയിലെ നിവാസികള്‍ക്കു ദുരിതം ആരംഭിക്കും.”