Skip to content
Opens in a new window
Listen to this chapter • 7:39

[1] പത്രൊസും യോഹന്നാനും ജനങ്ങളോടു പ്രസംഗിച്ചുകൊണ്ടു നില്‍ക്കവേ ചിലര്‍ അവരെ സമീപിച്ചു. അവര്‍ യെഹൂദ പുരോഹിതരും ദൈവാലയം കാവല്‍ക്കാരുടെ നായകനും ഏതാനും സദൂക്യരുമായിരുന്നു.

[2] പത്രൊസും യോഹന്നാനും ആളുകളെ പഠിപ്പിക്കുന്ന കാര്യങ്ങളില്‍ അവര്‍ ക്ഷുഭിതരായിരുന്നു. യേശുവിനെപ്പറ്റി പറയുമ്പോള്‍ മനുഷ്യര്‍ മരിച്ചവരില്‍ നിന്നും ക്രിസ്തുവില്‍ കൂടി ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് അവര്‍ പഠിപ്പിക്കുന്നു.

[3] യെഹൂദനേതാക്കള്‍ പത്രൊസിനെയും യോഹന്നാനെയും പിടിച്ചു തടവിലാക്കി. അപ്പോള്‍ രാത്രിയായിരുന്നതിനാല്‍ അവര്‍ അപ്പൊസ്തലന്മാരെ പിറ്റേന്നു രാവിലെവരെ തുറുങ്കില്‍ പാര്‍പ്പിച്ചു.

[4] എന്നാല്‍ പത്രൊസിന്‍റെയും യോഹന്നാന്‍റെയും പ്രസംഗം കേട്ട അനേകംപേര്‍ അവനില്‍ വിശ്വസിച്ചു. വിശ്വസിച്ച പുരുഷന്മാരുടെ എണ്ണം തന്നെ അഞ്ചായിരത്തോളമായി ഉയര്‍ന്നു.

[5] പിറ്റേന്ന് യെഹൂദനേതാക്കളും ജനത്തിന്‍റെ മൂപ്പന്മാരും ശാസ്ത്രിമാരും യെരൂശലേമില്‍ സമ്മേളിച്ചു.

[6] ഹന്നാവും (മഹാപുരോഹിതന്‍), കയ്യഫാവും, യോഹന്നാനും, അലക്സാന്തരും, അവിടെയുണ്ടായിരുന്നു. മഹാപുരോഹിതന്‍റെ കുടുംബത്തിലെ എല്ലാവരും ഉണ്ടായിരുന്നു.

[7] അവര്‍ പത്രൊസിനെയും യോഹന്നാനെയും ആളുകളുടെ മുന്നില്‍ നിര്‍ത്തി. “നിങ്ങളെങ്ങനെ ആ മുടന്തനെ സുഖപ്പെടുത്തി? ഏതു ശക്തിയാണു നിങ്ങള്‍ ഉപയോഗിച്ചത്? ആരാണു നിങ്ങള്‍ക്കതിനുള്ള അധികാരം തന്നത്?” എന്നീ ചോദ്യങ്ങള്‍ യെഹൂദ നേതാക്കള്‍ അവരോട് പലവട്ടം ചോദിച്ചു.

[8] അപ്പോള്‍ പത്രൊസില്‍ പരിശുദ്ധാത്മാവ് നിറഞ്ഞു, അവന്‍ അവരോടു പറഞ്ഞു, “നേതാക്കന്മാരേ, മൂപ്പന്മാരേ,

[9] ഞങ്ങളൊരു മുടന്തനു ചെയ്ത നന്മയുടെ പേരില്‍ ഞങ്ങളെ ചോദ്യം ചെയ്യുകയാണോ? അയാളെ സുഖപ്പെടുത്തിയതാരാണന്നാണല്ലേ നിങ്ങളുടെ ചോദ്യം?

[10] ഞങ്ങള്‍ നിങ്ങളെയും എല്ലാ യെഹൂദ ജനത്തെയും അറിയാക്കാന്‍നാഗ്രഹിക്കുന്നു. ഇയാള്‍ സുഖപ്പെട്ടത് നസ്രായനായ യേശുക്രിസ്തുവിന്‍റെ നാമത്തില് ആണ്. നിങ്ങള്‍ യേശുവിനെ ക്രൂശിച്ചു, ദൈവം അവനെ പുനര്‍ജ്ജീവിപ്പിച്ചു, മുടന്തനായിരുന്ന ഇയാള്‍ക്ക് യേശു ക്രിസ്തുവിന്‍റെ ശക്തിയാല്‍ ഇപ്പോള്‍ നടക്കാനും നിങ്ങള്‍ക്കു മുന്നില്‍ നില്‍ക്കാനും കഴിയുന്നു.

[11] യേശു ‘പണിക്കാരായ നിങ്ങള്‍ വലിച്ചെറിഞ്ഞ കല്ലാണ്; പക്ഷേ ആ കല്ലിപ്പോള്‍ മൂലക്കല്ലായിരിക്കുന്നു.

[12] മനുഷ്യരെ രക്ഷിക്കാന്‍ കഴിയുന്ന ഒരേയൊരാള്‍ യേശുവാണ്. ആകാശത്തിനു കീഴില്‍ മനുഷ്യരെ രക്ഷിക്കാന്‍ ശക്തിയുള്ള ഒരേയൊരു നാമം അവന്‍റേതാണ്. നമ്മള്‍ യേശുവിലൂടെ രക്ഷിക്കപ്പെടണം.”

[13] യോഹന്നാനും പത്രൊസിനും യാതൊരുവിധ പ്രത്യേക പരിശീലനമോ, വിദ്യാഭ്യാസമോ ഇല്ലെന്നും യെഹൂദനേതാക്കള്‍ക്കു മനസ്സിലായി. അവര്‍ നിര്‍ഭയരായി സംസാരിക്കുന്നതു കണ്ട യെഹൂദ നേതാക്കള്‍ അത്ഭുതപ്പെട്ടു. പത്രൊസും യോഹന്നാനും യേശുവിന്‍റെ കൂടെയുണ്ടായിരുന്നവരാണെന്നും അവര്‍ മനസ്സിലാക്കി.

[14] മുടന്തന്‍ രണ്ട് അപ്പൊസ്തലന്മാരോടുമൊത്ത് നില്‍ക്കുന്നത് അവര്‍ കണ്ടു. അയാള്‍ സുഖപ്പെട്ടതും. അതിനാല്‍ അപ്പൊസ്തലന്മാര്‍ക്കെതിരെ അവര്‍ക്ക് ഒന്നും പറയാനായില്ല.

[15] അവരോട് അവിടം വിട്ടുപോകുവാന്‍ യെഹൂദ നേതാക്കള്‍ ആവശ്യപ്പെട്ടു. തങ്ങള്‍ ഇനി എന്തു ചെയ്യണമെന്ന് നേതാക്കള്‍ പരസ്പരം ആലോചിച്ചു.

[16] അവര്‍ പറഞ്ഞു, “ഇവരെ നാമെന്തു ചെയ്യണം? അവരൊരു മഹത്തായ അത്ഭുതം പ്രവര്‍ത്തിച്ചുവെന്ന് യെരൂശലേം ജനത മുഴുവന്‍ അറിഞ്ഞു. അതു വ്യക്തവുമാണ്. ആ സത്യം നിഷേധിക്കാന്‍ സാദ്ധ്യവുമല്ല.

[17] എന്നാല്‍ ഈ മനുഷ്യനെപ്പറ്റി പ്രസംഗിക്കരുതെന്നു ഭീഷണിപ്പെടുത്തണം. എന്നാല്‍ ഇത് ഇതില്‍ കൂടുതലായി ആളുകളുടെ ഇടയില്‍ പ്രചരിക്കില്ല.”

[18] അതുകൊണ്ട് യെഹൂദനേതാക്കള്‍ പത്രൊസിനെയും യോഹന്നാനെയും വീണ്ടും വിളിച്ചു. യേശുവിന്‍റെ നാമത്തില്‍ ഒന്നും പ്രസംഗിക്കുകയോ ഉപദേശിക്കുകയോ ചെയ്യരുതെന്ന് അവര്‍ അപ്പൊസ്തലന്മാരോടു നിര്‍ദ്ദേശിച്ചു.

[19] പക്ഷേ പത്രൊസും യോഹന്നാനും മറുപടി പറഞ്ഞു, “നിങ്ങള്‍ ആലോചിക്കുന്നതു ശരിയാണോ? ദൈവത്തിനെന്താണിഷ്ടം. ഞങ്ങള്‍ ദൈവത്തിനെയോ നിങ്ങളേയോ അനുസരിക്കേണ്ടത്?

[20] ഞങ്ങള്‍ക്ക് അടങ്ങിയിരിക്കാനാവില്ല. ഞങ്ങള്‍ കണ്ടതും കേട്ടതുമൊക്കെ ഞങ്ങള്‍ക്കു പ്രസംഗിച്ചേ പറ്റൂ.”

[21] യെഹൂദ നേതാക്കള്‍ക്ക് അപ്പൊസ്തലന്മാരെ ശിക്ഷിക്കാന്‍ ഒരു മാര്‍ഗ്ഗവും കണ്ടെത്താനായില്ല. കാരണം, ചെയ്ത കാര്യങ്ങള്‍ക്ക് എല്ലാവരും ദൈവത്തെ മഹത്വീകരിക്കുകയായിരുന്നു. (ഈ വീര്യ പ്രവൃത്തി ദൈവത്തിന്‍റെ സാക്ഷ്യമായിരുന്നു. രോഗം ഭേദമാക്കപ്പെട്ടയാള്‍ക്ക് നാല്പതിനുമേല്‍ വയസ്സുണ്ടായിരുന്നു.) അതിനാല്‍ യെഹൂദനേതാക്കള്‍ അപ്പൊസ്തലന്മാരെ താക്കീതു ചെയ്തു വിട്ടയച്ചു.

[23] പത്രൊസും യോഹന്നാനും യെഹൂദ നേതാക്കന്മാരുടെ സഭയില്‍ നിന്നും തങ്ങളുടെ ആള്‍ക്കാര്‍ക്കിടയിലേക്കു പോയി. മഹാപുരോഹിതരും ജനത്തിന്‍റെ മൂപ്പന്മാരും തങ്ങളോടു പറഞ്ഞതെല്ലാം അവര്‍ വിശ്വാസി സംഘത്തോടു പറഞ്ഞു.

[24] ഇതുകേട്ടു വിശ്വാസികള്‍ ഒരേ മനസ്സോടെ ദൈവത്തോടു പ്രാര്‍ത്ഥിച്ചു. “പ്രഭോ, ആകാശത്തിന്‍റെയും ഭൂമിയുടെയും കടലിന്‍റെയും അതിലുള്ള എല്ലാറ്റിന്‍റെയും സൃഷ്ടാവാണ് അവിടുന്ന്.

[25] ഞങ്ങളുടെ പിതാവായ ദാവീദ് അവിടുത്തെ ദാസനായിരുന്നു. പരിശുദ്ധാത്മാവിന്‍റെ സഹായത്താല്‍ അവന്‍ ഈ വാക്കുള്‍ എഴുതി: ‘ജാതികള്‍ വിളിച്ചു കൂവിയതെന്തിന്? ലോകരെന്തിനു നിഷ്-പ്രയോജനമായി ദൈവദോഷം ചിന്തിക്കുന്നു?

[26] കര്‍ത്താവിനും അവന്‍റെ ക്രിസ്തുവിനും എതിരായി ഭൂമിയിലെ രാജാക്കന്മാര്‍ തയ്യാറായി, ഭരണാധിപന്മാര്‍ ഒത്തുകൂടി.’

[27] ഹെരോദാവും പൊന്തിയൊസ് പീലാത്തൊസും രാജ്യങ്ങളും യെഹൂദജനതയുമെല്ലാം യെരൂശലേമില്‍ യേശുവിനെതിരെ തിരിഞ്ഞപ്പോള്‍ ഇതെല്ലാം യഥാര്‍ത്ഥത്തിലും സംഭവിച്ചു. ക്രിസ്തുവായി അവിടുന്ന് അഭിക്ഷിക്തനാക്കിയ അങ്ങയുടെ പരിശുദ്ധദാസനാണ് യേശു.

[28] അങ്ങയുടെ പരിപാടികളെ നടപ്പാക്കാനാണവര്‍ ഒത്തുകൂടിയത്. അവിടുത്തെ ശക്തിയും ഇച്ഛയും അനുസരിച്ചാണിതെല്ലാം സംഭവിച്ചത്.

[29] കര്‍ത്താവേ, അതുകൊണ്ടിപ്പോള്‍ അവര്‍ പറയുന്നതു ശ്രദ്ധിക്കുക. അവര്‍ ഞങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു. കര്‍ത്താവേ, ഞങ്ങള്‍ അവിടുത്തെ ദാസര്‍. ഭയമില്ലാതെ ഞങ്ങള്‍ പറയുവാന്‍ അങ്ങ് ഏല്പിച്ചത് പറയുവാന്‍ ഞങ്ങളെ സഹായിക്കുക.

[30] അങ്ങയുടെ ശക്തികാട്ടി ഞങ്ങള്‍ക്കു ധൈര്യം പകരുക. രോഗികളെ സുഖപ്പെടുത്തുക, സാക്ഷ്യങ്ങള്‍ നല്‍കുക, അങ്ങയുടെ വിശുദ്ധ ദാസനായ യേശുവിന്‍റെ ശക്തിയാല്‍ വീര്യ പ്രവൃത്തികള്‍ കാട്ടുക.”

[31] അവര്‍ പ്രാര്‍ത്ഥിച്ചു കഴിഞ്ഞപ്പോള്‍ അവര്‍ നിന്ന സ്ഥലം കുലുങ്ങി. അവരിലെല്ലാം പരിശുദ്ധാത്മാവ് വന്നു നിറഞ്ഞു. ദൈവത്തിന്‍റെ സന്ദേശം പിന്നീടവര്‍ ഭയമില്ലാതെ പ്രസംഗിച്ചു.

[32] വിശ്വാസികളുടെ സംഘം ഹൃദയം കൊണ്ട് ഒരുമപ്പെട്ടു. അവര്‍ക്കു ഒരേ ആത്മാവുമായിരുന്നു. തനിക്കുള്ളതൊക്കെ തന്‍റേതാണെന്ന് സംഘത്തിലെ ഒരാള്‍പോലും പറഞ്ഞില്ല. പകരം, അവരെല്ലാം പങ്കുവച്ചു.

[33] കര്‍ത്താവായ യേശു മരണത്തില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റുവെന്ന് അപ്പൊസ്തലന്മാര്‍ ശക്തിയോടെ ആളുകളോടു പറഞ്ഞു. ദൈവം എല്ലാ വിശ്വാസികളെയും അനുഗ്രഹിക്കുകയും ചെയ്തു.

[34] അവര്‍ക്കു വേണ്ടതെല്ലാം കിട്ടി. കാരണം നിലവും വീടുമുള്ളവരുമെല്ലാം അവ വിറ്റു പണമാക്കി കൊണ്ടുവന്നു. ആ പണം

[35] അവര്‍ അപ്പൊസ്തലന്മാരെ ഏല്പിച്ചു. പിന്നീട് ഓരോരുത്തര്‍ക്കും ആവശ്യമുള്ളവ നല്‍കപ്പെട്ടു.

[36] യോസേഫ് എന്നു പേരായ ഒരു വിശ്വാസി ഉണ്ടായിരുന്നു. അപ്പൊസ്തലന്മാര്‍ അവനെ ബര്‍ന്നബാസ് എന്നു വിളിച്ചു. (‘പരസഹായി’ എന്നാണ് ഈ പേരിനര്‍ത്ഥം) അയാള്‍ കുപ്രോസില്‍ ജനിച്ചൊരു ലേവ്യന്‍ ആയിരുന്നു.

[37] അയാള്‍ക്കു കുറച്ചു നിലമുണ്ടായിരുന്നു. അയാള്‍ അതു വിറ്റ് ആ പണം കൊണ്ടുവന്ന് അപ്പൊസ്തലന്മാരെ ഏല്പിച്ചു.

അപ്പൊസ്തലന്മാരുടെ പ്രവൃത്തികള്‍ — Chapters