Skip to content
Opens in a new window
Listen to this chapter • 6:43

[1] അപ്പോള്‍ മറ്റൊരു ദൂതന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു. ആ ദൂതന് വളരെ ശക്തിയുണ്ട്. ദൂതന്‍റെ മഹത്വം ഭൂമിയെ പ്രകാശമാനമാക്കി.

[2] ദൂതന്‍ ഗംഭീരസ്വരത്തോടെ ആക്രോശിച്ചു. “അവള്‍ നശിപ്പിക്കപ്പെട്ടു! മഹാബാബിലോന്‍ നശിപ്പിക്കപ്പെട്ടു! അവള്‍ ഭൂതങ്ങളുടെ വീടായിരിക്കുന്നു. എല്ലാ അശുദ്ധാത്മാക്കളുടെയും വീടുമായി, എല്ലാത്തരത്തിലുള്ള നീചമായ പക്ഷികളുടെയും താവളമായിരിക്കുന്നു അവള്‍. അവള്‍ അശുദ്ധവും നിന്ദ്യവുമായ മൃഗങ്ങളുടെയും നഗരമായിരിക്കുന്നു.

[3] ഭൂമിയിലെ എല്ലാ ജനവും അവളുടെ വ്യഭിചാരത്തിന്‍റെ വീഞ്ഞും ദൈവകോപത്തിന്‍റെ വീഞ്ഞും കുടിച്ചു. ഭൂമിയിലെ രാജാക്കന്മാര്‍ അവളുമായി വ്യഭിചരിച്ചു, അവളുടെ കാമചാപല്യങ്ങളുടെ സമ്പത്തു കൊണ്ട് ലോകത്തിലെ വ്യാപാരികള്‍ സമ്പന്നരായി.”

[4] അപ്പോള്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും മറ്റൊരു ശബ്ദം കൂടി കേട്ടു: “ എന്‍റെ ജനമേ, ആ നഗരത്തില്‍ നിന്നും പുറത്തു വരിക, അവളുടെ പാപങ്ങളില്‍ നിങ്ങള്‍ പങ്കാളികളാകാതിരിക്കുക. എങ്കില്‍ നിങ്ങള്‍ക്കവളുടെമേല്‍ വരാന്‍ പോകുന്ന ബാധകളൊന്നും പങ്കുവയ്ക്കേണ്ടി വരില്ല.

[5] ആ നഗരത്തിന്‍റെ പാപങ്ങള്‍ സ്വര്‍ഗ്ഗത്തോളം ഉയരത്തില്‍ കൂമ്പാരം കൂട്ടിയിരിക്കുന്നു. അവളുടെ കുറ്റങ്ങള്‍ ദൈവം ക്ഷമിച്ചിട്ടില്ല.

[6] അവള്‍ മറ്റുള്ളവര്‍ക്കു നല്‍കുന്നത് ആ നഗരത്തിനു നല്‍കുക. അവളുടെ ചെയ്തികള്‍ക്ക് ഇരട്ടിയോളം പ്രതിഫലം കൊടുക്കുക. അവള്‍ മറ്റുള്ളവര്‍ക്കായി തയ്യാറാക്കിയ വീഞ്ഞിന്‍റെ ഇരട്ടി വീര്യമുള്ള വീഞ്ഞ് അവള്‍ക്കായി ഒരുക്കുക.

[7] അവള്‍ സ്വയം മഹത്വപ്പെടുത്തുകയും ആഢംബരത്തോടെ ജീവിക്കുകയും ചെയ്തു. അത്രയും തന്നെ കഷ്ടവും ദുഃഖവും അവള്‍ക്കു നല്‍കുക. അവള്‍ സ്വയം പറയുന്നു, ഞാന്‍ എന്‍റെ സിംഹാസനത്തിലിരിക്കുന്ന രാജ്ഞിയാണ്. ഞാനൊരു വിധവയല്ല, ഞാനൊരിക്കലും ദുഃഖിതയാവില്ല.

[8] അതിനാല്‍ മരണം, കരച്ചില്‍, മഹാവിശപ്പ് എന്നീ ബാധകള്‍ ഒരു ദിവസം തന്നെ അവളെ പിടികൂടും. അവള്‍ തീയില്‍ എരിയും. കാരണം, അവളെ വിധിക്കുന്ന കര്‍ത്താവായ ദൈവം അതിശക്തനാകുന്നു.”

[9] “അവളുമായി വ്യഭിചരിച്ചവരും അവളുടെ സമ്പത്തു പങ്കുവച്ചവരുമായ ഭൂമിയിലെ രാജാക്കന്മാര്‍ അവള്‍ എരിയുന്നതില്‍ നിന്നുള്ള പുക കാണും. അപ്പോള്‍ ആ രാജാക്കന്മാര്‍ അവളുടെ മരണത്തില്‍ കരഞ്ഞ് ദുഃഖിതരാകും.

[10] അവളുടെ കഷ്ടത്തില്‍ അവര്‍ ഭയന്ന് അകന്നു നില്‍ക്കും. രാജാക്കന്മാര്‍ പറയും, “ദുരിതം! ദുരിതം! മഹാനഗരമേ, ശക്തമായ ബാബിലോന്‍ നഗരമേ! ഒരു മണിക്കൂറില്‍ നിന്‍റെ ശിക്ഷ നടപ്പായി!”

[11] “ഭൂമിയിലെ വ്യാപാരികളും അവരുടെ മരണത്തില്‍ കരയുകയും ദുഃഖിയ്ക്കുകയും ചെയ്യും. എന്തെന്നാല്‍ അവരുടെ സാധനങ്ങള്‍ വാങ്ങാന്‍ ആരും ഉണ്ടാവില്ല.

[12] സ്വര്‍ണ്ണം, വെള്ളി, രത്നങ്ങള്‍, മുത്തുകള്‍, രക്താംബരങ്ങള്‍, ധൂമ്രവസ്ത്രം, പട്ട്, ചെമ്പട്ട്, വിലകൂടിയ സുഗന്ധവര്‍ഗ്ഗങ്ങള്‍, സുഗന്ധതടി, ആനക്കൊമ്പു കൊണ്ടുണ്ടാക്കിയ സകലവിധ സാധനങ്ങളും ഓട്, ഇരുമ്പ്, മാര്‍ബിള്‍ എന്നിവയിലുണ്ടാക്കിയ സാധനങ്ങളും അവര്‍ വിറ്റിരുന്നു.

[13] കൂടാതെ കുറുവാ, സുഗന്ധവ്യജ്ഞനങ്ങള്‍, ധൂപവര്‍ഗ്ഗം, കുന്തിരിക്കം, മൂര്, സുഗന്ധതൈലങ്ങള്‍, വീഞ്ഞ്, എണ്ണ, നേര്‍ത്ത ധാന്യമാവ്, ഗോതമ്പ്, ആടുമാടുകള്‍, കുതിരകള്‍, രഥങ്ങള്‍, മാനുഷശരീരങ്ങള്‍, മാനുഷപ്രാണന്‍ എന്നിവയും അവരുടെ വ്യാപാര സാധനങ്ങളായിരുന്നു.

[14] “ബാബിലോണ്‍, നീ ആഗ്രഹിച്ച നല്ല സാധനങ്ങള്‍ നഷ്ടമായിരിക്കുന്നു. നിന്‍റെ സമ്പന്നവും ആകര്‍ഷകവുമായ സാധനങ്ങള്‍ അപ്രത്യക്ഷമായിരിക്കുന്നു. ഇനിയും നിനക്ക് ആ സാധനങ്ങള്‍ ലഭിക്കില്ല.”

[15] “വ്യാപാരികള്‍ അവളുടെ കഷ്ടത്തില്‍ ഭയക്കുകയും അകന്നു നില്‍ക്കുകയും ചെയ്യും. ഇവര്‍ അവള്‍ക്ക് സാധനങ്ങള്‍ വിറ്റ് ധനികരായവരാണ്. അവര്‍ ദുഃഖിക്കുകയും കരയുകയും ചെയ്യും.

[16] അവര്‍ പറയും: ‘ദുരിതം! മഹാനഗരത്തിന് എത്ര ദുരിതമായ അവസ്ഥ! അവള്‍ നേര്‍ത്ത വസ്ത്രങ്ങളും ധൂമ്രവും ചെങ്കുപ്പായങ്ങളും അണിഞ്ഞിരുന്നു. സ്വര്‍ണ്ണവും രത്നങ്ങളും മുത്തുകളും കൊണ്ട് അവള്‍ തിളങ്ങി.

[17] ഈ മുഴുവന്‍ സമ്പത്തും ഒരു മണിക്കൂറില്‍ നശിപ്പിക്കപ്പെട്ടിരിക്കുന്നു!’ “എല്ലാ കപ്പിത്താന്മാരും എല്ലാ കപ്പല്‍ യാത്രക്കാരും നാവികരും കടലിലെ എല്ലാ വ്യാപാരികളും അവളില്‍ നിന്ന് അകന്നു നിന്നു.

[18] അവള്‍ എരിയുന്നതിന്‍റെ പുക കണ്ടു. അവര്‍ ഉച്ചത്തില്‍ പറഞ്ഞു, ‘ഇതു പോലൊരു മഹാനഗരം വേറെയുണ്ടായിരുന്നില്ല!’

[19] അവര്‍ തലയില്‍ പൊടിവാരിയിട്ടു. അവര്‍ ദുഃഖിച്ചു കരയുകയും ഉച്ചത്തില്‍ വിലപിച്ചു പറയുകയും ചെയ്തു: ‘ദുരിതം, ദുരിതം, മഹാനഗരമേ കടലില്‍ കപ്പലുകളുള്ളവര്‍ അവളുടെ സമ്പത്തു കൊണ്ടു ധനികരായി. പക്ഷേ അവള്‍ ഒരു മണിക്കൂറുകൊണ്ട് തകര്‍ക്കപ്പെട്ടു!

[20] ഓ! സ്വര്‍ഗ്ഗമേ, ഇതിനാല്‍ സന്തോഷിക്കുവിന്‍! ദൈവത്തിന്‍റെ വിശുദ്ധരേ, അപ്പൊസ്തലന്മാരേ, പ്രവാചകരേ സന്തോഷിപ്പിന്‍! അവള്‍ നിങ്ങളോടു ചെയ്തവയുടെ അടിസ്ഥാനത്തില്‍ ദൈവം അവളെ ശിക്ഷിച്ചിരിക്കുന്നു.’”

[21] ശക്തനായ ഒരു ദൂതന്‍ ഒരു വലിയ പാറയെടുത്തു. അതൊരു വലിയ തിരിക്കല്ലിനോളം വലുതായിരുന്നു. ദൂതന്‍ കല്ല് സമുദ്രത്തിലേക്കെറിഞ്ഞുകൊണ്ടു പറഞ്ഞു, “അങ്ങനെയാണ് ബാബിലോന്‍ നഗരം വലിച്ചെറിയപ്പെടുക. പിന്നീട് നഗരം അവശേഷിക്കില്ല.

[22] വീണ വായിക്കുന്നവരുടെയും പുല്ലാങ്കുഴല്‍, കാഹളം എന്നിവ വായിക്കുന്ന സംഗീതജ്ഞരുടെയും സംഗീതം നിന്നില്‍ മുഴങ്ങുകയില്ല. ഒരു കരകൌശലശില്പിയും ഇനി നിന്നില്‍ കാണപ്പെടുകയില്ല. തിരികല്ലിന്‍റെ ശബ്ദം നിന്നില്‍ ഇനി കേള്‍ക്കില്ല.

[23] ഒരു വിളക്കിന്‍റെ പ്രകാശം നിന്നിലിനി തെളിയുകയില്ല. വധൂവരന്മാരുടെ ശബ്ദം നിന്നിലിനി കേള്‍ക്കില്ല. നിന്‍റെ വ്യാപാരികള്‍ ലോകത്തിലെ ഏറ്റവും മഹാന്മാരായിരുന്നു. ജനതയെല്ലാം നിന്‍റെ മായാജാലത്താല്‍ വഞ്ചിതരായി.

[24] പ്രവാചകരുടെയും ദൈവത്തിന്‍റെ വിശുദ്ധരുടെയും, ഭൂമിയില്‍ കൊല്ലപ്പെട്ട എല്ലാവരുടെയും രക്തത്തിന് അവളാണ് ഉത്തരവാദി.”

വെളിപ്പാട് — Chapters