Skip to content
Opens in a new window
Listen to this chapter • 3:15

[1] സിംഹാസനത്തിലിരിക്കുന്നവന്‍റെ വലങ്കയ്യില്‍ ഞാന്‍ ഒരു ചുരുള്‍ കണ്ടു. അതിന്‍റെ ഇരുപുറവും എഴുതിയിരുന്നു. ഏഴു മുദ്രകളാല്‍ മുദ്രയിട്ടിരുന്നു.

[2] ഞാന്‍ ഒരു ശക്തനായ ദൂതനേയും കണ്ടു. ദൂതന്‍ ഉച്ചത്തില്‍ വിളിച്ചു, “മുദ്ര പൊട്ടിച്ച് ഈ ചുരുള്‍ നിവര്‍ക്കുവാന്‍ യോഗ്യനായുള്ളവന്‍ ആര്?”

[3] എന്നാല്‍ അതു തുറക്കാനോ അതിനകത്തു നോക്കുവാനോ കഴിവുള്ളവര്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കടിയിലുമുണ്ടായിരുന്നില്ല.

[4] അതു തുറക്കുവാനും അതിനകത്തു നോക്കുവാനും യോഗ്യനായ ആരുമില്ലാതിരുന്നതിനാല്‍ ഞാന്‍ ഒരുപാടു കരഞ്ഞു.

[5] എന്നാല്‍ മൂപ്പന്മാരില്‍ ഒരുവന്‍ എന്നോടു പറഞ്ഞു, “കരയരുത്, യെഹൂദാ ഗോത്രത്തില്‍ നിന്നുള്ള സിംഹം എല്ലാം ജയിച്ചു വിജയം നേടിയിരിക്കുന്നു. അവന്‍ ദാവീദിന്‍റെ പിന്‍ഗാമിയാകുന്നു. ഏഴു മുദ്രകളും പൊട്ടിച്ച് ചുരുളഴിക്കാന്‍ യോഗ്യനാണവന്‍.”

[6] സിംഹാസനത്തിന്‍റെയും ആ നാലു ജീവനുള്ള ജന്തുക്കളുടെയും മദ്ധ്യേ ഞാന്‍ ഒരു കുഞ്ഞാടിനെ കണ്ടു. അതു കൊല്ലപ്പെട്ടതു പോലെയായിരുന്നു. അതിനു ഏഴു കൊമ്പുകളും ഏഴു കണ്ണുകളും ഉണ്ടായിരുന്നു. അത് സര്‍വ്വലോകത്തിലേക്കുമയക്കപ്പെട്ട ഏഴു ദൈവീകാത്മാക്കള്‍ ആയിരുന്നു.

[7] കുഞ്ഞാട് വന്നു സിംഹാസനത്തിലിരിക്കുന്നവന്‍റെ വലങ്കയ്യില്‍ നിന്നും ചുരുള്‍ എടുത്തു.

[8] അവന്‍ ചുരുള്‍ എടുത്തപ്പോള്‍ നാലു ജീവനുള്ള ജന്തുക്കളും ഇരുപത്തിനാലു മൂപ്പന്മാരും കുഞ്ഞാടിനു മുമ്പില്‍ മുട്ടുകുത്തി. ഓരോരുത്തരുടെ കയ്യിലും ഓരോ വീണയുണ്ടായിരുന്നു. കൂടാതെ കുന്തിരിക്കം നിറച്ച സ്വര്‍ണ്ണ കലശങ്ങളുമുണ്ടായിരുന്നു. ആ കുന്തിരിക്കം ദൈവത്തിന്‍റെ വിശുദ്ധരുടെ പ്രാര്‍ത്ഥനകളായിരുന്നു.

[9] അവര്‍ കുഞ്ഞാടിനു മുമ്പില്‍ പുതിയൊരു ഗാനം ആലപിക്കുകയും ചെയ്തു: “ ചുരുള്‍ എടുക്കാനും മുദ്രകളഴിക്കാനും നീ യോഗ്യനാകുന്നു, നീ കൊല്ലപ്പെടുകയും നിന്‍റെ രക്തം കൊണ്ട് എല്ലാ ഗോത്രങ്ങളില്‍ നിന്നും ഭാഷകളില്‍ നിന്നും വംശങ്ങളില്‍നിന്നും രാജ്യങ്ങളില്‍ നിന്നും മനുഷ്യരെ ദൈവത്തിനു വേണ്ടി നീ വാങ്ങിക്കൊണ്ടുവന്നു.

[10] നീ അവരെ ഒരു രാജ്യവും നമ്മുടെ ദൈവത്തിന്‍റെ പുരോഹിതരുമാക്കി. അവര്‍ ഭൂമിയെ ഭരിക്കും.”

[11] പിന്നെ ഞാന്‍ നോക്കിയപ്പോള്‍ അനേകം ദൂതന്മാരുടെ ശബ്ദം കേട്ടു. അവര്‍ സിംഹാസനത്തിന്‍റെയും നാലു ജീവനുള്ള ജന്തുക്കളുടെയും മൂപ്പന്മാരുടെയും ചുറ്റുമായിരുന്നു. ആയിരക്കണക്കിനു ദൂതന്മാരവിടെ ഉണ്ടായിരുന്നു. പതിനായിരങ്ങളുടെ പതിനായിരങ്ങളും ആയിരങ്ങളുടെ ആയിരങ്ങളുമായിരുന്നു അവരുടെ എണ്ണം.

[12] ദൂതന്മാര്‍ അത്യുച്ചത്തില്‍ പറഞ്ഞു, “കൊല്ലപ്പെട്ട കുഞ്ഞാട് ശക്തിയും ധനവും ജ്ഞാനവും കരുത്തും ആദരവും മഹത്വവും സ്തോത്രവും ഏറ്റുവാങ്ങാന്‍ യോഗ്യനാകുന്നു!”

[13] അപ്പോള്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കടിയിലും കടലിലും ഇങ്ങനെയുള്ള സ്ഥലങ്ങളിലും ജീവിക്കുന്ന ജീവജാലങ്ങളുടെയും ശബ്ദം ഞാന്‍ കേട്ടു. അവര്‍ പറഞ്ഞു, “സിംഹാസനത്തിലിരിക്കുന്നവനും കുഞ്ഞാടിനും എന്നെന്നും സകല സ്തോത്രവും മഹത്വവും ആദരവും ശക്തിയും!”

[14] ആ നാലു ജീവനുള്ള ജന്തുക്കളും പറഞ്ഞു, “ആമേന്‍!” മൂപ്പന്മാര്‍ മുട്ടുകുത്തുകയും നമസ്കരിക്കുകയും ചെയ്തു.

വെളിപ്പാട് — Chapters