[1] കൂടുതല്‍ കൂടുതല്‍ പേര്‍ യേശുവിന്‍റെ അനുയായികളായിക്കൊണ്ടിരുന്നു. അതേസമയം യവന ഭാഷ സംസാരിക്കുന്ന അനുയായികള്‍ക്ക് മറ്റ് യെഹൂദരുമായി ഒരു തര്‍ക്കത്തില്‍ ഏര്‍പ്പെടേണ്ടിവന്നു. ദിവസംതോറുമുള്ള സാധാരണ വിതരണത്തില്‍ തങ്ങളുടെ വിധവകള്‍ക്ക് പങ്കു കിട്ടാറില്ലെന്നവര്‍ പരാതിപ്പെട്ടു.
[2] പന്ത്രണ്ട് അപ്പൊസ്തലന്മാര്‍ അനുയായികളെ ഒന്നടങ്കം വിളിച്ചു കൂട്ടി. അപ്പൊസ്തലന്മാര്‍ അവരോടു പറഞ്ഞു, “ഞങ്ങള്‍ ദൈവവചന ഉപദേശം നിര്‍ത്തി ഭക്ഷണം വിതരണം ചെയ്യുന്നതിലും നല്ലത് ദൈവവചനം ഉപദേശിക്കുന്നതാണ്.
[3] അതുകൊണ്ട്, സഹോദരന്മാരേ, നിങ്ങളില്‍ നിന്ന് ഏഴുപേരെ തിരഞ്ഞെടുക്കുക. നല്ലവരെന്ന് എല്ലാവര്‍ക്കും അഭിപ്രായം ഉള്ളവരായിരിക്കണം അവര്‍. ജ്ഞാനവും ആത്മാവും നിറഞ്ഞവരായിരിക്കണം അവര്‍. അവര്‍ക്ക് ഞങ്ങള്‍ ഈ ജോലി നല്‍കാം.
[4] അപ്പോള്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ സമയം പ്രാര്‍ത്ഥനയ്ക്കും ദൈവവചന ഘോഷണത്തിനും ഉപയോഗിക്കാം.”
[5] എല്ലാവര്‍ക്കും ആ ആശയം ഇഷ്ടപ്പെട്ടു. അതിനാല്‍ അവര്‍ ഇനി പറയുന്ന ഏഴു പേരെ തിരഞ്ഞെടുത്തു: സ്തെഫാനൊസ്, (അതിയായ വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ ഒരുവന്‍), ഫിലിപ്പൊസ്, പ്രൊഖൊരൊസ്, നിക്കാനോര്‍, തിമോന്‍, പര്‍മെനാസ്, യെഹൂദമതം സ്വീകരിച്ച അന്ത്യോക്ക്യക്കാരനായ നിക്കൊലാവൊസ്.
[6] അവര്‍ ഈ ഏഴു പേരെയും അപ്പൊസ്തലന്മാരുടെ മുമ്പില്‍ നിര്‍ത്തി. അപ്പൊസ്തലന്മാര്‍ പ്രാര്‍ത്ഥിക്കുകയും കൈകള്‍ അവര്‍ക്കു മേല്‍ വെക്കുകയും ചെയ്തു.
[7] ദൈവ വചനം കൂടുതല്‍ കൂടുതല്‍ ആളുകളില്‍ എത്തിക്കൊണ്ടിരുന്നു. യെരൂശലേമിലെ അനുയായികളുടെ എണ്ണം പെരുകിവന്നു. ഒരു വലിയ സംഘം യെഹൂദപുരോഹിന്മാര്‍ പോലും വിശ്വാസത്തിനു അധീനരായിത്തീര്‍ന്നു.
[8] സ്തെഫാനൊസിന് ഒരു വലിയ അനുഗ്രഹം ലഭിച്ചു. വീര്യ പ്രവര്‍ത്തികളും അടയാളങ്ങളും ജനങ്ങള്‍ക്കു കാട്ടാനുള്ള ശക്തികൂടി ദൈവം അവനു നല്‍കി.
[9] പക്ഷേ ഏതാനും യെഹൂദര്‍ സ്തെഫാനൊസിനോട് തര്‍ക്കമായി. അവര്‍ ഒരു യെഹൂദപ്പള്ളിയില്‍ നിന്നുള്ളവരായിരുന്നു. വിമോചിതരുടെ യെഹൂദപ്പള്ളി എന്നാണതറിയപ്പെട്ടിരുന്നത്. (കുറേനക്കാര്‍ക്കും അലക്സന്ത്രിയക്കാര്‍ക്കും കൂടി വേണ്ടിയുള്ളതായിരുന്നു ഈ യെഹൂദപ്പള്ളി.) കിലിക്യയില്‍നിന്നും ആസ്യയില്‍നിന്നുമുള്ളവര്‍ അവര്‍ക്കിടയിലുണ്ടായിരുന്നു. അവരെല്ലാവരും വന്ന് സ്തെഫാനൊസിനോടു വാദിച്ചു.
[10] പക്ഷേ ജ്ഞാനിയെപ്പോലെ സംസാരിക്കാന്‍ ആത്മാവ് സ്തെഫാനൊസിനെ സഹായിച്ചു. യെഹൂദര്‍ക്ക് വാദിക്കാന്‍ പറ്റാത്തവിധം ശക്തങ്ങളായിരുന്നു അവന്‍റെ വാക്കുകള്‍.
[11] “സ്തെഫാനൊസ് മോശെക്കും ദൈവത്തിനുമെതിരായി പ്രസംഗിക്കുന്നത് ഞങ്ങള്‍ കേട്ടു.” എന്നു പറയാന്‍ ഒടുവില്‍ അവര്‍ ചിലരെ ചട്ടം കെട്ടി.
[12] അങ്ങനെ ചെയ്യുകവഴി ഈ യെഹൂദര്‍ ജനങ്ങളെയും ജനത്തിന്‍റെ മൂപ്പന്മാരെയും ശാസ്ത്രിമാരെയും കോപാകുലരാക്കി. അവര്‍ കോപത്തോടെ വന്ന് സ്തെഫാനൊസിനെ പിടികൂടി. അവര്‍ അവനെ യെഹൂദനേതാക്കളുടെ ഒരു സഭയിലേക്ക് കൊണ്ടുപോയി.
[13] യെഹൂദര്‍ ചില ആളുകളെ സഭയില്‍ വരുത്തി. സ്തെഫാനൊസിനെതിരെ കള്ളസാക്ഷി പറയാന്‍ യെഹൂദര്‍ ഏര്‍പ്പെടുത്തിയിരുന്നവര്‍ പറഞ്ഞു, “ഈ ദൈവാലയത്തെപ്പറ്റി ഇയാള്‍ ദുഷിച്ചുകൊണ്ടിരിക്കുന്നു. മോശെയുടെ ന്യായപ്രമാണത്തെയും ഇയാള്‍ ദുഷിക്കാറുണ്ട്.
[14] നസറെത്തിലെ യേശു ഈ സ്ഥലം നശിപ്പിക്കുമെന്ന് അവന്‍ പറയുന്നത് ഞങ്ങള്‍ കേട്ടിട്ടുണ്ട്. മോശെ നമുക്കു തന്ന ആചാരക്രമങ്ങളെ യേശു തിരുത്തുമെന്നും ഇയാള്‍ പറയാറുണ്ടായിരുന്നു.”
[15] സഭയില്‍ കൂടിയിരുന്നവരെല്ലാം സ്തെഫാനൊസിനെ സശ്രദ്ധം വീക്ഷിച്ചു. അവന്‍റെ മുഖം ഒരു ദൂതന്‍റെ മുഖം പോലെയായിരിക്കുന്നത് അവര്‍ കണ്ടു.