Skip to content
Opens in a new window
Listen to this chapter • 2:58

[1] ഞാൻ സിംഹാസനസ്ഥന്റെ വലതുകയ്യിൽ, അകത്തും പുറത്തും എഴുത്തുള്ളതും ഏഴു മുദ്രപതിച്ചതുമായ ഒരു പുസ്തകച്ചുരുൾ കണ്ടു.

[2] “പുസ്തകച്ചുരുൾ തുറക്കാനും മുദ്രകൾ പൊട്ടിക്കാനും ആരാണു യോഗ്യൻ?” എന്ന് ഉച്ചത്തിൽ വിളിച്ചുചോദിക്കുന്ന ശക്തനായൊരു ദൂതനെയും ഞാൻ കണ്ടു.

[3] എന്നാൽ പുസ്തകച്ചുരുൾ തുറക്കാനോ അത് വായിക്കാനോ സ്വർഗത്തിലും ഭൂമിയിലും ഭൂമിക്കു താഴെയും ഒരാൾക്കും കഴിയുമായിരുന്നില്ല.

[4] ചുരുൾ തുറക്കാനോ അത് വായിക്കാനോ യോഗ്യനായി ആരെയും കാണാതിരുന്നതുകൊണ്ട് ഞാൻ വളരെ കരഞ്ഞു.

[5] അപ്പോൾ മുഖ്യന്മാരിൽ ഒരാൾ എന്നോട്; “കരയേണ്ട, യെഹൂദഗോത്രത്തിലെ സിംഹവും ദാവീദിന്റെ സിംഹാസനാവകാശിയും ആയവൻ ഇതാ വിജയിയായിത്തീർന്നിരിക്കുന്നു. പുസ്തകവും ചുരുളും അതിന്റെ ഏഴു മുദ്രയും തുറക്കാൻ അവിടന്നു യോഗ്യൻ” എന്ന് പറഞ്ഞു.

[6] സിംഹാസനത്തിനും നാലു ജീവികൾക്കും മുഖ്യന്മാർക്കും മധ്യത്തിൽ ഒരു കുഞ്ഞാട് അറക്കപ്പെട്ടതുപോലെ നിൽക്കുന്നതു ഞാൻ കണ്ടു. ആ കുഞ്ഞാടിന്, ഭൂമിയിലെല്ലായിടത്തേക്കും അയയ്ക്കപ്പെട്ട ദൈവാത്മാക്കളായ ഏഴു കൊമ്പും ഏഴു കണ്ണും ഉണ്ടായിരുന്നു.

[7] കുഞ്ഞാട് വന്ന് സിംഹാസനസ്ഥന്റെ വലതുകയ്യിൽനിന്ന് ചുരുൾ വാങ്ങി.

[8] വാങ്ങിയപ്പോൾ നാലു ജീവികളും ഇരുപത്തിനാലു മുഖ്യന്മാരും കുഞ്ഞാടിന്റെ മുമ്പാകെ വീണുപ്രണമിച്ചു. ഓരോരുത്തരും ഓരോ വീണയും അവർ വിശുദ്ധരുടെ പ്രാർഥനകൾ എന്ന ധൂപവർഗം നിറച്ച തങ്കക്കലശങ്ങളും പിടിച്ചിരുന്നു.

[9] അവർ പുതിയൊരു കീർത്തനം ആലപിച്ചു: “അങ്ങ് (യാഗമൃഗമെന്നപോലെ) അറക്കപ്പെടുകയും അവിടത്തെ രക്തത്താൽ സകലഗോത്രങ്ങളിലും ഭാഷകളിലും ജനതകളിലും രാജ്യങ്ങളിലുംനിന്നുള്ളവരെ ദൈവത്തിനായി വിലയ്ക്കു വാങ്ങിയിരിക്കുകയും ചെയ്തിരിക്കുന്നു.

[10] ഭൂമിയിൽ വാഴേണ്ടതിനായി അവരെ നമ്മുടെ ദൈവത്തിനു രാജ്യവും പുരോഹിതരും ആക്കിയിരിക്കുന്നു. ആകയാൽ ചുരുൾ വാങ്ങാനും മുദ്രകൾ തുറക്കാനും അങ്ങ് യോഗ്യൻതന്നെ.”

[11] ഞാൻ ദർശനത്തിൽ, സിംഹാസനത്തിനും ജീവികൾക്കും മുഖ്യന്മാർക്കു ചുറ്റിലുമായി അസംഖ്യം ദൂതന്മാരുടെ ശബ്ദം കേട്ടു. അവരുടെ എണ്ണം ആയിരം ആയിരവും പതിനായിരം പതിനായിരവും ആയിരുന്നു.

[12] അവർ അത്യുച്ചശബ്ദത്തിൽ: “അറക്കപ്പെട്ട കുഞ്ഞാട്, ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്ത്വവും സ്തുതിയും സ്വീകരിക്കാൻ യോഗ്യൻ!” എന്നു പറയുന്നു.

[13] അപ്പോൾ സ്വർഗത്തിലും ഭൂമിയിലും ഭൂമിക്കു താഴെയും സമുദ്രത്തിലുമുള്ള സകലജീവികളും, “സിംഹാസനസ്ഥനും കുഞ്ഞാടിനും സ്തുതിയും ബഹുമാനവും മഹത്ത്വവും ആധിപത്യവും എന്നും എന്നെന്നേക്കും ഉണ്ടാകട്ടെ!” എന്നു പറയുന്നതു ഞാൻ കേട്ടു.

[14] നാലു ജീവികളും ആമേൻ എന്ന് പറഞ്ഞു; മുഖ്യന്മാർ സാഷ്ടാംഗംവീണ് ആരാധിച്ചു.

യോഹന്നാന് ലഭിച്ച വെളിപ്പാട് — Chapters