Skip to content
Opens in a new window
Listen to this chapter • 4:36

[1] അപ്പോള്‍ ഞാന്‍ ദൈവാലയത്തില്‍ നിന്നൊരു ഗംഭീരസ്വരം കേട്ടു. അത് ഏഴു ദൂതന്മാരോടും പറയുകയായിരുന്നു, “ചെന്ന് ദൈവകോപത്തിന്‍റെ ഏഴ് കലശങ്ങള്‍ ഭൂമിയുടെ മേല്‍ ഒഴിക്കുക.”

[2] ആദ്യത്തെ ദൂതന്‍ പോയി. അവന്‍ തന്‍റെ കലശം ഭൂമിയിലേക്കൊഴിച്ചു. അപ്പോള്‍ മൃഗത്തിന്‍റെ മുദ്രയുള്ളവരും അതിന്‍റെ വിഗ്രഹത്തെ നമസ്കരിക്കുന്നവരുമായ ആളുകള്‍ക്ക് വൃത്തികെട്ടതും വേദന നിറഞ്ഞതുമായ വൃണങ്ങളുണ്ടായി.

[3] രണ്ടാമത്തെ ദൂതന്‍ തന്‍റെ കലശം കടലിലേക്കൊഴിച്ചു. അപ്പോള്‍ കടല്‍ മരിച്ച മനുഷ്യന്‍റെ രക്തം പോലെയായി. കടലിലെ സര്‍വ്വജീവജാലങ്ങളും ചത്തു.

[4] മൂന്നാമത്തെ ദൂതന്‍ തന്‍റെ കലശം നദികളിലേക്കും ജലധാരകളിലേക്കും ഒഴിച്ചു. നദികളും ജലധാരകളും രക്തമായി.

[5] അപ്പോള്‍ ജലത്തിന്‍റെ ദൂതന്‍ ദൈവത്തോടു പറയുന്നതു ഞാന്‍ കേട്ടു, “ആകുന്നവനും എപ്പോഴും ആയിരിക്കുന്നവനും നീയാകുന്നു. പരിശുദ്ധന്‍ നീയാകുന്നു. നിന്‍റെ ഈ വിധികളില്‍ നീ നീതിമാനാകുന്നു.

[6] മനുഷ്യര്‍ വിശുദ്ധരുടെയും പ്രവാചകരുടെയും രക്തം ചിന്തി; നീ അവര്‍ക്കു കുടിക്കാന്‍ ഇപ്പോള്‍ രക്തം നല്‍കി. അവര്‍ അതര്‍ഹിക്കുന്നു.”

[7] യാഗപീഠം ഇങ്ങനെ പറയുന്നതും ഞാന്‍ കേട്ടു, “അതേ, സര്‍വ്വശക്തനും കര്‍ത്താവുമായ ദൈവമേ, നിന്‍റെ ന്യായവിധികള്‍ സത്യസന്ധവും നീതിനിഷ്ഠവുമാകുന്നു.”

[8] നാലാമത്തെ ദൂതന്‍ തന്‍റെ കലശം സൂര്യനിലേക്കൊഴിച്ചു. ജനങ്ങളെ തീയില്‍ കരിക്കാന്‍ സൂര്യന് അധികാരം നല്‍കപ്പെട്ടു.

[9] ജനങ്ങള്‍ കൊടുംതീയില്‍ കഠിനമായികരിഞ്ഞു. അവര്‍ ദൈവനാമത്തെ ശപിച്ചു. ഈ ദുരിതങ്ങള്‍ക്കുമേല്‍ നിയന്ത്രണമുള്ളത് ദൈവത്തിനു മാത്രമാണ്. എങ്കിലും അവര്‍ മാനസാന്തരപ്പെടുകയോ തങ്ങളുടെ ദൈവത്തെ മഹത്വപ്പെടുത്തുകയോ ചെയ്തില്ല.

[10] അഞ്ചാമത്തെ ദൂതന്‍ തന്‍റെ കലശം മൃഗത്തിന്‍റെ സിംഹാസനത്തിലേക്കൊഴിച്ചു. അപ്പോള്‍ മൃഗത്തിന്‍റെ രാജ്യം ഇരുട്ടിലായി. ജനങ്ങള്‍ വേദന കൊണ്ട് തങ്ങളുടെ നാക്ക് കടിച്ചു.

[11] ജനങ്ങള്‍ വൃണങ്ങളിലെ വേദന സഹിക്കാന്‍ വയ്യാതായപ്പോള്‍ സ്വര്‍ഗ്ഗസ്ഥനായ ദൈവത്തെ ശപിച്ചു. എങ്കിലും അവര്‍ മാനസാന്തരപ്പെടുകയോ തങ്ങളുടെ ദുഷ്ചെയ്തികള്‍ നിര്‍ത്തുകയോ ചെയ്തില്ല.

[12] ആറാമത്തെ ദൂതന്‍ തന്‍റെ കലശം യൂഫ്രാത്തേസ് മഹാനദിയിലേക്കൊഴിച്ചു. നദിയിലെ വെള്ളം വറ്റിവരണ്ടു. അത് കിഴക്കുനിന്നും രാജാക്കന്മാര്‍ക്കു വരാന്‍ വഴിയൊരുക്കി.

[13] അപ്പോള്‍ തവളകളെപ്പോലിരുന്ന മൂന്ന് അശുദ്ധാത്മാക്കളെ ഞാന്‍ കണ്ടു. അവ മഹാസര്‍പ്പത്തിന്‍റെയും മൃഗത്തിന്‍റെയും വ്യാജ പ്രവാചകന്‍റെയും വായില്‍നിന്നാണ് പുറത്തു വന്നത്.

[14] ഈ അശുദ്ധാത്മാക്കള്‍ ഭൂതങ്ങളുടെ ആത്മാക്കളാണ്. വീര്യപ്രവര്‍ത്തികള്‍ക്കുള്ള ശക്തി അവര്‍ക്കുണ്ട്. ഈ അശുദ്ധാത്മാക്കള്‍ ലോകം മുഴുവനുമുള്ള രാജാക്കന്മാരിലേക്കു പുറപ്പെടുന്നു. സര്‍വ്വശക്തനായ ദൈവത്തിന്‍റെ മഹാദിവസത്തിലെ യുദ്ധത്തിന് രാജാക്കന്മാരെ ഈ അശുദ്ധാത്മാക്കള്‍ സംഘടിപ്പിക്കുന്നു.

[15] “ശ്രദ്ധിക്കൂ, ഞാനൊരു കള്ളനെപ്പോലെ വരും. ഉണര്‍ന്നു തന്‍റെ വസ്ത്രങ്ങള്‍ സൂക്ഷിച്ചുകൊണ്ടിരിക്കുന്നവന് സന്തോഷിക്കാം. എങ്കിലവനു നഗ്നനായി പോകേണ്ടിവരില്ല. ജനമദ്ധ്യത്തില്‍ അവനു ലജ്ജിക്കേണ്ടിവരില്ല.”

[16] അപ്പോള്‍, എബ്രായഭാഷയില്‍ ഹര്‍മ്മഗെദ്ദോന്‍ എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് അശുദ്ധാത്മാക്കള്‍ രാജാക്കന്മാരെ ഒരുമിച്ചു കൂട്ടി.

[17] ഏഴാമത്തെ ദൂതന്‍ തന്‍റെ കലശം വായുവിലേക്കൊഴിച്ചു. അപ്പോള്‍ ദൈവാലയത്തിലെ സിംഹാസനത്തില്‍ നിന്ന് ഒരു വലിയ സ്വരം ഇങ്ങനെ പറഞ്ഞു, “അത് അവസാനിച്ചിരിക്കുന്നു.”

[18] അപ്പോള്‍ അവിടെ മിന്നല്‍പ്പിണരുകളും ശബ്ദകോലാഹലങ്ങളും ഇടിയും ഒരു വലിയ ഭൂകമ്പവും ഉണ്ടായി. ഭൂമിയില്‍ മനുഷ്യര്‍ നിലനിന്നു പോന്നതിനു ശേഷമുള്ള ഏറ്റവും ഭീകരമായ ഭൂകമ്പമായിരുന്നു അത്.

[19] മഹാനഗരം മൂന്നായി പിളര്‍ന്നു. രാഷ്ട്രങ്ങളിലെ നഗരങ്ങള്‍ നശിപ്പിക്കപ്പെട്ടു. മഹാബാബിലോനിനെ ശിക്ഷിക്കാന്‍ ദൈവം മറന്നില്ല. തന്‍റെ ക്രോധത്തിന്‍റെ വീഞ്ഞ് നിറഞ്ഞ പാത്രം അവന്‍ നഗരത്തിനു നല്‍കി.

[20] എല്ലാ ദ്വീപുകളും അപ്രത്യക്ഷമായി. ഒരു മലയും അവശേഷിച്ചില്ല.

[21] ആകാശത്തു നിന്നും ഓരോ റാത്തല്‍ ഭാരമുള്ള കല്ലായി കന്മഴ മനുഷ്യരുടെ മേല്‍ പതിച്ചു. കന്മഴ എന്ന ദുരിതത്തെച്ചൊല്ലി ജനങ്ങള്‍ ദൈവത്തെ ശപിച്ചു. അത്ര ഭയങ്കരമായിരുന്നു ആ ദുരിതം.

വെളിപ്പാട് — Chapters