[1] ഞങ്ങളെല്ലാവരും മൂപ്പന്മാരോടു യാത്ര പറഞ്ഞു. എന്നിട്ടു ഞങ്ങള്‍ നേരെ കോസ്ദ്വീപില്‍ കപ്പല്‍മാര്‍ഗ്ഗമെത്തി. പിറ്റേന്നു ഞങ്ങള്‍ രൊദൊസ്ദ്വീപിലേക്കു പോയി. അവിടുന്ന് പത്തരയിലേക്കും.
[2] പത്തരയില്‍വച്ച് ഫൊയ്നീക്ക്യ രാജ്യത്തേക്കു പോകുന്ന ഒരു കപ്പല്‍ ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ അതില്‍ കയറി യാത്രയായി.
[3] ഞങ്ങള്‍ കുപ്രൊസിനടുത്തെത്തി. വടക്കുവശത്തായി കുപ്രൊസ് കണ്ടെങ്കിലും ഞങ്ങള്‍ നിറുത്തിയില്ല. ഞങ്ങള്‍ സുറിയയിലേക്കു യാത്ര ചെയ്തു. കപ്പലില്‍നിന്ന് അതിന്‍റെ ചരക്ക് ഇറക്കേണ്ടിയിരുന്നതുകൊണ്ട് സോര്‍ നഗരത്തില്‍ ഞങ്ങളിറങ്ങി.
[4] അവിടെ യേശുവിന്‍റെ ഏതാനും ശിഷ്യന്മാരെ കണ്ടെത്തി ഞങ്ങള്‍ അവിടെ അവരോടൊപ്പം ഏഴുദിവസം താമസിച്ചു. പരിശുദ്ധാത്മാവ് അവരോട് പറഞ്ഞതനുസരിച്ച്, യെരൂശലേമിലേക്ക് പോകരുതെന്ന് അവര്‍ പൌലൊസിനു മുന്നറിയിപ്പു നല്‍കി.
[5] സന്ദര്‍ശനം പൂര്‍ത്തിയായപ്പോള്‍ ഞങ്ങള്‍ മടങ്ങി. ഞങ്ങള്‍ യാത്ര തുടര്‍ന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ള യേശുവിന്‍റെ ശിഷ്യന്മാര്‍ മുഴുവന്‍ നഗരത്തിനു പുറത്തുവന്ന് ഞങ്ങളെ യാത്രയാക്കി. ഞങ്ങളെല്ലാം കടല്‍പ്പുറത്തു മുട്ടുകുത്തി നിന്നു പ്രാര്‍ത്ഥിച്ചു.
[6] അനന്തരം ഞങ്ങള്‍യാത്ര പറഞ്ഞ് കപ്പല്‍ കയറി. ശിഷ്യന്മാര്‍ വീടുകളിലേക്കു പോകുകയും ചെയ്തു.
[7] സോറില്‍ നിന്നുള്ള ഞങ്ങളുടെ യാത്ര തുടരുകയും പ്തൊലെമായിസില്‍ എത്തിച്ചേരുകയും ചെയ്തു. ഞങ്ങള്‍ സഹോദരന്മാരെ അഭിവാദ്യം ചെയ്യുകയും അവരോടൊത്ത് ഒരു ദിവസം താമസിക്കുകയും ചെയ്തു.
[8] പിറ്റേന്ന് ഞങ്ങള്‍ പ്തൊലെമായിസ് വിടുകയും കൈസര്യായിലേക്കു പോവുകയും ചെയ്തു. ഞങ്ങള്‍ ഫിലിപ്പൊസിന്‍റെ വീട്ടിലേക്കു പോയി അവിടെ താമസിച്ചു. ഫിലിപ്പൊസ് സുവിശേഷപ്രസംഗകനായിരുന്നു. ഏഴു പ്രത്യേക സഹായികളില്‍ ഒരുവനായിരുന്നു അവന്‍.
[9] അവന് അവിവാഹിതകളായ നാലു പെണ്‍മക്കളുണ്ടായിരുന്നു. അവര്‍ക്കു പ്രവചനവരം ഉണ്ടായിരുന്നു.
[10] ഞങ്ങള്‍ അനേകം ദിവസം അവിടെ തങ്ങി. അതിനുശേഷം യെഹൂദ്യയില്‍നിന്നും അഗബൊസ് എന്നൊരു പ്രവാചകന്‍ അവിടെ വന്നു.
[11] അവന്‍ ഞങ്ങളുടെ അടുത്തു വന്ന്, പൌലൊസിന്‍റെ അരപ്പട്ട വാങ്ങി. എന്നിട്ട് അതുകൊണ്ട് അഗബൊസ് തന്‍റെ തന്നെ കൈകാലുകള്‍ കെട്ടി. അയാള്‍ പറഞ്ഞു, “പരിശുദ്ധാത്മാവ് എന്നോടു പറയുന്നു, ‘ഇങ്ങനെയാണ് ഈ അരപ്പട്ട ധരിക്കുന്നവനെ യെഹൂദര്‍ ബന്ധിക്കുക. എന്നിട്ടവര്‍ അവനെ ജാതികള്‍ക്കു നല്‍കും.’”
[12] ഞങ്ങളെല്ലാം ഈ വാക്കുകള്‍ കേട്ടു. അതിനാല്‍ ഞങ്ങളും യേശുവിന്‍റെ പ്രാദേശിക ശിഷ്യന്മാരും പൌലൊസിനോടു യെരൂശലേമിലേക്കു പോകരുതെന്നു യാചിച്ചു.
[13] എന്നാല്‍ പൌലൊസ് പറഞ്ഞു, “നിങ്ങളെന്തിനാണു കരയുന്നത്? എന്തിനാണിങ്ങനെ എന്നെ സങ്കടപ്പെടുത്തുന്നത്? യെരൂശലേമില്‍ ബന്ധിതനാകാന്‍ ഞാന്‍ തയ്യാറാണ്. കര്‍ത്താവായ യേശുവിന്‍റെ നാമത്തിനു വേണ്ടി മരിക്കാന്‍ പോലും ഞാന്‍ തയ്യാറാണ്!”
[14] യെരൂശലേമില്‍ പോകുന്നതില്‍ നിന്നും അവനെ തടയാനോ, നിര്‍ബന്ധിക്കാനോ ഞങ്ങള്‍ക്ക് ആകുമായിരുന്നില്ല. അതിനാല്‍ ഞങ്ങള്‍ അഭ്യര്‍ത്ഥന നിര്‍ത്തി ഇങ്ങനെ പറഞ്ഞു, “കര്‍ത്താവിന്‍റെ ഇംഗിതം നടപ്പാകട്ടെ എന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.”
[15] ഏതാനും ദിവസങ്ങള്‍ക്കുശേഷം ഞങ്ങള്‍ തയ്യാറായി യെരൂശേമിലേക്കു പുറപ്പെട്ടു.
[16] കൈസര്യയില്‍നിന്നുള്ള യേശുവിന്‍റെ ശിഷ്യന്മാരില്‍ ചിലര്‍ ഞങ്ങളോടൊത്തു യെരൂശലേമിലേക്കു വന്നു. കുപ്രൊസുകാരനായ മ്നാസോനിന്‍റെ വസതിയിലേക്ക് ആ ശിഷ്യന്മാര്‍ ഞങ്ങളെ കൊണ്ടുപോയി. അയാള്‍ യേശുവിന്‍റെ ആദ്യ ശിഷ്യന്മാരില്‍ ഒരാളായിരുന്നു. അയാള്‍ ഞങ്ങളെ അവിടെ താമസിപ്പിക്കാന്‍ തന്‍റെ വീട്ടിലേക്കു കൊണ്ടുപോയി.
[17] യെരൂശലേമിലെ വിശ്വാസികള്‍ക്ക് ഞങ്ങളുടെ ആഗമനം ആഹ്ലാദമേകി.
[18] അടുത്ത ദിവസം പൌലൊസ് ഞങ്ങളോടൊപ്പം യാക്കോബിനെ സന്ദര്‍ശിക്കാന്‍ പോയി. മൂപ്പന്മാരെല്ലാം അവിടെ ഉണ്ടായിരുന്നു.
[19] അപ്പോള്‍ ജാതികളുടെ ഇടയില്‍ പലതും പ്രവൃത്തിക്കാന്‍ ദൈവം തന്നെ എങ്ങനെ വിനിയോഗിച്ചുവെന്ന് അവന്‍ അവരോടു പറഞ്ഞു. തന്നിലൂടെ ദൈവം പ്രവൃത്തിച്ചത് മുഴുവന്‍ അവന്‍ അവരോടു പറഞ്ഞു.
[20] ഇതെല്ലാം കേട്ട നേതാക്കള്‍ ദൈവത്തെ പുകഴ്ത്തി. എന്നിട്ടവര്‍ പൌലൊസിനോടു പറഞ്ഞു, “സഹോദരാ ആയിരക്കണക്കിന് യെഹൂദര്‍ വിശ്വാസികളായതു നിനക്കു കാണാം. എന്നാല്‍, മോശെയുടെ ന്യായപ്രമാണം അനുസരിക്കുകയെന്നതു വളരെ പ്രധാനമാണെന്നവര്‍ കരുതുന്നു.
[21] ഈ യെഹൂദര്‍ നിന്‍റെ ഉപദേശത്തെ കേട്ടു. അന്യ രാജ്യങ്ങളില്‍ ജാതികളോടൊപ്പം വസിക്കുന്ന യെഹൂദരോട് മോശെയുടെ ന്യായപ്രമാണം ഉപേക്ഷിക്കുവാന്‍ നീ പറയുന്നത് അവര്‍ കേട്ടു. ആ യെഹൂദരോട് തങ്ങളുടെ കുട്ടികളുടെ പരിച്ഛേദനകര്‍മ്മം നടത്തരുതെന്നും യെഹൂദ ആചാരങ്ങള്‍ അനുസരിക്കരുതെന്നും നീ പറഞ്ഞതായി അവര്‍ കേട്ടു.
[22] “ഞങ്ങളെന്തു ചെയ്യണം? നീ വന്നതായി ഇവിടുത്തെ യെഹൂദജനതയറിയും.
[23] അതിനാല്‍ നീ എന്തു ചെയ്യണമെന്നു ഞങ്ങള്‍ പറയാം: ഞങ്ങളില്‍ നാലു പേര്‍ വ്രതം സ്വീകരിച്ചിട്ടുണ്ട്.
[24] അവരെ കൂട്ടിക്കൊണ്ട് അവരോടൊപ്പം ശുദ്ധീകരണകര്‍മ്മം നിര്‍വ്വഹിക്കുക. അവരുടെ ചിലവുകള്‍ വഹിക്കുക. അപ്പോളവര്‍ക്കു ഞങ്ങളുടെ ശിരോമുണ്ഡനം നടത്താനാവും. അങ്ങനെ ചെയ്താല്‍ ആളുകള്‍ക്കിടയില്‍ നിന്നെപ്പറ്റി കേട്ടതൊന്നും സത്യമല്ലെന്നു തെളിയിക്കാന്‍ കഴിയും. നീ നിന്റെ ജീവിതത്തില്‍ മോശെയുടെ ന്യായപ്രമാണം അനുസരിക്കുന്നുണ്ടെന്നവര്‍ മനസ്സിലാക്കും.
[25] “ഞങ്ങള്‍ ഇതിനകം തന്നെ ജാതികളില്‍ നിന്നുള്ള വിശ്വാസികള്‍ക്കൊരു കത്തയച്ചു കഴിഞ്ഞു. അതില്‍ ഇങ്ങനെ പറയുന്നു: ‘വിഗ്രഹങ്ങള്‍ക്കു സമര്‍പ്പിക്കപ്പെട്ടതു ഭക്ഷിക്കരുത്, രക്തം രുചിക്കരുത്, ശ്വാസം മുട്ടിച്ചു കൊല്ലപ്പെട്ട മൃഗങ്ങളെ ഭക്ഷിക്കരുത്. ഒരു തരത്തിലുള്ള ലൈംഗികപാപവും അരുത്.’”
[26] അപ്പോള്‍ പൌലൊസ് ആ നാലുപേരെ തന്നോടൊപ്പം കൂട്ടി. പിറ്റേന്നു ശുദ്ധീകരണകര്‍മ്മത്തില്‍ പൌലൊസും പങ്കാളിയായി. എന്നിട്ടവര്‍ ദൈവാലയത്തിലേക്കു പോയി. ശുദ്ധീകരണ കര്‍മ്മങ്ങള്‍ അവസാനിക്കുന്ന സമയം അവന്‍ പ്രഖ്യാപിച്ചു. അപ്പോള്‍ ഓരോരുത്തര്‍ക്കും വേണ്ടി വഴിപാട് അര്‍പ്പിക്കപ്പെടുമെന്നും അവന്‍ അറിയിച്ചു.
[27] ആ ഏഴു ദിവസങ്ങളും കഴിയാറായി. പക്ഷേ ആസ്യയില്‍നിന്നുള്ള ഏതാനും യെഹൂദര്‍ ദൈവാലയത്തില്‍ പൌലൊസിനെയും കണ്ടു. അവര്‍ ജനക്കൂട്ടത്തെ ഇളക്കിവിട്ട് പൌലൊസിനെ പിടിപ്പിച്ചു.
[28] അവര്‍ വിളിച്ചുകൂവി, “യെഹൂദരേ, സഹായിക്കുക! മോശെയുടെ നിയമങ്ങള്‍ക്കെതിരായതൊക്കെ പഠിപ്പിക്കുന്നവനാണിവന്‍. ഈ ദൈവാലയത്തിനും ജനതയ്ക്കും എതിരായി ഇക്കാര്യങ്ങളിവന്‍ എല്ലായിടത്തും എല്ലാവരെയും പഠിപ്പിക്കുന്നു. ഇപ്പോഴവന്‍ ഏതാനും യവനക്കാരെ ദൈവാലയമുറ്റത്തു കൊണ്ടുവരികയും ചെയ്തിരിക്കുന്നു. ഈ വിശുദ്ധസ്ഥലത്തെ അവന്‍ അശുദ്ധമാക്കിയിരിക്കുന്നു!”
[29] (യെഹൂദര്‍ അങ്ങനെ പറയാന്‍കാരണം അവര്‍ ത്രോഫിമോസിനോടൊപ്പം പൌലൊസിനെ യെരൂശലേമില്‍ കണ്ടിട്ടുണ്ട് എന്നതാണ്. ത്രോഫിമോസ് ജാതികളില്‍നിന്നുള്ള എഫെസൊസുകാരനാണ്. പെൌലൊസാണവനെ ദൈവാലയത്തിലേക്കു കൊണ്ടുവന്നതെന്നാണവര്‍ കരുതിയത്.)
[30] യെരൂശലേംവാസികള്‍ ഒന്നടങ്കം ഇളകിമറിഞ്ഞു. അവര്‍ ഓടിവന്ന് പൌലൊസിനെ പിടികൂടി. അവരവനെ ദൈവാലയത്തിലെ വിശുദ്ധ സ്ഥലത്തുനിന്നും വലിച്ചിറക്കി. ഉടന്‍ തന്നെ ദൈവാലയ കവാടങ്ങള്‍ അടയ്ക്കപ്പെടുകയും ചെയ്തു.
[31] ആളുകള്‍ പൌലൊസിനെ വധിക്കാന്‍ ശ്രമിക്കുകയായിരുന്നു. നഗരത്തിലാകമാനം കുഴപ്പങ്ങളുണ്ടായിട്ടുണ്ടെന്ന് റോമാ സൈന്യാധിപന്‍ മനസ്സിലാക്കി.
[32] പെട്ടെന്നുതന്നെ അയാള്‍ ആളുകള്‍ കൂടിനില്‍ക്കുന്നിടത്തേക്കു ചെന്നു. ഏതാനും ശതാധിപന്മാരെയും ഭടന്മാരെയും അയാള്‍ കൂടെകൂട്ടിയിരുന്നു. ജനങ്ങള്‍ സൈന്യാധിപനെയും ഭടന്മാരെയും കണ്ടു. അതിനാല്‍ അവര്‍ പൌലൊസിനെ തല്ലുന്നതു നിര്‍ത്തി.
[33] സൈന്യാധിപന്‍ പൌലൊസിന്‍റെ അടുത്തു ചെന്നു അവനെ പിടികൂടി. അവനെ ചങ്ങല കൊണ്ടു ബന്ധിക്കാന്‍ അവന്‍ ഭടന്മാരോടു കല്പിച്ചു. എന്നിട്ട് സൈന്യാധിപന്‍ ചോദിച്ചു, “ആരാണിയാള്‍?” എന്താണ് ഇയാള്‍ ചെയ്ത തെറ്റ്?”
[34] അവിടെയുണ്ടായിരുന്ന ചിലര്‍ എന്തൊക്കെയോ വിളിച്ചു പറഞ്ഞു. മറ്റുചിലര്‍ വേറെ എന്തൊക്കെയോ പറഞ്ഞു. ഈ കോലാഹലവും ആശയക്കുഴപ്പവും കാരണം അയാള്‍ക്ക് സത്യാവസ്ഥ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ പൌലൊസിനെ സൈനിക കേന്ദ്രത്തിലേക്കു കൊണ്ടുവരാന്‍ അയാള്‍ ഭടന്മാരോട് ആജ്ഞാപിച്ചു.
[35] എല്ലാവരും അവരെ പിന്തുടരുകയായിരുന്നു. പൌലൊസ് പടിക്കല്‍ എത്തിയപ്പോള്‍ ഭടന്മാര്‍ അവനെ എടുത്തു. ആളുകള്‍ അക്രമാസക്തരായതിനാല്‍ പലൊസിനെ രക്ഷിക്കുന്നതിനാണ് അവരങ്ങനെ ചെയ്തത്. ആളുകള്‍ വിളിച്ചു കൂവി, “അവനെ കൊല്ലുക!”
[37] ഭടന്മാര്‍ പൌലൊസിനെ സൈനികകേന്ദ്രത്തിലേക്കു നയിച്ചു. അവിടെ പ്രവേശിക്കുമ്പോള്‍ അവന്‍ സൈന്യാധിപനോടു ചോദിച്ചു, “താങ്കളോടു ഞാന്‍ ചിലതു പറയട്ടെയോ?” സൈന്യാധിപന്‍ പറഞ്ഞു, “നീ യവനഭാഷ സംസാരിക്കുന്നോ?
[38] എന്നാല്‍ ഞാന്‍ കരുതിയവനല്ലേ നീ? അടുത്തകാലത്ത് സര്‍ക്കാരിനെതിരെ കലാപമുണ്ടാക്കിയ മിസ്രയീംകാരനാണു നീയെന്നാണു ഞാന്‍ കരുതിയത്. അയാള്‍ നാലായിരം കൊലയാളികളെ മരുഭൂമിയിലേക്കു നയിച്ചു”.
[39] പൌലൊസ് പറഞ്ഞു, “അല്ല, ഞാന്‍ തര്‍സൊസുകാരനായ ഒരു യെഹൂദനാണ്. കിലിക്യായിലാണ് തര്‍സൊസ്. ഞാന്‍ ആ പ്രധാന നഗരത്തിലെ ഒരു പൌരനാണ്. ദയവായി ജനങ്ങളോടു സംസാരിക്കാനെന്നെ അനുവദിച്ചാലും.”
[40] സൈന്യാധിപന്‍ പലൊസിനെ അതിനനുവദിച്ചു. അതിനാലവന്‍ പടികള്‍ക്കു മുകളില്‍ കയറി നിന്നു. ആളുകളോട് അടങ്ങിയിരിക്കാന്‍ കൈകൊണ്ട് അവന്‍ ആഗ്യം കാണിച്ചു. ജനങ്ങള്‍ അടങ്ങുകയും പൌലൊസ് അവരോടു പ്രസംഗിക്കുകയും ചെയ്തു. അവന്‍ യെഹൂദരുടെ ഭാഷയിലാണ് പ്രസംഗിച്ചത്.