Skip to content
Opens in a new window
Listen to this chapter • 3:31

[1] അപ്പോൾ സമുദ്രത്തിൽനിന്ന് ഒരു മൃഗം കയറിവരുന്നതു ഞാൻ കണ്ടു. അതിന് പത്തു കൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു കിരീടവും ഓരോ തലയിലും ദൈവത്തെ നിന്ദിക്കുന്ന നാമങ്ങളും എഴുതപ്പെട്ടിരുന്നു.

[2] ഞാൻ കണ്ട മൃഗം പുള്ളിപ്പുലിക്കു സദൃശവും, അതിന്റെ പാദങ്ങൾ കരടിയുടേതുപോലെയും വായ് സിംഹത്തിന്റേതുപോലെയും ആയിരുന്നു. മഹാവ്യാളി തന്റെ ശക്തിയും സിംഹാസനവും വിപുലമായ അധികാരവും മൃഗത്തിനു കൈമാറി.

[3] മൃഗത്തിന്റെ ഒരു തലയിൽ മാരകമായൊരു മുറിവേറ്റിട്ടുണ്ടായിരുന്നതായി കണ്ടു; എന്നാൽ ഇപ്പോൾ അത് ഉണങ്ങിയിരുന്നു. സർവഭൂമിയും അത്ഭുതപ്പെട്ട് മൃഗത്തിന്റെ അനുയായികളായിത്തീർന്നു.

[4] മൃഗത്തിന് അധികാരം നൽകിയതു നിമിത്തം മനുഷ്യർ മഹാവ്യാളിയെ ആരാധിച്ചു. “മൃഗത്തിനു തുല്യൻ ആര്? അവനോടു യുദ്ധംചെയ്യാൻ ആർക്കു കഴിയും?” എന്ന് പറഞ്ഞ് അവർ മൃഗത്തെ നമസ്കരിച്ചു.

[5] അഹന്ത നിറഞ്ഞ വാക്കുകളും ദൈവദൂഷണവും സംസാരിക്കുന്ന വായും, നാൽപ്പത്തിരണ്ട് മാസം സ്വേച്ഛാധിപതിയായി ഭരണം നടത്താനുള്ള അധികാരവും അതിനു ലഭിച്ചു.

[6] ദൈവത്തിനെതിരെ ദൂഷണം പറയാനും അവിടത്തെ നാമത്തെയും തിരുനിവാസത്തെയും സ്വർഗവാസികളെയും നിന്ദിക്കാനും അത് വായ് തുറന്നു.

[7] വിശുദ്ധരോടു യുദ്ധംചെയ്ത് അവരെ കീഴടക്കുന്നതിനുള്ള അധികാരം അവന് ലഭിച്ചു. സകലഗോത്രങ്ങളുടെയും ജനവിഭാഗങ്ങളുടെയും ഭാഷകളുടെയും രാജ്യങ്ങളുടെയും മേലുള്ള അധികാരവും അവന് നൽകപ്പെട്ടു.

[8] ലോകസ്ഥാപനംമുതൽ യാഗമാക്കപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേരെഴുതപ്പെട്ടിട്ടില്ലാത്ത സകലഭൂവാസികളും അതിനെ ആരാധിക്കും.

[9] ചെവിയുള്ളവർ കേൾക്കട്ടെ.

[10] “ബന്ധനത്തിനായി വിധിക്കപ്പെട്ടവർ ബന്ധനത്തിലേക്കു പോകുന്നു. വധിക്കപ്പെടാൻ വിധിക്കപ്പെട്ടവർ വാളിനാൽ വധിക്കപ്പെടുന്നു.” ദൈവജനത്തിന് സഹിഷ്ണുതയും വിശ്വസ്തതയും ഇവിടെ അത്യാവശ്യമായിരിക്കുന്നു.

[11] ഭൂമിയിൽനിന്നു മറ്റൊരു മൃഗം വരുന്നതു ഞാൻ കണ്ടു. കുഞ്ഞാടിനുള്ളതുപോലെ അതിനു രണ്ട് കൊമ്പുണ്ടായിരുന്നു. മഹാവ്യാളിയെപ്പോലെ അത് സംസാരിച്ചു;

[12] അത് ഒന്നാംമൃഗത്തിനുവേണ്ടി തന്റെ എല്ലാ അധികാരവും പ്രയോഗിക്കുകയും, മാരകമായ മുറിവുണങ്ങിപ്പോയ ആ ഒന്നാംമൃഗത്തെ ആരാധിക്കാനായി സർവഭൂവാസികളെയും നിർബന്ധിക്കുകയുംചെയ്തു.

[13] മനുഷ്യരെല്ലാവരുടെയും കാഴ്ചയിൽ ആകാശത്തുനിന്നു ഭൂമിയിലേക്കു തീ ഇറക്കുക എന്നിങ്ങനെയുള്ള മഹാത്ഭുതങ്ങൾ അത് പ്രവർത്തിച്ചു.

[14] മൃഗത്തിന്റെ മുമ്പിൽ ചെയ്യാൻ തനിക്ക് അനുവാദം ലഭിച്ചിരുന്ന അത്ഭുതചിഹ്നങ്ങൾകൊണ്ട് അത് ഭൂവാസികളെ വഴിതെറ്റിക്കുകയും വാളാൽ മാരകമായ മുറിവേറ്റിട്ടും ജീവനോടിരുന്ന മൃഗത്തിന്റെ പ്രതിമ നിർമിക്കാൻ അവരോടു കൽപ്പിക്കുകയുംചെയ്തു.

[15] മൃഗത്തിന്റെ പ്രതിമയ്ക് സംസാരശേഷിലഭിക്കുന്നതിന് അതിന് ആത്മാവിനെ നൽകാനും മൃഗത്തിന്റെ പ്രതിമയെ നമസ്കരിക്കാത്തവരെയെല്ലാം കൊല്ലിക്കാനും രണ്ടാംമൃഗത്തിന് അധികാരം ലഭിച്ചു.

[16] ചെറിയവരും വലിയവരും, ധനികരും ദരിദ്രരും, സ്വതന്ത്രരും അടിമകളുമായ സകലരും വലതുകയ്യിലോ നെറ്റിയിലോ അടയാളം പതിക്കണമെന്ന് അത് നിർബന്ധിച്ചു.

[17] മൃഗത്തിന്റെ നാമമോ നാമത്തിന്റെ സംഖ്യയോ ആയ മുദ്രയേൽക്കാത്ത ആർക്കും യാതൊന്നും ക്രയവിക്രയം ചെയ്യാൻ സാധ്യമല്ലാതാക്കിത്തീർത്തു.

[18] ഇവിടെ ജ്ഞാനമാണ് അത്യാവശ്യമായിരിക്കുന്നത്. വിവേകമുള്ളയാൾ മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ; അത് ഒരു മനുഷ്യന്റെ സംഖ്യയാണ്; അവന്റെ സംഖ്യ 666.

യോഹന്നാന് ലഭിച്ച വെളിപ്പാട് — Chapters