[1] അനന്തരം ഞാനൊരു പുതിയ സ്വര്‍ഗ്ഗവും പുതിയ ഭൂമിയും കണ്ടു. ആദ്യത്തെ സ്വര്‍ഗ്ഗവും ആദ്യത്തെ ഭൂമിയും അപ്രത്യക്ഷമായി. ഇപ്പോളവിടെ കടലുമില്ല.
[2] വിശുദ്ധനഗരം സ്വര്‍ഗ്ഗത്തില്‍ ദൈവത്തില്‍ നിന്നിറങ്ങിവരുന്നതും ഞാന്‍ കണ്ടു. ആ വിശുദ്ധനഗരം പുതിയ യെരൂശലേമാകുന്നു. അത് ഭര്‍ത്താവിനുവേണ്ടി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങിയിരിക്കുന്നു.
[3] ഞാന്‍ സിംഹാസനത്തില്‍ നിന്നൊരു വലിയ ശബ്ദം കേട്ടു. ശബ്ദം പറഞ്ഞു, “ഇതാ ദൈവത്തിന്‍റെ വസതി ജനങ്ങളുടേതായിരിക്കുന്നു. അവന്‍ അവരോടൊത്തു വസിക്കും. അവര്‍ അവന്‍റെയാളുകളാകും. ദൈവം സ്വയം അവരോടൊത്തുണ്ടാകുകയും അവരുടെ ദൈവമായിരിക്കുകയും ചെയ്യും.
[4] ദൈവം അവരുടെ കണ്ണുകളില്‍ നിന്നും എല്ലാ കണ്ണുനീരും തുടച്ചുകളയും. ഇനി മരണവും ദുഃഖവും കരച്ചിലും വേദനയുമുണ്ടാവില്ല. എല്ലാ പഴയ വഴികളും അവസാനിച്ചു.”
[5] സിംഹാസനത്തിലിരിക്കുന്നവന്‍ പറഞ്ഞു, “ഇതാ! ഞാനെല്ലാം പുതിയതാക്കുന്നു!” എന്നിട്ട് അവന്‍ പറഞ്ഞു, “ഇങ്ങനെയെഴുതുക, എന്തെന്നാല്‍ ഈ വാക്കുകള്‍ സത്യവും വിശ്വസനീയവുമാകുന്നു.”
[6] സിംഹാസനത്തിലിരിക്കുന്നവന്‍ എന്നോടു പറഞ്ഞു, “അതവസാനിച്ചു! അല്‍ഫയും ഒമേഗയും ആദിയും അന്തവും ഞാനാകുന്നു. ദാഹിക്കുന്നവന് ഞാന്‍ ജീവന്‍റെ നീരുറവയില്‍ നിന്നും സൌജന്യമായി ജലം നല്‍കും.
[7] ജേതാവിന് ഇതെല്ലാം ലഭിക്കും. ഞാന്‍ അവന്‍റെ ദൈവവും അവനെന്‍റെ പുത്രനും ആയിരിക്കും.
[8] എന്നാല്‍ ഭീരുക്കളും വിശ്വസിക്കാന്‍ കൂട്ടാക്കാത്തവരും നിന്ദ്യമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരും കൊലയാളികളും വ്യഭിചാരികളും ആഭിചാരക്കാരും വിഗ്രഹാരാധകരും നുണയന്മാരും അടക്കം എല്ലാവരും ഗന്ധകത്തീത്തടാകത്തില്‍ പതിക്കും. ഇതാണു രണ്ടാം മരണം.”
[9] ഏഴു ദൂതന്മാരിലൊരാള്‍ എന്നെ സമീപിച്ചു. അവസാനത്തെ ഏഴു ദുരിതങ്ങള്‍ നിറച്ച ഏഴു കലശങ്ങളിലൊന്ന് വഹിച്ചിരുന്ന ഒരു ദൂതനായിരുന്നു അത്. ദൂതന്‍ പറഞ്ഞു, “എന്നൊടൊത്തു വരിക. കുഞ്ഞാടിന്‍റെ കാന്തയായ മണവാട്ടിയെ ഞാന്‍ കാട്ടിത്തരാം.”
[10] ദൂതന്‍ എന്നെ ആത്മാവില്‍ എടുത്ത് വളരെ വലിയതും ഉയരം കൂടിയതുമായ പര്‍വ്വതത്തിലിരുത്തി. ദൂതന്‍ എന്നെ വിശുദ്ധനഗരമായ യെരൂശലേം കാണിച്ചു. നഗരം സ്വര്‍ഗ്ഗസ്ഥനായ ദൈവത്തില്‍ നിന്നും താഴേക്കിറങ്ങിവരികയായിരുന്നു.
[11] നഗരം ദൈവത്തിന്‍റെ മഹത്വത്താല്‍ തിളങ്ങുന്നുണ്ടായിരുന്നു. അത്യപൂര്‍വ്വമായ ഇന്ദ്രനീലം പോലെ അതു തിളങ്ങിയിരുന്നു. സ്ഫടികം പോലെ അതു വളരെ വ്യക്തമായിരുന്നു.
[12] നഗരത്തിനു പന്ത്രണ്ടു കവാടങ്ങള്‍ ഉള്ള ഒരു ഉയര്‍ന്ന മതിലുണ്ടായിരുന്നു. കവാടങ്ങളില്‍ പന്ത്രണ്ടുദൂതന്മാര്‍ ഉണ്ടായിരുന്നു. ഓരോ കവാടത്തിലും യിസ്രായേലിലെ പന്ത്രണ്ടു വംശത്തിലൊന്നിന്‍റെ വീതം പേര് എഴുതിവച്ചിരുന്നു.
[13] കിഴക്കും പടിഞ്ഞാറും തെക്കും വടക്കും മൂന്നു കവാടങ്ങള്‍ വീതമായിരുന്നു.
[14] പന്ത്രണ്ട് അടിക്കല്ലുകളിലായിരുന്നു നഗരഭിത്തി നിര്‍മ്മിച്ചിരുന്നത്. കല്ലുകളില്‍ കുഞ്ഞാടിന്‍റെ അപ്പൊസ്തലന്മാരുടെ പേരുകള്‍ എഴുതിയിരുന്നു.
[15] എന്നോടു സംസാരിച്ചിരുന്ന ദൂതന്‍റെ കയ്യില്‍ ഒരു സ്വര്‍ണ്ണ അളവുകോലുണ്ടായിരുന്നു. ഇത് നഗരവും അതിന്‍റെ കവാടങ്ങളും മതിലും അളക്കുന്നതിന് ആയിരുന്നു.
[16] സമചതുരത്തിലായിരുന്നു നഗരം പണിതിരുന്നത്. നീളവും വീതിയും തുല്യം. ദൂതന്‍ അളവുകോല്‍ കൊണ്ട് നഗരത്തെ അളന്നു. പന്തീരായിരം നാഴിക നീളവും പന്തീരായിരം നാഴിക വീതിയും പന്തീരായിരം നാഴിക ഉയരവും.
[17] ഭിത്തിയും ദൂതന്‍ അളന്നു. നൂറ്റിനാല്പത്തിനാല് മുഴം. ഉയരം മനുഷ്യരുടെ അളവനുസരിച്ചുണ്ടായിരുന്നു. ദൂതന്‍റെ അളവനുസരിച്ചും അത്ര തന്നെ.
[18] സൂര്യകാന്തക്കല്ലു കൊണ്ടായിരുന്നു ഭിത്തി കെട്ടിയിരുന്നത്. സ്ഫടികത്തെപ്പോലെ നിര്‍മ്മലമായ ശുദ്ധമായ സ്വര്‍ണ്ണം കൊണ്ട് നഗരം പണിയപ്പെട്ടിരുന്നു.
[19] നഗരഭിത്തിയുടെ അടിക്കല്ലുകളില്‍ വിലകൂടിയ രത്നങ്ങളുണ്ടായിരുന്നു. ആദ്യത്തെ മൂലക്കല്ല് സൂര്യകാന്തം, രണ്ടാമത്തേത് ഇന്ദ്രനീലം, മൂന്നാമത്തേതു വൈഡൂര്യം, നാലാമത്തേതു മരതകം, അഞ്ചാമത്തേതു ഗോമേദകം,
[20] ആറാമത്തേതു മാണിക്യം, ഏഴാമത്തേതു ചന്ദ്രകാന്തം, എട്ടാമത്തേതു പത്മരാഗം, ഒമ്പതാമത്തേതു പുഷ്യരാഗം, പത്താമത്തേതു പവിഴം, പതിനൊന്നാമത്തേതു നീലം, പന്ത്രണ്ടാമത്തേതു ശ്യാമളവൈഢൂര്യം.
[21] പന്ത്രണ്ടു കവാടങ്ങള്‍ പന്ത്രണ്ടു മുത്തുകളായിരുന്നു. നഗരവീഥി ശുദ്ധ സ്വര്‍ണ്ണം കൊണ്ടും അത് സ്ഫടികം പോലെ സുതാര്യവുമായിരുന്നു.
[22] ഞാന്‍ നഗരത്തിലെ ദൈവാലയം കണ്ടില്ല. സര്‍വ്വശക്തനായ ദൈവവും കുഞ്ഞാടുമാണ് നഗരത്തിന്‍റെ ദൈവാലയം.
[23] നഗരത്തില്‍ സൂര്യനോ ചന്ദ്രനോ പ്രകാശിക്കേണ്ടതില്ലായിരുന്നു. ദൈവത്തിന്‍റെ മഹത്വം നഗരത്തിനു പ്രകാശമരുളുന്നു. കുഞ്ഞാടാകുന്നു നഗരത്തിന്‍റെ വിളക്ക്.
[24] കുഞ്ഞാട് നല്‍കുന്ന വെളിച്ചത്തില്‍ ലോകര്‍ നടക്കും. ഭൂമിയിലെ രാജാക്കന്മാര്‍ തങ്ങളുടെ മഹത്വം നഗരത്തിലേക്കു കൊണ്ടുവരും.
[25] രാത്രി ഇല്ലാത്തതിനാല്‍ നഗരകവാടങ്ങള്‍ ഒരു ദിവസവും അടയുകയില്ല.
[26] രാജ്യങ്ങളുടെ മഹിമയും പ്രതാപവും നഗരത്തില്‍ കൊണ്ടുവരപ്പെടും.
[27] അശുദ്ധികളൊന്നും ഒരിക്കലും നഗരത്തില്‍ പ്രവേശിക്കില്ല. നാണംകെട്ടവ പ്രവര്‍ത്തിക്കുന്നവനോ നുണയനോ ഒരിക്കലും നഗരത്തില്‍ പ്രവേശിക്കില്ല. കുഞ്ഞാടിന്‍റെ ജീവന്‍റെ പുസ്തകത്തില്‍ പേര്‍ചേര്‍ക്കപ്പെട്ടവര്‍ക്കു മാത്രമേ നഗരത്തില്‍ പ്രവേശിക്കാന്‍ കഴിയൂ.