Skip to content
Opens in a new window
Listen to this chapter • 7:07

[1] യെഹൂദസഭായോഗത്തിലേക്കു നോക്കിക്കൊണ്ട് പൌലൊസ് പറഞ്ഞു, “സഹോദരന്മാരേ, ദൈവത്തിന്‍റെ മുമ്പില്‍ ഞാന്‍ ഉത്തമനായി ജീവിച്ചു. ശരിയാണെന്നെനിക്കു ബോധ്യപ്പെട്ടതേ ഞാന്‍ പ്രവര്‍ത്തിച്ചുള്ളൂ.”

[2] മഹാപുരോഹിതനായ അനന്യാസ് അവിടെയുണ്ടായിരുന്നു. അയാള്‍ പൌലൊസിനടുത്തുനില്‍ക്കുന്നവരോട് അവന്‍റെ മുഖത്തടിയ്ക്കാന്‍ ആവശ്യപ്പെട്ടു.

[3] പൌലൊസ് അനന്യാസിനോടു പറഞ്ഞു, “ദൈവം നിന്നെയും അടിയ്ക്കും! നീ വെള്ളപൂശി മറയ്ക്കപ്പെട്ട ചെളിപിടിച്ച മതിലു പോലെയാണ്! നീ അവിടിരുന്ന് മോശെയുടെ ന്യായ പ്രമാണമനുസരിച്ച് എന്നെ വിധിയ്ക്കുന്നു. എന്നാല്‍ എന്നെ അടിയ്ക്കാന്‍ നീ അവരോട് പറയുന്നുണ്ട്. അത് മോശെയുടെ ന്യായപ്രമാണത്തിന് എതിരാണ്.”

[4] പൌലൊസിന്‍റെ അടുത്തു നില്‍ക്കുന്നവര്‍ അവനോടു പറഞ്ഞു, “ദൈവത്തിന്‍റെ മഹാ പുരോഹിതനോട് അങ്ങനെ പറയരുത്. നീ അദ്ദേഹത്തെ അപമാനിക്കുകയാണ്.”

[5] പൌലൊസ് പറഞ്ഞു, “സഹോദരന്മാരേ, ഇയാളാണ് മഹാപുരോഹിതനെന്ന് എനിക്ക് അറിയില്ല. തിരുവെഴുത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. ‘നിങ്ങളുടെ ജനത്തിന്‍റെ നേതാവിനെക്കുറിച്ച് ദുഷിച്ചു പറയരുത്.

[6] യോഗത്തിലുണ്ടായിരുന്നവരില്‍ ചിലര്‍ സദൂക്യരും ചിലര്‍ പരീശന്മാരുമായിരുന്നു. അതിനാല്‍ പൌലൊസിന് ഒരു ആശയമുദിച്ചു: അവന്‍ അവരോടു വിളിച്ചു പറഞ്ഞു, “എന്‍റെ സഹോദരന്മാരേ, ഞാന്‍ ഒരു പരീശനാണ്. എന്‍റെ അപ്പനും ഒരു പരീശനായിരുന്നു! മരിച്ചവര്‍ പുനര്‍ജ്ജീവിപ്പിക്കുമെന്ന പ്രതീക്ഷമൂലമാണ് ഞാന്‍ വിചാരണ ചെയ്യപ്പെടുന്നത്!”

[7] പൌലൊസ് ഇതു പറഞ്ഞപ്പോള്‍ സദൂക്യരും പരീശന്മാരും തമ്മില്‍ വലിയ വാദം നടന്നു. സംഘം വിഘടിക്കപ്പെട്ടു.

[8] (മരിച്ചാല്‍ ആരും പുനരുജ്ജീവിക്കില്ലെന്ന് സദൂക്യര്‍ വിശ്വസിച്ചിരുന്നു. ദൂതന്മാരോ ആത്മാക്കളോ ഇല്ലെന്നും അവര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ പരീശര്‍ ഇവയെല്ലാം വിശ്വസിച്ചിരുന്നു.)

[9] ആ യെഹൂദരെല്ലാം ഉച്ചത്തില്‍ ആക്രോശിക്കാന്‍ തുടങ്ങി. ശാസ്ത്രിമാരില്‍ ചിലര്‍, പരീശന്മാരുടെ പക്ഷക്കാര്‍, എഴുന്നേറ്റു വാദിച്ചു, “ഇയാളില്‍ ഞങ്ങള്‍ തെറ്റൊന്നും കാണുന്നില്ല. ദമസ്ക്കൊസിലേക്കുള്ള വഴിയില്‍ ഒരു ആത്മാവോ, ദൂതനോ, അവനോടു സംസാരിച്ചിരിക്കാം.”

[10] തര്‍ക്കം ഒരു ഏറ്റുമുട്ടലായി. യെഹൂദര്‍ പൌലൊസിനെ കഷണം കഷണമാക്കുമെന്ന് സൈന്യാധിപന്‍ ഭയന്നു. അതിനാല്‍ താഴേക്കു ചെന്ന് പൌലൊസിനെ യെഹൂദരുടെയിടയില്‍ നിന്നും പട്ടാളമന്ദിരത്തിലേക്കു കൊണ്ടിടാന്‍ അയാള്‍ ഭടന്മാരോടു കല്പിച്ചു.

[11] അടുത്ത ദിവസം രാത്രി കര്‍ത്താവായ യേശു പൌലൊസിനു പ്രത്യക്ഷപ്പെട്ടു. അവന്‍ പറഞ്ഞു, “ധൈര്യമായിരിക്കുക! യെരൂശലേംകാരോട് നീ എന്നെപ്പറ്റി പറഞ്ഞു. നീ റോമിലും പോയി എന്നെപ്പറ്റി അവിടെയുള്ളവരോട് പ്രസംഗിക്കണം!”

[12] പിറ്റേന്നു രാവിലെ, ഏതാനും യെഹൂദര്‍ പൌലൊസിനെ കൊല്ലാന്‍ ഒരു പരിപാടിയിട്ടു. പൌലൊസിനെ കൊല്ലുന്നതുവരേക്കും ഒന്നും തിന്നുകയോ കുടിയ്ക്കുകയോ ഇല്ലെന്ന് അവര്‍ കൂട്ടം കൂടി പ്രതിജ്ഞയെടുത്തു.

[13] ഈ ഗൂഡാലോചനയില്‍ പങ്കെടുത്ത യെഹൂദര്‍ നാല്പതിലധികമുണ്ടായിരുന്നു.

[14] അവര്‍ പുരോഹിത പ്രമുഖരെയും ജനത്തിന്‍റെ മൂപ്പന്മാരെയും കണ്ടു സംസാരിച്ചു. യെഹൂദര്‍ പറഞ്ഞു, “ഞങ്ങള്‍ ഒരു വലിയ ശപഥം എടുത്തിട്ടുണ്ട്. പൌലൊസിനെ കൊല്ലാതെ ഒന്നും കഴിക്കില്ലെന്ന്!

[15] അതിനാല്‍ നിങ്ങള്‍ ഇങ്ങനെ ചെയ്തു തരണം. നിങ്ങളും എല്ലാ യെഹൂദനേതാക്കളും സൈന്യാധിപന് ഒരു സന്ദേശമയയ്ക്കണം. പൌലൊസിനെ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കാന്‍ അയാളോട് ആവശ്യപ്പെടണം. കൂടുതല്‍ ചോദ്യം ചെയ്യാനാണിതെന്ന് പറയണം. അവന്‍ ഇവിടെ എത്തുന്നതിനു മുമ്പ് കൊല്ലാന്‍ ഞങ്ങള്‍ കാത്തിരിക്കും.”

[16] എന്നാല്‍ ഈ പരിപാടിയെപ്പറ്റി പൌലൊസിന്‍റെ അനന്തിരവന്‍ കേട്ടു. അവന്‍ പട്ടാളകെട്ടിടത്തിലേക്കു ചെന്ന് പൌലൊസിനെ വിവരം അറിയിച്ചു.

[17] അപ്പോള്‍ പൌലൊസ് ശതാധിപന്മാരില്‍ ഒരാളെ വിളിച്ചു പറഞ്ഞു, “ഈ ചെറുപ്പക്കാരനെ സൈന്യാധിപന്‍റെ അടുത്തേക്കു കൊണ്ടുപോകൂ. അദ്ദേഹത്തിനോടു ഇവന് ചിലതു പറയാനുണ്ട്.”

[18] ശതാധിപന്‍ അവനെ സൈന്യാധിപന്‍റെയടുത്തെത്തിച്ചു. ശതാധിപന്‍ പറഞ്ഞു, “ഈ യുവാവിനെ അങ്ങയുടെ മുമ്പിലേക്കു കൊണ്ടുവരാന്‍ തടവുകാരനായ പൌലൊസ് എന്നോടാവശ്യപ്പെട്ടു. അവന് എന്തോ പറയാനുണ്ടത്രേ.”

[19] സൈന്യാധിപന്‍ യുവാവിനെ ഒരു ഒറ്റപ്പെട്ട സ്ഥലത്തേക്കു കൊണ്ടുപോയിട്ടു ചോദിച്ചു, “എന്താണു പറയാനുള്ളത്?”

[20] യുവാവു പറഞ്ഞു, “പൌലൊസിനെ അവരുടെ സഭയിലേക്കയയ്ക്കാന്‍ അങ്ങയോട് ആവശ്യപ്പെടാന്‍ യെഹൂദര്‍ തീരുമാനിച്ചിട്ടുണ്ട്. ചോദ്യം ചെയ്യാനെന്ന വ്യാജേനയാണ് ആവശ്യപ്പെടുക.

[21] എന്നാല്‍ അവരെ വിശ്വസിക്കരുത്! നാല്പതിലധികം യെഹൂദര്‍ പൌലൊസിനെ വധിക്കാന്‍ വഴിയില്‍ ഒളിച്ചിരിപ്പുണ്ട്. അതു നടപ്പാക്കാതെ ഒന്നും തിന്നുകയോ കുടിയ്ക്കുകയോ ഇല്ലെന്ന് അവര്‍ പ്രതിജ്ഞയെടുത്തിട്ടുണ്ട്! ഇപ്പോഴവര്‍ അങ്ങയുടെ അനുമതിയ്ക്കായി കാത്തിരിക്കുന്നു.”

[22] സൈന്യാധിപന്‍ അവനെ പറഞ്ഞയച്ചു. അദ്ദേഹം അവനോടു പറഞ്ഞു, “അവരുടെ പരിപാടിയെപ്പറ്റി നീയെന്നോടു പറഞ്ഞതായി ആരോടും പറയരുത്.”

[23] അനന്തരം സൈന്യാധിപന്‍ രണ്ടു ശതാധിപന്മാരെ വിളിച്ചു പറഞ്ഞു, “കൈസര്യായിലേക്ക് എനിക്ക് ഏതാനുംപേരെ അയയ്ക്കണം. ഇരുന്നൂറു ഭടന്മാരെ തയ്യാറാക്കുക. എഴുപതു കുതിരപ്പട്ടാളക്കാരെയും ഇരുന്നൂറു കുന്തക്കാരെയും ഒരുക്കുക. രാത്രി ഒമ്പതു മണിക്കു തന്നെ പുറപ്പെടണം.

[24] പൌലൊസിന് സഞ്ചരിക്കാന്‍ ഏതാനും കുതിരകളെയും. അയാളെ ദേശാധിപതി ഫേലിക്സിന്‍റെയടുത്ത് സുരക്ഷിതമായെത്തിക്കുക.”

[25] സൈന്യാധിപന്‍ ഒരു കത്തെഴുതി. അതില്‍ ഇങ്ങനെ പറയുന്നു,

[26] “അഭിവന്ദ്യനായ ദേശാധിപതി ഫേലിക്സിനെ ക്ലൌദ്യൊസ് അഭിവാദനം ചെയ്യുന്നു: ആശംസകള്‍.

[27] ഈ മനുഷ്യനെ യെഹൂദര്‍ പിടികൂടി കൊല്ലാന്‍ ഉദ്ദേശിച്ചു. അവന്‍ ഒരു റോമാക്കാരനാണെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ഏതാനും ഭടന്മാരുമായിച്ചെന്ന് അവനെ രക്ഷിച്ചു.

[28] അവനെതിരെ എന്തിനാണവര്‍ ആരോപണം ഉന്നയിക്കുന്നതെന്നാണ് എനിക്കറിയേണ്ടത്. അതിനാല്‍ ഞാനവനെ അവരുടെ സമിതിയില്‍ കൊണ്ടുവന്നു.

[29] ഇങ്ങനെ അറിയാന്‍ കഴിഞ്ഞു: പൌലൊസ് തെറ്റായതെന്തൊക്കെയോ ചെയ്തു. എന്നാല്‍ ഈ ആരോപണങ്ങള്‍ അവരുടെ യെഹൂദ ന്യായപ്രമാണമനുസരിച്ചാണ്. എന്നാലതൊന്നും തടവിനോ വധത്തിനോ വിധിക്കാന്‍ പറ്റിയതുമല്ല.

[30] ഏതാനും യെഹൂദര്‍ പൌലൊസിനെ കൊല്ലാന്‍ ഗൂഡാലോചന നടത്തി എന്നു വിവരം കിട്ടി. അതിനാല്‍ ഞാനിവനെ ഉടനെ അങ്ങയുടെ അടുത്തേക്ക് അയയ്ക്കുന്നു. അവനെതിരെ ഉള്ളതൊക്കെ അങ്ങയോടു പറയാന്‍ ഞാന്‍ യെഹൂദരോടും പറഞ്ഞിട്ടുണ്ട്.”

[31] ഭടന്മാര്‍ ആജ്ഞക്കനുസൃതമായി തന്നെ ചെയ്തു. രാത്രി തന്നെ ഭടന്മാര്‍ പൌലൊസിനെ അന്തിപത്രിസിലേക്കു കൊണ്ടുപോയി.

[32] പിറ്റേന്ന് കുതിരപ്പടയാളികള്‍ പൌലൊസിനോടൊപ്പം കൈസര്യായിലേക്കു പോയി. മറ്റു പട്ടാളക്കാരും കുന്തക്കാരും യെരൂശലേമിലെ സൈനിക താവളത്തിലേക്കു മടങ്ങി.

[33] കുതിരപ്പടയാളികള്‍ കൈസര്യായില്‍ പ്രവേശിച്ചു, ദേശാധിപതിക്കു കത്തു നല്‍കി. എന്നിട്ടവര്‍ പൌലൊസിനെയും ഏല്പിച്ചു.

[34] കത്തു വായിച്ച ശേഷം ദേശാധിപതി പൌലൊസിനോടു ചോദിച്ചു, “നീ ഏതു രാജ്യക്കാരനാണ്?” പൌലൊസ് കിലിക്യക്കാരനാണെന്ന് ദേശാധിപതി അറിഞ്ഞു.

[35] അദ്ദേഹം പറഞ്ഞു, “നിനക്കെതിരായ ആരോപണക്കാര്‍ കൂടിവന്നിട്ട് ഞാന്‍ നിന്നെ വിസ്തരിക്കും.” കൊട്ടാരത്തില്‍ അവനെ സൂക്ഷിക്കാന്‍ ദേശാധിപതി കല്പിച്ചു. (ആ മന്ദിരം ഹെരോദാവ് പണിയിച്ചതായിരുന്നു.)

അപ്പൊസ്തലന്മാരുടെ പ്രവൃത്തികള്‍ — Chapters