Skip to content
Opens in a new window
Listen to this chapter • 6:20

[1] പൌലൊസ് പറഞ്ഞു, “എന്‍റെ സഹോദരന്മാരേ, പിതാക്കളേ എന്നെ ശ്രദ്ധിച്ചാലും! ഞാന്‍ നിങ്ങളുടെ മുമ്പില്‍ ന്യായവാദം അവതരിപ്പിക്കുന്നു.”

[2] പൌലൊസ് യെഹൂദ ഭാഷ സംസാരിക്കുന്നത് യെഹൂദര്‍ കേട്ടു. അതിനാല്‍ അവര്‍ ശാന്തരായി. പൌലൊസ് പറഞ്ഞു,

[3] “ഞാനൊരു യെഹൂദനാണ്. കിലിക്യായിലെ തര്‍സൊസിലാണു ഞാന്‍ ജനിച്ചത്. യെരൂശലേമില്‍ ഞാന്‍ വളര്‍ന്നു. ഗമാലിയേലിന്‍റെ ശിഷ്യനായിരുന്നു ഞാന്‍. നമ്മുടെ പിതാക്കന്മാരുടെ ന്യായപ്രമാണം അവന്‍ എന്നെ സസൂക്ഷ്മം പഠിപ്പിച്ചു. നിങ്ങളെല്ലാവരും ഇന്ന് ആയിരിക്കുമ്പോലെ ഞാനന്ന് ദൈവ ശുശ്രൂഷയില്‍ വളരെ തീഷ്ണതയുള്ളവനായിരുന്നു.

[4] യേശുവിന്‍റെ മാര്‍ഗ്ഗം സ്വീകരിച്ചവരെ ഞാന്‍ പീഡിപ്പിച്ചിരുന്നു. ഞാന്‍ മൂലം അവരില്‍ ചിലര്‍ കൊല്ലപ്പെടുകകൂടി ചെയ്തു. സ്ത്രീകളെയും പുരുഷന്മാരെയും ഞാന്‍ പിടികൂടി തടവറയിലിട്ടു.

[5] മഹാ പുരോഹിതനും ജനത്തിന്‍റെ മൂപ്പന്മാരുടെ സഭയ്ക്കും ഇതൊക്കെ സത്യമാണെന്നു പറയാന്‍ കഴിയും! ഒരിക്കല്‍ ഈ നേതാക്കള്‍ എനിക്കു ചില കത്തുകള്‍ തന്നു. ദമസ്ക്കൊസിലെ യെഹൂദ സഹോദരന്മാര്‍ക്ക് ഉള്ളതായിരുന്നു ആ കത്തുകള്‍. യേശുവിന്‍റെ ശിഷ്യന്മാരെ പിടിച്ച് ശിക്ഷിക്കാനും കൊണ്ടുവരാനുമായി ഞാനവിടേക്കു പോവുകയായിരുന്നു.

[6] “എന്നാല്‍ ദമസ്ക്കൊസിലേക്കുള്ള യാത്രയില്‍ എനിക്കു ചിലതു സംഭവിച്ചു. ഞാന്‍ ദമസ്ക്കൊസിനോടടുത്തപ്പോള്‍ ഉച്ചയായിരുന്നു. പെട്ടെന്ന് ആകാശത്തുനിന്ന് ഒരു തീഷ്ണമായ പ്രകാശം എനിക്കു ചുറ്റും തിളങ്ങി.

[7] ഞാന്‍ തറയില്‍ വീണു. ഒരശരീരി എന്നോടു പറയുന്നതായി ഞാന്‍ കേട്ടു: ‘ശൌല്‍, ശൌല്‍ നീയെന്തിനാണെന്നെ പീഡിപ്പിക്കുന്നത്?’

[8] ഞാന്‍ ചോദിച്ചു, ‘നീ ആരാണു കര്‍ത്താവേ?’ ശബ്ദം പറഞ്ഞു, ‘നീ പീഡിപ്പിക്കുന്ന നസറായനായ യേശുവാണ് ഞാന്‍.’

[9] എന്നോടൊത്തുണ്ടായിരുന്നവര്‍ക്ക് അത് കേള്‍ക്കാനായില്ല. എങ്കിലും അവര്‍ ആ പ്രകാശം കണ്ടു.

[10] “ഞാന്‍ ചോദിച്ചു, ‘കര്‍ത്താവേ ഞാന്‍ എന്തു ചെയ്യണം?’ കര്‍ത്താവ് മറുപടി പറഞ്ഞു, ‘എഴുന്നേറ്റു ദമസ്ക്കൊസിലേക്കു പോവുക. അവിടെ നിനക്കായി ഞാന്‍ ആസൂത്രണം ചെയ്തിരിക്കുന്നതെല്ലാം നിന്നെ അറിയിക്കും.’

[11] പ്രകാശത്തിന്‍റെ തീഷ്ണതമൂലം എനിക്കൊന്നും കാണാന്‍ കഴിഞ്ഞില്ല. അതിനാല്‍ എന്നോടൊപ്പമുള്ള പുരുഷന്മാര്‍ എന്നെ ദമസ്ക്കൊസിലേക്കു നയിച്ചു.

[12] “ദമസ്ക്കൊസില്‍ അനന്യാസ് എന്നൊരുവന്‍ എന്നെ സമീപിച്ചു. അയാള്‍ മോശെയുടെ ന്യായപ്രമാണം അനുസരിക്കുന്നവനും ഭക്തനുമായിരുന്നു. അവിടെ താമസിച്ചിരുന്ന യെഹൂദരെല്ലാം അനന്യാസിനെ ആദരിച്ചിരുന്നു.

[13] അയാള്‍ എന്‍റെയടുത്തെത്തി പറഞ്ഞു, ‘സഹോദരനായ ശൌല്‍, നിനക്കു കാഴ്ച ലഭിക്കട്ടെ.’ പെട്ടെന്ന് എനിക്കു കാഴ്ച കിട്ടി.

[14] അനന്യാസ് എന്നോടു പറഞ്ഞു, ‘നമ്മുടെ പിതാക്കന്മാരുടെ ദൈവം നിന്നെ പണ്ടുതന്നെ തിരഞ്ഞെടുത്തു. തന്‍റെ പദ്ധതി അറിയാനാണു ദൈവം നിന്നെ തിരഞ്ഞെടുത്തത്. നീതിമാനെ (യേശുവിനെ) കാണുന്നതിനും അവന്‍റെ വാക്കുകള്‍ കേള്‍ക്കുന്നതിനുമാണ് നിന്നെ തിരഞ്ഞെടുത്തത്.

[15] നീ എല്ലാവര്‍ക്കും അവന്‍റെ സാക്ഷിയായിരിക്കും. നീ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ ആളുകളോടു പറയും.

[16] ഇനി അധികം കാക്കേണ്ടതില്ല. എഴുന്നേല്‍ക്കൂ. സ്നാനപ്പെട്ട് നിന്‍റെ പാപങ്ങള്‍ കഴുകിക്കളയുക. സ്വയം രക്ഷിക്കാന്‍ അവന്‍റെ നാമത്തില്‍ വിശ്വസിച്ചു ഇങ്ങനെ ചെയ്യുക.’

[17] “പിന്നീട് ഞാന്‍ യെരൂശലേമില്‍ മടങ്ങിയെത്തി. ദൈവാലയത്തില്‍ വച്ചു പ്രാര്‍ത്ഥിക്കുകയായിരുന്ന എനിക്ക് ഒരു ദര്‍ശനമുണ്ടായി.

[18] യേശുവിനെ ഞാന്‍ കണ്ടു. യേശു എന്നോടു പറഞ്ഞു, ‘വേഗം, ഇപ്പോള്‍ത്തന്നെ യെരൂശലേം വിടുക. ഇന്നാട്ടുകാര്‍ എന്നെപ്പറ്റി കൊടുക്കുന്ന സാക്ഷ്യം സ്വീകരിക്കുകയില്ല.’

[19] ഞാന്‍ പറഞ്ഞു, ‘പക്ഷേ കര്‍ത്താവേ, വിശ്വാസികളെ തടവിലിടുകയും മര്‍ദ്ദിക്കുകയും ചെയ്തവന്‍ ഞാനാണെന്നവര്‍ക്കറിയാം. നിന്നില്‍ വിശ്വസിക്കുന്നവരെ പിടിയ്ക്കാന്‍ ഞാന്‍ എല്ലാ യെഹൂദപ്പള്ളികളിലും കയറിയിറങ്ങി.

[20] അങ്ങയുടെ സാക്ഷി സ്തെഫാനൊസ് കൊല്ലപ്പെട്ടപ്പോള്‍ ഞാനവിടെയുണ്ടായിരുന്നതായും അവര്‍ക്കറിയാം. സ്തെഫാനൊസിനെ വധിക്കണമെന്നു എഴുന്നേറ്റു നിന്നു പറഞ്ഞവനാണു ഞാന്‍. അവന്‍റെ കൊലയാളികളുടെ വസ്ത്രം പിടിയ്ക്കുക വരെ ഞാന്‍ ചെയ്തു.’

[21] “എന്നാല്‍ യേശു എന്നോടു പറഞ്ഞു, ‘ഇപ്പോള്‍ത്തന്നെ ഇവിടം വിടുക. ഞാന്‍ നിന്നെ വളരെ ദൂരെ ജാതികളുടെ ഇടയിലേക്ക് അയയ്ക്കാം.’”

[22] ജാതികളുടെ ഇടയിലേക്കു പോകുന്നതിനെപ്പറ്റിയുള്ള പൌലൊസിന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ ജനം അവനെ ശ്രദ്ധിക്കുന്നതു നിര്‍ത്തി. അവര്‍ ആക്രോശിച്ചു, “അവനെ കൊല്ലുക. ഈ ലോകത്തുനിന്നും അവനെ ഓടിയ്ക്കുക. ഇങ്ങനെയൊരുത്തനെ ജീവിക്കാന്‍ അനുവദിക്കരുത്.”

[23] അവര്‍ നിലവിളിയ്ക്കുകയും അവരുടെ വസ്ത്രങ്ങള്‍ മുകളിലേക്ക് വലിച്ചെറിയുകയും ചെയ്തു. അവര്‍ വായുവില്‍ പൊടി പരത്തി.

[24] അപ്പോള്‍ പൌലൊസിനെ പട്ടാളത്താവളത്തിനുള്ളിലേക്കു കൊണ്ടുവരാന്‍ സൈന്യാധിപന്‍ കല്പിച്ചു. പൌലൊസിനെ ചമ്മട്ടികൊണ്ടടിക്കാനും അവര്‍ കല്പിച്ചു. എന്തിനാണു ആളുകള്‍ ഇങ്ങനെ അവനെതിരെ വിളിച്ചുകൂവുന്നതെന്നു സൈന്യാധിപനു അതുവഴി അറിയണമായിരുന്നു.

[25] അതിനാല്‍ ഭടന്മാര്‍ പൌലൊസിനെ ചമ്മട്ടികൊണ്ട് മര്‍ദ്ദിക്കാനായി കെട്ടിയിട്ടു. എന്നാല്‍ പൌലൊസ് അവിടെയുണ്ടായിരുന്ന ശതാധിപനോടു ചോദിച്ചു, “കുറ്റവാളിയെന്നു തെളിയിക്കപ്പെടാത്ത ഒരു റോമാക്കാരനെ ചമ്മട്ടികൊണ്ടു മര്‍ദ്ദിക്കാന്‍ നിനക്കധികാരമുണ്ടോ?”

[26] ഇതു കേട്ട ശതാധിപന്‍ ഇക്കാര്യം സൈന്യാധിപനോടു പോയിപ്പറഞ്ഞു. ശതാധിപന്‍ പറഞ്ഞു, “നീയെന്താണു ചെയ്യുന്നതെന്നറിയാമോ? അയാള്‍ ഒരു റോമാക്കാരനാണ്!”

[27] സൈന്യാധിപന്‍ പൌലൊസിനടുത്തെത്തി ചോദിച്ചു, “പറയൂ, നീ യഥാര്‍ത്ഥത്തില്‍ റോമാക്കാരനാണോ?” പൌലൊസ് പറഞ്ഞു, “അതെ.”

[28] സൈന്യാധിപന്‍ പറഞ്ഞു, “റോമാക്കാരനാകാന്‍ ഞാന്‍ ധാരാളം പണം കൊടുത്തതാണ്.” എന്നാല്‍ പൌലൊസ് പറഞ്ഞു, “ഞാന്‍ ജന്മനാ റോമാക്കാരനാണ്.”

[29] പൌലൊസിനെ ചോദ്യം ചെയ്യാന്‍ വന്നവര്‍ പെട്ടെന്നുതന്നെ പിരിഞ്ഞു പോയി. റോമാക്കാരനായ പൌലൊസിനെ കെട്ടിയിട്ടതില്‍ സൈന്യാധിപന്‍ ഭയപ്പെട്ടു.

[30] പിറ്റേന്ന്, ജനങ്ങളെന്തുകൊണ്ടാണ് പൌലൊസിനെതിരെ സംസാരിക്കുന്നതെന്നു പഠിക്കാന്‍ സൈന്യാധിപന്‍ തീരുമാനിച്ചു. അതിനാലയാള്‍ മഹാ പുരോഹിതന്മാരോടും യെഹൂദ സഭയോടും യോഗം ചേരാന്‍ ആവശ്യപ്പെട്ടു. സൈന്യാധിപന്‍ പൌലൊസിന്‍റെ ചങ്ങലകള്‍ അഴിച്ചു. എന്നിട്ടയാള്‍ അവനെ കൊണ്ടുവന്ന് യോഗത്തിനു മുന്നില്‍ നിര്‍ത്തി.

അപ്പൊസ്തലന്മാരുടെ പ്രവൃത്തികള്‍ — Chapters