Skip to content
Opens in a new window
Listen to this chapter • 10:53

[1] അന്ത്യൊക്ക്യയിലെ സഭയില്‍ കുറെ പ്രവാചകരും അദ്ധ്യാപകരും ഉണ്ടായിരുന്നു. ബര്‍ന്നബാസ്, നീഗര്‍ എന്നു വിളിക്കപ്പെടുന്ന ശിമോന്‍, കുറേനക്കാരനായ ലൂക്യൊസ്, രാജാവായ ഹെരോദാവിനോടൊപ്പം വളര്‍ന്ന മനായേന്‍, ശൌല്‍ എന്നിവര്‍.

[2] അവരെല്ലാം കര്‍ത്താവിനെ ആരാധിച്ചും ഉപവസിച്ചും കഴിയുകയായിരുന്നു. പരിശുദ്ധാത്മാവ് അവരോടു പറഞ്ഞു, ബര്‍ന്നബാസിനെയും ശൌലിനെയും എനിക്കു വിട്ടുതരിക. അവര്‍ക്കു പ്രത്യേകമായി ഒരു ജോലിയുണ്ട്. അതു ചെയ്യാന്‍ ഞാന്‍ അവരെ തെരഞ്ഞെടുത്തിരിക്കുന്നു.”

[3] സഭ ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. അവര്‍ ശൌലിന്‍റെയും ബര്‍ന്നബാസിന്‍റെയും മേല്‍ കൈവച്ച് അവരെ അയച്ചു.

[4] ബര്‍ന്നബാസും ശൌലും പരിശുദ്ധാത്മാവിനാല്‍ അയയ്ക്കപ്പെട്ടു. അവര്‍ സെലൂക്യയിലേക്കു പോയി. അനന്തരം അവര്‍ സെലൂക്യയില്‍നിന്നും കുപ്രൊസിലേക്കു കപ്പല്‍ കയറി.

[5] സലമീസില്‍ എത്തിയ അവര്‍ യെഹൂദപ്പള്ളികളില്‍ ദൈവ സന്ദേശം പ്രസംഗിച്ചു. (യോഹന്നാന്‍ (മര്‍ക്കൊസ്) സഹായിയായി അവരോടൊത്തുണ്ടായിരുന്നു.)

[6] അവര്‍ ദ്വീപിലാകമാനം ചുറ്റിസഞ്ചരിച്ച് പാഫൊസിലെത്തി. പാഫൊസില്‍ മായാജാലപ്രകടനം നടത്തിയിരുന്ന ഒരു യെഹൂദനെ അവര്‍ കണ്ടുമുട്ടി. ബര്‍യേശു എന്നായിരുന്നു അയാളുടെ പേര്. അയാള്‍ ഒരു കള്ള പ്രവാചകനായിരുന്നു.

[7] ദേശാധിപതിയായിരുന്ന സെര്‍ഗ്യൊസ് പൌലൊസിനോടൊപ്പമായിരുന്നു അയാള്‍ താമസിച്ചിരുന്നത്. സെര്‍ഗ്യൊസ് ബുദ്ധിമാനായിരുന്നു. അയാള്‍ ബര്‍ന്നബാസിനെയും ശൌലിനെയും തന്നോടൊപ്പം വിളിച്ചു. ദൈവ സന്ദേശം കേള്‍ക്കാന്‍ അയാള്‍ ആഗ്രഹിച്ചു.

[8] എന്നാല്‍ മന്ത്രവാദിയായ ഏലീമാസ് ബര്‍ന്നബാസിനും ശൌലിനും എതിരായിരുന്നു. (ഗ്രീക്കു ഭാഷയില്‍ ബര്‍യേശു എന്നതിനുള്ള പേരാണ് ഏലീമാസ്.) ഗവര്‍ണ്ണര്‍ യേശുവില്‍ വിശ്വസിക്കുന്നത് തടയാന്‍ അയാള്‍ ശ്രമിച്ചു.

[9] എന്നാല്‍ ശൌലില്‍ പരിശുദ്ധാത്മാവ് നിറഞ്ഞിരുന്നു. (ശൌലിന്‍റെ മറ്റൊരു പേരാണ് പൌലൊസ്.) പൌലൊസ് ഏലീമാസിനെ നോക്കി പറഞ്ഞു,

[10] “പിശാചിന്‍റെ മകനേ! നീ എല്ലാ നന്മയുടെയും ശത്രുവാകുന്നു! നിന്നില്‍ കപടതന്ത്രങ്ങളും കളവുമാണുള്ളത്, കര്‍ത്താവിന്‍റെ സത്യങ്ങള്‍ കള്ളങ്ങളാക്കാന്‍ നീ എപ്പോഴും ശ്രമിക്കുന്നു!

[11] ഇപ്പോള്‍ ദൈവം നിന്നെ സ്പര്‍ശിച്ച് അന്ധനാക്കും. സൂര്യ പ്രകാശംപോലും കാണാന്‍ കഴിയാത്തവിധം നീ കുറച്ചുനാളത്തേക്ക് അന്ധനായിത്തീരും.” അപ്പോള്‍ ഏലീമാസിന് എല്ലാം ഇരുണ്ടതായി തോന്നി. അയാള്‍ തപ്പിത്തടഞ്ഞ് നടന്നു. ഒരു കൈ പിടിച്ചു വഴികാട്ടാന്‍ ഒരാളെ കിട്ടിയെങ്കില്‍ എന്നയാള്‍ ആശിച്ചു.

[12] അതുകണ്ട ഗവര്‍ണ്ണര്‍ വിശ്വസിച്ചു. അയാള്‍ക്കു കിട്ടിയ കര്‍ത്താവിനെപ്പറ്റിയുള്ള ഉപദേശങ്ങളില്‍ അയാള്‍ അത്ഭുതപ്പെട്ടു.

[13] പൌലൊസും അവനോടൊപ്പമുണ്ടായിരുന്നവരും പാഫൊസില്‍ നിന്നും കപ്പല്‍ കയറി. അവര്‍ പംഫുല്യയിലെ പെര്‍ഗ്ഗാ നഗരത്തിലെത്തി. പക്ഷേ യോഹന്നാന്‍ (മര്‍ക്കോസ്) അവരെ വിട്ടു യെരൂശലേമിലേക്കു മടങ്ങി.

[14] അവര്‍ പെര്‍ഗ്ഗായില്‍നിന്നുള്ള യാത്ര തുടര്‍ന്ന് അന്ത്യൊക്ക്യയിലേക്കു പോയി. പിസിദ്യായിലെ നഗരമാണ് അന്ത്യൊക്ക്യാ. ശബ്ബത്തു ദിവസം അവര്‍ അന്ത്യൊക്ക്യയിലെ ഒരു യെഹൂദപ്പള്ളിയില്‍ കടന്നിരുന്നു.

[15] മോശെയുടെ ന്യായപ്രമാണവും പ്രവാചകരുടെ വചനങ്ങളും വായിച്ചു. അപ്പോള്‍ യെഹൂദപ്പള്ളിയിലെ പ്രമുഖര്‍ പൌലൊസിനും ബര്‍ന്നബാസിനും ഒരു സന്ദേശമയച്ചു: “ സഹോദരന്മാരേ, നിങ്ങളുടെ വചനങ്ങള്‍ ആളുകളെ രക്ഷിക്കും. അതിനാല്‍ നമ്മെ ശക്തിപ്പെടുത്താനുതകുന്ന എന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടെങ്കില്‍ ദയവായി പറഞ്ഞാലും.”

[16] പൌലൊസ് എഴുന്നേറ്റു. അയാള്‍ കൈ ഉയര്‍ത്തി പറഞ്ഞു, “എന്‍റെ യെഹൂദസഹോദരന്മാരേ, ജാതികളില്‍ സത്യ ദൈവത്തെ നമസ്കരിക്കുന്നവരുമേ നിങ്ങള്‍ ദയവായി എന്നെ ശ്രദ്ധിച്ചാലും!

[17] യിസ്രായേലിന്‍റെ ദൈവം നമ്മുടെ പിതാക്കന്മാരെ തെരഞ്ഞെടുത്തു. മിസ്രയീമില്‍ അന്യ നാട്ടുകാരെപ്പോലെ കഴിഞ്ഞകാലത്ത് മഹത്തായ ജനതയാകുവാന്‍ ദൈവം അവരെ സഹായിച്ചു. അതായത് ശക്തിയോടെ ദൈവം അവരെ ആ രാജ്യത്തുനിന്നും പുറത്തു കൊണ്ടുവന്നു.

[18] പിന്നീട് നാല്പതു വര്‍ഷം ദൈവം മരുഭൂമിയില്‍ അവരുടെ എല്ലാ ദൌര്‍ബല്യങ്ങളും പൊറുത്തുകാത്തു.

[19] കനാന്‍ ദേശത്തെ ഏഴു രാജ്യങ്ങള്‍ ദൈവം നശിപ്പിച്ചു. ആ രാജ്യങ്ങള്‍ ‍അവന്‍ തന്‍റെ ആളുകള്‍ക്ക് നല്‍കി.

[20] നാനൂറ്റി അമ്പതു വര്‍ഷങ്ങള്‍ കൊണ്ടാണിതെല്ലാം സംഭവിച്ചത്. “അതിനു ശേഷം ശമൂവേല്‍ പ്രവാചകന്‍റെ കാലംവരെ ദൈവം നമുക്കു ന്യായാധിപതികളെ തന്നു.

[21] പിന്നീടവര്‍ ഒരു രാജാവിനെ ചോദിച്ചു. കീശിന്‍റെ പുത്രനായ ശൌലിനെ ദൈവം അവര്‍ക്കു നല്‍കി. ബെന്യാമീന്‍റെ കുടുംബത്തില്‍ പിറന്നവനായിരുന്നു ശൌല്‍. അയാള്‍ നാല്പതു വര്‍ഷം രാജാവായിരുന്നു.

[22] പിന്നീട് ദൈവം ശൌലിനെ മാറ്റി ദാവീദിനെ അവരുടെ രാജാവാക്കി. ദാവീദിനെക്കുറിച്ച് ദൈവം ഇങ്ങനെ പറഞ്ഞു, ‘യിശ്ശായിയുടെ പുത്രനായ ദാവീദ് ചിന്തയില്‍ എന്നെപ്പോലെയാണ്. ഞാനാവശ്യപ്പെടുന്നതെന്തും അവന്‍ ചെയ്യും.’

[23] “യിസ്രായേല്‍ക്കാരുടെ രക്ഷകനായി ദൈവം ദാവീദിന്‍റെ സന്തതികളിലൊരുവനെ കൊണ്ടുവന്നു. അതു യേശുവായിരുന്നു. ദൈവം അതു വാഗ്ദാനം ചെയ്തിരുന്നു.

[24] യേശു വരുംമുമ്പ് യോഹന്നാന്‍ യിസ്രായേലിലെ മുഴുവന്‍ ജനതയോടും മാനസാന്തരത്തെക്കുറിച്ചും സ്നാനത്തെക്കുറിച്ചും പറഞ്ഞു.

[25] യോഹന്നാന്‍ തന്‍റെ ജോലി പൂര്‍ത്തിയാക്കാറായപ്പോള്‍ അവന്‍ പറഞ്ഞു, ‘ഞാന്‍ ആരെന്നാണ് നിങ്ങള്‍ കരുതുന്നത്? ഞാന്‍ ക്രിസ്തുവല്ല. അവന്‍ വരാനിരിക്കുന്നു. അവന്‍റെ ചെരുപ്പ് അഴിക്കുവാന്‍പോലും ഞാന്‍ യോഗ്യനല്ല.’

[26] “എന്‍റെ സഹോദരന്മാരേ, അബ്രാഹാമിന്‍റെ കുടുംബത്തിലെ സന്തതികളേ, സത്യ ദൈവത്തെ ആരാധിക്കുകയും ചെയ്യുന്ന ജാതികളേ, ശ്രദ്ധിക്കുക! ഈ രക്ഷയെപ്പറ്റിയുള്ള വാര്‍ത്ത ഞങ്ങളിലേക്കയ ച്ചിരിക്കുന്നു.

[27] യേശുവായിരുന്നു രക്ഷകനെന്ന് യെരൂശലേമിലെ യെഹൂദരോ, യെഹൂദനേതാക്കളോ മനസ്സിലാക്കിയിരുന്നില്ല. യേശുവിനെപ്പറ്റിയുള്ള പ്രവാചകരുടെ വചനങ്ങള്‍ എല്ലാ ശബ്ബത്തിലും വായിച്ചു കേള്‍പ്പിക്കാറുള്ളതാണ്. എന്നിട്ടും അവര്‍ക്കു മനസ്സിലായില്ല. യെഹൂദര്‍ യേശുവിനെ കഠിനമായി വിമര്‍ശിച്ചു. പ്രവാചകരുടെ വചനങ്ങള്‍ യാഥാര്‍ത്ഥ്യമായി.

[28] യേശുവിനെ കൊല്ലുവാന്‍ മതിയായ കാരണം കണ്ടെത്തുവാന്‍ അവര്‍ക്കു കഷഴിഞ്ഞില്ല. എങ്കിലും യേശുവിനെ വധിക്കാന്‍ അവര്‍ പീലാത്തൊസിനോടാവശ്യപ്പെട്ടു.

[29] “തിരുവെഴുത്തുകളില്‍ എഴുതിയതെല്ലാം യെഹൂദര്‍ അവനോടു ചെയ്തു. എന്നിട്ടവര്‍ യേശുവിനെ കുരിശില്‍നിന്നിറക്കി കല്ലറയില്‍ അടക്കി.

[30] പക്ഷേ ദൈവം അവനെ പുനര്‍ജ്ജീവിപ്പിച്ചു.

[31] അതിനുശേഷം കുറെ ദിവസം, യേശുവിനോടൊത്തു ഗലീലയില്‍നിന്നും യെരൂശലേമില്‍ വന്നവര്‍ അവനെ കണ്ടു. ഇപ്പോഴവര്‍ ജനങ്ങളുടെ മുമ്പില്‍ അവന്‍റെ സാക്ഷികളാണ്.

[32] “ദൈവം നമ്മുടെ പിതാക്കള്‍ക്ക് നല്‍കിയ വാഗ്ദാനത്തിന്‍റെ സുവിശേഷം ഞാന്‍ നിങ്ങളോടു പ്രഖ്യാപിക്കാം.

[33] നമ്മള്‍ അവരുടെ സന്തതികളാകുന്നു. ദൈവം ആ വാഗ്ദാനം നമുക്ക് യഥാര്‍ത്ഥമാക്കുകയും ചെയ്തു. യേശുവിനെ പുനര്‍ജ്ജീവിപ്പിച്ചു കൊണ്ടാണവന്‍ അതു ചെയ്തത്. അതുകൊണ്ട് രണ്ടാം സങ്കീര്‍ത്തനത്തില്‍ നമ്മള്‍ വായിച്ചുട്ടുണ്ട്: ‘നീ എന്‍റെ പുത്രനാകുന്നു ഇന്നു ഞാന്‍ നിന്‍റെ പിതാവായി.’

[34] ദൈവം യേശുവിനെ പുനര്‍ജ്ജീവിപ്പിച്ചു. യേശു ഒരിക്കലും കല്ലറയില്‍ പോയി ജീര്‍ണ്ണിക്കില്ല. ദൈവം പറഞ്ഞു: ‘ദാവീദിനു ഞാന്‍ വാഗ്ദാനം നല്‍കിയ വിശുദ്ധവും സത്യവുമായ അനുഗ്രഹങ്ങള്‍ ഞാന്‍ നിനക്കു തരും.’

[35] എന്നാല്‍ മറ്റൊരിടത്ത് ദൈവം പറയുന്നു: ‘നിന്‍റെ പരിശുദ്ധന്‍ അഴുകിപ്പോകാന്‍ നീ അനുവദിക്കില്ല.’

[36] “ജീവിച്ചിരുന്നകാലത്തു തന്നെ ദാവീദ് ദൈവഹിതം നടപ്പാക്കി. എന്നിട്ടയാള്‍ മരിച്ചു. ദാവീദ് തന്‍റെ പിതാക്കന്മാരോടു കൂടെ സംസ്കരിക്കപ്പെട്ടു. അവന്‍റെ ശരീരം അഴുകിപ്പോവുകയും ചെയ്തു.

[37] എന്നാല്‍ ദൈവം പുനര്‍ജ്ജീവിപ്പിച്ചവന്‍ കല്ലറയില്‍ അഴുകിയില്ല.

[38] സഹോദരന്മാരേ, ഞങ്ങള്‍ പറയുന്നത് നിങ്ങള്‍ മനസ്സിലാക്കണം: യേശുവിലൂടെ നിങ്ങളുടെ പാപങ്ങള്‍ പൊറുക്കപ്പെടും. മോശെയുടെ ന്യായ പ്രമാണം നിങ്ങളെ പാപങ്ങളില്‍നിന്നും മോചിപ്പിച്ചില്ല. എന്നാല്‍ യേശുവില്‍ വിശ്വസിക്കുന്നവര്‍ അവനിലൂടെ ന്യായീകരിക്കപ്പെടുന്നു. ചിലതൊക്കെ സംഭവിക്കുമെന്നു പ്രവാചകര്‍ പറഞ്ഞിട്ടുണ്ട്.

[40] സൂക്ഷിച്ചിരിക്കുക! പ്രവാചകര്‍ പറഞ്ഞതൊന്നും നിങ്ങളെ ബാധിക്കാതിരിക്കാന്‍ നോക്കുക. പ്രവാചകര്‍ പറഞ്ഞത് ഇങ്ങനെയാണ്:

[41] ‘സംശയാലുക്കളേ, ശ്രദ്ധിക്കുക! നിങ്ങള്‍ വിസ്മയിക്കുക, എന്നിട്ട് പോയി നശിക്കുക, എന്തെന്നാല്‍ നിങ്ങളുടെ കാലത്ത് നിങ്ങള്‍ വിശ്വസിക്കാത്ത ചിലത് ഞാന്‍ ചെയ്യും. ആരെങ്കിലും വിശദീകരിച്ചു തന്നാല്‍ പോലും നിങ്ങളത് വിശ്വസിക്കില്ല.’”

[42] പൌലൊസും ബര്‍ന്നബാസും യെഹൂദപ്പള്ളി വിടാറായപ്പോള്‍ ജനങ്ങള്‍ അവരോട് അടുത്ത ശബ്ബത്തു ദിവസം വീണ്ടും വരണമെന്നും തങ്ങളോട് ഇക്കാര്യങ്ങള്‍ കൂടുതല്‍ പറയണമെന്നും ആവശ്യപ്പെട്ടു.

[43] യോഗാനന്തരം അവിടെനിന്നും അനേകം യെഹൂദര്‍ പൌലൊസിനെയും ബര്‍ന്നബാസിനെയും പിന്തുടര്‍ന്നു. യെഹൂദരും യെഹൂദമതത്തിലേക്കു മാറിവന്ന അനേകംപേരും അവരോടൊപ്പമുണ്ടായിരുന്നു. സത്യ ദൈവത്തെ ഈ മതം മാറിയവരും ആരാധിച്ചിരുന്നു. ദൈവത്തിന്‍റെ കാരുണ്യത്തിലുള്ള വിശ്വാസം തുടരാന്‍ പൌലൊസും ബര്‍ന്നബാസും അവരെ പ്രേരിപ്പിച്ചു കൊണ്ടിരുന്നു.

[44] അടുത്ത ശബ്ബത്തുദിവസം നഗരത്തിലെ എല്ലാ ആളുകളും കര്‍ത്താവിന്‍റെ വചനങ്ങള്‍ കേള്‍ക്കാന്‍ ഒത്തുകൂടിയിരുന്നു.

[45] യെഹൂദര്‍ അവിടെ എല്ലാവരെയും കണ്ടു. അവര്‍ അസൂയാലുക്കളായി. അവര്‍ നിന്ദ്യമായ വാക്കുകള്‍ ഉപയോഗിക്കുകയും പൌലൊസിന്‍റെ വാക്കുകളെ എതിര്‍ക്കുകയും ചെയ്തു.

[46] എന്നാല്‍ പൌലൊസും ബര്‍ന്നബാസും വളരെ ധൈര്യത്തോടെ പറഞ്ഞു, “ദൈവ സന്ദേശം യെഹൂദരായ നിങ്ങളോടാണ് ഞങ്ങള്‍ ആദ്യം പ്രസംഗിക്കേണ്ടത്. എന്നാല്‍ നിങ്ങളതു നിരാകരിക്കുന്നു. നിത്യ ജീവന് നിങ്ങള്‍ നിങ്ങളെത്തന്നെ അനര്‍ഹരാക്കുന്നു! അതുകൊണ്ട് ഞങ്ങളിതാ ജാതികളിലേക്കു തിരിയുന്നു!

[47] ഇതു ചെയ്യാനാണു കര്‍ത്താവ് ഞങ്ങളോടാവശ്യപ്പെട്ടത്. കര്‍ത്താവ് പറഞ്ഞു: ‘ജാതികള്‍ക്കു പ്രകാശമാകുവാനാണു നിന്നെ ഞാന്‍ സൃഷ്ടിച്ചത്. അങ്ങനെ ലോകം മുഴുവനും ഉള്ളവര്‍ക്ക് രക്ഷയുടെ മാര്‍ഗ്ഗം കാണിക്കാനും.’”

[48] പൌലൊസിന്‍റെ ഈ വാക്കുകള്‍ കേട്ട ജാതികള്‍ സന്തുഷ്ടരായി. അവര്‍ കര്‍ത്താവിന്‍റെ വചനത്തെ ആദരിച്ചു. അനേകര്‍ ആ സന്ദേശത്തില്‍ വിശ്വസിച്ചു. നിത്യജീവനു തെരഞ്ഞെടുക്കപ്പെട്ടവരായിരുന്നു അവര്‍.

[49] കര്‍ത്താവിന്‍റെ സന്ദേശം രാജ്യം മുഴുവനും പ്രചരിപ്പിക്കപ്പെട്ടു.

[50] പക്ഷേ ഭക്തസ്ത്രീകളെയും നഗരനേതാക്കളെയും ഇളക്കിവിട്ട് യെഹൂദര്‍ പൌലൊസിനെയും ബര്‍ന്നബാസിനെയും പീഡിപ്പിക്കാന്‍ തുടങ്ങി. അങ്ങനെ അവര്‍ ബര്‍ന്നബാസിനെയും പൌലൊസിനെയും നഗരാതിര്‍ത്തിക്കു പുറത്തേക്കു ഓടിച്ചു.

[51] പൌലൊസും ബര്‍ന്നബാസും തങ്ങളുടെ കാലിലെ പൊടി കുടഞ്ഞുകളഞ്ഞു. പിന്നീടവര്‍ ഇക്കോന്യയിലേക്കു പോയി.

[52] എന്നാല്‍ അന്ത്യൊക്ക്യായിലുള്ള യേശുവിന്‍റെ ശിഷ്യന്മാര്‍ സന്തോഷം നിറഞ്ഞവരും പരിശുദ്ധാത്മാവില്‍ പരിപൂതരുമായിത്തീര്‍ന്നു.

അപ്പൊസ്തലന്മാരുടെ പ്രവൃത്തികള്‍ — Chapters