Skip to content
Opens in a new window
Listen to this chapter • 4:41

[1] പിന്നെ വടിപോലുള്ള ഒരളവുകോല്‍ എനിക്കു നല്‍കപ്പെട്ടു. എന്നോടു പറഞ്ഞു, “പോയി ദൈവാലയവും യാഗപീഠവും അളക്കുക. അവിടെ നമസ്കരിക്കുന്നവരെ എണ്ണുക.

[2] പക്ഷേ ദൈവാലയമുറ്റം അളക്കരുത്. അത് വെറുതെ വിടുക. അത് ജാതികള്‍ക്കു നല്‍കപ്പെട്ടതാണ്. അവര്‍ നാല്പത്തിരണ്ടു മാസം വിശുദ്ധനഗരത്തെ ചവിട്ടും.

[3] ഞാനെന്‍റെ രണ്ടു സാക്ഷികള്‍ക്കു ശക്തി നല്‍കുകയും ചെയ്യും. അവര്‍ രട്ടുടുത്ത് ആയിരത്തിരുനൂറ്ററുപതു ദിവസങ്ങള്‍ പ്രവചനം നടത്തും.”

[4] ഭൂമിയുടെ കര്‍ത്താവിന്‍റെ മുമ്പില്‍ നില്‍ക്കുന്ന രണ്ട് ഒലിവു മരങ്ങളും രണ്ടു വിളക്കുകാലുകളുമാണ് ആ രണ്ടു സാക്ഷികള്‍.

[5] ആരെങ്കിലും ആ സാക്ഷികളെ മുറിപ്പെടുത്താന്‍ ശ്രമിച്ചാല്‍ സാക്ഷികളുടെ വായില്‍ നിന്നും വരുന്ന അഗ്നി അവരുടെ ശത്രുക്കളെ വിഴുങ്ങിക്കളയും. അവരെ മുറിപ്പെടുത്താന്‍ ശ്രമിക്കുന്ന ഏതൊരുവനും ഇപ്രകാരം മരണമടയും.

[6] അവരുടെ പ്രവചനകാലത്ത് ആകാശം മഴ പെയ്യാതെ തടഞ്ഞു നിര്‍ത്താനുള്ള അതുല്യമായ ശക്തി ആ സാക്ഷികള്‍ക്കുണ്ട്. അവര്‍ക്ക് വെള്ളത്തെ രക്തമാക്കാനുള്ള ശക്തിയുണ്ട്. എല്ലാ വിധത്തിലുള്ള മാരകരോഗങ്ങള്‍ കൊണ്ടും ഭൂമിയെ വിഷമിപ്പിക്കാനും അവര്‍ക്കു സാധിക്കും. എത്ര തവണ വേണമെങ്കിലും അവര്‍ക്കിതു ചെയ്യാനാവും.

[7] സാക്ഷികളിരുവരും തങ്ങളുടെ സന്ദേശം പറഞ്ഞു നിര്‍ത്തുമ്പോള്‍ മൃഗം അവരെ എതിര്‍ത്ത് ആക്രമിക്കും. അടിത്തട്ടില്ലാത്ത ഗര്‍ത്തത്തില്‍ നിന്നുള്ള മൃഗമാണത്. മൃഗം അവരെ തോല്പിക്കുകയും വധിക്കുകയും ചെയ്യും.

[8] രണ്ടു സാക്ഷികളുടേയും ശരീരം മഹാനഗരത്തിന്‍റെ വീഥികളില്‍ കിടക്കും. സൊദോം എന്നും മിസ്രയീം എന്നുമാണ് ആ നഗരത്തിന്‍റെ പേര്. ആ നാമങ്ങള്‍ക്കു ഒരു പ്രത്യേകാര്‍ത്ഥമുണ്ട്. അവരുടെ കര്‍ത്താവ് ക്രൂശിക്കപ്പെട്ട നഗരമാണത്.

[9] വിവിധ ജനസമൂഹങ്ങളിലും ഭാഷകളിലും ഗോത്രങ്ങളിലും രാജ്യങ്ങളിലുംപെട്ടവര്‍ മൂന്നരദിവസം ആ മൃതശരീരങ്ങള്‍ കാണുകയും അവ കല്ലറയില്‍ സംസ്കരിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യും.

[10] അവര്‍ ഇരുവരുടെയും മരണത്തില്‍ ഭൂമിയിലെ ജനങ്ങള്‍ ആഹ്ളാദിക്കും. അവര്‍ സല്‍ക്കാരങ്ങള്‍ നടത്തുകയും സമ്മാനങ്ങള്‍ കൈമാറുകയും ചെയ്യും. കാരണം ഭൂമിയിലെ ജനങ്ങള്‍ക്ക് അത്രമാത്രം കഷ്ടമായിരുന്നു ഈ രണ്ടു സാക്ഷികള്‍ നല്‍കിയിരുന്നത്.

[11] പക്ഷേ മൂന്നര ദിവസങ്ങള്‍ക്കു ശേഷം ദൈവം രണ്ടു പ്രവാചകരിലേക്കും ജീവന്‍ പ്രവേശിപ്പിച്ചു. അവര്‍ എഴുന്നേറ്റു നിന്നു. അവരെ കണ്ടവരിലൊക്കെ ഭയം നിറഞ്ഞു.

[12] അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഉച്ചത്തിലുള്ള ഒരു ശബ്ദം പ്രവാചകര്‍ കേട്ടു, “ഇങ്ങോട്ടേക്കു കയറിവരിക!” ഒരു മേഘത്തില്‍ അവര്‍ സ്വര്‍ഗ്ഗത്തിലേക്കു ഉയര്‍ന്നുപോയി. അവര്‍ പോകുന്നത് അവരുടെ ശത്രുക്കള്‍ നോക്കിനിന്നു.

[13] അതേ സമയം തന്നെ അവിടെ ഒരു വലിയ ഭൂകമ്പമുണ്ടായി. നഗരത്തിന്‍റെ പത്തിലൊന്ന് നശിപ്പിക്കപ്പെട്ടു. ഭൂകമ്പത്തില്‍ ഏഴായിരം പേര്‍ കൊല്ലപ്പെട്ടു. മരിക്കാത്തവര്‍ ഭയന്നു. അവര്‍ സ്വര്‍ഗ്ഗസ്ഥനായ ദൈവത്തെ മഹത്വപ്പെടുത്തി.

[14] രണ്ടാമത്തെ ദുരിതവും അവസാനിച്ചു. മൂന്നാമത്തെ ദുരിതമാസന്നമായിരിക്കുന്നു.

[15] ഏഴാമത്തെ ദൂതന്മാര്‍ കാഹളം മുഴക്കിയപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ വലിയ ശബ്ദങ്ങളുണ്ടായി. ശബ്ദങ്ങള്‍ പറഞ്ഞു, “ലോകത്തിന്‍റെ മേലുള്ള ഭരണശക്തി നമ്മുടെ കര്‍ത്താവിന്‍റെയും അവന്‍റെ ക്രിസ്തുവിന്‍റെയും ആണ്. അവന്‍ എന്നേക്കും ഭരണം നടത്തും.”

[16] അപ്പോള്‍ ഇരുപത്തിനാലു മൂപ്പന്മാരും ദൈവത്തിനു മുന്നില്‍ സാഷ്ടാംഗം വീണു നമസ്കരിച്ചു. ദൈവസന്നിധിയിലെ തങ്ങളുടെ സിംഹാസനങ്ങളില്‍ ഇരിക്കുകയായിരുന്നു അവര്‍.

[17] മൂപ്പന്മാര്‍ പറഞ്ഞു, “സര്‍വ്വശക്തനും കര്‍ത്താവുമായ ദൈവമേ ഞങ്ങള്‍ നിനക്കു നന്ദി പറയുന്നു. ആകുന്നവനും സദാ ആയിരുന്നവനും നീയാകുന്നു. നീ നിന്‍റെ മഹാശക്തി ഉപയോഗിച്ചു ഭരണം നടത്തുന്നതിനാല്‍ ഞങ്ങള്‍ നിനക്കു നന്ദി പറയുന്നു!

[18] ലോകജനത കോപാകുലരായി; പക്ഷേ നിന്‍റെ കോപത്തിനുള്ള സമയമാണിപ്പോള്‍, മരിച്ചവര്‍ വിധിക്കപ്പെടുന്ന സമയമാണിപ്പോള്‍. നിന്‍റെ ദാസന്മാര്‍ക്കും പ്രവാചകര്‍ക്കും നിന്‍റെ വിശുദ്ധര്‍ക്കും നിന്നെ ആദരിക്കുന്ന വലിയവര്‍ക്കും ചെറിയവര്‍ക്കും പ്രതിഫലം നല്‍കേണ്ട സമയം ആസന്നമായിരിക്കുന്നു. ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കാനുള്ള സമയം ആഗതമായിരിക്കുന്നു!”

[19] അപ്പോള്‍ സ്വര്‍ഗ്ഗത്തിലെ ദൈവത്തിന്‍റെ ആലയം തുറക്കപ്പെട്ടു. ദൈവത്തിന്‍റെ നിയമം ഉണ്ടായിരുന്ന പെട്ടകം കാണായ്വന്നു. അപ്പോള്‍ അവിടെ മിന്നലുകളും ശബ്ദങ്ങളും ഇടിമുഴക്കവും ഭൂകമ്പവും കനത്ത കന്മഴയുമുണ്ടായി.

വെളിപ്പാട് — Chapters